2 LALTE 22
22
യോശീയാ
(2 ദിന. 34:1, 2)
1യോശീയാ ഭരണമാരംഭിച്ചപ്പോൾ അദ്ദേഹത്തിനു എട്ടു വയസ്സായിരുന്നു. മുപ്പത്തൊന്നു വർഷം അദ്ദേഹം യെരൂശലേമിൽ ഭരണം നടത്തി. ബൊസ്കത്തുകാരൻ അദായായുടെ മകൾ യെദീദാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്. 2സർവേശ്വരനു പ്രസാദകരമായവിധം അദ്ദേഹം ജീവിച്ചു. പൂർവപിതാവായ ദാവീദിന്റെ പാതയിൽനിന്ന് അദ്ദേഹം അല്പംപോലും വ്യതിചലിച്ചില്ല.
നിയമപുസ്‍തകം കണ്ടുകിട്ടുന്നു
(2 ദിന. 34:8-28)
3തന്റെ വാഴ്ചയുടെ പതിനെട്ടാം വർഷം യോശീയാരാജാവ് മെശുല്ലാമിന്റെ പൗത്രനും അസല്യായുടെ പുത്രനും കൊട്ടാരം കാര്യസ്ഥനുമായ ശാഫാനെ ദേവാലയത്തിലേക്ക് അയച്ചുകൊണ്ട് പറഞ്ഞു: 4“വാതിൽ കാവല്‌ക്കാർ ജനത്തിൽനിന്നു ശേഖരിച്ച പണത്തിന്റെ കണക്കു നോക്കാൻ മഹാപുരോഹിതനായ ഹില്‌ക്കീയായോട് ആവശ്യപ്പെടുക. 5അയാൾ അത് ആലയത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്യിക്കുന്ന മേൽവിചാരകരുടെ കൈയിൽ ഏല്പിക്കണം. 6അവർ അതു സർവേശ്വരന്റെ ആലയത്തിൽ അറ്റകുറ്റപ്പണി ചെയ്യുന്ന തച്ചന്മാർ, ശില്പികൾ, കല്പണിക്കാർ എന്നിവർക്ക് കൊടുക്കുന്നതിനും പണിക്കാവശ്യമായ മരവും ചെത്തിയൊരുക്കിയ കല്ലും വാങ്ങുന്നതിനുമായി വിനിയോഗിക്കണം. 7പണിയുടെ ചുമതല വഹിക്കുന്നവർ വിശ്വസ്തരായതുകൊണ്ട് അവരോട് കണക്കു ചോദിക്കേണ്ടാ.” 8നിയമപുസ്‍തകം സർവേശ്വരമന്ദിരത്തിൽനിന്നും കണ്ടുകിട്ടിയ വിവരം ഹില്‌ക്കീയാ മഹാപുരോഹിതന്റെ കാര്യസ്ഥനായ ശാഫാനോടു പറഞ്ഞു. ഹില്‌ക്കീയാ ആ പുസ്‍തകം ശാഫാന്റെ കൈയിൽ കൊടുത്തു. അയാൾ അതു വാങ്ങി വായിച്ചു. 9ശാഫാൻ രാജാവിന്റെ അടുക്കൽ ചെന്നു പറഞ്ഞു: “അങ്ങയുടെ ഭൃത്യന്മാർ ആലയത്തിലുണ്ടായിരുന്ന പണം മുഴുവൻ ദേവാലയത്തിലെ പണികളുടെ മേൽനോട്ടം വഹിക്കുന്നവരെ ഏല്പിച്ചു.” 10ഹില്‌ക്കീയാപുരോഹിതൻ ഒരു പുസ്‍തകം എന്റെ കൈയിൽ തന്നു എന്നും ശാഫാൻ രാജാവിനെ അറിയിച്ചു. അയാൾ അതു രാജാവിനെ വായിച്ചു കേൾപ്പിച്ചു. 11ഗ്രന്ഥം വായിച്ചു കേട്ടപ്പോൾ, രാജാവു വസ്ത്രം കീറി. 12ഉടനെ രാജാവ് ഹില്‌ക്കീയാപുരോഹിതനോടും ശാഫാന്റെ പുത്രൻ അഹീക്കാം, മീഖായായുടെ പുത്രൻ അക്ബോർ, കാര്യസ്ഥൻ ശാഫാൻ, രാജഭൃത്യൻ അസായാ എന്നിവരോടും കല്പിച്ചു: 13“നിങ്ങൾ പോയി ഇപ്പോൾ കണ്ടുകിട്ടിയിരിക്കുന്ന ഗ്രന്ഥത്തിലെ വാക്യങ്ങൾ സംബന്ധിച്ച്, എനിക്കും ജനത്തിനും സകല യെഹൂദ്യർക്കുംവേണ്ടി സർവേശ്വരനോട് അരുളപ്പാടു ചോദിക്കുക. നമ്മൾ ചെയ്യണമെന്ന് ഈ ഗ്രന്ഥത്തിൽ ആവശ്യപ്പെട്ടിട്ടുള്ള കാര്യങ്ങൾ നമ്മുടെ പിതാക്കന്മാർ അനുസരിക്കാതിരുന്നതുകൊണ്ട് സർവേശ്വരന്റെ ഉഗ്രകോപം നമ്മുടെമേൽ ജ്വലിച്ചിരിക്കുന്നു.” 14ഹില്‌ക്കീയാപുരോഹിതനും അഹീക്കാം, അക്ബോർ, ശാഫാൻ, അസായാ എന്നിവരും അർഹസിന്റെ പൗത്രനും തിക്വയുടെ പുത്രനും രാജവസ്ത്ര സൂക്ഷിപ്പുകാരനുമായ ശല്ലൂമിന്റെ ഭാര്യ ഹുൽദാപ്രവാചകിയുടെ അടുക്കൽ ചെന്നു സംസാരിച്ചു. പ്രവാചകി യെരൂശലേമിന്റെ പുതിയ ഭാഗത്താണു പാർത്തിരുന്നത്. 15പ്രവാചകി അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളെ എന്റെ അടുക്കൽ അയച്ചവനോടു പറയുക. 16യെഹൂദാരാജാവു വായിച്ചുകേട്ട പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ, യെരൂശലേം പട്ടണത്തെയും അതിലെ നിവാസികളെയും ഞാൻ നശിപ്പിക്കാൻ പോകുകയാണ്. 17അവർ എന്നെ ഉപേക്ഷിച്ച് അന്യദേവന്മാർക്കു ധൂപം അർപ്പിച്ചു; തങ്ങളുടെ സകല പ്രവൃത്തികളാലും അവരെന്നെ പ്രകോപിപ്പിച്ചു. അതുകൊണ്ട് എന്റെ കോപം ഈ സ്ഥലത്തിനുനേരെ ജ്വലിക്കും; അതു ശമിക്കയില്ല. 18സർവേശ്വരന്റെ അരുളപ്പാട് ചോദിക്കാൻ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു പറയുക; അങ്ങു വായിച്ചു കേട്ട വാക്യങ്ങളെപ്പറ്റി ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: 19ഈ സ്ഥലത്തിനെതിരായുള്ള എന്റെ അരുളപ്പാട് കേട്ടപ്പോൾ നീ പശ്ചാത്തപിക്കുകയും എന്റെ മുമ്പിൽ നീ വിനീതനാവുകയും ചെയ്തു. യെരൂശലേമിനെയും അതിലെ നിവാസികളെയും ഞാൻ ശൂന്യവും ശാപവുമാക്കുമെന്നു പറഞ്ഞപ്പോൾ നീ വസ്ത്രം കീറി എന്റെ മുമ്പിൽനിന്നു കരഞ്ഞു. അതുകൊണ്ട് ഞാൻ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. 20നീ സമാധാനത്തോടെ മരിച്ച് നിന്റെ പിതാക്കന്മാരുടെ കല്ലറയിൽ സംസ്കരിക്കപ്പെടും. ഞാൻ ഈ സ്ഥലത്തു വരുത്തുമെന്നു പറഞ്ഞ അനർഥമൊന്നും നീ കാണുകയില്ല.” അവർ മടങ്ങിവന്നു രാജാവിനെ ഈ വിവരം അറിയിച്ചു.
Currently Selected:
2 LALTE 22: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.