YouVersion Logo
Search Icon

EZEKIELA 36

36
ഇസ്രായേലിന് അനുഗ്രഹം
1മനുഷ്യപുത്രാ, ഇസ്രായേലിലെ പർവതങ്ങളോടു പ്രവചിക്കുക; ഹേ, പർവതങ്ങളേ, സർവേശ്വരന്റെ അരുളപ്പാടു ശ്രദ്ധിക്കുവിൻ. 2സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “പുരാതന ഗിരികൾ ഞങ്ങളുടെ കൈവശമായിത്തീർന്നിരിക്കുന്നു എന്നു ശത്രുക്കൾ നിങ്ങളെക്കുറിച്ചും പറഞ്ഞു. 3‘അതുകൊണ്ട് നീ പ്രവചിക്കുക’ സർവേശ്വരൻ അരുളിച്ചെയ്യുന്നു. അതേ, അവർ നിങ്ങളെ ശൂന്യമാക്കി എല്ലാവശങ്ങളിൽനിന്നും ആക്രമിച്ചു നിങ്ങളെ തകർത്തുകളഞ്ഞു. അങ്ങനെ നിങ്ങൾ മറ്റു ജനതകളുടെ അധീനതയിലമർന്നു. നിങ്ങൾ അവരുടെ സംഭാഷണത്തിനും പരിഹാസത്തിനും പാത്രമായി. 4അതുകൊണ്ട് ഇസ്രായേലിലെ പർവതങ്ങളേ, സർവേശ്വരനായ കർത്താവിന്റെ അരുളപ്പാടു ശ്രദ്ധിക്കുവിൻ; കുന്നുകളോടും മലകളോടും മലയിടുക്കുകളോടും താഴ്‌വരകളോടും ശൂന്യമാക്കപ്പെട്ട ദേശങ്ങളോടും ചുറ്റുമുള്ള ജനതകൾക്കു കവർച്ചയും പരിഹാസവിഷയവും ആയിരിക്കുന്ന നിർജനമായ നഗരങ്ങളോടും സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. 5എന്റെ ദേശത്തെ ആക്രമിച്ചു കൊള്ള ചെയ്യേണ്ടതിനു അവജ്ഞയോടും പൂർണസന്തോഷത്തോടും കൂടെ എന്റെ ദേശം കൈവശമാക്കിയ എദോമിനു ചുറ്റുമുള്ള ജനതകൾക്കുമെതിരെ ജ്വലിക്കുന്ന അസഹിഷ്ണുതയോടെ ഞാൻ പറയുന്നു. 6ഇസ്രായേൽദേശത്തെക്കുറിച്ചു പ്രവചിക്കുക. മലകളോടും കുന്നുകളോടും മലയിടുക്കുകളോടും താഴ്‌വരകളോടും പറയുക. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. 7ചുറ്റുമുള്ള ജനതകളുടെ നിന്ദയ്‍ക്കു നിങ്ങൾ പാത്രമായിത്തീർന്നതുകൊണ്ട് ഇതാ തീവ്രമായ അസഹിഷ്ണുതയോടെ സർവേശ്വരനായ ഞാൻ ശപഥം ചെയ്തു പറയുന്നു: നിങ്ങൾക്കു ചുറ്റുമുള്ള ജനതകൾ അധിക്ഷേപപാത്രങ്ങളാകും.
8എന്നാൽ ഇസ്രായേൽപർവതങ്ങളേ, എന്റെ ജനത്തിന്റെ പ്രത്യാഗമനം ആസന്നമായിരിക്കയാൽ അവർക്കുവേണ്ടി നിങ്ങളും മരച്ചില്ലകൾ തളിർപ്പിച്ചു ഫലം പുറപ്പെടുവിക്കുവിൻ. 9ഇതാ, ഞാൻ നിങ്ങൾക്ക് അനുകൂലമാണ്. ഞാൻ നിങ്ങളിലേക്കു തിരിയും. നിങ്ങളിൽ ഉഴവും വിതയും ഉണ്ടാകും. 10നിങ്ങളുടെ ജനത്തെ, ഇസ്രായേലിനെ മുഴുവനെ തന്നെയും ഞാൻ വർധിപ്പിക്കും. നഗരത്തിൽ ജനവാസം ഉണ്ടാകും. ശൂന്യമാക്കപ്പെട്ട സ്ഥലങ്ങൾ പുനഃസ്ഥാപിക്കപ്പെടും. 11മനുഷ്യരെയും മൃഗങ്ങളെയും ഞാൻ വർധിപ്പിക്കും. അവർ സന്താനസമൃദ്ധിയുള്ളവരായി തീരും. മുൻകാലത്തെന്നപോലെ നിങ്ങൾ ജനനിബിഡമായി തീരും. ഞാൻ നിങ്ങൾക്കു പണ്ടത്തെക്കാൾ കൂടുതൽ നന്മ ചെയ്യും. അപ്പോൾ ഞാനാണു സർവേശ്വരനെന്നു നിങ്ങൾ അറിയും. 12എന്റെ ജനമായ ഇസ്രായേലിനെ ഞാൻ നിങ്ങളിൽ പുനരധിവസിപ്പിക്കും. 13അവർ നിന്നെ കൈവശമാക്കും. നീ അവരുടെ അവകാശമായിരിക്കും. ഇനിമേൽ നീ അവരെ സന്താനദുഃഖത്തിലാഴ്ത്തുകയില്ല. 14സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: നീ മനുഷ്യരെ വിഴുങ്ങുന്നു; നിന്റെ ജനത്തെ സന്താന ദുഃഖത്തിലാഴ്ത്തുകയും ചെയ്യുന്നു എന്ന് ആളുകൾ പറയുന്നതുകൊണ്ട് ഇനിമേൽ നീ അങ്ങനെ ചെയ്യുകയില്ല എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. 15ഞാൻ നിന്നെ വിജാതീയരുടെ നിന്ദയ്‍ക്കു പാത്രമാക്കുകയില്ല, ജനതകളുടെ പരിഹാസം നീ പേറുകയോ നിന്റെ ജനത്തിന് ഇടർച്ച വരുത്തുകയോ ചെയ്യുകയില്ല.
നവജീവൻ
16സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 17“മനുഷ്യപുത്രാ, ഇസ്രായേൽജനം സ്വന്തം ദേശത്തു പാർത്തിരുന്നപ്പോൾ തങ്ങളുടെ ജീവിതരീതികൊണ്ടും പ്രവൃത്തികൾകൊണ്ടും അതിനെ മലിനമാക്കി. എന്റെ മുമ്പിൽ അവരുടെ പെരുമാറ്റം സ്‍ത്രീകളുടെ ആർത്തവംപോലെ മലിനമായിരുന്നു. 18ദേശത്ത് അവർ രക്തം ചൊരിയുകയും വിഗ്രഹാരാധനകൊണ്ട് അതിനെ മലിനമാക്കുകയും ചെയ്തതിനാൽ ഞാൻ എന്റെ ഉഗ്രകോപം അവരുടെമേൽ ചൊരിഞ്ഞു. 19ഞാൻ അവരെ ജനതകളുടെ ഇടയിൽ ചിതറിച്ചു. അവർ രാജ്യാന്തരങ്ങളിൽ ചിന്നിച്ചിതറിപ്പോയി. അവരുടെ പെരുമാറ്റങ്ങൾക്കും പ്രവൃത്തികൾക്കും തക്കവിധം ഞാൻ അവരെ വിധിച്ചു. 20അവർ ചെന്നിടത്തെല്ലാം ജനതകൾ അവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: അവർ സർവേശ്വരന്റെ ജനമാണ്; എന്നിട്ടും അവിടുന്ന് അവർക്കു നല്‌കിയ ദേശം അവർക്കു വിട്ടുപോകേണ്ടിവന്നു. 21അങ്ങനെ അവർ എന്റെ വിശുദ്ധനാമം അശുദ്ധമാക്കി. അവർ പോയ ജനതകളുടെ ഇടയിലെല്ലാം അശുദ്ധമാക്കിയ എന്റെ വിശുദ്ധനാമത്തെക്കുറിച്ചു ഞാൻ അസ്വസ്ഥനായി.
22അതുകൊണ്ട് ഇസ്രായേൽജനത്തോടു പറയുക: സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേൽജനമേ, നിങ്ങൾ നിമിത്തമല്ല നിങ്ങൾ ചെന്ന ജനതകളുടെ ഇടയിൽ നിങ്ങൾ മലിനമാക്കിയ എന്റെ വിശുദ്ധനാമത്തെ പ്രതി അത്രേ ഞാൻ ഇതു ചെയ്യുന്നത്. 23വിജാതീയരുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയ എന്റെ ശ്രേഷ്ഠനാമത്തിന്റെ വിശുദ്ധി ഞാൻ തെളിയിക്കും. അവരുടെ കൺമുമ്പിൽ ഞാൻ എന്റെ നാമത്തിന്റെ വിശുദ്ധി നിങ്ങളിലൂടെ തെളിയിക്കുമ്പോൾ ഞാനാകുന്നു സർവേശ്വരനെന്ന് അവർ അറിയും. 24ജനതകളുടെ ഇടയിൽനിന്നു ഞാൻ നിങ്ങളെ കൊണ്ടുവരും. രാജ്യാന്തരങ്ങളിൽനിന്നു നിങ്ങളെ കൂട്ടിവരുത്തി സ്വന്തം ദേശത്തു എത്തിക്കും. 25ഞാൻ ശുദ്ധജലം തളിച്ചു നിങ്ങളുടെ സകല മലിനതകളിൽനിന്നും നിങ്ങളുടെ സകല വിഗ്രഹങ്ങളിൽനിന്നും നിങ്ങളെ ശുദ്ധീകരിക്കും. 26പുതിയ ഹൃദയവും പുതിയ ആത്മാവും ഞാൻ നിങ്ങൾക്കു നല്‌കും. കല്ലുപോലെ കാഠിന്യമുള്ള നിങ്ങളുടെ ഹൃദയം മാറ്റി മാംസളമായ ഹൃദയം ഞാൻ നിങ്ങൾക്കു നല്‌കും. 27എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ പകരും. നിങ്ങൾ എന്റെ ചട്ടങ്ങൾ അനുസരിച്ചു നടക്കാനും എന്റെ കല്പനകൾ പാലിക്കാനും ഞാൻ ഇടയാക്കും. 28നിങ്ങളുടെ പിതാക്കന്മാർക്കു ഞാൻ കൊടുത്ത ദേശത്ത് നിങ്ങൾ നിവസിക്കും. നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങളുടെ ദൈവവും ആയിരിക്കും. 29നിങ്ങളുടെ എല്ലാ മലിനതകളിൽനിന്നും ഞാൻ നിങ്ങളെ മോചിപ്പിക്കും. എന്റെ കല്പനപ്രകാരം ധാന്യങ്ങൾ സമൃദ്ധമായ വിളവു നല്‌കും. ഞാൻ നിങ്ങൾക്കു ക്ഷാമം വരുത്തുകയില്ല. 30ഇനിമേൽ ജനതകളുടെ മധ്യത്തിൽ നിങ്ങൾക്കു ക്ഷാമംമൂലം അപകീർത്തി ഉണ്ടാകാതിരിക്കാൻ വൃക്ഷങ്ങളിൽ ഫലവും നിലത്തിൽ വിളവും ഞാൻ സമൃദ്ധമാക്കും. 31അപ്പോൾ നിങ്ങളുടെ ദുർമാർഗങ്ങളും ദുഷ്പ്രവൃത്തികളും നിങ്ങൾ ഓർക്കും. നിങ്ങൾ ചെയ്ത അകൃത്യങ്ങളും മ്ലേച്ഛജീവിതവും നിമിത്തം നിങ്ങൾക്കു നിങ്ങളോടുതന്നെ വെറുപ്പു തോന്നും. 32ഇതു നിങ്ങളെ പ്രതിയല്ല ഞാൻ ചെയ്യുന്നതെന്ന് അറിഞ്ഞുകൊള്ളുക എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. ഇസ്രായേൽജനമേ, നിങ്ങളുടെ പ്രവൃത്തികളെക്കുറിച്ചു ലജ്ജിച്ചു തല താഴ്ത്തുവിൻ.
33സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ എല്ലാ അകൃത്യങ്ങളിൽ നിന്നും നിങ്ങളെ ശുദ്ധീകരിക്കുന്ന നാളിൽ നിങ്ങളുടെ പട്ടണങ്ങളിൽ ജനം വസിക്കാനും ശൂന്യമാക്കപ്പെട്ട സ്ഥലങ്ങൾ പുനഃസ്ഥാപിക്കപ്പെടാനും ഞാൻ ഇടയാക്കും. 34വഴിപോക്കർ ശൂന്യമായി കണ്ട സ്ഥലങ്ങൾ കൃഷിഭൂമികളായി മാറും. 35ശൂന്യമായി കിടന്നിരുന്ന ഈ ദേശം ഏദൻതോട്ടംപോലെയും, നശിപ്പിക്കപ്പെട്ട് ശൂന്യവും പാഴും ആയിക്കിടന്ന നഗരങ്ങൾ സുരക്ഷിതവും ജനവാസമുള്ളതും ആയിത്തീർന്നിരിക്കുന്നു എന്നു വഴിപോക്കർ പറയും. 36നശിപ്പിക്കപ്പെട്ടു ദേശത്തെ പുനഃസ്ഥാപിച്ചതും പാഴ്നിലങ്ങളിൽ വീണ്ടും കൃഷിയിറക്കിയതും സർവേശ്വരനായ ഞാനാണെന്നു ചുറ്റും ശേഷിച്ചിരിക്കുന്ന ജനതകൾ അന്ന് അറിയും. ഇതു സർവേശ്വരനായ ഞാനാണ് അരുളിച്ചെയ്യുന്നത്. ഞാൻ അതു നിറവേറും.
37സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ഒരു ആട്ടിൻപറ്റത്തെപ്പോലെ തങ്ങളുടെ ജനത്തെ വർധിപ്പിക്കണമെന്ന ഇസ്രായേൽജനത്തിന്റെ അപേക്ഷ ഞാൻ കേട്ട് അങ്ങനെ പ്രവർത്തിക്കും. 38പെരുന്നാളുകളിൽ യെരൂശലേമിലുള്ള ആട്ടിൻപറ്റംപോലെ, യാഗത്തിനുള്ള ആട്ടിൻകൂട്ടം പോലെതന്നെ ശൂന്യനഗരങ്ങൾ മനുഷ്യരാകുന്ന അജഗണത്തെക്കൊണ്ടു നിറയും. അപ്പോൾ ഞാനാകുന്നു സർവേശ്വരനെന്ന് അവർ അറിയും.”

Currently Selected:

EZEKIELA 36: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in