EZEKIELA 31
31
ഈജിപ്ത് ഒരു ദേവദാരു
1പ്രവാസത്തിന്റെ പതിനൊന്നാം വർഷം മൂന്നാം മാസം ഒന്നാം ദിവസം സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി. 2മനുഷ്യപുത്രാ, ഈജിപ്തിലെ രാജാവായ ഫറവോയോടും അയാളുടെ ജനത്തോടും പറയുക:
പ്രതാപത്തിൽ നിന്നോടു സമൻ ആര്?
3നീ ലെബാനോനിലെ ദേവദാരുവിനു തുല്യൻ അതു മനോഹരമായ ശാഖകളോടും
തണൽ വിരിക്കുന്ന ഇലപ്പടർപ്പോടും കൂടി മേഘങ്ങളെ തൊട്ടുരുമ്മി ഉയർന്നു നില്ക്കുന്നു.
4ജലം അതിനെ പോഷിപ്പിച്ചു;
അടിയുറവകൾ അതിനെ അത്യുന്നതമായി വളർത്തി
ഉറവകളിൽനിന്നു പുറപ്പെട്ട നീർച്ചാലുകൾ
അതു നിന്നിരുന്ന സ്ഥലം ചുറ്റി ഒഴുകി.
അവ വനവൃക്ഷങ്ങൾക്കെല്ലാം വേണ്ട ജലം നല്കി.
5അതുകൊണ്ടു വനത്തിലെ എല്ലാ വൃക്ഷങ്ങൾക്കും ഉപരി
ആ ദേവദാരു വളർന്നുപൊങ്ങി;
വെള്ളം സമൃദ്ധമായി ലഭിച്ചതിനാൽ
അതു ശാഖകൾ നീട്ടി വളർന്നു പന്തലിച്ചു.
6ആകാശത്തിലെ പറവകൾ അതിന്റെ കൊമ്പുകളിൽ കൂടുവച്ചു;
അതിന്റെ ശാഖകൾക്കു കീഴിൽ വന്യമൃഗങ്ങൾ പെറ്റുപെരുകി.
അതിന്റെ തണലിൽ ജനതകൾ പാർത്തു.
7അതിന്റെ വേരിന് സമൃദ്ധമായി ജലം ലഭിച്ചതിനാൽ
വലിപ്പംകൊണ്ടും ശാഖകളുടെ നീളംകൊണ്ടും
അതു മനോഹരമായി ശോഭിച്ചു.
8ദൈവത്തിന്റെ തോട്ടത്തിലെ ഒരു ദേവദാരുവും
അതിനോടു കിടപിടിക്കുമായിരുന്നില്ല;
സരളവൃക്ഷങ്ങൾ അതിന്റെ ശാഖകൾക്കു പോലും സമമായിരുന്നില്ല.
അരിഞ്ഞിൽ മരവും അതിന്റെ ശാഖകൾക്കു തുല്യമായിരുന്നില്ല.
ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷവും
സൗന്ദര്യത്തിൽ അതിനോടു തുല്യമായിരുന്നില്ല.
9ശാഖകളുടെ ബാഹുല്യംകൊണ്ടു ഞാൻ അതിനെ സുന്ദരമാക്കി;
ദൈവത്തിന്റെ തോട്ടമായ ഏദനിലെ സകല വൃക്ഷങ്ങൾക്കും അതിനോടസൂയതോന്നി.
10അതുകൊണ്ടു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്തു: അതു വളർന്നു പൊങ്ങി മേഘങ്ങളെ ചുംബിക്കയാൽ അതിന്റെ ഔന്നത്യത്തിൽ അത് അഹങ്കരിച്ചു. 11അതിനാൽ ഞാൻ അതിനെ ജനതകളിൽ പ്രബലനായ ഒരുവന്റെ കൈയിൽ ഏല്പിക്കും. അതിന്റെ ദുഷ്ടതയ്ക്ക് അർഹമായവിധം അവൻ അതിനോടു പെരുമാറും. ഞാൻ അതിനെ പുറംതള്ളിയിരിക്കുന്നു. 12ജനതകളിൽ ഏറ്റവും ക്രൂരന്മാരായ വിദേശികൾ അതിനെ വെട്ടിവീഴ്ത്തും; അതിന്റെ ശാഖകൾ എല്ലാ പർവതങ്ങളിലും താഴ്വരകളിലും നിപതിക്കും. അതിന്റെ കൊമ്പുകൾ എല്ലാ നദിക്കരകളിലും ഒടിഞ്ഞുകിടക്കും. ഭൂമിയിലെ എല്ലാ ജനതകളും അതിന്റെ തണൽ വിട്ടുപോകും. 13അതിന്റെ അവശിഷ്ടങ്ങളിൽ പക്ഷികൾ പാർക്കും; വന്യമൃഗങ്ങൾ അതിന്റെ കൊമ്പുകൾക്കിടയിൽ വസിക്കും. 14ജലത്തിനരികെ നില്ക്കുന്ന ഒരു വൃക്ഷവും അതിന്റെ ഔന്നത്യത്തിൽ അഹങ്കരിക്കാതിരിക്കാനും മേഘപാളികളെ തൊട്ടുരുമ്മത്തക്കവിധം തല ഉയർത്താതിരിക്കാനും വെള്ളം വേണ്ടുവോളം വലിച്ചെടുത്തു വളരുന്ന എത്ര കരുത്തന്മാരായ വൃക്ഷങ്ങളായാലും അത്ര ഉയരത്തിൽ എത്താതിരിക്കാനും വേണ്ടിയാണ് ഞാൻ ഇതു ചെയ്തിരിക്കുന്നത്. എന്തെന്നാൽ അധോലോകത്തിലേക്കു പോകുന്ന മർത്യരോടൊപ്പം അവയും മരണത്തിന് ഏല്പിക്കപ്പെട്ടിരിക്കുന്നു.
15അതു പാതാളത്തിലേക്കു പോകുമ്പോൾ അതിനെച്ചൊല്ലി ഭൂഗർഭജലം വിലപിക്കാൻ ഇടയാക്കും. നദികളെ ഞാൻ തടഞ്ഞുനിറുത്തും; ജലപ്രവാഹങ്ങൾ നിലയ്ക്കും. ലെബാനോനെ ഞാൻ വിലാപവസ്ത്രം അണിയിക്കും. തന്മൂലം വനത്തിലെ വൃക്ഷങ്ങളെല്ലാം വാടിപ്പോകും എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. 16പാതാളത്തിലേക്കു പോകുന്ന മർത്യരോടൊപ്പം അധോലോകത്തിലേക്ക് അതിനെ വലിച്ചെറിയുമ്പോൾ അതിന്റെ പതനം മൂലമുണ്ടാകുന്ന മുഴക്കത്താൽ ജനതകൾ നടുങ്ങും. ഏദനിലെ സകല വൃക്ഷങ്ങളും വേണ്ടുവോളം വെള്ളം കുടിച്ചു വളർന്ന വൃക്ഷങ്ങൾ തന്നെ, ലെബാനോനിലെ ശ്രേഷ്ഠമായ വൃക്ഷങ്ങളും അതിന്റെ പതനത്തിൽ അധോലോകത്ത് ആശ്വസിക്കും. 17ജനതകൾക്കിടയിൽ അതിന്റെ തണലിൽ വസിച്ചിരുന്നവരും വാളിനാൽ കൊല്ലപ്പെട്ടവരോടുകൂടി പാതാളത്തിലേക്കു പോകും. 18മഹത്ത്വത്തിലും ഔന്നത്യത്തിലും ഏദനിലെ ഏതു വൃക്ഷമാണു നിനക്കു തുല്യം? എങ്കിലും നീ ഏദനിലെ വൃക്ഷങ്ങളോടൊപ്പം മൃതരുടെ ലോകത്തിലേക്ക് എറിയപ്പെടും. വാളിനിരയായ പരിച്ഛേദനം ഏല്ക്കാത്തവരുടെ ഇടയിൽ നീ കിടക്കും. ഈ വൃക്ഷം ഫറവോയും അയാളുടെ ജനങ്ങളും ആണെന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.”
Currently Selected:
EZEKIELA 31: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.