YouVersion Logo
Search Icon

GENESIS 33

33
ഏശാവിനെ അഭിമുഖീകരിക്കുന്നു
1ഏശാവ് നാനൂറ് ആളുകളുമായി വരുന്നതു ദൂരെനിന്നു യാക്കോബ് കണ്ടു. അപ്പോൾ മക്കളെ ലേയായുടെയും റാഹേലിന്റെയും മറ്റു രണ്ടു ദാസിമാരുടെയും അടുക്കൽ വേർതിരിച്ചു നിർത്തി. 2ദാസിമാരെയും അവരുടെ മക്കളെയും ഏറ്റവും മുമ്പിലും ലേയായെയും അവളുടെ മക്കളെയും അവരുടെ പിമ്പിലും റാഹേലിനെയും യോസേഫിനെയും ഏറ്റവും പിന്നിലുമായിട്ടാണ് നിർത്തിയത്. 3യാക്കോബ് അവർക്കു മുമ്പേ നടന്നു. യാക്കോബ് ദൂരെവച്ചു തന്നെ ഏഴു പ്രാവശ്യം ഏശാവിനെ സാഷ്ടാംഗം നമസ്കരിച്ചു. 4ഏശാവ് ഓടിച്ചെന്നു സഹോദരനെ കെട്ടിപ്പിടിച്ചു ചുംബിച്ചു; അവർ ഇരുവരും കരഞ്ഞു. 5സ്‍ത്രീകളും കുട്ടികളും നില്‌ക്കുന്നതു കണ്ട് അവർ ആരെല്ലാമാണ് എന്ന് ഏശാവ് ചോദിച്ചു. “ദൈവത്തിന്റെ കൃപയാൽ അങ്ങയുടെ ദാസനു നല്‌കിയ മക്കളാണ് ഇവർ” എന്നു യാക്കോബു മറുപടി പറഞ്ഞു. 6അപ്പോൾ ദാസിമാരും മക്കളും 7ഒടുവിൽ യോസേഫും റാഹേലും അടുത്തുവന്ന് ഏശാവിനെ താണുവണങ്ങി. 8“ഞാൻ വഴിയിൽവച്ചു കണ്ട മൃഗങ്ങളെയും ഭൃത്യന്മാരെയും എന്തിനാണ് നീ അയച്ചത്?” എന്ന് ഏശാവു ചോദിച്ചപ്പോൾ “അങ്ങയുടെ പ്രീതിക്കുവേണ്ടിയാണ്” എന്നു യാക്കോബ് പ്രതിവചിച്ചു. 9ഏശാവ് പറഞ്ഞു: “എന്റെ സഹോദരാ, എനിക്കിവയെല്ലാം വേണ്ടുവോളമുണ്ട്; നിന്റെ വകയെല്ലാം നീ തന്നെ സൂക്ഷിച്ചുകൊള്ളുക.” 10യാക്കോബ് പറഞ്ഞു: “ഒരിക്കലും അങ്ങനെ പറയരുതേ; അങ്ങേക്ക് എന്നോടു പ്രസാദം തോന്നിയിട്ടുണ്ടെങ്കിൽ എന്റെ ഈ സമ്മാനങ്ങൾ സ്വീകരിക്കണമേ; അങ്ങയുടെ മുഖം കാണുന്നതു ദൈവത്തിന്റെ മുഖം കാണുന്നതിനു തുല്യമാണ്; അങ്ങ് എന്നെ സസന്തോഷം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. 11അങ്ങേക്കു കൊണ്ടുവന്നിരിക്കുന്ന ഈ സമ്മാനം സ്വീകരിച്ചാലും. ദൈവം എന്നോടു കൃപചെയ്ത് എനിക്കാവശ്യമുള്ളതെല്ലാം നല്‌കിയിട്ടുണ്ട്.” യാക്കോബു തുടർന്നു നിർബന്ധിച്ചതുകൊണ്ട് ഏശാവ് അതു സ്വീകരിച്ചു. 12ഏശാവു പറഞ്ഞു: “നമുക്കു യാത്ര തുടരാം; ഞാൻ മുമ്പേ പോകാം.” 13അതിനു യാക്കോബു പറഞ്ഞു: “കുട്ടികൾ നന്നേ ക്ഷീണിച്ചിരിക്കുന്നു. കറവയുള്ള ആടുകളും കന്നുകാലികളും എന്റെ കൂടെയുണ്ട്; അവയുടെ കാര്യവും ഞാൻ നോക്കണമല്ലോ. ഒരു ദിവസം അമിതമായി ഓടിച്ചാൽ അവയെല്ലാം ചത്തുപോകും. 14അതുകൊണ്ട് അങ്ങ് ഈ ദാസനുമുമ്പേ പോയാലും. കുട്ടികൾക്കും കന്നുകാലികൾക്കും നടക്കാവുന്ന വേഗത്തിൽ അവയെ നടത്തി സേയീരിൽ അങ്ങയുടെ അടുക്കൽ ഞാൻ വന്നുകൊള്ളാം.” 15ഏശാവു പറഞ്ഞു: “അങ്ങനെയെങ്കിൽ എന്റെ കൂടെയുള്ള ആളുകളിൽ ചിലരെ നിന്റെ കൂടെ നിർത്തിയിട്ടു ഞാൻ പോകാം.” യാക്കോബു പറഞ്ഞു: “അതെന്തിന്? എനിക്കങ്ങയുടെ പ്രീതി മതിയല്ലോ.” 16അന്നുതന്നെ ഏശാവു സേയീരിലേക്കു മടങ്ങിപ്പോയി. 17യാക്കോബു സുക്കോത്തിലേക്കു യാത്ര പുറപ്പെട്ടു. അവിടെ എത്തിയശേഷം പാർക്കാൻ ഒരു ഭവനവും കന്നുകാലികൾക്കുവേണ്ട തൊഴുത്തുകളും പണിതു. അതുകൊണ്ട് ആ സ്ഥലത്തിനു #33:17 സുക്കോത്ത് = കൂടാരങ്ങൾ.സുക്കോത്ത് എന്നു പേരുണ്ടായി.
18യാക്കോബ് പദ്ദൻ-അരാമിൽനിന്നുള്ള മടക്കയാത്ര തുടർന്നു. കനാനിലുള്ള ശെഖേം പട്ടണത്തിനടുത്ത് അദ്ദേഹം സുരക്ഷിതനായി എത്തി; അവിടെ കൂടാരമടിച്ചു പാർത്തു. 19ശെഖേമിന്റെ പിതാവായ ഹാമോരിന്റെ പുത്രന്മാരിൽനിന്നു നൂറു വെള്ളിക്കാശിനു വിലയ്‍ക്കു വാങ്ങിയതായിരുന്നു ആ സ്ഥലം. 20അവിടെ യാക്കോബ് ഒരു യാഗപീഠം പണിത് അതിന് #33:20 ഏൽ-എലോഹേ-ഇസ്രായേൽ = ദൈവം, ഇസ്രായേലിന്റെ ദൈവം.ഏൽ-എലോഹേ-ഇസ്രായേൽ എന്നു പേരിട്ടു.

Currently Selected:

GENESIS 33: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in