YouVersion Logo
Search Icon

GENESIS 39

39
യോസേഫ് പൊത്തീഫറിന്റെ ഭവനത്തിൽ
1ഇശ്മായേല്യർ യോസേഫിനെ ഈജിപ്തിൽ കൊണ്ടുവന്നു ഫറവോന്റെ അകമ്പടിസേനാനായകനായ പൊത്തീഫറിനു വിറ്റു. 2സർവേശ്വരൻ യോസേഫിന്റെകൂടെ ഉണ്ടായിരുന്നതുകൊണ്ട് അവൻ എല്ലാകാര്യങ്ങളിലും വിജയിച്ചു. ഈജിപ്തുകാരനായ യജമാനന്റെ ഭവനത്തിൽത്തന്നെ അവൻ പാർത്തു. 3സർവേശ്വരൻ യോസേഫിന്റെകൂടെ ഉണ്ടെന്നും അവിടുന്ന് അവന് എല്ലാ കാര്യങ്ങളിലും വിജയം നല്‌കുന്നു എന്നും യജമാനൻ മനസ്സിലാക്കി. 4അതുകൊണ്ട് അദ്ദേഹത്തിന് അവനോടു പ്രത്യേക പ്രീതി തോന്നി. യോസേഫ് അദ്ദേഹത്തെ വിശ്വസ്തതയോടെ സേവിച്ചു; അതുകൊണ്ട് അദ്ദേഹം യോസേഫിനെ ഭവനത്തിന്റെ മേൽവിചാരകനായി നിയമിച്ചു; വീട്ടുകാര്യങ്ങളെല്ലാം അവന്റെ ചുമതലയിലായി. 5ഭവനത്തിലുള്ള സർവത്തിന്റെയും മേൽനോട്ടം യോസേഫിനെ ഏല്പിച്ചതുമുതൽ സർവേശ്വരൻ യോസേഫിനെ ഓർത്ത് ആ ഈജിപ്തുകാരന്റെ ഭവനത്തെ അനുഗ്രഹിച്ചു തുടങ്ങി. ഭവനത്തിലും പുറത്തുമുള്ള എല്ലാറ്റിന്റെയുംമേൽ അവിടുത്തെ അനുഗ്രഹമുണ്ടായി. 6പൊത്തീഫർ തനിക്കുള്ള സകലതും യോസേഫിന്റെ ചുമതലയിലാക്കി; സ്വന്തം ഭക്ഷണകാര്യങ്ങൾ ഒഴിച്ചു മറ്റു യാതൊന്നിലും അയാൾക്ക് ശ്രദ്ധിക്കേണ്ടിവന്നില്ല. 7യോസേഫ് സുമുഖനും കോമളരൂപം ഉള്ളവനുമായിരുന്നു. കുറച്ചുനാളുകൾക്കു ശേഷം യജമാനന്റെ ഭാര്യ അവനിൽ നോട്ടമിട്ട് തന്റെ കൂടെ ശയിക്കാൻ അവനോട് ആവശ്യപ്പെട്ടു. 8യോസേഫ് അതു നിരസിച്ചു. അവൻ പറഞ്ഞു: “ഈ ഭവനത്തിലുള്ള യാതൊന്നിനെക്കുറിച്ചും യജമാനൻ എന്നോട് അന്വേഷിക്കാറില്ല. സകലതും എന്റെ ചുമതലയിൽ ഏല്പിച്ചിരിക്കുകയാണ്. 9“ഈ ഭവനത്തിൽ എനിക്കു മീതെ ആരെയും നിയമിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഭാര്യയായ നിങ്ങളെ ഒഴിച്ചു യാതൊന്നും എന്റെ അധികാരത്തിൽനിന്നു മാറ്റിനിർത്തിയിട്ടുമില്ല. അതുകൊണ്ട് എങ്ങനെ ഈ മഹാപാതകം ഞാൻ ചെയ്യും? അതു ഞാൻ ദൈവത്തിനെതിരായി ചെയ്യുന്ന പാപമാണല്ലോ?” 10അവൾ ദിനംതോറും നിർബന്ധിച്ചിട്ടും അവളുടെ പ്രലോഭനത്തിനു യോസേഫ് വഴങ്ങിയില്ല. 11ഒരു ദിവസം തന്റെ ജോലി ചെയ്യാൻ യോസേഫ് വീട്ടിനുള്ളിലേക്കു ചെന്നു. അപ്പോൾ പുരുഷന്മാരാരും അവിടെ ഉണ്ടായിരുന്നില്ല. 12അവൾ അവന്റെ അങ്കിയിൽ കടന്നുപിടിച്ച് “എന്റെകൂടെ ശയിക്കുക” എന്നു പറഞ്ഞു. 13എന്നാൽ യോസേഫ് അങ്കി ഉപേക്ഷിച്ച് പുറത്തേക്കോടി. 14ഉടനെ അവൾ ഭവനത്തിലുള്ള വേലക്കാരെ വിളിച്ചു പറഞ്ഞു: “കണ്ടില്ലേ, നമ്മെ അപമാനിക്കാൻ ഒരു എബ്രായനെ കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു അവൻ എന്റെകൂടെ ശയിക്കാൻ അകത്തു വന്നു; ഞാൻ ഉച്ചത്തിൽ നിലവിളിച്ചു; 15അപ്പോൾ അവൻ അങ്കി ഉപേക്ഷിച്ച് ഓടിക്കളഞ്ഞു.” 16ഭർത്താവ് വരുന്നതുവരെ അവൾ ആ വസ്ത്രം തന്റെ കൈവശം സൂക്ഷിച്ചു. 17അദ്ദേഹം വന്നപ്പോൾ അവൾ ആ കഥ ആവർത്തിച്ചു. “അങ്ങു കൊണ്ടുവന്നിരിക്കുന്ന എബ്രായഅടിമ എന്നെ അപമാനിക്കാൻ കയറിവന്നു; 18എന്നാൽ ഞാൻ ഉറക്കെ കരഞ്ഞതുകൊണ്ട് അവൻ വസ്ത്രം ഉപേക്ഷിച്ച് പുറത്തേക്ക് ഓടിപ്പോയി.” 19ഭാര്യയുടെ വാക്കുകൾ കേട്ടപ്പോൾ യോസേഫിന്റെ യജമാനന്റെ കോപം ജ്വലിച്ചു; 20യോസേഫിനെ പിടിച്ചു രാജാവിന്റെ തടവുകാരെ പാർപ്പിക്കുന്ന കാരാഗൃഹത്തിൽ അടച്ചു. 21എന്നാൽ സർവേശ്വരൻ യോസേഫിനോടൊപ്പം ഉണ്ടായിരുന്നു. അവിടുത്തെ കൃപയാൽ കാരാഗൃഹാധിപൻ യോസേഫിനോടു ദയാപൂർവം പെരുമാറി. 22അവിടെയുള്ള എല്ലാ തടവുകാരുടെയും മേൽനോട്ടം യോസേഫിനെ ഏല്പിച്ചു. എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം യോസേഫിനായി. 23യോസേഫിനെ ചുമതല ഏല്പിച്ച ഒരു കാര്യത്തിലും കാരാഗൃഹാധിപൻ ഇടപെട്ടില്ല. സർവേശ്വരൻ യോസേഫിനോടൊപ്പം ഉണ്ടായിരുന്നു. അവന്റെ എല്ലാ പ്രവർത്തനങ്ങളും അവിടുന്നു സഫലമാക്കി.

Currently Selected:

GENESIS 39: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in