YouVersion Logo
Search Icon

EXODUS 33

33
സീനായ് വിടാൻ കല്പന
1സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നീയും ഈജിപ്തിൽനിന്നു നീ മോചിപ്പിച്ചുകൊണ്ടുവന്ന ജനവും ഇവിടെനിന്നു പുറപ്പെട്ട് അബ്രഹാമിനും ഇസ്ഹാക്കിനും യാക്കോബിനും അവരുടെ സന്തതികൾക്കും നല്‌കുമെന്നു ഞാൻ വാഗ്ദാനം ചെയ്ത സ്ഥലത്തേക്കു പോകുക. 2നിങ്ങൾക്കു മുമ്പായി ഞാൻ എന്റെ ദൂതനെ അയയ്‍ക്കും. കനാന്യർ, അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ ഞാൻ ഓടിച്ചുകളയും. 3പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു പോകുക; ഞാൻ നിങ്ങളുടെ കൂടെ വരുന്നില്ല; വന്നാൽ നിങ്ങൾ ദുശ്ശാഠ്യക്കാരായതുകൊണ്ടു വഴിയിൽവച്ചു ഞാൻ നിങ്ങളെ സംഹരിച്ചേക്കാം.” 4ഇതു കേട്ടപ്പോൾ ജനം ദുഃഖിച്ചു; ആരും ആഭരണങ്ങൾ അണിഞ്ഞില്ല. 5സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നു: ഇസ്രായേൽജനത്തോടു പറയുക: നിങ്ങൾ ദുശ്ശാഠ്യക്കാരായ ജനതയാണ്; ഒരു നിമിഷം നിങ്ങളുടെ കൂടെ സഞ്ചരിച്ചാൽ എനിക്കു നിങ്ങളെ ദഹിപ്പിച്ചു കളയേണ്ടിവരും. നിങ്ങളുടെ ആഭരണങ്ങൾ ഊരിവയ്‍ക്കുക. നിങ്ങളോട് എന്തു ചെയ്യണമെന്നു ഞാൻ തീരുമാനിക്കട്ടെ.” 6ഹോറേബുമലയിൽനിന്നു പുറപ്പെട്ടപ്പോൾ ഇസ്രായേൽജനം ആഭരണങ്ങളെല്ലാം ഊരിവച്ചു.
തിരുസാന്നിധ്യകൂടാരം
7ഇസ്രായേൽജനങ്ങളുടെ പ്രയാണത്തിൽ പാളയമടിക്കുമ്പോഴെല്ലാം മോശ പാളയത്തിനുപുറത്ത് കുറച്ചകലെ ഒരു കൂടാരം ഉറപ്പിക്കുക പതിവായിരുന്നു; തിരുസാന്നിധ്യകൂടാരം എന്ന് അതിനെ വിളിച്ചുപോന്നു. സർവേശ്വരനെ ആരാധിക്കുന്നവർ പാളയത്തിനു പുറത്തുള്ള ഈ കൂടാരത്തിലേക്കു പോകും. 8മോശ ആ കൂടാരത്തിലേക്കു പോകുമ്പോഴെല്ലാം ജനം തങ്ങളുടെ കൂടാരവാതില്‌ക്കൽ വന്ന് അദ്ദേഹം അതിനുള്ളിൽ പ്രവേശിക്കുന്നതുവരെ നോക്കി നില്‌ക്കും. 9മോശ ഉള്ളിൽ കടന്നാലുടൻ മേഘസ്തംഭം താണുവന്ന് കൂടാരവാതില്‌ക്കൽ നില്‌ക്കും; അപ്പോൾ സർവേശ്വരൻ മോശയോടു സംസാരിക്കും. 10മേഘസ്തംഭം കാണുമ്പോൾ ജനം എഴുന്നേറ്റ് തങ്ങളുടെ കൂടാരവാതിൽക്കൽ സാഷ്ടാംഗം നമസ്കരിക്കും. 11സ്നേഹിതനോടെന്നപോലെ സർവേശ്വരൻ മോശയോടു അഭിമുഖം സംസാരിക്കും; മോശ കൂടാരത്തിലേക്കു മടങ്ങിക്കഴിഞ്ഞാലും അദ്ദേഹത്തിന്റെ ശുശ്രൂഷകനും നൂനിന്റെ പുത്രനുമായ യോശുവ എന്ന യുവാവ് കൂടാരം വിട്ടു പോകുമായിരുന്നില്ല.
സർവേശ്വരൻ ജനത്തോടുകൂടെ
12മോശ സർവേശ്വരനോടു ചോദിച്ചു: ” ഈ ജനത്തെ നയിക്കുക എന്ന് അങ്ങ് എന്നോടു പറയുന്നു; എന്നാൽ എന്റെകൂടെ ആരെയാണ് അയയ്‍ക്കുന്നതെന്ന് അവിടുന്ന് എന്നോടു പറയുന്നുമില്ല; ‘നിന്നെ ഞാൻ നന്നായി അറിയുന്നു; നിന്നിൽ ഞാൻ സംപ്രീതൻ’ എന്ന് അവിടുന്നു പറഞ്ഞു. 13അങ്ങ് എന്നിൽ സംപ്രീതനാണെങ്കിൽ അവിടുത്തെ വഴികൾ എനിക്കു വെളിപ്പെടുത്തിയാലും; ഞാൻ അങ്ങയെ അറിഞ്ഞ് അങ്ങയുടെ കൃപയ്‍ക്കു പാത്രമാകട്ടെ. ഈ ജനതയെ സ്വന്തജനമായി അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്നു എന്ന് ഓർമിക്കണമേ.” 14സർവേശ്വരൻ അരുളിച്ചെയ്തു: “എന്റെ സാന്നിധ്യം നിന്നോടൊപ്പം ഉണ്ടായിരിക്കും; ഞാൻ നിനക്ക് സ്വസ്ഥത നല്‌കും.” 15മോശ പറഞ്ഞു: “അവിടുന്നു ഞങ്ങളോടൊപ്പം വരുന്നില്ലെങ്കിൽ ഇവിടെനിന്നു ഞങ്ങളെ പറഞ്ഞയയ്‍ക്കരുതേ. 16അവിടുന്നു ഞങ്ങളോടൊപ്പം ഇല്ലെങ്കിൽ എന്നിലും അവിടുത്തെ ജനത്തിലും അവിടുന്നു സംപ്രീതനാണെന്ന് എങ്ങനെ അറിയും? അവിടുത്തെ സാന്നിധ്യം ഞങ്ങളുടെ കൂടെയുള്ളതുകൊണ്ടല്ലേ ഞാനും അങ്ങയുടെ ഈ ജനവും ഭൂമിയിലുള്ള മറ്റു ജനതകളിൽനിന്നു വ്യത്യസ്തരാകുന്നത്.” 17സർവേശ്വരൻ മോശയോടു പറഞ്ഞു: “നിന്റെ ഈ അപേക്ഷയും ഞാൻ സ്വീകരിച്ചിരിക്കുന്നു; ഞാൻ നിന്നെ നന്നായി അറിയുന്നു; ഞാൻ നിന്നിൽ സംപ്രീതനുമാണ്”. 18മോശ പറഞ്ഞു: “അവിടുത്തെ മഹത്ത്വം എനിക്കു കാട്ടിത്തന്നാലും” 19സർവേശ്വരൻ അരുളിച്ചെയ്തു: “എന്റെ തേജസ്സ് നിന്റെ മുമ്പിലൂടെ കടന്നുപോകും. സർവേശ്വരൻ എന്ന എന്റെ നാമം നിന്റെ മുമ്പിൽ പ്രഘോഷിക്കും; കൃപ കാണിക്കേണ്ടവനോടു ഞാൻ കൃപ കാണിക്കും; കരുണ കാണിക്കേണ്ടവനോടു ഞാൻ കരുണ കാണിക്കും. 20എന്റെ മുഖം കാണാൻ നിനക്കു കഴിയുകയില്ല; കാരണം എന്നെ കാണുന്ന ഒരുവനും പിന്നെ ജീവിച്ചിരിക്കുകയില്ല.” 21സർവേശ്വരൻ അരുളിച്ചെയ്തു: “എന്റെ അടുത്തുള്ള ഈ പാറയിൽ കയറി നില്‌ക്കുക; 22എന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ ആ പാറയുടെ വിള്ളലിൽ നിർത്തും; കടന്നു കഴിയുന്നതുവരെ എന്റെ കൈകൊണ്ടു നിന്നെ മറയ്‍ക്കും. 23ഞാൻ കൈ മാറ്റുമ്പോൾ നീ എന്റെ പിൻഭാഗം കാണും; എന്നാൽ എന്റെ മുഖം നീ കാണുകയില്ല.”

Currently Selected:

EXODUS 33: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in