2 SAMUELA 18
18
അബ്ശാലോം വധിക്കപ്പെടുന്നു
1ദാവീദു തന്നോടുകൂടെയുള്ളവരെ ഗണം ഗണമായി തിരിച്ച് അവർക്ക് സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും നിയമിച്ചു. 2അവരെ മൂന്നു വിഭാഗമായി തിരിച്ച് ഒരു വിഭാഗത്തെ യോവാബിന്റെ നേതൃത്വത്തിലും മറ്റൊരു വിഭാഗത്തെ സെരൂയായുടെ പുത്രനും യോവാബിന്റെ സഹോദരനുമായ അബീശായിയുടെ നേതൃത്വത്തിലും മൂന്നാം വിഭാഗത്തെ ഗിത്യനായ ഇത്ഥായിയുടെ നേതൃത്വത്തിലും അയച്ചു. ഞാനും നിങ്ങളോടൊപ്പം വരും എന്നു ദാവീദ് അനുയായികളോടു പറഞ്ഞു. 3എന്നാൽ അവർ പറഞ്ഞു: “അങ്ങു വരേണ്ടാ; ഞങ്ങൾ തോറ്റോടിയാലും ശത്രുക്കൾ അത് അത്ര ഗണ്യമാക്കുകയില്ല; ഞങ്ങളിൽ പകുതിപ്പേർ മരിച്ചാലും അവർ അത് അത്ര കാര്യമാക്കുകയില്ല. അങ്ങ് ഞങ്ങളിൽ പതിനായിരം പേർക്കു തുല്യനാണ്; അതുകൊണ്ട് അങ്ങു പട്ടണത്തിൽനിന്നു ഞങ്ങൾക്കാവശ്യമായ സഹായം എത്തിച്ചുതരുന്നതായിരിക്കും ഉത്തമം.” 4രാജാവു പ്രതിവചിച്ചു: “നിങ്ങൾക്ക് ഉത്തമം എന്നു തോന്നുന്നതു ചെയ്യാൻ ഞാൻ ഒരുക്കമാണ്.” പിന്നീട് രാജാവ് പടിവാതിൽക്കൽ നിന്നു; ജനം നൂറു വീതമായും ആയിരം വീതമായും പുറപ്പെട്ടു. 5അദ്ദേഹം യോവാബിനോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചു: “നിങ്ങൾ എന്നെ ഓർത്ത് അബ്ശാലോമിനോടു കാരുണ്യപൂർവം പെരുമാറണം.” ദാവീദ് സൈന്യാധിപന്മാർക്കു നല്കിയ ഈ കല്പന സൈന്യങ്ങളെല്ലാം കേട്ടു.
6പിന്നീട് ദാവീദിന്റെ സൈന്യം ഇസ്രായേൽ സൈന്യത്തോടു യുദ്ധം ചെയ്യാൻ പുറപ്പെട്ടു. എഫ്രയീംവനത്തിൽവച്ച് അവർ ഏറ്റുമുട്ടി. ഇസ്രായേൽസൈന്യം പരാജിതരായി. 7അന്ന് അവിടെ ഒരു കൂട്ടക്കൊല നടന്നു. ഇരുപതിനായിരം പേർ യുദ്ധത്തിൽ മരിച്ചു; യുദ്ധം ദേശത്തെല്ലാം വ്യാപിച്ചു; 8യുദ്ധത്തിൽ മരിച്ചവരിലും അധികം ആളുകൾ വനത്തിൽവച്ചു കൊല്ലപ്പെട്ടു. 9ദാവീദിന്റെ പടയാളികളുടെ മുമ്പിൽ അബ്ശാലോം ചെന്നുപെട്ടു. അയാൾ ഒരു കോവർകഴുതയുടെ പുറത്ത് ഓടിച്ചുപോകുകയായിരുന്നു. കൊമ്പുകൾ തിങ്ങിനില്ക്കുന്ന ഒരു വൻകരുവേലകമരത്തിന്റെ ചുവട്ടിൽ എത്തിയപ്പോൾ ഒരു കൊമ്പിൽ അവന്റെ തലമുടി കുരുങ്ങി. കോവർകഴുത അവന്റെ കീഴിൽ നിന്ന് ഓടിപ്പോയതുകൊണ്ട് അവൻ ആകാശത്തിനും ഭൂമിക്കും മധ്യേ തൂങ്ങിനിന്നു. 10അതുകണ്ട ഒരുവൻ യോവാബിനെ വിവരമറിയിച്ചു. 11അപ്പോൾ യോവാബു ചോദിച്ചു: “നീ അവനെ കണ്ടപ്പോൾതന്നെ കൊന്നുകളയാഞ്ഞതെന്ത്? ഞാൻ നിനക്കു പത്തു വെള്ളി നാണയങ്ങളും ഒരു അരപ്പട്ടയും തരുമായിരുന്നു.” 12അയാൾ യോവാബിനോടു പറഞ്ഞു: “എനിക്ക് ആയിരം ശേക്കെൽ വെള്ളി തന്നാലും രാജകുമാരനെതിരെ എന്റെ ഒരു ചെറുവിരൽപോലും അനക്കുകയില്ല. തന്നെ ഓർത്ത് അബ്ശാലോംരാജകുമാരനെ സംരക്ഷിക്കണമെന്നു രാജാവ് അങ്ങയോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചതു ഞങ്ങൾ കേട്ടതല്ലേ? 13രാജകല്പന അവഗണിച്ചു ഞാൻ അയാളെ വധിച്ചിരുന്നുവെങ്കിൽ രാജാവ് വിവരം അറിയുമായിരുന്നു-അദ്ദേഹം സകല വിവരങ്ങളും അറിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ- എങ്കിൽ അങ്ങുപോലും എന്നെ കൈവെടിയുമായിരുന്നു.” 14അപ്പോൾ യോവാബു പറഞ്ഞു: “നിന്നോടു സംസാരിച്ചു ഞാൻ സമയം കളയുന്നില്ല.” മൂന്നു കുന്തവുമെടുത്തുകൊണ്ട് യോവാബു പോയി കരുവേലകമരത്തിൽ തൂങ്ങിക്കിടന്ന അബ്ശാലോമിന്റെ നെഞ്ചിൽ കുത്തിയിറക്കി. 15യോവാബിന്റെ ആയുധവാഹകരായ പത്തു യുവാക്കന്മാർ അബ്ശാലോമിന്റെ ചുറ്റും നിന്ന് അവനെ അടിച്ചുകൊല്ലുകയും ചെയ്തു. 16യോവാബു കാഹളം മുഴക്കി; അപ്പോൾ സൈന്യം ഇസ്രായേല്യരെ പിന്നെയും പിന്തുടരാതെ മടങ്ങിപ്പോന്നു. 17അവർ അബ്ശാലോമിനെ വനത്തിലുള്ള ഒരു വലിയ കുഴിയിലിട്ടു. അയാളുടെ മീതെ ഒരു കൽക്കൂമ്പാരം ഉണ്ടാക്കി. ഇസ്രായേല്യരൊക്കെയും താന്താങ്ങളുടെ വീടുകളിലേക്ക് ഓടിപ്പോയി. 18തന്റെ പേരു നിലനിർത്താൻ തനിക്ക് ഒരു മകനില്ലെന്നു പറഞ്ഞ് അബ്ശാലോം തനിക്കൊരു സ്മാരകസ്തംഭം രാജാവിന്റെ താഴ്വരയിൽ സ്ഥാപിച്ചിരുന്നു. അത് ‘അബ്ശാലോമിന്റെ സ്മാരകസ്തംഭം’ എന്ന പേരിൽ ഇന്നും അറിയപ്പെടുന്നു.
അബ്ശാലോം കൊല്ലപ്പെട്ട വിവരം ദാവീദിനെ അറിയിക്കുന്നു.
19സാദോക്കിന്റെ പുത്രനായ അഹീമാസ് യോവാബിനോടു ചോദിച്ചു: “സർവേശ്വരൻ ശത്രുക്കളിൽനിന്നു രാജാവിനെ രക്ഷിച്ചിരിക്കുന്നു എന്ന സദ്വാർത്ത ഞാൻ അദ്ദേഹത്തെ ചെന്നറിയിക്കട്ടെ”? 20“വേണ്ടാ” എന്നായിരുന്നു യോവാബിന്റെ മറുപടി. “ഇന്നു സദ്വാർത്തയുമായി പോകേണ്ട; അതു മറ്റൊരു ദിവസം ആകാം; രാജകുമാരൻ മരിച്ചതുകൊണ്ട് ഇന്നത്തേതു സദ്വാർത്ത അല്ലല്ലോ” എന്ന് അയാൾ പറഞ്ഞു. 21പിന്നെ യോവാബ് എത്യോപ്യനോടു പറഞ്ഞു: “നീ കണ്ടതു ചെന്നു രാജാവിനോടു പറയുക.” അവൻ യോവാബിനെ വണങ്ങി ഓടിപ്പോയി. 22സാദോക്കിന്റെ മകൻ അഹീമാസ് പിന്നെയും പറഞ്ഞു: “എന്തും വരട്ടെ; എത്യോപ്യനെ പിന്തുടരാൻ എന്നെ അനുവദിക്കുക.” യോവാബ് പറഞ്ഞു: “എന്റെ മകനേ, നീ എന്തിനാണ് ഓടുന്നത്? നിനക്ക് അതിനു യാതൊരു പ്രതിഫലവും ലഭിക്കുകയില്ലല്ലോ.” 23“എന്തായാലും ഞാനും പോകും” എന്ന് അഹീമാസ് പറഞ്ഞപ്പോൾ പൊയ്ക്കൊൾവാൻ യോവാബ് അനുവദിച്ചു. അഹീമാസ് സമഭൂമിയിലൂടെ ഓടി എത്യോപ്യന്റെ മുമ്പിൽ എത്തി.
24ദാവീദ് രണ്ടു പടിവാതിലുകൾക്കും മധ്യേ ഇരിക്കുകയായിരുന്നു. കാവല്ക്കാരൻ മതിലിനു മീതെ കവാടത്തിന്റെ മുകളിൽ കയറി നോക്കിയപ്പോൾ ഒരാൾ മാത്രം ഓടിവരുന്നതു കണ്ടു. 25ആ വിവരം കാവല്ക്കാരൻ രാജാവിനെ വിളിച്ചറിയിച്ചു. രാജാവു പറഞ്ഞു: “ഒരാൾ മാത്രമേ ഉള്ളൂവെങ്കിൽ അവൻ സദ്വാർത്ത ആയിരിക്കും കൊണ്ടുവരുന്നത്. 26അവൻ അടുത്തുവരാറായപ്പോൾ മറ്റൊരാൾ കൂടി ഓടിവരുന്നതു കാവല്ക്കാരൻ കണ്ടു. അവൻ വിളിച്ചുപറഞ്ഞു: “അതാ മറ്റൊരുവൻ കൂടി ഓടിവരുന്നു.” “അവനും സദ്വർത്തമാനം കൊണ്ടുവരികയാണ്” എന്നു രാജാവു പറഞ്ഞു. 27“മുമ്പേ വരുന്നവൻ സാദോക്കിന്റെ മകനായ അഹീമാസിനെപ്പോലെയിരിക്കുന്നു” എന്നു കാവല്ക്കാരൻ പറഞ്ഞു. അപ്പോൾ രാജാവു പറഞ്ഞു: “അവൻ നല്ലവൻ, അവൻ സദ്വാർത്ത കൊണ്ടുവരുന്നു.” 28രാജാവിനോടു ശുഭം ശുഭം എന്നു വിളിച്ചുപറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ മുമ്പിൽ അഹീമാസ് സാഷ്ടാംഗം വീണു നമസ്കരിച്ചു. “അങ്ങേക്കെതിരെ മത്സരിച്ചവരുടെമേൽ വിജയം തന്ന അങ്ങയുടെ ദൈവമായ സർവേശ്വരൻ വാഴ്ത്തപ്പെട്ടവൻ” എന്നു പറഞ്ഞു. 29“അബ്ശാലോംകുമാരനു ക്ഷേമം തന്നെയോ?” രാജാവു ചോദിച്ചു. അഹീമാസ് പറഞ്ഞു: “അങ്ങയുടെ ഭൃത്യനായ യോവാബ് എന്നെ അയച്ചപ്പോൾ അവിടെ വലിയ ഒരു ബഹളം ഉണ്ടായി. എന്താണു സംഭവിച്ചതെന്ന് എനിക്ക് അറിഞ്ഞുകൂടാ.” 30“നീ ഒരു വശത്തേക്കു മാറി ഇവിടെ നില്ക്കുക” എന്നു രാജാവു പറഞ്ഞു. 31അയാൾ മാറി നിന്നു; ഉടനെ എത്യോപ്യനും എത്തി. അവൻ രാജാവിനോട് പറഞ്ഞു: “എന്റെ യജമാനനായ രാജാവിന് ഒരു സദ്വാർത്ത ഉണ്ട്. അങ്ങേക്കെതിരെ മത്സരിച്ച എല്ലാവരുടേയുംമേൽ സർവേശ്വരൻ അങ്ങേക്കു വിജയം നല്കിയിരിക്കുന്നു.” 32ഇതു കേട്ടു രാജാവ്: “അബ്ശാലോംകുമാരനു സൗഖ്യം തന്നെയോ” എന്നു ചോദിച്ചു. എത്യോപ്യൻ പറഞ്ഞു: “യജമാനന്റെ എല്ലാ ശത്രുക്കൾക്കും യജമാനനെതിരെ മത്സരിക്കുന്നവർക്കും ആ യുവാവിന്റെ അനുഭവം ഉണ്ടാകട്ടെ.” 33ഉടനെ രാജാവു വികാരവിവശനായി കവാടത്തിന്റെ മുകൾമുറിയിൽ കയറി പൊട്ടിക്കരഞ്ഞു. കയറിപ്പോകുമ്പോൾ രാജാവ് വിലപിച്ചു: “എന്റെ മകനേ അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ അബ്ശാലോമേ, നിനക്കുപകരം ഞാൻ മരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു! എന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ!”
Currently Selected:
2 SAMUELA 18: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.