YouVersion Logo
Search Icon

2 SAMUELA 3

3
1ശൗലിന്റെയും ദാവീദിന്റെയും കുടുംബങ്ങൾ തമ്മിലുള്ള യുദ്ധം വളരെക്കാലം നീണ്ടുനിന്നു. ദാവീദിന്റെ കുടുംബം മേൽക്കുമേൽ ശക്തി പ്രാപിച്ചു; ശൗലിന്റെ കുടുംബം ക്രമേണ ക്ഷയിക്കുകയും ചെയ്തു.
ദാവീദിന്റെ പുത്രന്മാർ
2ഹെബ്രോനിൽ വച്ചു ദാവീദിനു പുത്രന്മാർ ജനിച്ചു; ജെസ്രീൽക്കാരിയായ അഹീനോവാമിൽ ജനിച്ച അമ്നോൻ ആയിരുന്നു ആദ്യജാതൻ. 3കർമ്മേൽക്കാരൻ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിലിൽ ജനിച്ച പുത്രൻ കിലെയാബ് രണ്ടാമനും ഗെശൂർരാജാവായ തൽമയിയുടെ പുത്രി മയഖായിൽ ജനിച്ച അബ്ശാലോം മൂന്നാമനും 4ഹഗ്ഗീത്തിൽ ജനിച്ച പുത്രൻ അദോനീയാ നാലാമനും അബീതാലിൽ ജനിച്ച ശെഫത്യാ അഞ്ചാമനും 5എഗ്ലായിൽ ജനിച്ച യിത്രെയാം ആറാമനും ആയിരുന്നു. ഹെബ്രോനിൽ വച്ചു ദാവീദിനു ജനിച്ച പുത്രന്മാർ ഇവരാണ്.
ദാവീദും അബ്നേരും
6ശൗലിന്റെയും ദാവീദിന്റെയും കുടുംബങ്ങൾ തമ്മിൽ യുദ്ധം നടന്നുകൊണ്ടിരിക്കെ, അബ്നേരിനു ശൗലിന്റെ കുടുംബത്തിൽ സ്വാധീനം വർധിച്ചുവന്നു. 7അയ്യായുടെ പുത്രി രിസ്പാ ശൗലിന്റെ ഉപഭാര്യ ആയിരുന്നു. ഒരു ദിവസം ഈശ്-ബോശെത്ത് അബ്നേരിനോടു ചോദിച്ചു: “നീ എന്റെ പിതാവിന്റെ ഉപഭാര്യയായ രിസ്പായോടൊത്തു ശയിച്ചതെന്തിന്?” അത് അബ്നേരിനെ കുപിതനാക്കി; 8അയാൾ ചോദിച്ചു: “ഞാൻ യെഹൂദാപക്ഷത്തെ ഒരു നായ് എന്നാണോ നിന്റെ വിചാരം? നിന്റെ പിതാവായ ശൗലിന്റെ കുടുംബത്തോടും സഹോദരരോടും സ്നേഹിതരോടും ഞാൻ ഇന്നുവരെ വിശ്വസ്തനായിരുന്നു. ദാവീദിന്റെ പിടിയിൽ അകപ്പെടാതെ ഞാൻ നിന്നെ രക്ഷിച്ചു. എന്നിട്ടും ഒരു സ്‍ത്രീയുടെ കാര്യം പറഞ്ഞ് നീ എന്നെ കുറ്റപ്പെടുത്തുകയാണോ? 9ശൗലിന്റെ കുടുംബത്തിൽനിന്നു രാജ്യമെടുത്ത് ദാൻ മുതൽ ബേർ-ശേബാവരെ ഇസ്രായേലിലും യെഹൂദ്യയിലും ദാവീദിന്റെ സിംഹാസനം സ്ഥാപിക്കുമെന്നു 10സർവേശ്വരൻ ദാവീദിനോടു പ്രതിജ്ഞ ചെയ്തിട്ടുള്ളതു നിറവേറ്റിക്കൊടുക്കാതെയിരുന്നാൽ ദൈവം ഈ അബ്നേരിനെ കഠിനമായി ശിക്ഷിക്കട്ടെ.” 11അബ്നേരിനെ ഭയപ്പെട്ടിരുന്നതിനാൽ ഒരു വാക്കുപോലും മറുപടി പറയാൻ ഈശ്-ബോശെത്തിനു കഴിഞ്ഞില്ല. 12ഹെബ്രോനിൽ പാർത്തിരുന്ന ദാവീദിന്റെ അടുക്കൽ അബ്നേർ ദൂതന്മാരെ അയച്ച് അറിയിച്ചു: “ഈ ദേശം ആർക്കുള്ളതാണ്? എന്നോട് ഉടമ്പടി ചെയ്യുക; ഇസ്രായേൽ മുഴുവനെയും അങ്ങയുടെ പക്ഷത്താക്കുന്നതിനു ഞാൻ സഹായിക്കാം.” 13ദാവീദു പറഞ്ഞു: “നല്ലതു തന്നെ; ഞാൻ ഉടമ്പടി ചെയ്യാം; എന്നാൽ ഒരു വ്യവസ്ഥയുണ്ട്; നീ എന്നെ കാണാൻ വരുമ്പോൾ ശൗലിന്റെ മകൾ മീഖളിനെ കൂട്ടിക്കൊണ്ടു വരണം.” 14ദാവീദ് ഈശ്-ബോശെത്തിന്റെ അടുക്കൽ ദൂതന്മാരെ അയച്ച് അയാളെ അറിയിച്ചു: “എന്റെ ഭാര്യയായ മീഖളിനെ തിരിച്ചുതരിക; നൂറു ഫെലിസ്ത്യരുടെ അഗ്രചർമം കൊടുത്താണ് ഞാൻ അവളെ വിവാഹം കഴിച്ചത്.” 15ലായീശിന്റെ മകനും മീഖളിന്റെ ഭർത്താവുമായ ഫൽതിയേലിന്റെ അടുക്കൽനിന്ന് ഈശ്-ബോശെത്ത് അവളെ വരുത്തി. 16അവളുടെ ഭർത്താവ് കരഞ്ഞുകൊണ്ട് ബഹൂരിംവരെ അവളുടെ പിന്നാലെ ചെന്നു; മടങ്ങിപ്പോകാൻ അബ്നേർ പറഞ്ഞപ്പോൾ അവൻ മടങ്ങിപ്പോയി. 17അബ്നേർ ഇസ്രായേൽനേതാക്കന്മാരോടു സംസാരിച്ചു: “ദാവീദിനെ രാജാവായി ലഭിക്കാൻ കുറെ നാളായി നിങ്ങൾ കാത്തിരിക്കുകയാണല്ലോ; 18ഇപ്പോൾ അതിനുള്ള അവസരം വന്നിരിക്കുന്നു. എന്റെ ദാസനായ ദാവീദു മുഖേന ഫെലിസ്ത്യരിൽനിന്നും മറ്റു സകല ശത്രുക്കളിൽനിന്നും ഇസ്രായേലിനെ ഞാൻ വീണ്ടെടുക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്തിട്ടുള്ളതു നിങ്ങൾ ഓർക്കുക.” 19അബ്നേർ ബെന്യാമീൻ ഗോത്രക്കാരോടും സംസാരിച്ചു; പിന്നീട് ഇസ്രായേല്യരുടെയും ബെന്യാമീൻഗോത്രത്തിന്റെയും സമ്മതം ദാവീദിനെ അറിയിക്കുന്നതിന് അബ്നേർ ഹെബ്രോനിലേക്കു പോയി. 20ഇരുപതു പേരോടൊത്ത് അബ്നേർ ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ എത്തി. ദാവീദ് അവർക്കുവേണ്ടി ഒരു വിരുന്നൊരുക്കി. 21അബ്നേർ ദാവീദിനോടു പറഞ്ഞു: “ഞാൻ പോയി ഇസ്രായേൽ മുഴുവനെയും എന്റെ യജമാനന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവരാം; അവർ അങ്ങയോട് ഉടമ്പടി ചെയ്യും. അപ്പോൾ അങ്ങ് ആഗ്രഹിക്കുന്നതുപോലെ അവരുടെയെല്ലാം രാജാവാകാം.” ദാവീദ് അബ്നേരിനെ പറഞ്ഞയച്ചു; അയാൾ സമാധാനത്തോടെ പോയി.
അബ്നേർ വധിക്കപ്പെടുന്നു
22പിന്നീട് യോവാബും ദാവീദിന്റെ മറ്റു ഭൃത്യന്മാരും ഒരു കവർച്ച കഴിഞ്ഞു ധാരാളം കൊള്ളവസ്തുക്കളുമായി മടങ്ങിവന്നു. അപ്പോൾ അബ്നേർ ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഉണ്ടായിരുന്നില്ല. ദാവീദ് അയാളെ സമാധാനപൂർവം മടക്കിയയച്ചിരുന്നു. 23യോവാബും സൈന്യവും മടങ്ങിവന്നപ്പോൾ നേരിന്റെ മകൻ അബ്നേർ ദാവീദിന്റെ അടുക്കൽ വന്നിരുന്നു എന്നും രാജാവ് അയാളെ സമാധാനത്തോടെ മടക്കിയയച്ചു എന്നും അറിഞ്ഞു. 24യോവാബ് ദാവീദ്‍രാജാവിന്റെ അടുക്കൽ ചെന്നു ചോദിച്ചു: “അങ്ങ് എന്താണു ചെയ്തത്? അബ്നേർ അങ്ങയുടെ അടുക്കൽ വന്നിരുന്നില്ലേ? അയാളെ വിട്ടയച്ചത് എന്ത്? 25അങ്ങു ചെയ്യുന്ന കാര്യങ്ങളും അങ്ങയുടെ നീക്കങ്ങളും ഗ്രഹിച്ച് അങ്ങയെ ചതിക്കാനാണ് നേരിന്റെ മകനായ അബ്നേർ വന്നതെന്ന് അങ്ങേക്ക് അറിയുകയില്ലേ?” 26ദാവീദിന്റെ സന്നിധിയിൽനിന്ന് യോവാബ് പുറത്തുവന്ന് അബ്നേരിന്റെ പിന്നാലെ ദൂതന്മാരെ അയച്ചു. അവർ സീരായിലെ കിണറ്റിനരികിൽനിന്ന് അയാളെ കൂട്ടിക്കൊണ്ടു വന്നു. ദാവീദ് ഇതൊന്നും അറിഞ്ഞില്ല. 27അബ്നേർ ഹെബ്രോനിൽ തിരിച്ചെത്തിയപ്പോൾ സ്വകാര്യം പറയാനെന്നുള്ള ഭാവത്തിൽ യോവാബ് അയാളെ പടിവാതില്‌ക്കലേക്ക് കൂട്ടിക്കൊണ്ടു പോയി; അയാളുടെ വയറ്റത്തു കുത്തി. അയാളെ കൊന്നു തന്റെ സഹോദരനായ അസാഹേലിനെ കൊന്നതിനു പകരം വീട്ടി. 28ഈ വിവരം അറിഞ്ഞ് ദാവീദ് പറഞ്ഞു: “നേരിന്റെ മകൻ അബ്നേരിനെ കൊന്നതിൽ ഞാനും എന്റെ ജനവും നിരപരാധികളാണെന്നു സർവേശ്വരൻ അറിയുന്നു. 29അതിന്റെ കുറ്റം യോവാബിന്റെയും അവന്റെ പിതൃഭവനത്തിന്റെയുംമേൽ ആയിരിക്കട്ടെ. യോവാബിന്റെ കുടുംബത്തിൽ രക്തസ്രവരോഗിയോ കുഷ്ഠരോഗിയോ മുടന്തനോ വാളുകൊണ്ടു വധിക്കപ്പെടേണ്ടവനോ ആഹാരത്തിനു മുട്ടുള്ളവനോ ഒഴിയാതിരിക്കട്ടെ.” 30ഗിബെയോനിലെ യുദ്ധത്തിൽവച്ചു തങ്ങളുടെ സഹോദരനായ അസാഹേലിനെ കൊന്നതുകൊണ്ടാണ് യോവാബും അബീശായിയും ചേർന്ന് അബ്നേരിനെ വധിച്ചത്.
അബ്നേരിനെ അടക്കംചെയ്യുന്നു
31വസ്ത്രം കീറിയും ചാക്കുടുത്തും അബ്നേരിനെ ചൊല്ലി വിലപിക്കാൻ ദാവീദ് യോവാബിനോടും കൂടെയുള്ളവരോടും കല്പിച്ചു. ദാവീദുരാജാവ് ശവമഞ്ചത്തിന്റെ പിന്നാലെ നടന്നു. 32അബ്നേരിനെ ഹെബ്രോനിൽ സംസ്കരിച്ചപ്പോൾ രാജാവ് കല്ലറയുടെ അടുക്കൽനിന്ന് ഉറക്കെ കരഞ്ഞു. ജനമെല്ലാം വിലപിച്ചു. 33അബ്നേരിനെക്കുറിച്ച് രാജാവ് ഈ വിലാപഗീതം പാടി:
“അബ്നേരേ, ഭോഷനെപ്പോലെ മരിക്കേണ്ടവനാണോ നീ?
34നിന്റെ കരങ്ങൾ ബന്ധിതമായിരുന്നില്ല;
നിന്റെ കാലുകൾ വിലങ്ങിലായിരുന്നില്ല;
ദുഷ്ടരുടെ കൈയിൽ അകപ്പെട്ടവനെപ്പോലെ നീ സംഹരിക്കപ്പെട്ടല്ലോ.”
പിന്നെയും അവനെച്ചൊല്ലി ജനം കരഞ്ഞു. 35ഭക്ഷണം കഴിക്കാൻ പകൽ മുഴുവൻ ജനം ദാവീദിനെ നിർബന്ധിച്ചു; എന്നാൽ ദാവീദ് സത്യംചെയ്തു പറഞ്ഞു: “സൂര്യാസ്തമയത്തിനുമുമ്പ് ഞാൻ എന്തെങ്കിലും ഭക്ഷിച്ചാൽ സർവേശ്വരൻ ഞാനർഹിക്കുന്നതും അതിലധികവും എന്നോടു ചെയ്യട്ടെ.” 36രാജാവ് ചെയ്തതെല്ലാം ജനം ശ്രദ്ധിച്ചു; അവർ അതിൽ സംതൃപ്തരായി. 37അബ്നേരിനെ വധിച്ചതിൽ രാജാവിനൊരു പങ്കുമില്ലെന്നു ദാവീദിന്റെ അനുയായികൾക്കും സകല ഇസ്രായേൽജനത്തിനും ബോധ്യമായി. 38രാജാവ് തന്റെ ഭൃത്യന്മാരോടു ചോദിച്ചു: “ശ്രേഷ്ഠനായ ഒരു നേതാവാണ് ഇസ്രായേലിൽ ഇന്നു കൊല്ലപ്പെട്ടത് എന്നു നിങ്ങൾ മനസ്സിലാക്കുന്നില്ലേ? 39ദൈവത്താൽ അഭിഷിക്തനായ രാജാവാണെങ്കിലും ഞാൻ ഇന്നു ബലഹീനനാണ്. സെരൂയായുടെ ഈ പുത്രന്മാർ എന്റെ വരുതിയിൽ നില്‌ക്കാത്ത ക്രൂരന്മാരാണ്. ദുഷ്ടരോട് അവന്റെ ദുഷ്ടതയ്‍ക്കൊത്തവിധം സർവേശ്വരൻ പ്രതികാരം ചെയ്യട്ടെ.”

Currently Selected:

2 SAMUELA 3: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in