YouVersion Logo
Search Icon

EXODUS 24

24
ഉടമ്പടി മുദ്രിതമാകുന്നു
1സർവേശ്വരൻ മോശയോടരുളിച്ചെയ്തു: “നീയും അഹരോനും നാദാബും, അബീഹൂവും, ഇസ്രായേലിലെ എഴുപതു പ്രമാണികളും എന്റെ സന്നിധിയിലേക്കു വരിക. 2മോശ മാത്രം എന്റെ സന്നിധിയിൽ അടുത്തുവരട്ടെ: മറ്റുള്ളവർ അടുത്തുവരരുത്. ദൂരെ നിന്നുകൊണ്ട് അവർ എന്നെ കുമ്പിട്ട് ആരാധിക്കട്ടെ. ജനം അവരോടൊപ്പം കയറിവരരുത്.” 3മോശ ചെന്ന് സർവേശ്വരന്റെ എല്ലാ കല്പനകളും നിയമങ്ങളും ജനത്തെ അറിയിച്ചു: “സർവേശ്വരൻ കല്പിച്ചതെല്ലാം ഞങ്ങൾ അനുസരിക്കുമെന്ന് ജനം ഏകസ്വരത്തിൽ പ്രതിവചിച്ചു. 4സർവേശ്വരന്റെ കല്പനകളെല്ലാം മോശ എഴുതിവച്ചു. അദ്ദേഹം അതിരാവിലെ എഴുന്നേറ്റു പർവതത്തിന്റെ അടിവാരത്തു വന്ന് ഒരു യാഗപീഠം നിർമ്മിച്ചു; കൂടാതെ ഇസ്രായേൽഗോത്രങ്ങളുടെ എണ്ണത്തിനൊത്ത് പന്ത്രണ്ടു സ്തംഭങ്ങളും നാട്ടി. 5മോശ നിയോഗിച്ച ഇസ്രായേല്യയുവാക്കൾ ചെന്നു സർവേശ്വരനു ഹോമയാഗങ്ങളും കാളയെക്കൊണ്ടുള്ള സമാധാനയാഗങ്ങളും അർപ്പിച്ചു. 6മോശ മൃഗങ്ങളുടെ രക്തത്തിൽ പകുതി തളികകളിൽ എടുത്തു; ബാക്കി യാഗപീഠത്തിൽ തളിച്ചു. 7പിന്നീടു മോശ ഉടമ്പടിപ്പുസ്‍തകം എടുത്തു ജനം കേൾക്കെ വായിച്ചു. അവർ പറഞ്ഞു: “സർവേശ്വരൻ കല്പിച്ചതെല്ലാം ഞങ്ങൾ ചെയ്യും; ഞങ്ങൾ അനുസരണമുള്ളവരായിരിക്കും.” 8മോശ രക്തം എടുത്തു ജനത്തിന്റെമേൽ തളിച്ചുകൊണ്ടു പറഞ്ഞു: “ഈ കല്പനകളാൽ സർവേശ്വരൻ നിങ്ങളുമായുണ്ടാക്കിയ ഉടമ്പടിയുടെ രക്തമാണിത്.” 9പിന്നീട് മോശയും അഹരോനും നാദാബും അബീഹൂവും എഴുപത് ഇസ്രായേൽനേതാക്കന്മാരും കൂടി പർവതത്തിലേക്കു കയറിച്ചെന്നു; 10അവർ ഇസ്രായേലിന്റെ ദൈവത്തെ കണ്ടു. ആകാശംപോലെ സ്വഛമായ ഇന്ദ്രനീലക്കല്ലുകൾ പടുത്ത തളംകണക്കെ എന്തോ ഒന്ന് അവിടുത്തെ പാദങ്ങളുടെ കീഴിൽ ഉണ്ടായിരുന്നു. 11ഇസ്രായേൽനേതാക്കന്മാർക്ക് ദൈവം ഒരു ദോഷവും വരുത്തിയില്ല; അവർ ദൈവത്തെ ദർശിച്ചു. പിന്നീട് അവർ ഭക്ഷണപാനീയങ്ങൾ കഴിച്ചു.
മോശ സീനായ്മലയിൽ
12സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “പർവതത്തിൽ എന്റെ സമീപത്തേക്കു വന്ന് കാത്തു നില്‌ക്കുക; പ്രമാണങ്ങളും കല്പനകളും എഴുതിയ കല്പലകകൾ നിന്നെ ഏല്പിക്കാം. നീ അവ ജനത്തെ പഠിപ്പിക്കണം. 13മോശയും തന്റെ സേവകനായ യോശുവയും എഴുന്നേറ്റു; മോശ ദൈവത്തിന്റെ പർവതത്തിലേക്കു കയറിച്ചെന്നു; 14അദ്ദേഹം ഇസ്രായേൽ നേതാക്കന്മാരോടു പറഞ്ഞു: “ഞങ്ങൾ തിരിച്ചുവരുന്നതുവരെ ഇവിടെ കാത്തുനില്‌ക്കുക; അഹരോനും ഹൂരും നിങ്ങളുടെകൂടെ ഉണ്ടല്ലോ; പ്രശ്നമെന്തെങ്കിലും ഉണ്ടായാൽ അവരെ സമീപിക്കുക.” 15മോശ പർവതത്തിലേക്കു കയറി; ഒരു മേഘം പർവതത്തെ മൂടി. 16സർവേശ്വരന്റെ തേജസ്സ് സീനായ്പർവതത്തിൽ ആവസിച്ചു; ആറു ദിവസം അതു മേഘംകൊണ്ടു മൂടിയിരുന്നു; ഏഴാം ദിവസം മേഘത്തിന്റെ നടുവിൽനിന്ന് ദൈവം മോശയെ വിളിച്ചു. 17പർവതത്തിന്റെ മുകളിൽ സർവേശ്വരന്റെ തേജസ്സ് ആളിക്കത്തുന്ന അഗ്നിപോലെ ഇസ്രായേൽജനം ദർശിച്ചു. 18മോശ മേഘത്തിനുള്ളിൽ കടന്നു. പർവതത്തിലേക്കു കയറി; നാല്പതു രാവും നാല്പതു പകലും മോശ പർവതത്തിൽതന്നെ ആയിരുന്നു.

Currently Selected:

EXODUS 24: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in