YouVersion Logo
Search Icon

EZRA 10

10
മിശ്രവിവാഹം അവസാനിപ്പിക്കുന്നു
1എസ്രാ ദേവാലയത്തിനു മുമ്പിൽ വീണുകിടന്നു വിലപിച്ചു പ്രാർഥിക്കുകയും അപരാധങ്ങൾ ഏറ്റുപറയുകയും ചെയ്തപ്പോൾ പുരുഷന്മാരും സ്‍ത്രീകളും കുട്ടികളുമടക്കം ഇസ്രായേല്യരുടെ ഒരു വലിയ സമൂഹം ചുറ്റും വന്നുകൂടി; അവരും കഠിനവ്യഥയോടെ വിലപിച്ചു. 2അപ്പോൾ ഏലാമിന്റെ വംശത്തിൽപ്പെട്ട യെഹീയേലിന്റെ പുത്രൻ ശെഖന്യാ എസ്രായോടു പറഞ്ഞു: “തദ്ദേശവാസികളായ വിജാതീയ സ്‍ത്രീകളെ വിവാഹം ചെയ്ത് ഞങ്ങൾ നമ്മുടെ ദൈവത്തോട് അവിശ്വസ്തത കാട്ടിയിരിക്കുന്നു. എങ്കിലും ഇസ്രായേലിന് ഇനിയും ആശയ്‍ക്കു വകയുണ്ട്. 3ഞങ്ങളുടെ ദൈവത്തിന്റെയും അവിടുത്തെ കല്പന അനുസരിക്കുന്നവരുടെയും ഉപദേശമനുസരിച്ച് ഈ വിജാതീയരായ ഭാര്യമാരെയും അവരിൽനിന്നു ജനിച്ചവരെയും ഉപേക്ഷിക്കാമെന്നു നമുക്കു ദൈവത്തോട് ഉടമ്പടി ചെയ്യാം. ദൈവത്തിന്റെ ധർമശാസ്ത്രം അനുശാസിക്കുന്നത് നാം ചെയ്യും. 4എഴുന്നേല്‌ക്കുക; ഇതു ചെയ്യേണ്ടത് അങ്ങാണ്; ഞങ്ങൾ അങ്ങയോടൊത്തുണ്ട്; ധീരമായി പ്രവർത്തിക്കുക.”
5അപ്പോൾ എസ്രാ എഴുന്നേറ്റ് അപ്രകാരം ചെയ്തുകൊള്ളാമെന്ന് പ്രതിജ്ഞചെയ്യാൻ മുഖ്യ പുരോഹിതന്മാരെയും ലേവ്യരെയും ഇസ്രായേൽജനത്തെയും പ്രേരിപ്പിച്ചു; അവർ പ്രതിജ്ഞ ചെയ്തു. 6പിന്നീട് ദേവാലയത്തിന്റെ മുമ്പിൽനിന്ന് എസ്രാ എഴുന്നേറ്റ് എല്യാശീബിന്റെ പുത്രനായ യെഹോഹാനാന്റെ മുറിയിൽ ചെന്നു. ഭക്ഷണപാനീയങ്ങൾ വെടിഞ്ഞ് പ്രവാസികളുടെ അവിശ്വസ്തതയെക്കുറിച്ച് വിലപിച്ചുകൊണ്ട് അവിടെ രാത്രി കഴിച്ചു. 7യെഹൂദ്യയിലും യെരൂശലേമിലുമെല്ലാം അവർ ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി. “മടങ്ങിവന്ന പ്രവാസികളെല്ലാം യെരൂശലേമിൽ വന്നുകൂടണം. 8മൂന്നു ദിവസത്തിനകം ആരെങ്കിലും വരാതെയിരുന്നാൽ നേതാക്കളുടെയും പ്രമാണികളുടെയും ആജ്ഞയനുസരിച്ച് അവന്റെ വസ്തുവകകളെല്ലാം കണ്ടുകെട്ടുകയും അവനെ പ്രവാസികളുടെ സമൂഹത്തിൽനിന്നു പുറത്താക്കുകയും ചെയ്യും.” 9ആ മൂന്നു ദിവസത്തിനുള്ളിൽ യെഹൂദാ ബെന്യാമീൻ ഗോത്രത്തിലെ സകല പുരുഷന്മാരും യെരൂശലേമിൽ വന്നുകൂടി; അത് ഒമ്പതാം മാസം ഇരുപതാം ദിവസം ആയിരുന്നു. ജനങ്ങളെല്ലാം ഈ കാര്യത്തെ സംബന്ധിച്ചുള്ള ഭയവും പേമാരിയും നിമിത്തം വിറച്ചുകൊണ്ട് ദേവാലയത്തിന്റെ മുറ്റത്ത് ഇരുന്നു.
10എസ്രാപുരോഹിതൻ എഴുന്നേറ്റ് അവരോടു പറഞ്ഞു: “നിങ്ങൾ അവിശ്വസ്തരായി അന്യസ്‍ത്രീകളെ വിവാഹം കഴിച്ച് ഇസ്രായേലിന്റെ അപരാധം വർധിപ്പിച്ചിരിക്കുന്നു. 11അതിനാൽ ഇപ്പോൾ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരനോടു പാപം ഏറ്റുപറഞ്ഞ് തദ്ദേശവാസികളിൽനിന്നും അന്യസ്‍ത്രീകളിൽനിന്നും ഒഴിഞ്ഞു നില്‌ക്കുക.” 12അപ്പോൾ ജനസമൂഹം മുഴുവൻ ഉറക്കെ പറഞ്ഞു: “അങ്ങു പറഞ്ഞതുപോലെതന്നെ ഞങ്ങൾ ചെയ്യും.” 13അവർ തുടർന്നു: “ജനങ്ങൾ വളരെയുണ്ട്; ഇത് വർഷകാലവുമാണ്; അതുകൊണ്ട് ഞങ്ങൾക്കു പുറത്തുനില്‌ക്കാൻ കഴിവില്ല; ഇത് ഒന്നോ രണ്ടോ ദിവസംകൊണ്ടു തീരുന്ന കാര്യവുമല്ല. ഇക്കാര്യത്തിൽ ഞങ്ങളിൽ പലരും തെറ്റുകാരാണ്. 14അതിനാൽ ഞങ്ങളുടെ നേതാക്കൾ സമൂഹത്തിന്റെ പ്രതിനിധികളായി നില്‌ക്കട്ടെ. ഈ കാര്യം സംബന്ധിച്ചു നമ്മുടെ ദൈവത്തിന് ഉണ്ടായിട്ടുള്ള ഉഗ്രകോപം വിട്ടുമാറുന്നതുവരെ ഞങ്ങളുടെ പട്ടണങ്ങളിൽ അന്യസ്‍ത്രീകളെ വിവാഹം ചെയ്തവരെല്ലാം നിശ്ചിതസമയങ്ങളിൽ വന്നെത്തണം; അവരുടെകൂടെ ഓരോ പട്ടണത്തിലെയും പ്രമാണിമാരും ന്യായാധിപന്മാരും ഉണ്ടായിരിക്കണം.” 15അസാഹേലിന്റെ പുത്രൻ യോനാഥാനും തിക്ക്വയുടെ പുത്രൻ യഹ്സെയായും മാത്രം അതിനെ എതിർത്തു. മെശുല്ലാമും ലേവ്യനായ ശബ്ബെഥായിയും അവരെ പിന്താങ്ങി.
16മടങ്ങിവന്ന പ്രവാസികളെല്ലാം ഈ നിർദ്ദേശം സ്വീകരിച്ചു. എസ്രാപുരോഹിതൻ പിതൃഭവനങ്ങളനുസരിച്ച് പിതൃഭവനത്തലവന്മാരെ തിരഞ്ഞെടുത്ത് അവരുടെ പേരുകൾ രേഖപ്പെടുത്തി. ഇക്കാര്യം പരിശോധിക്കാൻ പത്താംമാസം ഒന്നാം ദിവസം അവർ യോഗം കൂടി. 17അന്യസ്‍ത്രീകളെ വിവാഹം കഴിച്ചിരുന്ന പുരുഷന്മാരുടെ വിചാരണ ഒന്നാം മാസം ഒന്നാം തീയതിയോടുകൂടി പൂർത്തിയാക്കി.
വിജാതീയസ്‍ത്രീകളെ വിവാഹം കഴിച്ചിരുന്നവർ
18പുരോഹിതരിൽ വിജാതീയസ്‍ത്രീകളെ വിവാഹം കഴിച്ചിരുന്നവർ: യേശുവയുടെ സന്തതികളിൽ യോസാദ്യാക്കും അയാളുടെ സഹോദരന്മാരായ മയശേയാ, എലീയേസെർ, യാരീബ്, ഗെദല്യാ എന്നിവരും 19തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാമെന്നു പ്രതിജ്ഞ ചെയ്തു. തങ്ങളുടെ കുറ്റത്തിന് ഓരോ മുട്ടാടിനെ പാപപരിഹാരയാഗമായി അവർ അർപ്പിക്കുകയും ചെയ്തു. 20ഇമ്മേരിന്റെ വംശത്തിൽ ഹനാനി, സെബദ്യാ; 21ഹാരീമിന്റെ വംശത്തിൽ മയശേയാ, ഏലീയാ, ശെമയ്യാ, യെഹീയേൽ, ഉസ്സീയാ. 22പശ്ഹൂരിന്റെ വംശത്തിൽ: എല്യോവേനായി, മയശേയാ, ഇശ്മായേൽ, നെഥനയേൽ, യോസാബാദ്, എലെയാസാ. 23ലേവ്യരിൽ: യോസാബാദ്, ശിമെയി, കെലീയാ എന്നു പേരുള്ള കേലായാ, പെഥഹ്യാ, യെഹൂദാ, എലീയേസെർ. 24ഗായകരിൽ: എല്യാശീബ്. വാതിൽകാവല്‌ക്കാരിൽ: ശല്ലൂം, തേലെം, ഊരി.
25ഇസ്രായേല്യരിൽ: പരോശിന്റെ വംശത്തിൽ: രമ്യാ, ഇശ്ശീയാ, മല്‌കീയാ, മീയാമീൻ, എലെയാസാർ, മല്‌കീയാ, ബെനായാ. 26ഏലാമിന്റെ വംശത്തിൽ: മഥന്യാ, സെഖര്യാ, യെഹീയേൽ, അബ്ദി, യെരേമോത്ത്, എലീയാ. 27സത്ഥൂവിന്റെ വംശത്തിൽ: സാബാദ്, അസീസാ, എല്യോവേനായി, എല്യാശീബ്, മത്ഥന്യാ, യെരോമോത്ത്.
28ബേബായിയുടെ വംശത്തിൽ: യെഹോ ഹാനാൻ, ഹനന്യാ, സബ്ബായി, അഥെലായി. 29ബാനിയുടെ വംശത്തിൽ: മെശുല്ലാം, മല്ലൂക്ക്, ആദായാ, യാശൂബ്, ശെയാൽ, യെരേമോത്ത്. 30പഹത്ത്-മോവാബിന്റെ വംശത്തിൽ: അദ്നാ, കെലാൽ, ബെനായാ, മയശേയാ, മത്ഥന്യാ, ബെസലയേൽ, ബിന്നൂവി, മനശ്ശെ. 31ഹാരീമിന്റെ വംശത്തിൽ: എലീയേസെർ, ഇശ്ശീയാ, മല്‌ക്കീയാ, ശെമയ്യാ, 32ശിമെയോൻ, ബെന്യാമീൻ, മല്ലൂക്ക്, ശെമര്യാ.
33ഹാശൂമിന്റെ വംശത്തിൽ: മത്ഥനായി, മത്ഥത്ഥാ, സാബാദ്, എലീഫേലെത്ത്, യെരേമായി, മനശ്ശെ, ശിമെയി.
34ബാനിയുടെ വംശത്തിൽ: മയദായി, അമ്രാം, ഊവേൽ, 35ബെനായാ, ബേദെയാ, കെലൂഹി, വന്യാ, 36-37മെരേമോത്ത്, എല്യാശീബ്, മത്ഥന്യാ, മെത്ഥനായി, യാസു. 38ബിന്നൂയിയുടെ വംശത്തിൽ: ശിമെയി, ശെലമ്യാ, 39നാഥാൻ, അദായാ, മഖ്നദെബായി, 40-41ശാശായി, ശാരായി, അസരെയേൽ, ശേലെമ്യാ, 42ശമര്യാ, ശല്ലൂം, അമര്യാ, യോസേഫ്.
43നെബോയുടെ വംശത്തിൽ: യെയീയേൽ, മത്ഥിത്ഥ്യാ, സാബാദ്, സെബീനാ, യദ്ദായി, യോവേൽ, ബെനായാ. 44ഇവരെല്ലാം വിജാതീയ സ്‍ത്രീകളെ വിവാഹം കഴിച്ചിരുന്നു. അവർ ഭാര്യമാരെയും മക്കളെയും ഉപേക്ഷിച്ചു.

Currently Selected:

EZRA 10: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in