2 LALTE 21
21
മനശ്ശെ
(2 ദിന. 33:1-20)
1മനശ്ശെ ഭരണമാരംഭിച്ചപ്പോൾ അദ്ദേഹത്തിനു പന്ത്രണ്ടു വയസ്സായിരുന്നു. അദ്ദേഹം യെരൂശലേമിൽ അമ്പത്തഞ്ചുവർഷം ഭരിച്ചു. ഹെഫ്സീബാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്. 2സർവേശ്വരൻ ഇസ്രായേൽജനത്തിന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞിരുന്ന ജനതകളുടെ മ്ലേച്ഛമായ ആചാരങ്ങൾ അനുഷ്ഠിച്ച് അവിടുത്തെ മുമ്പിൽ അദ്ദേഹം തിന്മ പ്രവർത്തിച്ചു. 3തന്റെ പിതാവായ ഹിസ്ക്കീയാ നശിപ്പിച്ച പൂജാഗിരികൾ അദ്ദേഹം വീണ്ടും പണിതു. ഇസ്രായേൽരാജാവായ ആഹാബ് ചെയ്തതുപോലെ ബാലിനു ബലിപീഠങ്ങൾ നിർമ്മിക്കുകയും അശേരാപ്രതിഷ്ഠകൾ സ്ഥാപിക്കുകയും ചെയ്തു. വാനഗോളങ്ങളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. 4ഞാൻ എന്റെ നാമം യെരൂശലേമിൽ സ്ഥാപിക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്തിരുന്ന അവിടുത്തെ ആലയത്തിൽ അദ്ദേഹം ബലിപീഠങ്ങൾ പണിതു. 5സർവേശ്വരന്റെ ആലയത്തിലെ രണ്ട് അങ്കണങ്ങളിലും വാനഗോളങ്ങൾക്കു ബലിപീഠങ്ങൾ ഉണ്ടാക്കി. 6അദ്ദേഹം സ്വന്തപുത്രനെ അവിടെ ബലിയായി അഗ്നിയിൽ ഹോമിച്ചു. അദ്ദേഹം ശകുനം നോക്കുകയും ലക്ഷണം പറയിക്കുകയും മന്ത്രവാദവും ആഭിചാരവും നടത്തുന്നവരെ നിയമിക്കുകയും ചെയ്തു. അങ്ങനെ തിന്മ പ്രവർത്തിച്ച് സർവേശ്വരനെ പ്രകോപിപ്പിച്ചു. 7താൻ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠ അദ്ദേഹം സർവേശ്വരന്റെ ആലയത്തിൽ സ്ഥാപിച്ചു. ഈ ആലയത്തെക്കുറിച്ച് അവിടുന്നു ദാവീദിനോടും അദ്ദേഹത്തിന്റെ പുത്രനായ ശലോമോനോടും ഇങ്ങനെ അരുളിച്ചെയ്തിരുന്നു: “ഞാൻ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിൽനിന്നുമായി തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഈ ആലയത്തിലും എന്റെ നാമം എന്നേക്കുമായി സ്ഥാപിക്കും. 8ഞാൻ ഇസ്രായേലിനു നല്‌കിയിരുന്ന കല്പനകളും എന്റെ ദാസനായ മോശ അവർക്കു നല്‌കിയിരുന്ന നിയമങ്ങളും അവർ ശ്രദ്ധാപൂർവം അനുഷ്ഠിച്ചാൽ അവർക്കു നല്‌കിയ ദേശം വിട്ട് അവർ വീണ്ടും അലഞ്ഞു തിരിയാൻ ഞാൻ ഇടവരുത്തുകയില്ല.” 9എന്നാൽ ആ കല്പനകൾ അവർ കേട്ടനുസരിച്ചില്ല; ഇസ്രായേൽജനത്തിന്റെ മുമ്പിൽനിന്നു സർവേശ്വരൻ നീക്കിക്കളഞ്ഞ ജനതകൾ ചെയ്തതിനെക്കാൾ കൂടുതൽ തിന്മ പ്രവർത്തിക്കാൻ മനശ്ശെ അവരെ പ്രേരിപ്പിച്ചു. 10തന്റെ ദാസന്മാരായ പ്രവാചകരിലൂടെ സർവേശ്വരൻ അരുളിച്ചെയ്തു: 11“യെഹൂദാരാജാവായ മനശ്ശെ ഈ മ്ലേച്ഛതകൾ പ്രവർത്തിച്ചിരിക്കുന്നു. അമോര്യർ ചെയ്തതിലും അധികം തിന്മകൾ പ്രവർത്തിക്കുകയും യെഹൂദ്യയെക്കൊണ്ടു വിഗ്രഹാരാധന നടത്തിക്കുകയും ചെയ്തിരിക്കുന്നു. 12അതുകൊണ്ട് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഞാൻ യെരൂശലേമിന്റെയും യെഹൂദായുടെയും മേൽ അനർഥം വരുത്തും; അതു കേൾക്കുന്നവന്റെ ചെവി തരിച്ചുപോകും. 13ശമര്യയെ അളക്കുന്നതിന് ഉപയോഗിച്ച അളവുനൂലുകൊണ്ടും ആഹാബ്ഗൃഹത്തെ അളന്ന തൂക്കുകട്ടകൊണ്ടും ഞാൻ യെരൂശലേമിനെ അളക്കും. തുടച്ചു വൃത്തിയാക്കി കമഴ്ത്തിവച്ചിരിക്കുന്ന പാത്രംപോലെ യെരൂശലേമിനെ ഞാൻ ശൂന്യമാക്കും. 14ഞാൻ എന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്നവരെ ഉപേക്ഷിച്ചു ശത്രുക്കളുടെ കൈയിൽ ഏല്പിച്ചു കൊടുക്കും; ശത്രുക്കൾക്ക് അവർ ഇരയും കൊള്ളമുതലും ആയിത്തീരും. 15ഈജിപ്തിൽനിന്നു പുറപ്പെട്ട ദിവസംമുതൽ ഇന്നുവരെയും അവർ എനിക്ക് അനിഷ്ടമായവിധം പ്രവർത്തിച്ച് എന്നെ പ്രകോപിപ്പിച്ചുവല്ലോ.” 16മനശ്ശെ യെഹൂദയെക്കൊണ്ട് പാപം ചെയ്യിച്ച് സർവേശ്വരനു ഹിതകരമല്ലാത്തവിധം പ്രവർത്തിച്ചതുകൂടാതെ യെരൂശലേമിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ നിരവധി നിഷ്കളങ്കരുടെ രക്തം ചിന്തുകയും ചെയ്തു. 17മനശ്ശെയുടെ മറ്റു പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ പാപപ്രവൃത്തികളും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 18മനശ്ശെ മരിച്ചു; പിതാക്കന്മാരോടു ചേർന്നു. കൊട്ടാരത്തിലെ ഉദ്യാനത്തിൽ-ഉസ്സയുടെ തോട്ടത്തിൽ-അദ്ദേഹത്തെ സംസ്കരിച്ചു. പിന്നീട് അദ്ദേഹത്തിന്റെ പുത്രൻ ആമോൻ രാജാവായി.
ആമോൻ
(2 ദിന. 33:21-25)
19രാജാവായപ്പോൾ ആമോന് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം യെരൂശലേമിൽ രണ്ടു വർഷം ഭരിച്ചു; യൊത്ബക്കാരൻ ഹാരൂസിന്റെ പുത്രി മെശുല്ലേമെത്ത് ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്. 20തന്റെ പിതാവായ മനശ്ശെയെപ്പോലെ സർവേശ്വരന് അഹിതകരമായവിധം അദ്ദേഹം ജീവിച്ചു. 21പിതാവു നടന്ന വഴിയെ അദ്ദേഹവും നടന്നു. പിതാവ് ആരാധിച്ച വിഗ്രഹങ്ങളെ അദ്ദേഹവും ആരാധിച്ചു. 22തന്റെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വനെ അയാൾ ഉപേക്ഷിച്ചു; അവിടുത്തെ വഴിയിൽ അയാൾ നടന്നില്ല. 23രാജസേവകന്മാർ അയാൾക്കെതിരെ ഗൂഢാലോചന നടത്തി കൊട്ടാരത്തിൽവച്ചുതന്നെ അയാളെ വധിച്ചു. 24യെഹൂദ്യയിലെ ജനം ആമോനെതിരെ ഗൂഢാലോചന നടത്തിയവരെയെല്ലാം വധിച്ചു; അയാളുടെ പുത്രൻ യോശീയായെ രാജാവാക്കുകയും ചെയ്തു. 25ആമോന്റെ മറ്റു പ്രവർത്തനങ്ങളെല്ലാം യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 26ഉസ്സയുടെ ഉദ്യാനത്തിലെ കല്ലറയിൽ അയാളെ സംസ്കരിച്ചു; പുത്രൻ യോശീയാ പകരം രാജാവായി.
Currently Selected:
2 LALTE 21: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.