DEUTERONOMY 27
27
നിയമങ്ങൾ രേഖപ്പെടുത്തിയ ശിലകൾ
1മോശയും ഇസ്രായേലിലെ നേതാക്കളും ജനത്തോടു പറഞ്ഞു: “ഞാൻ ഇന്നു നിങ്ങൾക്കു നല്‌കുന്ന സകല കല്പനകളും അനുസരിക്കുക. 2നിങ്ങൾ യോർദ്ദാൻ കടന്ന് നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കുന്ന ദേശത്ത് എത്തുന്ന ദിവസംതന്നെ ഏതാനും വലിയ കല്ലുകൾ നാട്ടിനിർത്തി അവയിൽ കുമ്മായം തേക്കണം. 3നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരൻ വാഗ്ദാനം ചെയ്തതുപോലെ അവിടുന്നു നിങ്ങൾക്കു നല്‌കുന്ന പാലും തേനും ഒഴുകുന്ന ദേശത്തു നിങ്ങൾ നദി കടന്നു പ്രവേശിക്കുമ്പോൾ ധർമശാസ്ത്രത്തിലെ എല്ലാ വാക്കുകളും ആ കല്ലുകളിൽ എഴുതിവയ്‍ക്കണം. 4നിങ്ങൾ യോർദ്ദാൻനദി കടക്കുമ്പോൾ ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്നതുപോലെ ഏബാൽ പർവതത്തിൽ ഈ ശിലകൾ നാട്ടി അവയിൽ കുമ്മായം തേക്കണം. 5കല്ലുകൾകൊണ്ട് അവിടെ നിങ്ങളുടെ ദൈവമായ സർവേശ്വരന് ഒരു യാഗപീഠം പണിയണം. അതിൽ ഇരുമ്പായുധം സ്പർശിക്കരുത്; 6ചെത്തിമിനുക്കാത്ത കല്ലുകൾകൊണ്ടു വേണം സർവേശ്വരന്റെ യാഗപീഠം പണിയേണ്ടത്. അതിന്മേൽ നിങ്ങളുടെ ദൈവമായ സർവേശ്വരനു ഹോമയാഗങ്ങൾ അർപ്പിക്കണം. 7സമാധാനയാഗങ്ങളും അതിന്മേൽ അർപ്പിക്കണം. അത് അവിടെവച്ചു ഭക്ഷിച്ച് അവിടുത്തെ സന്നിധിയിൽ ആനന്ദിക്കുക. 8കുമ്മായം പൂശിയ കല്ലുകളിൽ ധർമശാസ്ത്രത്തിലെ സകല വാക്കുകളും സ്പഷ്ടമായി എഴുതണം.
9ലേവ്യപുരോഹിതന്മാരോടു ചേർന്നു മോശ ഇസ്രായേൽജനത്തോടു പറഞ്ഞു: ഇസ്രായേൽജനമേ ശ്രദ്ധിക്കുവിൻ, ഇന്നു നിങ്ങൾ നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ ജനമായിത്തീർന്നിരിക്കുന്നു. 10അതുകൊണ്ട് നിങ്ങളുടെ ദൈവമായ സർവേശ്വരനെ അനുസരിക്കുകയും ഇന്നു ഞാൻ നിങ്ങൾക്കു നല്‌കുന്ന അവിടുത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും ചെയ്യുവിൻ.”
അനുസരണംകെട്ടവർക്കു ശാപം
11അന്നുതന്നെ മോശ ജനത്തോടു കല്പിച്ചു: 12“നിങ്ങൾ യോർദ്ദാൻനദി കടന്നശേഷം ജനത്തെ അനുഗ്രഹിക്കുന്നതിനു ശിമെയോൻ, ലേവി, യെഹൂദാ, ഇസ്സാഖാർ, യോസേഫ്, ബെന്യാമീൻ എന്നീ ഗോത്രക്കാർ ഗെരിസീം പർവതത്തിൽ നില്‌ക്കണം. 13രൂബേൻ, ഗാദ്, ആശേർ, സെബൂലൂൻ, ദാൻ, നഫ്താലി എന്നീ ഗോത്രക്കാർ ശപിക്കാനായി ഏബാൽ പർവതത്തിലും നില്‌ക്കണം. 14അപ്പോൾ ലേവ്യർ ഈ വാക്കുകൾ ഉച്ചത്തിൽ വിളിച്ചുപറയണം:
15“ശില്പിയുടെ കരവേലയായി കൊത്തിയോ വാർത്തോ നിർമ്മിച്ചതും സർവേശ്വരൻ വെറുക്കുന്നതുമായ വിഗ്രഹം രഹസ്യമായി ആരാധിക്കുന്നവൻ ശപിക്കപ്പെട്ടവൻ.” “ആമേൻ” എന്നു സർവജനവും പറയണം.
16“പിതാവിനെയോ മാതാവിനെയോ നിന്ദിക്കുന്നവൻ ശപിക്കപ്പെട്ടവൻ.” ജനമെല്ലാം ‘ആമേൻ’ എന്നു പറയണം;
17“അയൽക്കാരന്റെ അതിരുകല്ല് നീക്കുന്നവൻ ശപിക്കപ്പെട്ടവൻ.” ‘ആമേൻ’ എന്നു സർവജനവും പറയണം. 18“അന്ധനെ വഴിതെറ്റിക്കുന്നവൻ ശപിക്കപ്പെട്ടവൻ.” ജനമെല്ലാം “ആമേൻ” എന്നു പറയണം.
19“പരദേശിക്കോ അനാഥനോ വിധവയ്‍ക്കോ നീതി നിഷേധിക്കുന്നവൻ ശപിക്കപ്പെട്ടവൻ.” “ആമേൻ” എന്ന് സർവജനവും പറയണം;
20“പിതാവിന്റെ ഭാര്യമാരിൽ ആരുടെയെങ്കിലും കൂടെ ശയിച്ച് പിതാവിനെ അപമാനിക്കുന്നവൻ ശപിക്കപ്പെട്ടവൻ.” ജനമെല്ലാം ‘ആമേൻ’ എന്നു പറയണം.
21“ഏതെങ്കിലും മൃഗത്തോടുകൂടി ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ.” “ആമേൻ” എന്നു ജനമെല്ലാം പറയണം.
22“തന്റെ മാതാവിന്റെയോ പിതാവിന്റെയോ പുത്രിയായ സഹോദരിയോടുകൂടി ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ.” “ആമേൻ” എന്നു ജനമെല്ലാം പറയണം.
23“ഭാര്യാമാതാവിനോടുകൂടി ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ.” “ആമേൻ” എന്നു ജനമെല്ലാം പറയണം;
24“അയൽക്കാരനെ പതിയിരുന്ന് കൊല്ലുന്നവൻ ശപിക്കപ്പെട്ടവൻ.” ജനമെല്ലാം “ആമേൻ” എന്നു പറയണം;
25“നിരപരാധിയെ കൊല്ലുന്നതിനു പ്രതിഫലം വാങ്ങുന്നവൻ ശപിക്കപ്പെട്ടവൻ.” “ആമേൻ” എന്നു ജനമെല്ലാം പറയണം.
26“ഈ ധർമശാസ്ത്രത്തിലെ ചട്ടങ്ങൾ പ്രമാണമാക്കി ജീവിക്കാത്തവൻ ശപിക്കപ്പെട്ടവൻ.” “ആമേൻ” എന്ന് സർവജനവും പറയണം.
Currently Selected:
DEUTERONOMY 27: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.