YouVersion Logo
Search Icon

AMOSA 5

5
1ഇസ്രായേൽജനമേ, കേൾക്കുക, നിങ്ങളെ പ്രതിയുള്ള ഈ വിലാപഗാനം ശ്രവിക്കുക: 2“ഇസ്രായേൽകന്യക വീണുപോയി; അവൾ ഇനി എഴുന്നേല്‌ക്കുകയില്ല. നാട്ടുകാർ അവളെ കൈവെടിഞ്ഞു; അവളെ എഴുന്നേല്പിക്കാൻ ആരുമില്ല.” 3സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ആയിരംപേരെ അണിനിരത്തിയ പട്ടണത്തിൽ നൂറുപേരും; നൂറുപേരെ അണിനിരത്തിയ പട്ടണത്തിൽ പത്തുപേർ മാത്രവും ശേഷിക്കും.”
4സർവേശ്വരൻ ഇസ്രായേല്യരോട് അരുളിച്ചെയ്യുന്നു: “എന്നെ അന്വേഷിക്കുക; എന്നാൽ നിങ്ങൾ ജീവിക്കും. 5എന്നെ ആരാധിക്കാൻ നിങ്ങൾ ബെഥേലിലോ, ഗിൽഗാലിലോ പോകരുത്; ബേർ-ശേബയിലേക്കും കടക്കരുത്. ഗിൽഗാൽ തീർച്ചയായും പ്രവാസത്തിലേക്കു പോകും; ബെഥേൽ പൂർണമായി നശിക്കും.” 6സർവേശ്വരനെ അന്വേഷിക്കുക; എന്നാൽ നിങ്ങൾ ജീവിക്കും. അല്ലെങ്കിൽ അവിടുന്ന് അഗ്നിപോലെ ആളിപ്പടർന്ന് യോസേഫ് ഗൃഹത്തെ നശിപ്പിക്കും, ബെഥേലിനെ ദഹിപ്പിക്കും. ആ അഗ്നി അണയ്‍ക്കാൻ ആർക്കും സാധ്യമാവില്ല. 7ന്യായത്തെ കയ്പുള്ളതായി മാറ്റുകയും നീതിയെ നിലത്തെറിയുകയും ചെയ്യുന്നവരേ, 8അവിടുന്നു കാർത്തിക മകയിര നക്ഷത്രങ്ങളെ സൃഷ്‍ടിച്ചു; കൂരിരുളിനെ പ്രഭാതവും പകലിനെ ഇരുളും ആക്കുന്നു. കടൽവെള്ളത്തെ വിളിച്ചുവരുത്തി ഭൂമിയിൽ മഴ പെയ്യിക്കുന്നു. സർവേശ്വരൻ എന്നാണ് അവിടുത്തെ നാമം. 9അവിടുന്നു ബലവാന്മാർക്കെതിരെ വിനാശമെന്ന ഇടിവാളയച്ച് അവരുടെ കോട്ടകൾ തകർക്കുന്നു.
10നഗരകവാടത്തിൽവച്ചു ന്യായത്തിന്റെ പേരിൽ ശാസിക്കുന്നവനെ നിങ്ങൾ ദ്വേഷിക്കുന്നു. പരമാർഥം പറയുന്നവനെ നിന്ദിക്കുന്നു. 11ദരിദ്രരെ നിങ്ങൾ പീഡിപ്പിക്കുന്നു; അവരുടെ ധാന്യം കവർച്ച ചെയ്യുന്നു. അതിനാൽ നിങ്ങളുടെ രമ്യഹർമ്യങ്ങളിൽ പാർക്കാൻ നിങ്ങൾക്കിടവരികയില്ല. നിങ്ങൾ നട്ടുണ്ടാക്കിയ മനോഹരമായ മുന്തിരിത്തോട്ടങ്ങളിലെ വീഞ്ഞു കുടിക്കാൻ നിങ്ങൾക്കിടയാവുകയില്ല. 12കാരണം, നിങ്ങളുടെ അകൃത്യങ്ങൾ എത്ര അധികമെന്നും നിങ്ങളുടെ പാപത്തിന്റെ വൈപുല്യം എന്തെന്നും എനിക്കറിയാം. നീതിനിഷ്ഠരെ നിങ്ങൾ പീഡിപ്പിക്കുന്നു; കൈക്കൂലി വാങ്ങി എളിയവർക്കു നീതി നിഷേധിക്കുന്നു. 13ബുദ്ധിമാനോ, കാലഗതിയോർത്തു വായടയ്‍ക്കുന്നു.
14നിങ്ങൾ ജീവിച്ചിരിക്കേണ്ടതിനു തിന്മവിട്ട് നന്മ തേടുക; അപ്പോൾ നിങ്ങൾ അവകാശപ്പെടുന്നതുപോലെ സർവശക്തനായ ദൈവം നിങ്ങളോടൊത്തു വസിക്കും. 15തിന്മ വെറുക്കുക; നന്മ ഇഷ്ടപ്പെടുക; ന്യായകവാടത്തിൽ നീതി നടപ്പാക്കുക. അപ്പോൾ സർവേശ്വരൻ, സർവശക്തനായ ദൈവം ഇസ്രായേലിൽ ശേഷിച്ചിരിക്കുന്നവരോടു കരുണ കാട്ടിയേക്കും.
16സർവേശ്വരൻ, സർവശക്തനായ ദൈവം അരുളിച്ചെയ്യുന്നു: “വഴിക്കവലകളിൽ വിലാപം ഉണ്ടാകും; തെരുവുകളിൽ മുറവിളി ഉയരും. അവർ വയലിൽനിന്നു പണിക്കാരെ വിലപിക്കാൻ വിളിക്കും. വിലാപം തൊഴിലാക്കിയവരെ അതിനായി നിയോഗിക്കും. 17ഞാൻ നിങ്ങളെ ശിക്ഷിക്കാൻ വരുമ്പോൾ മുന്തിരിത്തോട്ടങ്ങളിലെല്ലാം കൂട്ടനിലവിളി ഉണ്ടാകും.
18സർവേശ്വരന്റെ ദിവസത്തിനായി കാത്തിരിക്കുന്നവരേ, നിങ്ങൾക്കു ഹാ! ദുരിതം. അന്നു നിങ്ങൾക്കു പ്രകാശമല്ല, കൊടിയ അന്ധകാരമായിരിക്കും ലഭിക്കുക. 19സിംഹത്തെ ഭയന്നോടുന്നവൻ കരടിയുടെ മുമ്പിൽ ചെന്നു പെടുമ്പോലെയോ വീട്ടിലെത്തുമ്പോൾ പതിയിരുന്ന പാമ്പു കടിക്കുംപോലെയോ അന്നു നിങ്ങൾക്ക് അപായം നേരിടും. 20സർവേശ്വരന്റെ ദിവസം വെളിച്ചമല്ല ഇരുളായിരിക്കും. കൊടിയ അന്ധകാരം തന്നെ.
21നിങ്ങളുടെ ഉത്സവങ്ങളെ ഞാൻ വെറുക്കുന്നു; നിങ്ങളുടെ മഹാസഭായോഗങ്ങളിൽ എനിക്കു പ്രീതിയില്ല. 22നിങ്ങളുടെ ഹോമയാഗങ്ങളിലും ധാന്യയാഗങ്ങളിലും ഞാൻ പ്രസാദിക്കുകയില്ല. സമാധാനയാഗമായി നിങ്ങൾ അർപ്പിക്കുന്ന കൊഴുത്ത മൃഗങ്ങളെ ഞാൻ തിരിഞ്ഞു നോക്കുകപോലുമില്ല. 23നിങ്ങളുടെ പാട്ടുകൾ നിർത്തൂ! നിങ്ങളുടെ വീണാനാദം എനിക്കു കേൾക്കേണ്ടാ. 24ധർമം വെള്ളംപോലെ ഒഴുകട്ടെ; നീതി വറ്റാത്ത അരുവിപോലെ പ്രവഹിക്കട്ടെ.
25ഇസ്രായേൽജനമേ, മരുഭൂമിയിൽവച്ച് ആ നാല്പതു വർഷം നിങ്ങളോടു ഞാൻ യാഗമോ വഴിപാടോ ആവശ്യപ്പെട്ടോ? 26ഇപ്പോളിതാ, നിങ്ങൾ സിക്കൂത്ത്‍രാജന്റെയും കീയൂൻദേവന്റെയും രൂപങ്ങൾ നിർമിച്ച് ആ മൂർത്തികളെ എഴുന്നള്ളിക്കുന്നു! 27അതിനാൽ ഞാൻ നിങ്ങളെ ദമാസ്കസിനപ്പുറത്തേക്കു നാടുകടത്തും. ഇതു സർവേശ്വരന്റെ വചനം; സർവശക്തനായ ദൈവം എന്നാണ് അവിടുത്തെ നാമം.

Currently Selected:

AMOSA 5: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in