YouVersion Logo
Search Icon

DEUTERONOMY 26

26
ആദ്യഫലം
1നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്ക് അവകാശമായി നല്‌കുന്ന ദേശം കൈവശപ്പെടുത്തി നിങ്ങൾ അവിടെ പാർക്കുമ്പോൾ 2നിങ്ങളുടെ വിളവിന്റെ ആദ്യഫലത്തിന്റെ ഒരംശം ഒരു കുട്ടയിലാക്കി നിങ്ങളുടെ ദൈവമായ സർവേശ്വരൻ തന്റെ നാമം സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിങ്ങൾ കൊണ്ടുചെല്ലണം. 3അന്ന് ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്റെ അടുക്കൽ ചെന്ന് ഇങ്ങനെ പറയണം: “നമുക്കു നല്‌കുമെന്നു സർവേശ്വരൻ നമ്മുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്ന ദേശത്തു ഞാൻ വന്നിരിക്കുന്നു എന്ന് നിങ്ങളുടെ ദൈവമായ സർവേശ്വരനോടു ഞാൻ സമ്മതിച്ച് ഏറ്റുപറയുന്നു.” 4പുരോഹിതൻ നിങ്ങളുടെ കൈയിൽനിന്ന് ആ കുട്ട വാങ്ങി അവിടുത്തെ യാഗപീഠത്തിനു മുമ്പിൽ വയ്‍ക്കണം. 5പിന്നീട് നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ മുമ്പിൽ ഇപ്രകാരം പ്രസ്താവിക്കണം: “അലഞ്ഞു നടന്നിരുന്ന ഒരു അരാമ്യനായിരുന്നു എന്റെ പിതാവ്. അദ്ദേഹം ഈജിപ്തിൽ പോയി പരദേശിയായി പാർത്ത് എണ്ണത്തിൽ ചെറുതായിരുന്ന അവർ അവിടെ വലുതും ശക്തവും ജനബഹുലവുമായ ഒരു ജനതയായിത്തീർന്നു. 6എന്നാൽ ഈജിപ്തുകാർ ഞങ്ങളോടു ക്രൂരമായി പെരുമാറി. അവർ ഞങ്ങളെ പീഡിപ്പിച്ചു; ഞങ്ങളെക്കൊണ്ട് അടിമവേല ചെയ്യിച്ചു. 7അപ്പോൾ ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരനോടു ഞങ്ങൾ നിലവിളിച്ചു; അവിടുന്ന് ഞങ്ങളുടെ നിലവിളി കേട്ടു; ഞങ്ങളുടെ കഷ്ടതയും പ്രയാസവും പീഡനവും അവിടുന്നു കണ്ടു. 8അവിടുത്തെ കരബലവും നീട്ടിയ ഭുജവും ഭീതിദമായ പ്രവൃത്തികളും അടയാളങ്ങളും അദ്ഭുതങ്ങളും മുഖാന്തരം ഞങ്ങളെ ഈജിപ്തിൽനിന്നു വിടുവിച്ചു; 9ഞങ്ങളെ ഈ സ്ഥലത്തു കൂട്ടിക്കൊണ്ടുവന്നു പാലും തേനും ഒഴുകുന്ന ഈ ദേശം അവിടുന്നു ഞങ്ങൾക്കു നല്‌കിയിരിക്കുന്നു. 10ഇതാ, സർവേശ്വരാ അവിടുന്ന് നല്‌കിയിരിക്കുന്ന നിലത്തിലെ വിളവിന്റെ ആദ്യഫലം ഞാൻ കൊണ്ടുവന്നിരിക്കുന്നു. പിന്നീട് നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ സന്നിധിയിൽ ആ കുട്ട സമർപ്പിച്ച് അവിടുത്തെ നമസ്കരിക്കണം; 11നിനക്കും നിന്റെ കുടുംബത്തിനും അവിടുന്നു നല്‌കിയിട്ടുള്ള നല്ല ദാനങ്ങൾക്കു നന്ദിയുള്ളവനായിരിക്കുക; നിങ്ങളും ലേവ്യരും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയും സന്തോഷിക്കട്ടെ.
12ദശാംശസമർപ്പണവത്സരമായ ഓരോ മൂന്നാം വർഷവും നിങ്ങളുടെ വിളവിന്റെ പത്തിലൊന്നു ശേഖരിച്ചു ലേവ്യർക്കും പരദേശികൾക്കും അനാഥർക്കും വിധവമാർക്കും കൊടുക്കണം. നിങ്ങളുടെ പട്ടണങ്ങളിൽ വച്ചു അവർ ഭക്ഷിച്ചു സംതൃപ്തരാകട്ടെ. 13അതിനുശേഷം സർവേശ്വരനോട് ഇങ്ങനെ പറയണം: “വിശുദ്ധമായ ദശാംശത്തിന്റെ ഒരംശംപോലും എന്റെ ഭവനത്തിൽ ശേഷിപ്പിക്കാതെ അവിടുന്ന് എന്നോടു കല്പിച്ചതുപോലെ ലേവ്യർക്കും പരദേശികൾക്കും അനാഥർക്കും വിധവകൾക്കും കൊടുത്തുകഴിഞ്ഞു. അവിടുത്തെ കല്പനകൾ ഞാൻ ലംഘിക്കുകയോ, മറക്കുകയോ ചെയ്തിട്ടില്ല. 14വിലാപകാലത്ത് ഞാൻ അതിൽനിന്ന് ഭക്ഷിച്ചിട്ടില്ല. അശുദ്ധനായിരുന്നപ്പോൾ ഞാൻ അതിൽ തൊട്ടിട്ടില്ല; മരിച്ചവർക്കുവേണ്ടി അതിൽനിന്ന് എന്തെങ്കിലും അർപ്പിച്ചിട്ടുമില്ല. എന്റെ ദൈവമായ സർവേശ്വരൻ പറഞ്ഞതെല്ലാം ഞാൻ അനുസരിച്ചു; അവിടുന്നു നല്‌കിയ കല്പനകളെല്ലാം ഞാൻ പാലിക്കുകയും ചെയ്തിരിക്കുന്നു. 15അവിടുന്നു വസിക്കുന്ന വിശുദ്ധസ്ഥലമായ സ്വർഗത്തിൽനിന്ന് തൃക്കൺപാർത്ത് അവിടുത്തെ ജനമായ ഇസ്രായേലിനെ അനുഗ്രഹിക്കണമേ. അവിടുന്നു ഞങ്ങളുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തതുപോലെ ഞങ്ങൾക്കു നല്‌കിയ പാലും തേനും ഒഴുകുന്ന ഈ ദേശത്തെയും അനുഗ്രഹിക്കണമേ.
സർവേശ്വരന്റെ സ്വന്തജനം
16നിങ്ങളുടെ ദൈവമായ സർവേശ്വരൻ നല്‌കിയിട്ടുള്ള ചട്ടങ്ങളും അനുശാസനങ്ങളും പാലിക്കാൻ അവിടുന്നു ഇന്നു നിങ്ങളോടു കല്പിക്കുന്നു; അവയെല്ലാം പൂർണഹൃദയത്തോടും പൂർണമനസ്സോടും കൂടി ശ്രദ്ധാപൂർവം അനുസരിക്കണം. 17സർവേശ്വരൻ ഞങ്ങളുടെ ദൈവമാണ്. അവിടുത്തെ ചട്ടങ്ങളും കല്പനകളും അനുശാസനങ്ങളും ഞങ്ങൾ പാലിക്കും; അവിടുത്തെ കല്പനകൾ ഞങ്ങൾ അനുസരിക്കും എന്ന് ഇന്നു നിങ്ങൾ പ്രസ്താവിച്ചിരിക്കുന്നു. 18അവിടുന്നു നിങ്ങളോടു വാഗ്ദാനം ചെയ്തതുപോലെ നിങ്ങൾ അവിടുത്തെ സ്വന്തജനമായിരിക്കുമെന്നും അവിടുത്തെ എല്ലാ കല്പനകളും അനുസരിക്കണമെന്നും ഇന്നു സർവേശ്വരൻ നിങ്ങളോടു പ്രഖ്യാപിച്ചിരിക്കുന്നു. 19സർവേശ്വരൻ സൃഷ്‍ടിച്ച മറ്റെല്ലാ ജനതകളെയുംകാൾ പ്രശസ്തിയും ബഹുമാനവും അവിടുന്നു നിങ്ങൾക്കു നല്‌കും; അവിടുന്ന് അരുളിച്ചെയ്തതുപോലെ നിങ്ങൾ അവിടുത്തെ സ്വന്തജനമായിരിക്കുകയും ചെയ്യും.

Currently Selected:

DEUTERONOMY 26: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in