YouVersion Logo
Search Icon

2 SAMUELA 9

9
ദാവീദും മെഫീബോശെത്തും
1“യോനാഥാനെ ഓർത്തു ഞാൻ ദയ കാട്ടേണ്ടതിനു ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും അവശേഷിച്ചിട്ടുണ്ടോ” എന്നു ദാവീദ് അന്വേഷിച്ചു. 2ശൗലിന്റെ കുടുംബത്തിൽ സീബ എന്നു പേരുള്ള ഒരു ഭൃത്യൻ ഉണ്ടായിരുന്നു. അവനെ ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു. “നീയാണോ സീബ” രാജാവു ചോദിച്ചു. “അതേ, അടിയൻതന്നെ” അവൻ മറുപടി പറഞ്ഞു. 3രാജാവു ചോദിച്ചു: ” ഞാൻ ദൈവത്തിന്റെ കാരുണ്യം കാണിക്കേണ്ടതിനു ശൗലിന്റെ കുടുംബത്തിൽ ഇനിയും ആരെങ്കിലും ശേഷിച്ചിട്ടുണ്ടോ?” സീബ പറഞ്ഞു: “രണ്ടു കാലും മുടന്തുള്ള ഒരു മകൻ യോനാഥാനുണ്ട്.” 4“അവൻ എവിടെയാണ്” രാജാവു ചോദിച്ചു. “അവൻ ലോദെബാരിൽ അമ്മീയേലിന്റെ പുത്രനായ മാഖീരിന്റെ ഭവനത്തിലുണ്ട്” സീബ പറഞ്ഞു. 5അപ്പോൾ ദാവീദുരാജാവ് ലോദെബാരിൽ അമ്മീയേലിന്റെ പുത്രനായ മാഖീരിന്റെ ഭവനത്തിലേക്ക് ആളയച്ച് അവനെ വരുത്തി. 6ശൗലിന്റെ പൗത്രനും യോനാഥാന്റെ പുത്രനുമായ മെഫീബോശെത്ത് ദാവീദിന്റെ അടുക്കൽ വന്നു സാഷ്ടാംഗം നമസ്കരിച്ചു. ദാവീദ് മെഫീബോശെത്തിനെ വിളിച്ചപ്പോൾ “ഇതാ അടിയൻ” എന്ന് അവൻ പ്രതിവചിച്ചു. 7ദാവീദ് അവനോടു പറഞ്ഞു: “ഭയപ്പെടേണ്ടാ, നിന്റെ പിതാവായ യോനാഥാനെ ഓർത്ത് ഞാൻ നിന്നോടു കരുണ കാണിക്കും. നിന്റെ പിതാമഹനായ ശൗലിന്റെ ഭൂമിയെല്ലാം ഞാൻ നിനക്കു മടക്കിത്തരും. നീ എന്നും എന്റെ കൂടെ ഭക്ഷണം കഴിക്കുകയും വേണം.” ഇതുകേട്ടു താണുവണങ്ങിക്കൊണ്ടു മെഫീബോശെത്തു പറഞ്ഞു: 8“ചത്ത നായ്‍ക്കു തുല്യനായ അടിയനോട് അങ്ങേക്കു കരുണ തോന്നിയല്ലോ.” 9പിന്നീട് രാജാവ് ശൗലിന്റെ ഭൃത്യനായ സീബയെ വിളിച്ചു പറഞ്ഞു: “നിന്റെ യജമാനനായ മെഫീബോശെത്തിനു ശൗലിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സ്വത്തെല്ലാം ഞാൻ നല്‌കുന്നു. 10നീയും നിന്റെ പുത്രന്മാരും വേലക്കാരും കൂടി കൃഷി ചെയ്തു നിന്റെ യജമാനനു ഭക്ഷിക്കാൻ ആവശ്യമുള്ളതെല്ലാം കൊണ്ടുവരണം. മെഫീബോശെത്ത് എന്റെ കൂടെ എന്നും ഭക്ഷണം കഴിക്കട്ടെ.” സീബയ്‍ക്കു പതിനഞ്ചു പുത്രന്മാരും ഇരുപതു ഭൃത്യന്മാരും ഉണ്ടായിരുന്നു. 11“എന്റെ യജമാനനായ രാജാവ് കല്പിക്കുന്നതെല്ലാം അടിയൻ ചെയ്യാം” എന്നു സീബ പറഞ്ഞു. അങ്ങനെ രാജാവിന്റെ പുത്രന്മാരിൽ ഒരാളെപ്പോലെ മെഫീബോശെത്ത് രാജാവിന്റെ ഭക്ഷണമേശയിൽനിന്നു ഭക്ഷണം കഴിച്ചുവന്നു. 12മെഫീബോശെത്തിനു മീഖാ എന്നൊരു ആൺകുഞ്ഞ് ഉണ്ടായിരുന്നു. സീബയുടെ ഭവനത്തിലുണ്ടായിരുന്നവരെല്ലാം മെഫീബോശെത്തിന്റെ ഭൃത്യന്മാരായിത്തീർന്നു. 13അങ്ങനെ രണ്ടു കാലും മുടന്തായിരുന്ന മെഫീബോശെത്ത് യെരൂശലേമിൽത്തന്നെ പാർത്ത് രാജാവിന്റെ മേശയിൽനിന്നു ഭക്ഷണം കഴിച്ചുപോന്നു.

Currently Selected:

2 SAMUELA 9: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in