YouVersion Logo
Search Icon

EZEKIELA 17

17
കഴുകന്മാരും മുന്തിരിച്ചെടിയും
1സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 2“മനുഷ്യപുത്രാ, ഇസ്രായേൽജനത്തോട് ഒരു കടങ്കഥ പറയുക. ഒരു ദൃഷ്ടാന്തകഥ അറിയിക്കുക. 3സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു എന്നു പറയുക. വലിയ ചിറകും നിറപ്പകിട്ടുള്ള ധാരാളം നീണ്ട തൂവലുകളുമുള്ള ഒരു വലിയ കഴുകൻ ലെബാനോനിൽ വന്ന് ഒരു ദേവദാരുവിന്റെ തലപ്പു കൊത്തിയെടുത്തു. 4അവൻ ഇളംചില്ലകളുടെ അഗ്രം നുള്ളിക്കളഞ്ഞശേഷം, അതു വ്യാപാരികളുടെ നഗരത്തിൽ കൊണ്ടുവന്നു നട്ടു. 5പിന്നീട് ആ ദേശത്തുള്ള ഒരു ഇളംതൈയെടുത്ത് അവിടത്തെ വളക്കൂറുള്ള മണ്ണിൽ ധാരാളം വെള്ളമുള്ള ജലാശയത്തിനരികിൽ അലരിത്തൈ നടുന്നതുപോലെ നട്ടു. 6അതു മുളച്ച് പൊക്കമില്ലാത്ത ഒരു മുന്തിരിച്ചെടിയായി പടർന്നു. അതിന്റെ ചില്ലകൾ ആ കഴുകന്റെ നേർക്കു നീണ്ടുവന്നു. അതിന്റെ വേര് താണിറങ്ങി. ആ മുന്തിരിവള്ളി വളർന്നു ശാഖകളും ചില്ലകളും നീട്ടി.
7വലിയ ചിറകുകളും ധാരാളം തൂവലുകളും ഉള്ള മറ്റൊരു വലിയ കഴുകൻ ഉണ്ടായിരുന്നു. അവൻ തന്നെ നനയ്‍ക്കുമെന്നു കരുതി മുന്തിരിച്ചെടി അതിന്റെ ശാഖകൾ കഴുകന്റെ നേരേ നീട്ടുകയും അതിന്റെ തടത്തിൽ നിന്നു വേരുകൾ അവന്റെ നേർക്കു തിരിച്ചുവിടുകയും ചെയ്തു. 8ചില്ലകൾ നീട്ടി സമൃദ്ധമായി ഫലം നല്‌കുന്ന ഒരു നല്ല മുന്തിരിച്ചെടിയായിത്തീരാൻവേണ്ടിയാണ് അതിനെ ധാരാളം വെള്ളമുള്ള ജലാശയത്തിനരികെ ഫലപുഷ്‍ടിയുള്ള മണ്ണിൽ നട്ടത്. 9സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നതായി പറയുക! അതു പച്ചപിടിക്കുമോ? ആദ്യത്തെ കഴുകൻ അതിന്റെ വേരുകൾ പറിച്ചെടുക്കുകയും കായ്കൾ പറിച്ചുകളയുകയും ചെയ്യുകയില്ലേ? അതിന്റെ തളിരിലകൾ കരിഞ്ഞു പോവുകയില്ലേ? അതിനെ വേരോടെ പിഴുതുകളയാൻ വലിയ ശക്തിയോ വളരെ ആളുകളോ ആവശ്യമില്ലല്ലോ. 10അതു പറിച്ചുനട്ടാൽ തഴച്ചുവളരുമോ? കിഴക്കൻ കാറ്റ് അടിക്കുമ്പോൾ അതു നിശ്ശേഷം കരിഞ്ഞു പോവുകയില്ലേ? അതു വളരുന്ന തടത്തിൽത്തന്നെ നിന്നു വാടിപ്പോവുകയില്ലേ?
കഥാസാരം
11പിന്നീട് സർവേശ്വരനായ കർത്താവിന്റെ അരുളപ്പാട് എനിക്കുണ്ടായി. 12“നിങ്ങൾ ഇതിന്റെ പൊരുൾ മനസ്സിലാക്കുന്നില്ലേ” എന്ന് ആ ധിക്കാരികളായ ജനത്തോടു ചോദിക്കുക. അവരോടു പറയുക: ബാബിലോൺരാജാവ് യെരൂശലേമിൽ വന്ന് അവിടത്തെ രാജാവിനെയും പ്രഭുക്കന്മാരെയും പിടിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി. 13രാജകുമാരന്മാരിൽ ഒരുവനെ അവൻ തെരഞ്ഞെടുത്ത് അവനുമായി ഒരുടമ്പടി ഉണ്ടാക്കി, അവനെക്കൊണ്ടു പ്രതിജ്ഞ ചെയ്യിച്ചു. 14രാജ്യം വീണ്ടും ശക്തി പ്രാപിക്കാതിരിക്കാനും തന്നോടുള്ള ഉടമ്പടി നിലനിർത്താനും വേണ്ടി ബാബിലോൺരാജാവ് അവിടെയുണ്ടായിരുന്ന ബലശാലികളെ പിടിച്ചുകൊണ്ടുപോയി. 15യെഹൂദാരാജാവാകട്ടെ, ഒരു വലിയ സൈന്യത്തെയും പടക്കുതിരകളെയും ആവശ്യപ്പെട്ടുകൊണ്ട് ഈജിപ്തിലേക്കു ദൂതന്മാരെ അയച്ചു. അങ്ങനെ അയാൾ ബാബിലോൺരാജാവിനോടു മത്സരിച്ചു. അയാൾ വിജയിക്കുമോ? ഉടമ്പടി ലംഘിച്ചിട്ട് അയാൾക്കു രക്ഷപെടാൻ കഴിയുമോ? 16ആര് അയാളെ രാജാവാക്കിയോ, ആരോടുള്ള പ്രതിജ്ഞ അയാൾ നിന്ദിച്ചുവോ, ആരുടെ ഉടമ്പടി അയാൾ ലംഘിച്ചുവോ, ആ രാജാവ് വാഴുന്ന ബാബിലോണിൽവച്ചു തന്നെ അയാൾ മരിക്കും എന്ന് സർവേശ്വരനായ കർത്താവു സത്യം ചെയ്തു പറയുന്നു. 17ഫറവോരാജാവിനും അദ്ദേഹത്തിന്റെ സുശക്തമായ സൈന്യത്തിനും അയാളെ സഹായിക്കാൻ കഴിയുകയില്ല. കാരണം ബാബിലോണ്യർ കിടങ്ങുകൾ കുഴിച്ചും കൊത്തളങ്ങൾ നിർമിച്ചും നിരവധി ജനങ്ങളെ വധിക്കാൻ ഉപരോധം ഏർപ്പെടുത്തും. 18യെഹൂദാരാജാവ് പ്രതിജ്ഞ ധിക്കരിച്ച് ഉടമ്പടി ലംഘിച്ചു. കൈയടിച്ചു പ്രതിജ്ഞ ചെയ്തിരുന്നിട്ടും ഇതെല്ലാം പ്രവർത്തിച്ചുകൊണ്ട് അയാൾ രക്ഷപെടുകയില്ല. 19സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു; അവൻ പ്രതിജ്ഞ ധിക്കരിക്കുകയും ഉടമ്പടി ലംഘിക്കുകയും ചെയ്തതിന്റെ ശിക്ഷ ഞാൻ അവനു നല്‌കും എന്നു ഞാൻ ആണയിട്ടു പറയുന്നു. 20ഞാൻ അവന്റെമേൽ വല വീശും. അവൻ എന്റെ കെണിയിൽ അകപ്പെടും; അവനെ ഞാൻ ബാബിലോണിലേക്കു കൊണ്ടുപോകും; എന്നോട് അവിശ്വസ്തമായി പെരുമാറിയതിനു ഞാൻ അവനെ അവിടെവച്ചു കുറ്റം വിധിക്കും. 21അവന്റെ സൈന്യത്തിലെ വീരയോദ്ധാക്കൾ കൊല്ലപ്പെടും. ശേഷിക്കുന്നവർ നാനാദിക്കിലേക്കും പലായനം ചെയ്യും. സർവേശ്വരനായ കർത്താവാണിത് അരുളിച്ചെയ്യുന്നതെന്നു നിങ്ങൾ അപ്പോൾ അറിയും.”
ദൈവത്തിന്റെ വാഗ്ദാനം
22സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “ഞാൻ ഉയരമുള്ള ഒരു ദേവദാരുവിന്റെ തലപ്പത്തുനിന്ന് ഒരു കൊമ്പു മുറിച്ച് അതിന്റെ ഇളംചില്ലകളിൽ ഏറ്റവും മുകളിലുള്ളതെടുത്ത് ഉന്നതമായ ഒരു പർവതത്തിന്റെ ഉച്ചിയിൽ നടും. 23ഇസ്രായേലിലെ പർവതശൃംഗത്തിൽതന്നെ ഞാനതു നടും. അതു ശാഖകൾ നീട്ടി ഫലം കായ്‍ക്കുകയും ഒരു വലിയ ദേവദാരുവായിത്തീരുകയും ചെയ്യും. അതിന്റെ തണലിൽ എല്ലാവിധ മൃഗങ്ങളും പാർക്കും. എല്ലായിനം പക്ഷികളും അതിന്റെ ശിഖരങ്ങളിൽ കൂടുകെട്ടും. 24സർവേശ്വരനായ ഞാൻ ഉയർന്ന മരങ്ങളെ താഴ്ത്തുകയും താഴ്ന്നവയെ ഉയർത്തുകയും ചെയ്യും. പച്ചമരത്തെ ഉണക്കുകയും ഉണങ്ങിയവയെ തളിരണിയിക്കുകയും ചെയ്യും. സർവേശ്വരനായ കർത്താവാണ് ഇതെല്ലാം ചെയ്യുന്നതെന്ന് വയലിലെ വൃക്ഷങ്ങൾ അപ്പോളറിയും. സർവേശ്വരനായ ഞാനാണ് ഇതു പറയുന്നത്. ഞാൻ അതു നിറവേറ്റും.”

Currently Selected:

EZEKIELA 17: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in