2 LALTE 5
5
നയമാൻ സൗഖ്യം പ്രാപിക്കുന്നു
1സിറിയാരാജാവിന്റെ സൈന്യാധിപനായിരുന്നു നയമാൻ. അയാൾ മുഖാന്തരം സർവേശ്വരൻ സിറിയായ്ക്കു വിജയം നല്കിയിരുന്നതുകൊണ്ട് രാജാവ് അയാളെ മഹാനായി കരുതി ബഹുമാനിച്ചു. നയമാൻ വീരപരാക്രമി ആയിരുന്നെങ്കിലും കുഷ്ഠരോഗിയായിരുന്നു. 2സിറിയാക്കാർ ഒരിക്കൽ ഇസ്രായേലിൽ കവർച്ച നടത്തിയപ്പോൾ ഒരു പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയിരുന്നു. അവൾ നയമാന്റെ ഭാര്യയെ പരിചരിച്ചുപോന്നു; 3ഒരു ദിവസം അവൾ തന്റെ യജമാനത്തിയോടു പറഞ്ഞു: “ശമര്യയിൽ പാർക്കുന്ന പ്രവാചകന്റെ അടുക്കലേക്ക് എന്റെ യജമാനൻ പോയിരുന്നെങ്കിൽ അദ്ദേഹം എന്റെ യജമാനന്റെ കുഷ്ഠം മാറ്റുമായിരുന്നു.” 4അങ്ങനെ നയമാൻ രാജാവിന്റെ അടുക്കൽ ചെന്ന് പെൺകുട്ടി പറഞ്ഞ കാര്യം അറിയിച്ചു. 5“ഞാൻ തരുന്ന കത്തുമായി ഇസ്രായേൽരാജാവിന്റെ അടുക്കലേക്ക് ഉടൻ പോകുക.” സിറിയാരാജാവ് നയമാനോട് കല്പിച്ചു. അയാൾ പത്തു താലന്തു വെള്ളിയും ആറായിരം ശേക്കെൽ സ്വർണവും പത്തു വിശിഷ്ട വസ്ത്രങ്ങളുമായി പുറപ്പെട്ടു. 6അദ്ദേഹം കത്ത് ഇസ്രായേൽരാജാവിനെ ഏല്പിച്ചു. അതിൽ ഇപ്രകാരം എഴുതിയിരുന്നു: “ഈ എഴുത്തുമായി വരുന്ന എന്റെ ദാസനായ നയമാനെ കുഷ്ഠരോഗം മാറ്റി സുഖപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു.” 7കത്തു വായിച്ചപ്പോൾ ഇസ്രായേൽരാജാവ് വസ്ത്രം കീറി. അദ്ദേഹം പറഞ്ഞു: “കുഷ്ഠരോഗിയെ സുഖപ്പെടുത്താൻ അയാൾ എന്നോട് ആവശ്യപ്പെടുന്നു; ഞാൻ മരണത്തിന്റെയും ജീവന്റെയുംമേൽ അധികാരമുള്ള ദൈവമാണോ? എന്നോടു യുദ്ധം ചെയ്യാൻ അയാൾ കാരണം ഉണ്ടാക്കുന്നതു കണ്ടില്ലേ?”
8എലീശ ഇതു കേട്ട് ഒരു ദൂതനെ അയച്ച് രാജാവിനോടു പറഞ്ഞു: “അങ്ങ് എന്തിനാണു വസ്ത്രം കീറിയത്? അയാൾ എന്റെ അടുക്കൽ വരട്ടെ; ഇസ്രായേലിൽ ഒരു പ്രവാചകനുണ്ടെന്നു ഞാൻ അയാളെ ബോധ്യപ്പെടുത്തും.”
9നയമാൻ രഥങ്ങളും കുതിരകളുമായി എലീശയുടെ വീട്ടുപടിക്കൽ എത്തി. 10എലീശ ഒരു ദൂതനെ അയച്ച് നയമാനെ അറിയിച്ചു: “നീ പോയി ഏഴു പ്രാവശ്യം യോർദ്ദാൻനദിയിൽ കുളിക്കുക; അപ്പോൾ നിന്റെ ശരീരം പൂർവസ്ഥിതിയിലായി നീ ശുദ്ധനാകും.” 11നയമാൻ കുപിതനായി മടങ്ങിപ്പോയി; അയാൾ സ്വയം പറഞ്ഞു: “അയാൾ എന്റെ അടുക്കൽ ഇറങ്ങിവന്ന് തന്റെ ദൈവമായ സർവേശ്വരനോടു പ്രാർഥിക്കുമെന്നും തന്റെ കൈ വീശി കുഷ്ഠരോഗം സുഖപ്പെടുത്തുമെന്നും ഞാൻ വിചാരിച്ചു. 12ദമാസ്ക്കസിലെ നദികളായ അബാനയും പർപ്പരും ഇസ്രായേലിലെ ഏതൊരു നദിയെക്കാളും വിശിഷ്ടമല്ലേ? അവയിൽ കുളിച്ച് എനിക്ക് ശുദ്ധനാകാമല്ലോ.” ഇങ്ങനെ ക്രുദ്ധനായി അയാൾ അവിടെനിന്നു മടങ്ങിപ്പോയി. 13എന്നാൽ ഭൃത്യന്മാർ അടുത്തുവന്നു പറഞ്ഞു: “പ്രഭോ, ഇതിലും വലിയ കാര്യം ചെയ്യാനാണ് പ്രവാചകൻ പറഞ്ഞിരുന്നതെങ്കിൽ അങ്ങു ചെയ്യാതിരിക്കുമോ? അങ്ങനെയെങ്കിൽ ‘കുളിച്ചു ശുദ്ധനാകുക’ എന്നു പറയുമ്പോൾ അത് അനുസരിക്കേണ്ടതല്ലേ.” 14ഇതു കേട്ടു നയമാൻ പോയി പ്രവാചകൻ പറഞ്ഞതുപോലെ യോർദ്ദാൻനദിയിൽ ഏഴു പ്രാവശ്യം മുങ്ങി; അയാൾ പൂർണസൗഖ്യം പ്രാപിച്ചു; ശരീരം ഒരു ശിശുവിൻറേതുപോലെയായി. 15തന്റെ ഭൃത്യന്മാരുമായി മടങ്ങിച്ചെന്ന് പ്രവാചകന്റെ മുമ്പിൽ നിന്നുകൊണ്ട് അയാൾ പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമല്ലാതെ മറ്റൊരു ദൈവവും ഭൂമിയിൽ ഇല്ലെന്നു ഞാൻ ഇപ്പോൾ അറിയുന്നു; അതുകൊണ്ട് അങ്ങയുടെ ദാസനിൽനിന്നും ഒരു സമ്മാനം സ്വീകരിച്ചാലും.” 16എന്നാൽ പ്രവാചകൻ പറഞ്ഞു: “ഒരു സമ്മാനവും സ്വീകരിക്കുകയില്ല എന്നു ഞാൻ ആരാധിക്കുന്ന സർവേശ്വരന്റെ നാമത്തിൽ സത്യം ചെയ്തു പറയുന്നു.” നയമാൻ നിർബന്ധിച്ചെങ്കിലും പ്രവാചകൻ വഴങ്ങിയില്ല. 17അപ്പോൾ നയമാൻ പറഞ്ഞു: “അങ്ങനെയെങ്കിൽ രണ്ടു കഴുതപ്പുറത്തു കയറ്റാവുന്നത്ര മണ്ണ് തന്നാലും; അങ്ങയുടെ ദാസൻ ഇനിയും സർവേശ്വരനല്ലാതെ മറ്റൊരു ദൈവത്തിനും ഹോമയാഗമോ മറ്റു യാഗങ്ങളോ അർപ്പിക്കുകയില്ല. 18എന്നാൽ ഒരു കാര്യത്തിൽ മാത്രം അവിടുന്ന് എന്നോട് ക്ഷമിക്കട്ടെ! എന്റെ യജമാനന് അകമ്പടി സേവിച്ചു രിമ്മോൻക്ഷേത്രത്തിൽ ആരാധിക്കാൻ പോകുമ്പോൾ അദ്ദേഹത്തോടൊത്തു ഞാനും തല വണങ്ങേണ്ടി വരും; അതു സർവേശ്വരൻ എന്നോടു ക്ഷമിക്കട്ടെ.” 19“സമാധാനമായി പോകുക” എലീശ പറഞ്ഞു. 20അങ്ങനെ നയമാൻ കുറെ ദൂരം പോയി. അപ്പോൾ എലീശയുടെ ശിഷ്യൻ ഗേഹസി ആത്മഗതം ചെയ്തു: “സിറിയാക്കാരനായ നയമാൻ കൊണ്ടുവന്നതൊന്നും സ്വീകരിക്കാതെ എന്റെ യജമാനൻ അയാളെ പറഞ്ഞയച്ചിരിക്കുന്നു; സർവേശ്വരന്റെ നാമത്തിൽ ഞാൻ ശപഥം ചെയ്യുന്നു: ഞാൻ അയാളുടെ പിറകെ പോയി എന്തെങ്കിലും വാങ്ങും.” 21അങ്ങനെ ഗേഹസി നയമാനെ പിന്തുടർന്നു; തന്റെ പിറകെ ഗേഹസി ഓടി വരുന്നതുകണ്ട് നയമാൻ അവനെ സ്വീകരിക്കാൻ രഥത്തിൽനിന്നും താഴെയിറങ്ങി. “എല്ലാം ശുഭംതന്നെയല്ലേ.” എന്നു ചോദിച്ചു. 22പ്രവാചകഭൃത്യൻ പറഞ്ഞു: “എല്ലാം ശുഭം തന്നെ; എന്നാൽ എഫ്രയീംമലനാട്ടിൽനിന്ന് പ്രവാചകഗണത്തിൽപ്പെട്ട രണ്ടു യുവാക്കൾ ഇപ്പോൾ എത്തിയിരിക്കുന്നു; അവർക്കു കൊടുക്കാൻ ഒരു താലന്തു വെള്ളിയും രണ്ടു വിശിഷ്ട വസ്ത്രങ്ങളും നല്കണമെന്ന് അപേക്ഷിക്കാൻ യജമാനൻ എന്നെ അയച്ചിരിക്കുന്നു.” 23“ദയവായി രണ്ടു താലന്തു വെള്ളി സ്വീകരിച്ചാലും” നയമാൻ പറഞ്ഞു. രണ്ടു താലന്തു വെള്ളിയും വിശിഷ്ട വസ്ത്രങ്ങളും രണ്ടു സഞ്ചികളിലാക്കി രണ്ടു ഭൃത്യന്മാർ വശം കൊടുത്തയച്ചു. അവർ അത് എടുത്തുകൊണ്ടു ഗേഹസിയുടെ മുമ്പിൽ നടന്നു. 24എലീശ പാർത്തിരുന്ന മലമുകളിൽ എത്തിയപ്പോൾ ഗേഹസി സഞ്ചികൾ അവരിൽനിന്നു വാങ്ങി വീട്ടിനുള്ളിൽ സൂക്ഷിച്ചുവച്ചശേഷം അവരെ പറഞ്ഞയച്ചു. 25അയാൾ അകത്ത് എലീശയുടെ മുമ്പിൽ ചെന്നപ്പോൾ അദ്ദേഹം അവനോടു ചോദിച്ചു: “ഗേഹസീ, നീ എവിടെപ്പോയിരുന്നു?” “അവിടുത്തെ ദാസൻ എങ്ങും പോയില്ല” ഗേഹസി മറുപടി പറഞ്ഞു. 26പ്രവാചകൻ പറഞ്ഞു: “ആ മനുഷ്യൻ രഥത്തിൽ നിന്നിറങ്ങി നിന്നെ സ്വീകരിച്ചപ്പോൾ എന്റെ ആത്മാവ് അവിടെ ഉണ്ടായിരുന്നില്ലേ? പണം, വസ്ത്രം, ഒലിവുതോട്ടങ്ങൾ, മുന്തിരിത്തോട്ടങ്ങൾ, ആടുമാടുകൾ, ദാസീദാസന്മാർ എന്നിവ സ്വീകരിക്കാനുള്ള സമയം അതായിരുന്നോ? 27നയമാന്റെ കുഷ്ഠം നിന്നെയും നിന്റെ സന്തതികളെയും എന്നേക്കും ബാധിക്കട്ടെ.” അങ്ങനെ ഗേഹസി കുഷ്ഠരോഗിയായി, മഞ്ഞുപോലെ വെളുത്ത ശരീരവുമായി എലീശയുടെ അടുക്കൽനിന്നു പോയി.
Currently Selected:
2 LALTE 5: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.