YouVersion Logo
Search Icon

THUHRILTU 7

7
1സൽപ്പേര് അമൂല്യമായ പരിമളതൈലത്തെക്കാളും മരണദിനം ജനനദിവസത്തെക്കാളും നല്ലത്. 2വിരുന്നുവീട്ടിലേക്കു പോകുന്നതിലും ഉത്തമം വിലാപഗൃഹത്തിലേക്കു പോകുന്നതാണ്. മരണമാണ് എല്ലാ മനുഷ്യരുടെയും അന്ത്യമെന്നു ജീവിച്ചിരിക്കുന്നവൻ ഗ്രഹിച്ചുകൊള്ളും. 3ചിരിക്കുന്നതിനെക്കാൾ നല്ലതു കരയുന്നതാണ്. മുഖം മ്ലാനമാക്കുമെങ്കിലും അതു ഹൃദയത്തിന് ആശ്വാസം നല്‌കും. 4ജ്ഞാനിയുടെ ഹൃദയം വിലാപഭവനത്തിലായിരിക്കും; മൂഢന്മാരുടെ ഹൃദയം ഉല്ലാസഭവനത്തിലും. 5മൂഢന്മാരുടെ ഗാനം കേൾക്കുന്നതിലും ഭേദം ജ്ഞാനിയുടെ ശാസന കേൾക്കുന്നതാണ്. 6അടുപ്പിൽ കത്തുന്ന ചുള്ളിവിറകിന്റെ കിരുകിരുപ്പു പോലെയാണു മൂഢന്റെ ചിരി. അതും മിഥ്യ തന്നെ. 7കോഴ ജ്ഞാനിയെ ഭോഷനാക്കും തീർച്ച; കൈക്കൂലി മനസ്സു ദുഷിപ്പിക്കുന്നു. 8ഒടുക്കമാണു തുടക്കത്തെക്കാൾ നല്ലത്; ഗർവിഷ്ഠനെക്കാൾ ശ്രേഷ്ഠനാണു ക്ഷമാശീലൻ. 9ക്ഷിപ്രകോപം അരുത്; മൂഢന്റെ മടിയിലാണല്ലോ കോപം വിശ്രമിക്കുന്നത്. 10“പഴയകാലം ഇന്നത്തേക്കാൾ മെച്ചമായിരുന്നത് എന്തുകൊണ്ട്” എന്നു ചോദിക്കരുത്; ജ്ഞാനത്തിൽ നിന്നല്ല ഈ ചോദ്യം വരുന്നത്. 11പിതൃസ്വത്തുപോലെ ജ്ഞാനവും ശ്രേഷ്ഠമാണ്; സൂര്യപ്രകാശം കണ്ടിട്ടുള്ളവർക്കെല്ലാം അതു പ്രയോജനപ്രദമാണ്. 12ധനം നല്‌കുന്ന അഭയംപോലെയാണു ജ്ഞാനം നല്‌കുന്ന അഭയവും. ജ്ഞാനിയുടെ ജീവൻ സംരക്ഷിക്കുന്നു എന്നതാണു ജ്ഞാനത്തിന്റെ ഗുണം. 13ദൈവത്തിന്റെ പ്രവൃത്തികൾ ഓർത്തുനോക്കുക; അവിടുന്നു വക്രമായി നിർമ്മിച്ചതിനെ നേരെയാക്കാൻ ആർക്കു കഴിയും? 14ഐശ്വര്യകാലത്തു സന്തോഷിക്കുക; കഷ്ടകാലം വരുമ്പോൾ ചിന്തിക്കുക. ഇവ രണ്ടും ഒരുക്കിയിരിക്കുന്നതു ദൈവമാണ്. സംഭവിക്കാൻ പോകുന്നത് എന്തെന്നു മനുഷ്യൻ അറിയാത്തവിധമാണ് ഇവ രണ്ടും ദൈവം ഒരുക്കിയിരിക്കുന്നത്.
15എന്റെ വ്യർഥജീവിതത്തിൽ ഞാൻ എല്ലാം കണ്ടിരിക്കുന്നു; നീതിനിഷ്ഠനായിരിക്കെ ഒരുവൻ നശിച്ചുപോകുന്നു. അതേ സമയം ദുഷ്കർമി തന്റെ ദുഷ്ടതയിൽ ദീർഘകാലം ജീവിക്കുകയും ചെയ്യുന്നു. 16വേണ്ടതിലേറെ നീതിമാനോ ജ്ഞാനിയോ ആകേണ്ടതില്ല. 17എന്തിനാണു സ്വയം നശിപ്പിക്കുന്നത്? പരമനീചനോ മൂഢനോ ആകരുത്. കാലമെത്താതെ മരിക്കേണ്ടതുണ്ടോ? 18ഒന്നിൽ പിടിമുറുക്കുമ്പോൾ മറ്റേത് പിടിവിട്ടു പോകാതെ സൂക്ഷിക്കുക. ദൈവഭക്തൻ ഇവയെല്ലാം അതിജീവിക്കും. 19പത്തു ഭരണാധിപന്മാർക്കുള്ളതിനെക്കാൾ അധികം ശക്തി ജ്ഞാനം ജ്ഞാനിക്കു നല്‌കുന്നു. 20ഒരിക്കലും പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമുഖത്തില്ല; തീർച്ച. 21മനുഷ്യർ പറയുന്നതിനെല്ലാം ചെവികൊടുക്കരുത്; അങ്ങനെ ചെയ്താൽ ദാസന്റെ ശാപവാക്കു നിനക്കു കേൾക്കേണ്ടിവരും. 22നീതന്നെ എത്രവട്ടം മറ്റുള്ളവരെ ശപിച്ചിട്ടുള്ളതു നിനക്ക് അറിയാം.
ജ്ഞാനത്തിനുവേണ്ടിയുള്ള അന്വേഷണം
23ഇവയെല്ലാം ജ്ഞാനംകൊണ്ടു ഞാൻ പരിശോധിച്ചുനോക്കി. ഞാൻ ജ്ഞാനിയായിരിക്കുമെന്നു സ്വയം പറഞ്ഞു. എന്നാൽ ജ്ഞാനം എന്നിൽനിന്ന് അകലെയായിരുന്നു. 24അതു വിദൂരസ്ഥം, അഗാധം, അത്യഗാധം; എല്ലാവർക്കും അപ്രാപ്യം.
25ജ്ഞാനത്തെ അറിയാനും തേടിപ്പിടിക്കാനും കാര്യങ്ങളുടെ പൊരുൾ ഗ്രഹിക്കാനും ഭോഷത്തത്തിലെ ദുഷ്ടതയും മൂഢത എന്ന ഭ്രാന്തും തിരിച്ചറിയാനും ഞാൻ പരിശ്രമിച്ചു. 26മരണത്തെക്കാൾ ഭയാനകയായ സ്‍ത്രീയെ ഞാൻ കണ്ടു; അവളുടെ ഹൃദയം കെണികളും വലകളും ഒരുക്കിവയ്‍ക്കുന്നു. അവളുടെ കൈകൾ ചങ്ങലയാണ്. ദൈവത്തെ പ്രസാദിപ്പിക്കുന്നവൻ അവളിൽനിന്നു രക്ഷപെടും. പാപിയാകട്ടെ അവളുടെ പിടിയിൽ അമരും. 27പ്രബോധകൻ പറയുന്നു: “ഞാൻ കണ്ടെത്തിയത് ഇതാണ്-ഒന്നോടൊന്നുകൂട്ടി ആകെത്തുക കാണാൻ ഞാൻ പരിശ്രമിച്ചു. ഞാൻ വീണ്ടും വീണ്ടും പരിശ്രമിച്ചു-പക്ഷേ, ഒന്നും കണ്ടുകിട്ടിയില്ല. 28ആയിരം പേരിൽ ഒരുവനെ ഞാൻ പുരുഷനായി കണ്ടു; എന്നാൽ ഒരുവളെയും സ്‍ത്രീയായി കണ്ടില്ല. 29ഞാൻ കണ്ടെത്തിയത് ഇതുമാത്രം: ദൈവം മനുഷ്യനെ പരമാർഥഹൃദയത്തോടെ സൃഷ്‍ടിച്ചു. അവനാകട്ടെ ദുരുപായങ്ങൾ മെനയുന്നു.

Currently Selected:

THUHRILTU 7: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in