YouVersion Logo
Search Icon

DEUTERONOMY 14

14
നിരോധിക്കപ്പെട്ട വിലാപാചാരം
1നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ മക്കളാണ് നിങ്ങൾ. മരിച്ചവരെപ്രതി വിലപിക്കുമ്പോൾ സ്വയം മുറിവേല്പിക്കുകയോ, തലയുടെ മുൻഭാഗം മുണ്ഡനം ചെയ്യുകയോ അരുത്. 2നിങ്ങൾ നിങ്ങളുടെ ദൈവമായ സർവേശ്വരനുവേണ്ടി വേർതിരിക്കപ്പെട്ട ജനം ആകുന്നു. ഭൂമിയിലെ സകല ജനതകളിൽനിന്നും സ്വന്തം ജനമായി നിങ്ങളെ മാത്രം അവിടുന്നു തിരഞ്ഞെടുത്തു.
ശുദ്ധവും അശുദ്ധവുമായ മൃഗങ്ങൾ
(ലേവ്യാ. 11:1-47)
3അശുദ്ധമായതൊന്നും നിങ്ങൾ ഭക്ഷിക്കരുത്. 4നിങ്ങൾക്ക് ഭക്ഷിക്കാവുന്ന മൃഗങ്ങൾ ഇവയാണ്: 5കാള, ചെമ്മരിയാട്, കോലാട്, കലമാൻ, പുള്ളിമാൻ, കടമാൻ, കാട്ടാട്, ചെറുമാൻ, മലയാട്, കവരിമാൻ. 6ഇരട്ടക്കുളമ്പുകളുള്ളവയും അയവിറക്കുന്നവയുമായ എല്ലാ മൃഗങ്ങളെയും നിങ്ങൾക്കു ഭക്ഷിക്കാം; 7എന്നാൽ അയവിറക്കാത്തവയും ഇരട്ടക്കുളമ്പുകളില്ലാത്തവയുമായ ഒരു മൃഗത്തെയും ഭക്ഷിക്കരുത്. ഒട്ടകവും മുയലും കുഴിമുയലും അയവിറക്കുന്നവ എങ്കിലും ഇരട്ടക്കുളമ്പുള്ളവയല്ല; അതുകൊണ്ട് അവ നിങ്ങൾക്ക് അശുദ്ധമാണ്. 8പന്നി ഇരട്ടക്കുളമ്പുള്ളതാണെങ്കിലും അയവിറക്കുന്നില്ല; അതുകൊണ്ട് അതിനെ ഭക്ഷിക്കരുത്; അതു നിങ്ങൾക്ക് അശുദ്ധമാണ്. ഈ മൃഗങ്ങളുടെ മാംസം നിങ്ങൾ ഭക്ഷിക്കുകയോ അവയുടെ പിണം സ്പർശിക്കുകയോ അരുത്. 9ചെതുമ്പലും ചിറകുമുള്ള സകല മത്സ്യങ്ങളെയും നിങ്ങൾക്കു ഭക്ഷിക്കാം; 10എന്നാൽ ചെതുമ്പലും ചിറകും ഇല്ലാത്തവയെ നിങ്ങൾ ഭക്ഷിക്കരുത്; അതു നിങ്ങൾക്ക് അശുദ്ധമാകുന്നു.
11ശുദ്ധിയുള്ള സകല പക്ഷികളെയും നിങ്ങൾക്കു ഭക്ഷിക്കാം; 12നിങ്ങൾക്കു ഭക്ഷ്യമല്ലാത്ത പക്ഷികൾ ഇവയാണ്: കടൽറാഞ്ചി, ചെമ്പരുന്ത്, 13കഴുകൻ, ചെങ്ങാലിപ്പരുന്ത്, ഗൃദ്ധ്രം, 14മറ്റു പരുന്തുവർഗങ്ങൾ, കാക്കയുടെ വർഗങ്ങളെല്ലാം, 15ഒട്ടകപ്പക്ഷി, പുള്ള്, കടൽക്കാക്ക, പ്രാപ്പിടിയൻവർഗങ്ങൾ, 16നത്ത്, കൂമൻ, മൂങ്ങ, വേഴാമ്പൽ, 17കുടുമ്മച്ചാത്തൻ, നീർക്കാക്ക, പെരുംഞാറ, 18കൊക്കുവർഗങ്ങൾ, കുളക്കോഴി, നരിച്ചീർ.
19ചിറകുള്ള പ്രാണികൾ നിങ്ങൾക്ക് അശുദ്ധമാകുന്നു; 20അവയെ ഭക്ഷിക്കരുത്; ശുദ്ധിയുള്ള പക്ഷികളെയെല്ലാം നിങ്ങൾക്കു ഭക്ഷിക്കാം.
21തനിയെ ചത്ത ഒന്നിനെയും ഭക്ഷിക്കരുത്; നിങ്ങളുടെ പട്ടണങ്ങളിൽ പാർക്കുന്ന പരദേശികൾക്ക് അതിനെ കൊടുക്കാം. അവർ തിന്നുകൊള്ളട്ടെ; അല്ലെങ്കിൽ മറ്റു പരദേശികൾക്കതിനെ വില്‌ക്കാം. നിങ്ങളുടെ ദൈവമായ സർവേശ്വരനുവേണ്ടി വേർതിരിക്കപ്പെട്ട ജനതയാകുന്നുവല്ലോ നിങ്ങൾ. ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ വേവിക്കരുത്.
ദശാംശം
22ആണ്ടുതോറും നിങ്ങളുടെ വയലുകളിലുണ്ടാകുന്ന വിളവുകളുടെ ദശാംശം മാറ്റിവയ്‍ക്കണം. നിങ്ങളുടെ ദൈവമായ സർവേശ്വരൻ അവിടുത്തെ നാമം സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു പോയി; 23നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ സന്നിധിയിൽവച്ചു ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശം, ആടുമാടുകളിലെ കടിഞ്ഞൂലുകൾ എന്നിവ നിങ്ങൾ ഭക്ഷിക്കണം. അങ്ങനെ നിങ്ങളുടെ ദൈവമായ സർവേശ്വരനെ സദാ ഭയപ്പെടാൻ നിങ്ങൾ പഠിക്കും. 24അവിടുത്തെ അനുഗ്രഹത്താൽ നിങ്ങൾക്കുണ്ടായ വിളവുകളുടെ ആദ്യഫലം എത്തിക്കാൻ കഴിയാത്തത്ര ദൂരത്തിലാണ് തന്റെ നാമം സ്ഥാപിക്കാൻ അവിടുന്ന് തിരഞ്ഞെടുത്ത സ്ഥലമെങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്യണം. 25വേർതിരിച്ച സാധനങ്ങൾ വിറ്റുകിട്ടുന്ന പണവുമായി നിങ്ങളുടെ ദൈവമായ സർവേശ്വരൻ തന്റെ നാമം സ്ഥാപിക്കാൻ തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലത്തേക്ക് നിങ്ങൾ പോകണം. 26ആ പണംകൊണ്ട് കാള, ആട്, വീഞ്ഞ്, മദ്യം എന്നിങ്ങനെ നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തെങ്കിലും വാങ്ങി നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ സന്നിധിയിൽവച്ചു നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും ഭക്ഷിച്ച് ആനന്ദിക്കണം. 27അപ്പോൾ നിങ്ങളുടെ പട്ടണങ്ങളിലുള്ള ലേവ്യരെ മറന്നുകളയരുത്. നിങ്ങളെപ്പോലെ അവർക്ക് ഓഹരിയും അവകാശവും ഇല്ലല്ലോ.
28ഓരോ മൂന്നാം വർഷത്തിന്റെയും അവസാനം ആ വർഷത്തിൽ ലഭിക്കുന്ന വിളവിന്റെ ദശാംശം ശേഖരിച്ചു നിങ്ങളുടെ പട്ടണങ്ങളിൽ സംഭരിക്കണം; 29അതു നിങ്ങളോടുകൂടെ അവകാശവും ഓഹരിയും ലഭിച്ചിട്ടില്ലാത്ത ലേവ്യർക്കും നിങ്ങളുടെ പട്ടണങ്ങളിൽ പാർക്കുന്ന പരദേശികൾക്കും അനാഥർക്കും വിധവകൾക്കും വേണ്ടിയുള്ളതാണ്. അവർ ഭക്ഷിച്ചു തൃപ്തരാകട്ടെ; അപ്പോൾ നിങ്ങൾ ചെയ്യുന്ന സകല പ്രയത്നത്തെയും നിങ്ങളുടെ ദൈവമായ സർവേശ്വരൻ അനുഗ്രഹിക്കും.

Currently Selected:

DEUTERONOMY 14: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in