TIRHKOHTE 3
3
പത്രോസ് മുടന്തനെ സുഖപ്പെടുത്തുന്നു
1ഒരു ദിവസം ഉച്ചകഴിഞ്ഞു മൂന്നുമണിക്കുള്ള പ്രാർഥനാസമയത്ത് പത്രോസും യോഹന്നാനും ദേവാലയത്തിലേക്കു പോകുകയായിരുന്നു. 2ദേവാലയത്തിൽ പോകുന്നവരോടു ഭിക്ഷ യാചിക്കുന്നതിനുവേണ്ടി ജന്മനാ മുടന്തനായ ഒരുവനെ ഏതാനും പേർ ദേവാലയത്തിലേക്ക് എടുത്തുകൊണ്ടുവന്ന് ‘സുന്ദരം’ എന്നു പേരുള്ള ദേവാലയത്തിന്റെ പടിവാതില്‌ക്കൽ ഇരുത്തുക പതിവായിരുന്നു. 3പത്രോസും യോഹന്നാനും ദേവാലയത്തിലേക്കു പോകുന്നതു കണ്ടപ്പോൾ അയാൾ അവരോട് ഭിക്ഷ യാചിച്ചു. 4പത്രോസ് യോഹന്നാനോടൊപ്പം അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ട്, “ഞങ്ങളുടെ നേരേ നോക്കൂ” എന്നു പറഞ്ഞു. 5അവരിൽനിന്നു വല്ലതും കിട്ടുമെന്നു പ്രതീക്ഷിച്ചുകൊണ്ട് അയാൾ അവരെ സൂക്ഷിച്ചുനോക്കി. 6എന്നാൽ പത്രോസ്, “പൊന്നും വെള്ളിയും എനിക്കില്ല; എങ്കിലും എനിക്കുള്ളതു ഞാൻ നിനക്കു തരുന്നു; നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്കുക” 7എന്നു പറഞ്ഞുകൊണ്ട് അയാളുടെ വലത്തുകൈക്കു പിടിച്ച് എഴുന്നേല്പിച്ചു. തൽക്ഷണം ആ മനുഷ്യന്റെ പാദങ്ങൾക്കും കണങ്കാലുകൾക്കും ബലമുണ്ടായി. 8അയാൾ ചാടി എഴുന്നേറ്റു നില്‌ക്കുകയും നടക്കുകയും ചെയ്തു; നടന്നും തുള്ളിച്ചാടിയും ദൈവത്തെ സ്തുതിച്ചുകൊണ്ട് അയാൾ അവരോടുകൂടി ദേവാലയത്തിൽ പ്രവേശിച്ചു. 9അയാൾ നടക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും എല്ലാവരും കണ്ടു. 10‘സുന്ദരം’ എന്ന ദേവാലയഗോപുരത്തിലിരുന്നു ഭിക്ഷയാചിച്ച മനുഷ്യനാണയാൾ എന്ന് അവർക്ക് മനസ്സിലായി; അയാൾക്കു സംഭവിച്ചതിനെക്കുറിച്ച് അവർക്കു വിസ്മയവും സംഭ്രമവുമുണ്ടായി.
പത്രോസിന്റെ വിശദീകരണം
11അയാൾ പത്രോസിന്റെയും യോഹന്നാന്റെയും അടുക്കൽ പറ്റിക്കൂടി നില്‌ക്കുന്നതുകണ്ട് ജനങ്ങൾ അമ്പരന്ന്, ‘ശലോമോൻറേത്’ എന്നു പേരുള്ള മണ്ഡപത്തിൽ അവരുടെ അടുക്കൽ ഓടിക്കൂടി. 12ഇതു കണ്ട് പത്രോസ് അവരെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു: “ഇസ്രായേൽജനങ്ങളേ, ഇതിൽ നിങ്ങൾ എന്തിനാണ് വിസ്മയിക്കുന്നത്? നിങ്ങൾ ഞങ്ങളെ തുറിച്ചുനോക്കുന്നത് എന്തിന്? ഞങ്ങളുടെ സ്വന്തം ശക്തികൊണ്ടോ ഭക്തികൊണ്ടോ അല്ല ഈ മനുഷ്യനെ നടക്കുമാറാക്കിയത്. 13അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം, തന്റെ ദാസനായ യേശുവിനെ മഹത്ത്വപ്പെടുത്തി. ആ യേശുവിനെ നിങ്ങൾ അധികാരികൾക്ക് ഏല്പിച്ചുകൊടുത്തു. പീലാത്തോസ് യേശുവിനെ മോചിപ്പിക്കുവാൻ തീരുമാനിച്ചു. എന്നിട്ടും അദ്ദേഹത്തിന്റെ മുമ്പിൽവച്ച് നിങ്ങൾ അവിടുത്തെ തള്ളിപ്പറഞ്ഞു. 14പരിശുദ്ധനും നീതിമാനുമായവനെ നിങ്ങൾ തിരസ്കരിച്ചു. ഒരു കൊലപാതകിയെ വിട്ടുകിട്ടണമെന്നത്രേ നിങ്ങൾ ആവശ്യപ്പെട്ടത്. 15ജീവനാഥനെ നിങ്ങൾ വധിച്ചു; ദൈവം അവിടുത്തെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ചു; അതിനു ഞങ്ങൾ സാക്ഷികൾ. 16ആ യേശുവിന്റെ നാമം, അവിടുത്തെ നാമത്തിലുള്ള വിശ്വാസംതന്നെ, നിങ്ങൾ കാണുകയും അറിയുകയും ചെയ്യുന്ന ഈ മനുഷ്യനു ബലം നല്‌കിയിരിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും സാന്നിധ്യത്തിൽ, ഇയാൾക്കു സമ്പൂർണമായ ആരോഗ്യം നല്‌കിയത് യേശുക്രിസ്തുവിൽക്കൂടിയുള്ള വിശ്വാസമാണ്.
17“സഹോദരരേ, നിങ്ങളുടെ നേതാക്കന്മാരും നിങ്ങളും അജ്ഞതമൂലമാണ് യേശുവിനോട് ഇപ്രകാരം ചെയ്തതെന്ന് എനിക്കറിയാം. 18എന്നാൽ ക്രിസ്തു കഷ്ടതയനുഭവിക്കുമെന്നു സകല പ്രവാചകന്മാരും മുഖാന്തരം ദൈവം മുൻകൂട്ടി അറിയിച്ചത് ഇങ്ങനെ സംഭവിച്ചു. 19അതിനാൽ നിങ്ങളുടെ പാപം നിർമാർജനം ചെയ്യപ്പെടേണ്ടതിന് അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിഞ്ഞുകൊള്ളുക. 20അങ്ങനെ ചെയ്താൽ കർത്താവിന്റെ സന്നിധിയിൽ നിന്ന് ആശ്വാസം ലഭിക്കുന്ന കാലം വരും. നിങ്ങൾക്കുവേണ്ടി മുൻനിയമിക്കപ്പെട്ട ക്രിസ്തുവാകുന്ന യേശുവിനെ അവിടുന്ന് അയയ്‍ക്കുകയും ചെയ്യും. 21പണ്ടുമുതൽ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം ദൈവം അരുൾചെയ്തതുപോലെ, എല്ലാറ്റിനെയും യഥാസ്ഥാനമാക്കുന്നതുവരെ യേശു സ്വർഗത്തിൽ ആയിരിക്കേണ്ടതാകുന്നു. 22മോശ ഇങ്ങനെ പറയുന്നു: ‘ദൈവമായ കർത്താവു നിങ്ങളുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കുവേണ്ടി എഴുന്നേല്പിക്കും. അദ്ദേഹം പറയുന്നത് എന്തുതന്നെ ആയാലും, അതു നിങ്ങൾ ശ്രദ്ധിക്കണം. 23അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാത്തവരെല്ലാം ഉന്മൂലനം ചെയ്യപ്പെടും.’ 24ശമൂവേൽ തുടങ്ങി എല്ലാ പ്രവാചകന്മാരും ഈ കാലത്തെക്കുറിച്ചു പ്രസ്താവിച്ചിട്ടുണ്ട്.
25“നിങ്ങൾ പ്രവാചകന്മാരുടെയും, ദൈവം നിങ്ങളുടെ പൂർവികന്മാർക്കു നല്‌കിയ ഉടമ്പടിയുടെയും അവകാശികളാകുന്നു. ‘ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽക്കൂടി അനുഗ്രഹിക്കപ്പെടും’ എന്ന് അബ്രഹാമിനോട് അരുൾചെയ്തിട്ടുണ്ടല്ലോ.
26“നിങ്ങളെ ഓരോരുത്തരെയും അവനവന്റെ ദുഷ്ടതയിൽനിന്നു പിൻതിരിപ്പിച്ച് അനുഗ്രഹിക്കേണ്ടതിന് ദൈവം തന്റെ ദാസനെ നിയോഗിച്ച്, ആദ്യമേ നിങ്ങളുടെ അടുക്കലേക്കയച്ചു.
Currently Selected:
TIRHKOHTE 3: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.