YouVersion Logo
Search Icon

THUHRILTU 4:1-12

THUHRILTU 4:1-12 MALCLBSI

പിന്നെ ഞാൻ കണ്ടതു സൂര്യനു കീഴെ നടക്കുന്ന പീഡനങ്ങളാണ്. മർദിതർ കണ്ണീരൊഴുക്കുന്നു; ആരുമില്ല അവരെ ആശ്വസിപ്പിക്കാൻ. മർദകരുടെ ഭാഗത്തായിരുന്നു ശക്തി. അതുകൊണ്ട് ആരും മർദിതരെ ആശ്വസിപ്പിച്ചില്ല. മരിച്ചവർ ജീവിതം തുടങ്ങുന്നവരെക്കാൾ ഭാഗ്യവാന്മാരാണെന്നു ഞാൻ വിചാരിച്ചു. സൂര്യനു കീഴിൽ നടക്കുന്ന ദുഷ്കർമങ്ങൾ കാണാനിടയാകാതെ ജനിക്കാതെ പോയവർ ഇവരെക്കാളെല്ലാം ഭാഗ്യവാന്മാരാണ്. മനുഷ്യന്റെ എല്ലാ പ്രയത്നങ്ങൾക്കും കർമകുശലതയ്‍ക്കും പ്രേരണ ലഭിക്കുന്നത് അപരനോടുള്ള അസൂയയിൽനിന്നാണ് എന്നു ഞാൻ അറിഞ്ഞു. അതും മിഥ്യയും വ്യർഥവുമാകുന്നു. മൂഢൻ കൈയും കെട്ടിയിരുന്നു സ്വയം ക്ഷയിക്കുന്നു. ഇരുകൈകളും നിറയെ കഠിനാധ്വാനവും വ്യഥാപ്രയത്നവും ലഭിക്കുന്നതിനെക്കാൾ ഒരു പിടി സ്വസ്ഥത ലഭിക്കുന്നത് ഉത്തമം. സൂര്യനു കീഴെ വീണ്ടും ഞാൻ മിഥ്യ കണ്ടു; ഉറ്റവർ ആരുമില്ലാത്ത ഒരുവൻ; പുത്രനോ സഹോദരനോ അയാൾക്കില്ല; എങ്കിലും അയാളുടെ കഠിനാധ്വാനത്തിന് അന്തമില്ല. എത്ര സമ്പത്തു കണ്ടിട്ടും അയാളുടെ കണ്ണുകൾക്കു തൃപ്തി വരുന്നില്ല. “എല്ലാ സുഖങ്ങളും സ്വയം നിഷേധിച്ചു ഞാൻ പാടുപെടുന്നത് ആർക്കുവേണ്ടിയാണ്” എന്ന് അയാൾ ഒരിക്കലും ചിന്തിക്കുന്നില്ല. ഇതും മിഥ്യയും നിർഭാഗ്യകരമായ അവസ്ഥയുമാകുന്നു. ഒറ്റയ്‍ക്കാകുന്നതിനെക്കാൾ രണ്ടുപേർ ഒരുമിച്ചായിരിക്കുന്നതാണു നല്ലത്. അവരുടെ പ്രതിഫലം മെച്ചപ്പെട്ടതായിരിക്കും. ഒരുവൻ വീണാൽ അപരൻ പിടിച്ചെഴുന്നേല്പിക്കും; ഒറ്റയ്‍ക്കു കഴിയുന്നവനു ദുരിതം തന്നെ. അവൻ വീണാൽ പിടിച്ചെഴുന്നേല്പിക്കാൻ ആരുമില്ലല്ലോ. രണ്ടുപേർ ഒരുമിച്ചു കിടന്നാൽ അവർക്കു തണുക്കുകയില്ല; തനിച്ചു കിടക്കുന്നവന് എങ്ങനെ കുളിർ മാറും? ഏകനെ കീഴടക്കാൻ എളുപ്പമാണ്; രണ്ടു പേരുണ്ടെങ്കിൽ അവർ ചെറുത്തുനില്‌ക്കും. മുപ്പിരിച്ചരട് പൊട്ടിക്കാൻ എളുപ്പമല്ല.