YouVersion Logo
Search Icon

TIRHKOHTE 4

4
പത്രോസിനെയും യോഹന്നാനെയും വിസ്തരിക്കുന്നു
1പത്രോസും യോഹന്നാനും ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ, പുരോഹിതന്മാരും ദേവാലയത്തിലെ പടനായകനും സാദൂക്യരും അവരുടെനേരെ ചെന്നു. 2അപ്പോസ്തോലന്മാർ പ്രബോധിപ്പിക്കുകയും മരണത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ യേശുവിന്റെ ദൃഷ്ടാന്തം ഉദ്ധരിച്ചുകൊണ്ട് പുനരുത്ഥാനത്തെപ്പറ്റി പ്രസംഗിക്കുകയും ചെയ്തതിനാൽ അവർക്ക് അമർഷമുണ്ടായി. 3അവർ അപ്പോസ്തോലന്മാരെ ബന്ധനസ്ഥരാക്കുകയും നേരം വൈകിപ്പോയതിനാൽ പിറ്റേന്നാൾവരെ തടങ്കലിൽ വയ്‍ക്കുകയും ചെയ്തു. 4എന്നാൽ അവരുടെ സന്ദേശം ശ്രദ്ധിച്ച അനേകമാളുകൾ വിശ്വസിച്ചു. വിശ്വസിച്ച പുരുഷന്മാരുടെ സംഖ്യ അങ്ങനെ അയ്യായിരത്തോളമായി.
5പിറ്റേദിവസം അവരുടെ അധികാരികളും ജനപ്രമുഖന്മാരും മതപണ്ഡിതന്മാരും യെരൂശലേമിൽ ഒരുമിച്ചുകൂടി. 6മഹാപുരോഹിതനായ ഹന്നാസും കയ്യഫാസും യോഹന്നാനും അലക്സാണ്ടറും മഹാപുരോഹിതകുടുംബത്തിൽപ്പെട്ട എല്ലാവരും അവിടെ കൂടിയിരുന്നു. 7അവർ അപ്പോസ്തോലന്മാരെ മധ്യത്തിൽ നിറുത്തിക്കൊണ്ടു ചോദിച്ചു: “എന്തധികാരംകൊണ്ട് അഥവാ ആരുടെ നാമത്തിലാണ് നിങ്ങൾ ഇതു ചെയ്തത്?”
8അപ്പോൾ പത്രോസ് പരിശുദ്ധാത്മപൂർണനായി ഇപ്രകാരം പറഞ്ഞു: 9“ഭരണാധിപന്മാരേ, ജനപ്രമുഖന്മാരേ, മുടന്തനായ ഈ മനുഷ്യനു ചെയ്ത ഉപകാരത്തെയും അയാൾ എങ്ങനെ സുഖം പ്രാപിച്ചു എന്നതിനെയും സംബന്ധിച്ചാണ് ഇന്നു ഞങ്ങളെ വിസ്തരിക്കുന്നതെങ്കിൽ, നിങ്ങൾ ക്രൂശിക്കുകയും മരിച്ചവരിൽനിന്നു ദൈവം ഉയിർപ്പിക്കുകയും ചെയ്ത 10നസറായനായ യേശുവിന്റെ നാമത്തിൽത്തന്നെയാണ് ഈ മനുഷ്യൻ പൂർണമായ ആരോഗ്യം പ്രാപിച്ചു നിങ്ങളുടെ മുമ്പിൽ നില്‌ക്കുന്നതെന്നു നിങ്ങളും ഇസ്രായേലിലെ ജനങ്ങൾ എല്ലാവരും അറിഞ്ഞുകൊള്ളുക.
11‘വീടു പണിയുന്നവരായ നിങ്ങൾ
തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നിരിക്കുന്നു.’
12ആ കല്ലാണ് ഈ യേശു. മറ്റൊരുവനിലും രക്ഷയില്ല. നമുക്കു രക്ഷ പ്രാപിക്കുവാൻ ആകാശത്തിന്റെ കീഴിൽ മറ്റൊരു നാമവും മനുഷ്യർക്കു നല്‌കപ്പെട്ടിട്ടില്ല.”
13പത്രോസിന്റെയും യോഹന്നാന്റെയും ധൈര്യം കാണുകയും അവർ വിദ്യാവിഹീനരായ വെറും സാധാരണക്കാരാണെന്ന് അറിയുകയും ചെയ്തപ്പോൾ, അവിടെ കൂടിയിരുന്നവർ ആശ്ചര്യപ്പെടുകയും അവർ യേശുവിന്റെ സഹചാരികൾ ആയിരുന്നു എന്നു മനസ്സിലാക്കുകയും ചെയ്തു. 14എന്നാൽ സൗഖ്യം പ്രാപിച്ച മനുഷ്യൻ അപ്പോസ്തോലന്മാരുടെകൂടെ നില്‌ക്കുന്നതു കണ്ടതുകൊണ്ട് അവർക്ക് ഒന്നും എതിർത്തു പറയുവാൻ കഴിഞ്ഞില്ല. 15അപ്പോസ്തോലന്മാർ പുറത്തിറങ്ങി നില്‌ക്കാൻ സന്നദ്രിംസംഘം ആജ്ഞാപിച്ചു. 16പിന്നീട് അവർ പരസ്പരം ആലോചിച്ചു: “ഈ മനുഷ്യരെ നാം എന്താണു ചെയ്യുക? പ്രത്യക്ഷമായ ഒരദ്ഭുതം ഇവരിലൂടെ നടന്നിരിക്കുന്നു. അത് യെരൂശലേമിൽ നിവസിക്കുന്ന എല്ലാവരും അറിഞ്ഞുകഴിഞ്ഞു; അതു നിഷേധിക്കുവാൻ നമുക്കു സാധ്യവുമല്ല. 17എന്നാൽ ജനങ്ങളുടെ ഇടയിൽ ഈ വാർത്ത ഇനിയും പരക്കാതിരിക്കേണ്ടതിന്, അവർ മേലിൽ ആരോടും ഒരിക്കലും ഈ നാമത്തിൽ സംസാരിക്കരുതെന്നു താക്കീതു നല്‌കാം.”
18അനന്തരം അവർ അപ്പോസ്തോലന്മാരെ വിളിച്ച് യേശുവിന്റെ നാമത്തിൽ സംസാരിക്കുകയോ പഠിപ്പിക്കുകയോ ചെയ്തുപോകരുതെന്ന് കർശനമായി ആജ്ഞാപിച്ചു. 19എന്നാൽ പത്രോസും യോഹന്നാനും പ്രതിവചിച്ചു: “ദൈവത്തെ അനുസരിക്കുന്നതിലും അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്റെ ദൃഷ്‍ടിയിൽ ശരിയാണോ? നിങ്ങൾതന്നെ വിധിക്കുക. 20ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ചു പ്രസ്താവിക്കാതിരിക്കാൻ ഞങ്ങൾക്കു സാധ്യമല്ല.” 21എന്നാൽ ആ സംഭവംമൂലം എല്ലാവരും ദൈവത്തെ പുകഴ്ത്തിയതിനാൽ അപ്പോസ്തോലന്മാരെ ശിക്ഷിക്കുവാൻ ഒരു പഴുതും കണ്ടില്ല. അതിനാൽ അവർക്കു വീണ്ടും ശക്തമായ താക്കീതു നല്‌കി വിട്ടയച്ചു. 22അദ്ഭുതകരമായി സൗഖ്യം ലഭിച്ച ആ മനുഷ്യനു നാല്പതു വയസ്സിനുമേൽ പ്രായമുണ്ടായിരുന്നു.
ധൈര്യത്തിനുവേണ്ടി പ്രാർഥിക്കുന്നു
23സ്വതന്ത്രരായ ഉടനെ അവർ സഹവിശ്വാസികളുടെ അടുക്കൽ ചെന്ന് പുരോഹിതമുഖ്യന്മാരും ജനപ്രമുഖന്മാരും തങ്ങളോടു പറഞ്ഞ കാര്യങ്ങൾ അവരെ അറിയിച്ചു. 24ഇതുകേട്ടപ്പോൾ അവർ ഏകമനസ്സോടെ ശബ്ദമുയർത്തി ദൈവത്തോടു പ്രാർഥിച്ചു: “ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും സൃഷ്‍ടിച്ച സർവേശ്വരാ, 25ഞങ്ങളുടെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിനെക്കൊണ്ടു പരിശുദ്ധാത്മാവിനാൽ അങ്ങ് ഇപ്രകാരം പറയിച്ചുവല്ലോ:
വിജാതീയർ കോപാകുലരാകുന്നതും,
ജനങ്ങൾ വ്യർഥമായതു വിഭാവനം ചെയ്യുന്നതും എന്തുകൊണ്ട്?
സർവേശ്വരനും
26അവിടുത്തെ അഭിഷിക്തനും എതിരെ
ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും
ഭരണാധിപന്മാർ സംഘടിക്കുകയും ചെയ്തിരിക്കുന്നു.
27-28“വാസ്തവത്തിൽ അങ്ങയുടെ പരിശുദ്ധദാസനും അങ്ങ് അഭിഷേകം ചെയ്തവനുമായ യേശുവിന് എതിരെ ഈ നഗരത്തിൽ ഹേരോദായും പൊന്തിയോസ് പീലാത്തോസും ഇസ്രായേൽജനത്തോടും വിജാതീയരോടും ഒത്തുചേർന്നു. അതിന്റെ ഫലമായി സംഭവിച്ചത് അങ്ങയുടെ കരബലവും കർമപദ്ധതിയുമനുസരിച്ചു മുൻകൂട്ടി നിശ്ചയിച്ചിരുന്ന കാര്യങ്ങൾ തന്നെയാണ്. 29അതുകൊണ്ട് കർത്താവേ, ഇപ്പോൾ അവരുടെ ഭീഷണികളെ ശ്രദ്ധിക്കണമേ. അവിടുത്തെ സന്ദേശം സധൈര്യം ഘോഷിക്കുവാൻ അവിടുത്തെ ദാസന്മാർക്കു കൃപയരുളണമേ. 30രോഗശാന്തിക്കായി അവിടുത്തെ കൈനീട്ടുകയും അവിടുത്തെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്തിൽ അദ്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുകയും ചെയ്യണമേ”.
31അവർ ഇങ്ങനെ പ്രാർഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി. അവരെല്ലാവരും പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞു; ദൈവത്തിന്റെ സന്ദേശം അവർ സധൈര്യം തുടർന്നു ഘോഷിക്കുകയും ചെയ്തു.
സകലവും ഒരുമിച്ചു പങ്കിടുന്നു
32വിശ്വാസികളുടെ സമൂഹം ഏക മനസ്സും ഏക ഹൃദയവുമുള്ളവരായിരുന്നു; തനിക്കുള്ളത് ഒന്നും സ്വന്തമെന്ന് ആരും പറഞ്ഞില്ല. സകലവും അവർക്കു പൊതുവകയായിരുന്നു. 33അപ്പോസ്തോലന്മാർ അതീവശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം വഹിച്ചു. 34-35ധാരാളമായ ദൈവകൃപ എല്ലാവരിലും ഉണ്ടായിരുന്നു. അവരുടെ കൂട്ടത്തിൽ ബുദ്ധിമുട്ടുള്ളവർ ആരുംതന്നെ ഉണ്ടായിരുന്നില്ല. വീടോ പറമ്പോ ഉണ്ടായിരുന്നവർ അവ വിറ്റുകിട്ടിയ പണം അപ്പോസ്തോലന്മാരുടെ പാദത്തിങ്കൽ സമർപ്പിച്ചു: ഓരോരുത്തരുടെയും ആവശ്യാനുസരണം അതു പങ്കിട്ടു കൊടുത്തുപോന്നു.
36സൈപ്രസ്സുകാരനായ യോസേഫ് എന്നു പേരുള്ള ഒരു ലേവ്യനുണ്ടായിരുന്നു. ‘ധൈര്യപ്പെടുത്തുന്നവൻ’ എന്നർഥമുള്ള ബർനബാസ് എന്നാണ് അയാളെ അപ്പോസ്തോലന്മാർ വിളിച്ചിരുന്നത്. 37അയാൾ തനിക്കുണ്ടായിരുന്ന നിലം വിറ്റ് ആ പണം അപ്പോസ്തോലന്മാരുടെ കാല്‌ക്കൽ സമർപ്പിച്ചു.

Currently Selected:

TIRHKOHTE 4: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in