THUHRILTU 2:17-26
THUHRILTU 2:17-26 MALCLBSI
സൂര്യനു കീഴിൽ നടക്കുന്നതെല്ലാം എനിക്കു വേദനാജനകം ആയതുകൊണ്ടു ഞാൻ ജീവിതം വെറുത്തു. എല്ലാം മിഥ്യയും വ്യർഥവുമാണ്. സൂര്യനു കീഴിലെ എന്റെ സകല പ്രയത്നങ്ങളെയും ഞാൻ വെറുത്തു; എന്റെ പിൻഗാമിക്ക് അവ വിട്ടേച്ച് എനിക്കു പോകണമല്ലോ. അവൻ ജ്ഞാനിയോ, ഭോഷനോ എന്ന് ആരറിഞ്ഞു? രണ്ടായാലും സൂര്യനു കീഴിൽ എന്തിനുവേണ്ടി ഞാൻ എന്റെ ജ്ഞാനവും പ്രയത്നവും വിനിയോഗിച്ചുവോ, അവയുടെയെല്ലാം അവകാശിയും ഉടമസ്ഥനും അവനായിരിക്കുമല്ലോ. ഇതും മിഥ്യതന്നെ. അതുകൊണ്ടു ഭൂമിയിലെ എന്റെ എല്ലാ അധ്വാനങ്ങളെക്കുറിച്ചും ഞാൻ നിരാശ പൂണ്ടു. കാരണം ജ്ഞാനവും വിവേകവും നൈപുണ്യവുംകൊണ്ട് അധ്വാനിച്ച് ഉണ്ടാക്കിയതെല്ലാം അതിനുവേണ്ടി ഒന്നും ചെയ്യാത്തവന് ആസ്വദിക്കാൻ വിട്ടുകൊടുക്കേണ്ടിവരും. അതും മിഥ്യയും വലിയ തിന്മയും ആണ്. സൂര്യനു കീഴിൽ മനുഷ്യൻ ചെയ്യുന്ന കഠിനാധ്വാനങ്ങൾകൊണ്ട് അവന് എന്തു നേട്ടം? അവന്റെ ദിനങ്ങൾ വേദനാ ഭരിതം; അവന്റെ പ്രയത്നം ക്ലേശഭൂയിഷ്ഠം! രാത്രിയിൽപോലും അവന്റെ മനസ്സിനു സ്വസ്ഥതയില്ല; ഇതും മിഥ്യതന്നെ. അതുകൊണ്ടു തിന്നും കുടിച്ചും പ്രയത്നഫലം ആസ്വദിച്ചും കഴിയുന്നതിലപ്പുറം ഒന്നുമില്ല. ഇതും ദൈവത്തിന്റെ ദാനമാണെന്നു ഞാൻ ഗ്രഹിച്ചു. കാരണം ദൈവം നല്‌കാതെ ആർക്ക് ഭക്ഷിക്കാനോ സുഖിക്കാനോ കഴിയും? ദൈവത്തെ പ്രസാദിപ്പിക്കുന്നവർക്ക് അവിടുന്നു ജ്ഞാനവും വിവേകവും ആനന്ദവും നല്‌കുന്നു. എന്നാൽ പാപിക്കാകട്ടെ, ദൈവത്തെ പ്രസാദിപ്പിക്കുന്നവനു കൈമാറാൻവേണ്ടി സമ്പത്തു സ്വരൂപിച്ചു കൂട്ടിവയ്‍ക്കുന്ന ജോലി മാത്രം നല്‌കുന്നു. ഇതും മിഥ്യയും വ്യർഥവുമാണ്.