EZEKIELA 20
20
ഇസ്രായേലിന്റെ അവിശ്വസ്തത
1പ്രവാസത്തിന്റെ ഏഴാം വർഷം അഞ്ചാം മാസം പത്താം ദിവസം ഇസ്രായേലിലെ ജനപ്രമാണികളിൽ ചിലർ സർവേശ്വരന്റെ ഹിതം ആരായാൻ എന്റെ മുമ്പിൽ വന്നു. 2അപ്പോൾ അവിടുത്തെ അരുളപ്പാട് എനിക്കുണ്ടായി: 3“മനുഷ്യപുത്രാ, നീ ഇസ്രായേലിലെ ജനപ്രമാണികളോടു പറയുക. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: എന്റെ ഹിതം ആരായാനാണോ നിങ്ങൾ വന്നിരിക്കുന്നത്? ഞാൻ സത്യം ചെയ്തു പറയുന്നു: “നിങ്ങൾക്ക് എന്നിൽനിന്നു മറുപടി ലഭിക്കുകയില്ല.” 4മനുഷ്യപുത്രാ, നീ അവരെ കുറ്റം വിധിക്കുകയില്ലേ? അവരുടെ പിതാക്കന്മാരുടെ മ്ലേച്ഛതകൾ നീ അവരെ അറിയിക്കുക. 5സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു എന്ന് അവരോടു പറയുക; ഇസ്രായേലിനെ ഞാൻ തിരഞ്ഞെടുത്ത ദിവസം ഞാൻ അവരോട് ഒരു ശപഥം ചെയ്തു. നിങ്ങളുടെ സർവേശ്വരനായ കർത്താവ് ഞാനാകുന്നു എന്നു സത്യം ചെയ്തുകൊണ്ടു ഞാൻ എന്നെത്തന്നെ അവർക്കു വെളിപ്പെടുത്തി. 6ഞാൻ അവരെ അവിടെനിന്ന് അവർക്കായി നോക്കിവച്ചതും പാലും തേനും ഒഴുകുന്നതും എല്ലാ ദേശങ്ങളെക്കാളും ശ്രേഷ്ഠവുമായ ദേശത്തേക്കു കൊണ്ടുപോകുമെന്ന് അന്നു ഞാൻ ശപഥം ചെയ്തു. 7ഞാൻ അവരോടു പറഞ്ഞു: നിങ്ങൾ ദൃഷ്ടി പതിപ്പിച്ചിരിക്കുന്ന മ്ലേച്ഛവസ്തുക്കളെ വലിച്ചെറിയുവിൻ; ഈജിപ്തിലെ വിഗ്രഹങ്ങളെ ആരാധിച്ചു നിങ്ങൾ മലിനരാകരുത്. ഞാൻ നിങ്ങളുടെ സർവേശ്വരനായ കർത്താവാകുന്നു. 8എന്നാൽ അവർ എന്നെ ധിക്കരിച്ചു; എന്റെ വാക്കുകൾ ശ്രദ്ധിച്ചില്ല. തങ്ങൾ ദൃഷ്ടി പതിപ്പിച്ചിരുന്ന മ്ലേച്ഛവസ്തുക്കളെ അവർ വലിച്ചെറിയുകയോ, ഈജിപ്തിലെ വിഗ്രഹങ്ങളെ ഉപേക്ഷിക്കുകയോ ചെയ്തില്ല. അപ്പോൾ ഈജിപ്തിൽ വച്ചുതന്നെ എന്റെ ക്രോധം അവരുടെമേൽ ചൊരിയണമെന്നും അത് അവരുടെമേൽ പ്രയോഗിച്ചുതീർക്കണമെന്നും ഞാൻ ചിന്തിച്ചു. 9എങ്കിലും ആരുടെ മധ്യത്തിൽ അവർ പാർത്തിരുന്നുവോ, ആരുടെ കൺമുമ്പിൽവച്ചു ഞാൻ അവരെ ഈജിപ്തിൽനിന്നു മോചിപ്പിക്കുമെന്നു പറഞ്ഞ് എന്നെത്തന്നെ വെളിപ്പെടുത്തിയോ ആ ജനതകളുടെ മുമ്പിൽവച്ച് എന്റെ നാമം അശുദ്ധമാക്കാതിരിക്കാൻവേണ്ടി ഞാൻ അവരോടു കാരുണ്യപൂർവം വർത്തിച്ചു. 10അങ്ങനെ ഞാൻ അവരെ ഈജിപ്തിൽ നിന്നു മോചിപ്പിച്ചു മരുഭൂമിയിൽ കൊണ്ടുവന്നു. 11എന്റെ ചട്ടങ്ങൾ അവർക്കു നല്കി; കല്പനകൾ അവരെ പഠിപ്പിച്ചു. അവ അനുഷ്ഠിക്കുന്ന മനുഷ്യൻ ജീവിക്കും. 12കൂടാതെ സർവേശ്വരനായ ഞാനാണ് അവരെ വിശുദ്ധീകരിക്കുന്നതെന്ന് അവർ അറിയാൻ അവർക്കും എനിക്കും മധ്യേ ഒരു അടയാളമായിരിക്കത്തക്കവിധം എന്റെ ശബത്തുകൾ അവർക്കു നല്കി. 13എങ്കിലും ഇസ്രായേൽജനം മരുഭൂമിയിൽവച്ച് എന്നോടു ധിക്കാരം കാട്ടി. അവർ എന്റെ ചട്ടങ്ങൾ അനുസരിക്കാതെ എന്റെ കല്പനകൾ ലംഘിച്ചു. അവ അനുസരിച്ചു നടക്കുന്നതുകൊണ്ടാണല്ലോ മനുഷ്യൻ ജീവിക്കുന്നത്. എന്റെ ശബത്തുകൾ അവർ അങ്ങേയറ്റം അശുദ്ധമാക്കി. അപ്പോൾ മരുഭൂമിയിൽവച്ച് എന്റെ ക്രോധം അവരുടെമേൽ ചൊരിഞ്ഞ് അവരെ നിശ്ശേഷം നശിപ്പിക്കണമെന്നു ഞാൻ വീണ്ടും ചിന്തിച്ചു. 14എന്നാൽ ഞാൻ അവരെ മോചിപ്പിച്ചുകൊണ്ട് വന്നതിനു സാക്ഷ്യം വഹിച്ച ജനതകളുടെ മുമ്പിൽവച്ച് എന്റെ നാമം അശുദ്ധമാക്കാതിരിക്കാൻ ഞാൻ കാരുണ്യപൂർവം അവരോട് പ്രവർത്തിച്ചിരുന്നു. 15-16ഞാൻ അവർക്ക് നല്കിയിരുന്നതും പാലും തേനും ഒഴുകുന്നതും എല്ലാ ദേശങ്ങളിലും ശ്രേഷ്ഠവുമായ ദേശത്തേക്ക് ഞാൻ അവരെ കൊണ്ടുപോകുകയില്ലെന്ന് മരുഭൂമിയിൽവച്ച് ശപഥം ചെയ്തു. അവർ വിഗ്രഹങ്ങളെ ആരാധിച്ച് എന്റെ കല്പനകളെ നിരാകരിക്കുകയും എന്റെ ചട്ടങ്ങൾ അനുസരിക്കാതെ ശബത്തിനെ അശുദ്ധമാക്കുകയും ചെയ്തുവല്ലോ. 17എന്നിട്ടും എനിക്ക് അവരോട് കനിവുതോന്നി. ഞാൻ അവരെ നശിപ്പിക്കുകയോ മരുഭൂമിയിൽവച്ച് അവരെ സംഹരിക്കുകയോ ചെയ്തില്ല. 18മരുഭൂമിയിൽവച്ച് അവരുടെ മക്കളോട് ഞാൻ പറഞ്ഞു: “നിങ്ങളുടെ പിതാക്കന്മാരുടെ ചട്ടങ്ങൾ പ്രമാണമാക്കുകയോ അവരുടെ അനുശാസനങ്ങൾ പാലിക്കുകയോ അവരുടെ വിഗ്രഹങ്ങളെ ആരാധിച്ച് നിങ്ങളെത്തന്നെ അശുദ്ധമാക്കുകയോ ചെയ്യരുത്. 19സർവേശ്വരനായ ഞാൻ നിങ്ങളുടെ ദൈവമാകുന്നു; എന്റെ ചട്ടങ്ങൾ അനുസരിച്ചു നടക്കുക, എന്റെ കല്പനകൾ പാലിക്കുകയും ചെയ്യുക. 20എന്റെ ശബത്തുകൾ വിശുദ്ധമായി ആചരിക്കുക; ഞാനാണു നിങ്ങളുടെ സർവേശ്വരനായ കർത്താവ് എന്നു നിങ്ങൾ അറിയാൻ എനിക്കും നിങ്ങൾക്കും മധ്യേ ഇത് ഒരു അടയാളമായിരിക്കട്ടെ.” എന്നാൽ അവരും എന്നെ ധിക്കരിച്ചു. 21അവർ എന്റെ ചട്ടങ്ങൾ അനുസരിക്കുകയോ, എന്റെ കല്പനകൾ പാലിക്കുകയോ ചെയ്തില്ല. അവ അനുസരിക്കുന്നതു മൂലമാണല്ലോ മനുഷ്യൻ ജീവിക്കുന്നത്. അവർ എന്റെ ശബത്തിനെ അശുദ്ധമാക്കി. അപ്പോൾ മരുഭൂമിയിൽവച്ച് എന്റെ ക്രോധം അവരുടെമേൽ ചൊരിയണമെന്നും അവരുടെ നേരേ അതു പ്രയോഗിച്ചുതീർക്കണമെന്നും ഞാൻ വീണ്ടും ചിന്തിച്ചു. 22എങ്കിലും ഞാൻ അതിൽനിന്നു പിന്തിരിഞ്ഞു; അവരെ ഞാൻ മോചിപ്പിച്ചുകൊണ്ടുവന്നതിനു സാക്ഷ്യം വഹിച്ച ജനതകളുടെ മുമ്പിൽ എന്റെ നാമത്തിനു കളങ്കം വരാതിരിക്കാൻ വേണ്ടി ഞാൻ അവരോടു കാരുണ്യപൂർവം പ്രവർത്തിച്ചു. 23-24അവരെ ജനതകളുടെയും രാജ്യങ്ങളുടെയും ഇടയിൽ ചിതറിക്കുമെന്നു മരുഭൂമിയിൽ വച്ചു ഞാൻ ശപഥം ചെയ്തു. കാരണം അവർ എന്റെ കല്പനകൾ പാലിച്ചില്ല. എന്റെ ചട്ടങ്ങൾ നിരസിക്കുകയും ചെയ്തു. അവർ എന്റെ ശബത്തിനെ അശുദ്ധമാക്കി അവരുടെ പിതാക്കന്മാർ പൂജിച്ച വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തു. 25അതുകൊണ്ട് പ്രയോജനപ്രദമല്ലാത്ത ചട്ടങ്ങളും ജീവൻ പ്രാപിക്കാൻ ഉതകാത്ത കല്പനകളും ഞാൻ അവർക്കു നല്കി. 26അവരുടെ വഴിപാടുകളാൽ ഞാനവരെ അശുദ്ധരാക്കി. ആദ്യജാതരെ ദഹനയാഗമായി അർപ്പിക്കാൻ ഇടയാക്കുകയും ചെയ്തു. ഇത് അവരെ ശൂന്യമാക്കാനും ഞാൻ തന്നെയാകുന്നു സർവേശ്വരനെന്ന് അവർ മനസ്സിലാക്കാനും വേണ്ടിയായിരുന്നു.
27മനുഷ്യപുത്രാ, ഇസ്രായേൽജനത്തോടു പറയുക: സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു; നിങ്ങളുടെ പിതാക്കന്മാർ എന്നോട് അവിശ്വസ്തമായി പെരുമാറി എന്നെ നിന്ദിച്ചു. 28ഞാൻ അവർക്കു നല്കുമെന്നു വാഗ്ദാനം ചെയ്ത ദേശത്തേക്ക് അവരെ കൊണ്ടുവന്നപ്പോൾ അവർ ഉയർന്ന കുന്നുകളും പച്ചമരങ്ങളും കണ്ടിടത്തെല്ലാം യാഗങ്ങൾ അർപ്പിച്ചു. സൗരഭ്യം പരത്തുന്ന ധൂപം അർപ്പിക്കുകയും പാനീയനിവേദ്യം പകരുകയും ചെയ്തുകൊണ്ടുള്ള അവരുടെ യാഗങ്ങൾ എന്നെ പ്രകോപിപ്പിച്ചു. 29നിങ്ങൾ പോകുന്ന പൂജാഗിരി ഏത് എന്നു ഞാൻ ചോദിച്ചു. അതുകൊണ്ട് ഇന്നും ആ സ്ഥലം #20:29 ബാമാ = ഉയർന്നസ്ഥലം (വിജാതീയരുടെ ആരാധനാസ്ഥലം).ബാമാ എന്നറിയപ്പെടുന്നു. 30അതുകൊണ്ട് ഇസ്രായേൽജനത്തോടു പറയുക; സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാർ ചെയ്തതുപോലെ വഴിപിഴച്ചു മ്ലേച്ഛവിഗ്രഹങ്ങളുടെ പിന്നാലെ പോയി നിങ്ങൾ നിങ്ങളെത്തന്നെ അശുദ്ധമാക്കുമോ? 31നിങ്ങൾ അതേ വഴിപാടുകൾ അർപ്പിക്കുമ്പോഴും നിങ്ങളുടെ പുത്രന്മാരെ ഹോമബലിയായി നല്കുമ്പോഴും വിഗ്രഹാരാധനമൂലം നിങ്ങളെത്തന്നെ ഇന്നും നിങ്ങൾ അശുദ്ധരാക്കുന്നു. ഇസ്രായേൽജനമേ, എന്നിൽ നിന്നു നിങ്ങൾക്ക് ഉത്തരം ലഭിക്കുമോ? ഞാൻ സത്യം ചെയ്തു പറയുന്നു, എന്നിൽനിന്നു നിങ്ങൾക്ക് ഉത്തരം ലഭിക്കുകയില്ല.
32ജനതകളെയും വിദേശങ്ങളിലെ ഗോത്രങ്ങളെയുംപോലെ നമുക്കു കല്ലിനെയും മരത്തെയും ആരാധിക്കാം എന്ന നിങ്ങളുടെ മനോഗതം ഒരിക്കലും നടപ്പാകുകയില്ല.
ദൈവം ന്യായം വിധിക്കുന്നു
33ഉഗ്രരോഷത്തോടും കരുത്തുറ്റ കരങ്ങളോടും നീട്ടിയ ഭുജത്തോടുംകൂടി ഞാൻ നിശ്ചയമായും നിങ്ങളെ ഭരിക്കും. 34ജനതകളുടെ ഇടയിൽനിന്നു നിങ്ങളെ പുറത്തുകൊണ്ടു വരും; നിങ്ങൾ ചിതറിപ്പാർക്കുന്ന ദേശങ്ങളിൽനിന്നു നിങ്ങളെ ഒന്നിച്ചുകൂട്ടും എന്നു സർവേശ്വരനായ കർത്താവ് സത്യം ചെയ്തു പറയുന്നു. 35ജനതകളുടെ മരുഭൂമിയിലേക്ക് ഞാൻ നിങ്ങളെ കൊണ്ടുവരും; അവിടെവച്ചു ഞാൻ തന്നെ നിങ്ങളെ വിചാരണ ചെയ്യും. 36ഈജിപ്തിലെ മരുഭൂമിയിൽവച്ച് നിങ്ങളുടെ പിതാക്കന്മാരെ വിചാരണചെയ്തതുപോലെ നിങ്ങളെയും ഞാൻ വിചാരണ ചെയ്യും എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. 37ഞാൻ നിങ്ങളെ എന്റെ ചെങ്കോലിൻകീഴിൽ കൊണ്ടുവരികയും ഉടമ്പടി നിങ്ങളെക്കൊണ്ട് അനുസരിപ്പിക്കുകയും ചെയ്യും. 38എന്നെ ധിക്കരിക്കുന്നവരെയും എനിക്കെതിരെ അതിക്രമം കാട്ടുന്നവരെയും നിങ്ങളുടെ ഇടയിൽനിന്നു ഞാൻ നീക്കിക്കളയും. അവർ ഇപ്പോൾ പാർക്കുന്ന ദേശങ്ങളിൽനിന്നു ഞാൻ അവരെ പുറത്തുകൊണ്ടുവരും. അവർ ഇസ്രായേൽദേശത്തു പ്രവേശിക്കാൻ ഇടവരുത്തുകയില്ല. ഞാനാണ് സർവേശ്വരനെന്ന് നിങ്ങൾ അപ്പോൾ അറിയും.
39ഇസ്രായേൽജനമേ, സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: എന്റെ വാക്കു നിങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ പോയി നിങ്ങളുടെ വിഗ്രഹങ്ങളെ ആരാധിച്ചുകൊൾക. എന്നാൽ ഇനിമേൽ നിങ്ങളുടെ വഴിപാടുകളും വിഗ്രഹങ്ങളുംകൊണ്ട് എന്റെ നാമം അശുദ്ധമാക്കരുത്.
40സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “ഇസ്രായേൽജനത മുഴുവനും ഒന്നൊഴിയാതെ എന്റെ വിശുദ്ധഗിരിയിൽ ഇസ്രായേലിലെ ഗിരിമുകളിൽത്തന്നെ എന്നെ ആരാധിക്കും. അവിടെവച്ചു ഞാനവരെ സ്വീകരിക്കും. അവിടെ നിങ്ങളുടെ കാഴ്ചകളും ആദ്യഫലങ്ങളും നിവേദ്യങ്ങളും ഞാൻ ആവശ്യപ്പെടും. 41ജനതകളുടെ മധ്യത്തിൽനിന്ന് ഞാൻ നിങ്ങളെ പുറത്തുകൊണ്ടുവരികയും നിങ്ങൾ ചിതറിപ്പാർത്തിരുന്ന ദേശങ്ങളിൽ നിന്ന് നിങ്ങളെ ഒരുമിച്ചുകൂട്ടുകയും ചെയ്യുമ്പോൾ സുഗന്ധധൂപം പോലെ ഞാൻ നിങ്ങളെ കൈക്കൊള്ളും. ജനതകൾ കാൺകെ എന്റെ വിശുദ്ധി നിങ്ങളുടെ ഇടയിൽ ഞാൻ വെളിപ്പെടുത്തും. 42നിങ്ങളുടെ പിതാക്കന്മാർക്കു നല്കുമെന്നു വാഗ്ദാനം ചെയ്ത ഇസ്രായേൽദേശത്തേക്കു ഞാൻ നിങ്ങളെ തിരിച്ചുകൊണ്ടുവരുമ്പോൾ ഞാനാണ് സർവേശ്വരൻ എന്നു നിങ്ങൾ അറിയും. 43നിങ്ങളെത്തന്നെ അശുദ്ധമാക്കിയ നിങ്ങളുടെ ജീവിതരീതിയും പ്രവൃത്തികളും അപ്പോൾ നിങ്ങൾ അനുസ്മരിക്കും. നിങ്ങളുടെ തിന്മപ്രവൃത്തികൾ ഓർത്തു നിങ്ങൾക്ക് നിങ്ങളോടുതന്നെ വെറുപ്പുതോന്നും. 44സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേൽജനമേ, നിങ്ങളുടെ ദുഷിച്ച ജീവിതരീതിക്കും ദുർവൃത്തികൾക്കും തക്കവിധം പ്രവൃത്തിക്കാതെ എന്റെ നാമത്തെപ്രതിതന്നെ ഞാൻ നിങ്ങളോടു പെരുമാറുമ്പോൾ ഞാനാകുന്നു സർവേശ്വരൻ എന്നു നിങ്ങൾ അറിയും.
നെഗബ് അഗ്നിക്കിരയാകുന്നു
45സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 46മനുഷ്യപുത്രാ, നെഗബിലേക്കു തിരിഞ്ഞ് അതിനെതിരെ പ്രഘോഷിക്കുക; അവിടത്തെ വനങ്ങൾക്കെതിരെ പ്രവചിക്കുക. നെഗബിലെ വനത്തോടു പറയുക: 47സർവേശ്വരന്റെ വചനം കേൾക്കുക; സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “ഇതാ ഞാൻ നിന്നെ അഗ്നിക്കിരയാക്കും. നിന്റെ സകല പച്ചമരങ്ങളും ഉണക്കമരങ്ങളും അതു ദഹിപ്പിക്കും. ആ അഗ്നിജ്വാല കെട്ടടങ്ങുകയില്ല. തെക്കു മുതൽ വടക്കുവരെ എല്ലാവരും അതിൽ ദഹിച്ചുപോകും. 48സർവേശ്വരനായ ഞാനാണ് അതു കൊളുത്തിയത് എന്ന് എല്ലാവരും അറിയും. അതു കെട്ടടങ്ങുകയില്ല.” 49അപ്പോൾ ഞാൻ പറഞ്ഞു: സർവേശ്വരനായ കർത്താവേ, ഞാൻ കടങ്കഥയല്ലേ പറയുന്നത് എന്ന് അവർ ചോദിക്കുന്നു.
Currently Selected:
EZEKIELA 20: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.