EXODUS 33:12-17
EXODUS 33:12-17 MALCLBSI
മോശ സർവേശ്വരനോടു ചോദിച്ചു: ” ഈ ജനത്തെ നയിക്കുക എന്ന് അങ്ങ് എന്നോടു പറയുന്നു; എന്നാൽ എന്റെകൂടെ ആരെയാണ് അയയ്‍ക്കുന്നതെന്ന് അവിടുന്ന് എന്നോടു പറയുന്നുമില്ല; ‘നിന്നെ ഞാൻ നന്നായി അറിയുന്നു; നിന്നിൽ ഞാൻ സംപ്രീതൻ’ എന്ന് അവിടുന്നു പറഞ്ഞു. അങ്ങ് എന്നിൽ സംപ്രീതനാണെങ്കിൽ അവിടുത്തെ വഴികൾ എനിക്കു വെളിപ്പെടുത്തിയാലും; ഞാൻ അങ്ങയെ അറിഞ്ഞ് അങ്ങയുടെ കൃപയ്‍ക്കു പാത്രമാകട്ടെ. ഈ ജനതയെ സ്വന്തജനമായി അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്നു എന്ന് ഓർമിക്കണമേ.” സർവേശ്വരൻ അരുളിച്ചെയ്തു: “എന്റെ സാന്നിധ്യം നിന്നോടൊപ്പം ഉണ്ടായിരിക്കും; ഞാൻ നിനക്ക് സ്വസ്ഥത നല്‌കും.” മോശ പറഞ്ഞു: “അവിടുന്നു ഞങ്ങളോടൊപ്പം വരുന്നില്ലെങ്കിൽ ഇവിടെനിന്നു ഞങ്ങളെ പറഞ്ഞയയ്‍ക്കരുതേ. അവിടുന്നു ഞങ്ങളോടൊപ്പം ഇല്ലെങ്കിൽ എന്നിലും അവിടുത്തെ ജനത്തിലും അവിടുന്നു സംപ്രീതനാണെന്ന് എങ്ങനെ അറിയും? അവിടുത്തെ സാന്നിധ്യം ഞങ്ങളുടെ കൂടെയുള്ളതുകൊണ്ടല്ലേ ഞാനും അങ്ങയുടെ ഈ ജനവും ഭൂമിയിലുള്ള മറ്റു ജനതകളിൽനിന്നു വ്യത്യസ്തരാകുന്നത്.” സർവേശ്വരൻ മോശയോടു പറഞ്ഞു: “നിന്റെ ഈ അപേക്ഷയും ഞാൻ സ്വീകരിച്ചിരിക്കുന്നു; ഞാൻ നിന്നെ നന്നായി അറിയുന്നു; ഞാൻ നിന്നിൽ സംപ്രീതനുമാണ്”.