YouVersion Logo
Search Icon

2 LALTE 25

25
യെരൂശലേമിന്റെ പതനം
(2 ദിന. 36:13-21; യിരെ. 52:3-11)
1സിദെക്കീയായുടെ ഭരണത്തിന്റെ ഒമ്പതാം വർഷം പത്താം മാസം പത്താം ദിവസം ബാബിലോൺരാജാവായ നെബുഖദ്നേസർ തന്റെ സർവസൈന്യവുമായി യെരൂശലേമിനു നേരെ വന്ന് പാളയമടിക്കുകയും ചുറ്റും മൺകൂന ഉയർത്തി ഉപരോധിക്കുകയും ചെയ്തു. 2സിദെക്കീയാരാജാവിന്റെ വാഴ്ചയുടെ പതിനൊന്നാം വർഷംവരെ നഗരത്തെ അവർ ഉപരോധിച്ചു. 3ആ വർഷം നാലാം മാസം ഒമ്പതാം ദിവസമായപ്പോൾ നഗരത്തിൽ ക്ഷാമം അതിരൂക്ഷമായി. ജനത്തിനു ഭക്ഷിക്കാൻ യാതൊന്നും ഇല്ലാതെയായി. 4ബാബിലോണ്യർ നഗരം വളഞ്ഞിരിക്കുമ്പോൾതന്നെ സിദെക്കീയാരാജാവും പടയാളികളും നഗരമതിലിൽ വിള്ളലുണ്ടാക്കി രാത്രിയിൽ അവർ രാജാവിന്റെ ഉദ്യാനത്തിനടുത്ത് രണ്ടു മതിലുകളുടെ ഇടയ്‍ക്കുള്ള പടിവാതിലിലൂടെ ഓടി രക്ഷപെട്ടു. അരാബായിലേക്കുള്ള വഴിയിലൂടെയാണ് അവർ ഓടിപ്പോയത്. 5എന്നാൽ ബാബിലോണ്യസൈന്യം സിദെക്കീയാരാജാവിനെ പിന്തുടർന്ന് യെരീഹോ സമഭൂമിയിൽവച്ചു അയാൾക്കൊപ്പമെത്തി. തത്സമയം സൈനികരെല്ലാം രാജാവിനെ വിട്ട് ഓടിപ്പോയി. 6ബാബിലോണ്യസൈന്യം രാജാവിനെ പിടിച്ച്, രിബ്ലായിൽ ബാബിലോൺരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു. അയാൾ സിദെക്കീയായ്‍ക്കു ശിക്ഷ വിധിച്ചു. 7സിദെക്കീയായുടെ പുത്രന്മാരെ അയാൾ കാൺകെ വധിച്ചു; കണ്ണുകൾ ചൂഴ്ന്നെടുത്ത ശേഷം അയാളെ ചങ്ങലകൊണ്ടു ബന്ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി.
ദേവാലയം നശിപ്പിക്കുന്നു
(യിരെ. 52:12-33)
8നെബുഖദ്നേസർരാജാവിന്റെ വാഴ്ചയുടെ പത്തൊമ്പതാം വർഷം അഞ്ചാം മാസം ഏഴാം ദിവസം രാജാവിന്റെ അകമ്പടിസേനാനായകനായ നെബൂസരദാൻ യെരൂശലേമിലെത്തി. 9അയാൾ സർവേശ്വരന്റെ ആലയവും രാജകൊട്ടാരവും യെരൂശലേമിലെ ഭവനങ്ങളും മാളികകളും അഗ്നിക്കിരയാക്കി. 10അയാളുടെകൂടെ ഉണ്ടായിരുന്ന സൈന്യം യെരൂശലേമിന്റെ മതിലുകൾ ഇടിച്ചുനിരത്തി. 11നഗരത്തിൽ ശേഷിച്ചിരുന്ന ജനത്തെയും ബാബിലോൺരാജാവിനെ അഭയം പ്രാപിച്ചവരെയും കരകൗശലപ്പണിക്കാരെയും അകമ്പടിസേനാനായകനായ നെബൂസരദാൻ കൂട്ടിക്കൊണ്ടുപോയി. 12മുന്തിരിത്തോട്ടത്തിലും വയലുകളിലും ജോലി ചെയ്യാൻ അയാൾ ദേശത്തുള്ള ഏറ്റവും ദരിദ്രരായ ചിലരെ മാത്രം അവിടെ അവശേഷിപ്പിച്ചു. 13സർവേശ്വരന്റെ ആലയത്തിലെ ഓട്ടുസ്തംഭങ്ങളും പീഠങ്ങളും വലിയ ജലസംഭരണിയും ബാബിലോണ്യർ ഇടിച്ചുതകർത്തു; ഓട്ടുകഷണങ്ങൾ ബാബിലോണിലേക്കു കൊണ്ടുപോയി. 14കലങ്ങളും ചട്ടുകങ്ങളും തിരി തെളിക്കാനുള്ള കത്രികകളും താലങ്ങളും ദേവാലയത്തിലെ ശുശ്രൂഷയ്‍ക്ക് ഉപയോഗിച്ചിരുന്ന താമ്ര ഉപകരണങ്ങളും അവർ എടുത്തുകൊണ്ടുപോയി. 15തീച്ചട്ടികളും കലശങ്ങളും പൊന്നും വെള്ളിയും കൊണ്ടുള്ള സകല ഉപകരണങ്ങളും അകമ്പടിസേനാനായകൻ കൊണ്ടുപോയവയിൽ ഉൾപ്പെട്ടിരുന്നു. 16സർവേശ്വരന്റെ ആലയത്തിനുവേണ്ടി ശലോമോൻ നിർമ്മിച്ച രണ്ടു സ്തംഭങ്ങൾ, ജലസംഭരണി, പീഠങ്ങൾ എന്നിവയുടെ താമ്രത്തിന്റെ തൂക്കം നിർണയിക്കാൻ കഴിയുമായിരുന്നില്ല. 17ഒരേ വലിപ്പമുള്ള രണ്ടു സ്തംഭത്തിൽ ഒന്നിന്റെ ഉയരം പതിനെട്ടു മുഴവും അതിന്റെ മുകളിലുള്ള ഓട്ടുമകുടത്തിന്റെ ഉയരം മൂന്നു മുഴവും ആയിരുന്നു. ഓരോ മകുടത്തിന്റെ ചുറ്റും ഓടുകൊണ്ടു നിർമ്മിച്ച വലയും മാതളപ്പഴരൂപങ്ങളും ഉണ്ടായിരുന്നു. ഇവയെല്ലാം രണ്ടു സ്തംഭങ്ങൾക്കും ഒരുപോലെയായിരുന്നു.
യെഹൂദ്യയിലെ ജനം പ്രവാസത്തിലേക്ക്
(യിരെ. 52:24-27)
18മഹാപുരോഹിതനായ സെരായായെയും പുരോഹിതന്മാരിൽ രണ്ടാമനായ സെഫന്യായെയും വാതിൽകാവല്‌ക്കാരായ മൂന്നു പേരെയും അകമ്പടിസേനാനായകൻ പിടിച്ചുകൊണ്ടുപോയി. 19നഗരത്തിലെ ഒരു സൈന്യാധിപനെയും രാജാവിന്റെ ഉപദേശകസമിതിയിലെ അഞ്ചു പേരെയും സൈന്യാധിപന്റെ കാര്യസ്ഥനെയും-ജനത്തെ വിളിച്ചുകൂട്ടിയിരുന്നത് ഇവനാണ്-നഗരത്തിൽനിന്നു വേറെ അറുപതു പേരെയും കൂടി അയാൾ കൊണ്ടുപോയി. 20നെബൂസരദാൻ ഇവരെ രിബ്ലായിൽ ബാബിലോൺരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു.
21ബാബിലോൺരാജാവ് ഹമാത്തിലെ രിബ്ലായിൽവച്ച് അവരെ വധിച്ചു. അങ്ങനെ യെഹൂദ്യനിവാസികൾ പ്രവാസികളായി പോകേണ്ടിവന്നു.
ഗെദല്യാ-യെഹൂദ്യയിലെ അധിപതി
(യിരെ. 40:7-9; 41:1-3)
22ബാബിലോൺരാജാവായ നെബുഖദ്നേസർ യെഹൂദ്യയിൽ ശേഷിപ്പിച്ച ജനത്തെ ഭരിക്കുന്നതിനു ശാഫാന്റെ പൗത്രനും അഹീക്കാമിന്റെ പുത്രനുമായ ഗെദല്യായെ ദേശത്തിന്റെ അധിപതിയായി നിയമിച്ചു. 23ബാബിലോൺരാജാവ് ഗെദല്യായെ അധിപതിയായി നിയമിച്ച വിവരം യെഹൂദാസൈന്യാധിപന്മാരായ നെഥന്യായുടെ പുത്രൻ ഇശ്മായേൽ, കാരേഹിന്റെ പുത്രൻ യോഹാനാൻ, നെതോഫാത്യനായ തൻഹൂമെത്തിന്റെ പുത്രൻ സെരായ്യാ, മാഖാത്യന്റെ പുത്രൻ യാസന്യാ എന്നിവർ അറിഞ്ഞപ്പോൾ തങ്ങളുടെ സൈന്യങ്ങളുമായി മിസ്പായിൽ ഗെദല്യായുടെ അടുക്കൽ ചെന്നു. 24ഗെദല്യാ അവരോടും അവരുടെ സൈന്യങ്ങളോടും സത്യംചെയ്തു പറഞ്ഞു: “നിങ്ങൾ ബാബിലോണ്യസേവകന്മാരെ ഭയപ്പെടേണ്ടാ; സ്വദേശത്തു പാർത്തു ബാബിലോൺരാജാവിനെ സേവിക്കുക; അതായിരിക്കും നിങ്ങൾക്കു നല്ലത്. 25എന്നാൽ ഏഴാം മാസം രാജകുടുംബത്തിൽപ്പെട്ട എലീശാമായുടെ പൗത്രനും നെഥന്യായുടെ പുത്രനുമായ ഇശ്മായേൽ പത്തുപേരോടുകൂടി മിസ്പായിൽ ചെന്ന് ഗെദല്യായെ വധിച്ചു. അവിടെ ഉണ്ടായിരുന്ന യെഹൂദന്മാരെയും ബാബിലോണ്യരെയും അവർ വാളിന് ഇരയാക്കി. 26വലിയവരും ചെറിയവരുമായ ഇസ്രായേൽജനമെല്ലാം ബാബിലോണ്യരെ ഭയന്ന്, സൈന്യാധിപന്മാരോടൊപ്പം ഈജിപ്തിലേക്കു തിരിച്ചു.
യെഹോയാഖീൻ മോചിതനാകുന്നു
(യിരെ. 52:31-34)
27യെഹൂദാരാജാവായ യെഹോയാഖീൻ പ്രവാസി ആയതിന്റെ മുപ്പത്തിയേഴാം വർഷം പന്ത്രണ്ടാം മാസം ഇരുപത്തേഴാം ദിവസം എവീൽ-മെരോദക് ബാബിലോൺരാജാവായി. അയാൾക്ക് യെഹൂദാരാജാവായ യെഹോയാഖീനോടു കരുണ തോന്നുകയും അയാളെ കാരാഗൃഹത്തിൽനിന്നു മോചിപ്പിക്കുകയും ചെയ്തു. 28രാജാവ് അയാളോടു ദയാപൂർവം പെരുമാറുകയും തന്റെ രാജ്യത്ത് പ്രവാസികളായി പാർത്തിരുന്ന മറ്റു രാജാക്കന്മാരെക്കാൾ ഉയർന്ന സ്ഥാനം നല്‌കുകയും ചെയ്തു. 29അയാൾ കാരാഗൃഹവസ്ത്രം ഉപേക്ഷിച്ചു; ജീവപര്യന്തം രാജാവിന്റെ കൂടെ ഭക്ഷണം കഴിച്ചു. 30മരണംവരെ അയാളുടെ ദൈനംദിനാവശ്യങ്ങൾക്കു വേണ്ട പണം രാജാവു നല്‌കിവന്നു.

Currently Selected:

2 LALTE 25: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in