YouVersion Logo
Search Icon

2 KORINTH 8

8
ഉദാരമായ ദാനം
1സഹോദരരേ, മാസിഡോണിയയിലെ സഭകളിൽ ദൈവം അവിടുത്തെ കൃപമൂലം സാധിച്ച കാര്യങ്ങൾ നിങ്ങൾ അറിയണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. 2അവരുടെ ക്ലേശങ്ങളും ദാരിദ്ര്യവും കഠിനതരമായിരുന്നെങ്കിലും ഉദാരമായി ദാനം ചെയ്യുന്നതിൽ അവർ അത്യന്തം സന്തോഷിച്ചു. 3തങ്ങൾക്കു കഴിവുള്ളിടത്തോളം എന്നല്ല, കഴിവിനപ്പുറംതന്നെ അവർ ദാനം ചെയ്തു എന്ന് ഉറപ്പിച്ചുപറയാം. 4യെഹൂദ്യയിലെ ദൈവജനത്തെ സഹായിക്കുന്ന സേവനത്തിൽ പങ്കുകൊള്ളുക എന്ന പദവിക്കുവേണ്ടി അവർ ഞങ്ങളോടു വാദിക്കുകയും അപേക്ഷിക്കുകയും ചെയ്തു. 5ഇത് ഞങ്ങൾ പ്രതീക്ഷിച്ചതിൽ അപ്പുറമായിരുന്നു. ഒന്നാമത് അവർ തങ്ങളെത്തന്നെ കർത്താവിനു സമർപ്പിച്ചു; പിന്നീട് അവർ ദൈവഹിതപ്രകാരം തങ്ങളെ ഞങ്ങൾക്കും സമർപ്പിച്ചു. 6തീത്തോസും നിങ്ങളുടെ ഇടയിൽ നേരത്തെ സമാരംഭിച്ച ഈ ഉദാരമായ സേവനം തുടർന്നു പൂർത്തീകരിക്കുന്നതിൽ നിങ്ങളെ സഹായിക്കുവാൻ അയാളോടുതന്നെ ഞങ്ങൾ അഭ്യർഥിച്ചു. 7വിശ്വാസം, പ്രഭാഷണം, പരിജ്ഞാനം, സഹായിക്കുവാനുളള വ്യഗ്രത, #8:7 ‘ഞങ്ങളോടുള്ള സ്നേഹം’- ചില കൈയെഴുത്തു പ്രതികളിൽ ‘ഞങ്ങൾക്കു നിങ്ങളോടുള്ള സ്നേഹം’ എന്നാണ്.ഞങ്ങളോടുള്ള സ്നേഹം എന്നിവയിലെല്ലാം നിങ്ങൾ സമ്പന്നരാകുന്നു. 8അതുകൊണ്ട് ഈ കൃപാശുശ്രൂഷയിലും നിങ്ങൾ മികച്ചുനില്‌ക്കുക.
ഇതൊരു കല്പനയല്ല; സഹായിക്കുന്ന കാര്യത്തിൽ മറ്റുള്ളവർ എത്രമാത്രം ഉത്സുകരാണെന്ന് എടുത്തു കാണിച്ച്, നിങ്ങളുടെ സ്നേഹവും എത്രകണ്ട് യഥാർഥമാണെന്നു മനസ്സിലാക്കുവാൻ ഞാൻ ശ്രമിക്കുകയാണ്. 9നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾക്ക് അറിവുള്ളതാണല്ലോ; തന്റെ ദാരിദ്ര്യം മുഖേന നിങ്ങൾ സമ്പന്നരാകുന്നതിനുവേണ്ടി, സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി അവിടുന്നു സ്വയം ദരിദ്രനായിത്തീർന്നു.
10കഴിഞ്ഞ വർഷം നിങ്ങൾ ആരംഭിച്ച കാര്യം ഇപ്പോൾ പൂർത്തിയാക്കുന്നത് ഉത്തമമായിരിക്കുമെന്നത്രേ എന്റെ അഭിപ്രായം. ഈ സേവനത്തിൽ പ്രയത്നിക്കുവാനും തീരുമാനം ചെയ്യുവാനും മറ്റുള്ളവരെക്കാൾ മുമ്പു നിങ്ങൾ തുടങ്ങിയതാണ്. 11നേരത്തെ ആസൂത്രണം ചെയ്തിരുന്ന പദ്ധതിയനുസരിച്ച്, അതു പൂർത്തിയാക്കുവാൻ ഇപ്പോൾ നിങ്ങൾ കഴിവനുസരിച്ചു പ്രവർത്തിക്കുക. ആരംഭിക്കുവാൻ നിങ്ങൾ കാണിച്ച ഉത്സാഹം അതു പൂർത്തിയാക്കുന്നതിലും ഉണ്ടായിരിക്കട്ടെ. 12കഴിവനുസരിച്ച് കൊടുക്കുവാൻ നിങ്ങൾക്കു താത്പര്യമുണ്ടെങ്കിൽ ദൈവം നിങ്ങളുടെ ദാനം കൈക്കൊള്ളും. നിങ്ങൾക്ക് ഇല്ലാത്തത് നിങ്ങൾ കൊടുക്കേണ്ടതില്ല.
13-14നിങ്ങളുടെമേൽ ഒരു ഭാരം കെട്ടിവച്ചിട്ടു മറ്റുള്ളവരെ ഒഴിവാക്കുവാനല്ല ഞാൻ ശ്രമിക്കുന്നത്; പിന്നെയോ, ഇപ്പോൾ നിങ്ങൾ സുഭിക്ഷതയിലിരിക്കുന്നതുകൊണ്ട് ദുർഭിക്ഷതയിലിരിക്കുന്നവരെ സഹായിക്കേണ്ടത് ന്യായമാകുന്നു. അങ്ങനെ ചെയ്താൽ, നിങ്ങൾ ദുർഭിക്ഷതയിലാകുകയും അവർ സുഭിക്ഷതയിലിരിക്കുകയും ചെയ്യുമ്പോൾ അവർ നിങ്ങളെ സഹായിക്കും. ഇങ്ങനെ തുല്യനില പാലിക്കാം. 15വേദഗ്രന്ഥത്തിൽ പറയുന്നതുപോലെ ‘അധികം സമ്പാദിച്ചവന് അധികം ഉണ്ടായില്ല, കുറച്ചു സമ്പാദിച്ചവനു കുറവും ഉണ്ടായില്ല.’
തീത്തോസും സഹകാരികളും
16നിങ്ങളെ സഹായിക്കുന്നതിൽ ഞങ്ങളെപ്പോലെതന്നെ തീത്തോസിനെയും തത്പരനാക്കിയ ദൈവത്തിനു സ്തോത്രം! 17ഞങ്ങളുടെ അപേക്ഷ അയാൾ സ്വീകരിക്കുക മാത്രമല്ല, നിങ്ങളെ സഹായിക്കുന്നതിനുള്ള അത്യുത്സാഹംകൊണ്ട് അയാൾ സ്വമനസ്സാലേ അങ്ങോട്ടു പുറപ്പെടുവാൻ നിശ്ചയിക്കുകയും ചെയ്തു. 18സുവിശേഷം പ്രസംഗിക്കുന്നതിൽ എല്ലാ സഭകളും ബഹുമാനിക്കുന്ന ഒരു സഹോദരനെക്കൂടി തീത്തോസിന്റെകൂടെ ഞങ്ങൾ അയയ്‍ക്കുന്നു. 19സഹായിക്കുന്നതിനുള്ള നമ്മുടെ സന്നദ്ധത വെളിപ്പെടുത്തുന്ന സ്നേഹത്തിന്റെ ശുശ്രൂഷ കർത്താവിന്റെ മഹത്ത്വത്തിനായി നിർവഹിക്കുവാൻ ഞങ്ങളോടുകൂടി സഞ്ചരിക്കുന്നതിന്, സഭകൾ അയാളെ നിയോഗിച്ചിരിക്കുന്നു.
20ഉദാരമായ ഈ സംഭാവന കൈകാര്യം ചെയ്യുന്നതിൽ ഞങ്ങൾക്കെതിരെ പരാതി ഉണ്ടാകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. 21കർത്താവിന്റെ മുമ്പിൽ മാത്രമല്ല, മനുഷ്യന്റെ മുമ്പിലും മാന്യമായതു ചെയ്യണമെന്നാണു ഞങ്ങളുടെ ഉദ്ദേശ്യം.
22അതുകൊണ്ട് ഞങ്ങളുടെ സഹോദരനെ അവരോടുകൂടി അയയ്‍ക്കുന്നു; അയാൾ വളരെയധികം ഉത്സാഹമുള്ളവനാണെന്നു പലപ്പോഴും പലവിധ പരീക്ഷണങ്ങളിലും തെളിഞ്ഞിട്ടുണ്ട്. നിങ്ങളിൽ അയാൾക്ക് ഉറപ്പുള്ളതുകൊണ്ട് ഇക്കാര്യത്തിൽ അയാൾ അത്യുത്സാഹിയാണ്. 23തീത്തോസിനെക്കുറിച്ചു പറഞ്ഞാൽ, നിങ്ങളുടെ ഇടയിലെ സേവനത്തിൽ എന്റെകൂടെ പ്രവർത്തിച്ച എന്റെ സഹകാരിയാണ് അയാൾ; അയാളുടെകൂടെ വരുന്ന രണ്ടു സഹോദരന്മാരാകട്ടെ, സഭകളെ പ്രതിനിധാനം ചെയ്യുന്നവരും ക്രിസ്തുവിനു മഹത്ത്വം കൈവരുത്തുന്നവരുമാകുന്നു. 24നിങ്ങളെ സംബന്ധിച്ചുള്ള ഞങ്ങളുടെ പ്രശംസ ശരിയാണെന്ന് എല്ലാ സഭകൾക്കും ബോധ്യമാകത്തക്കവണ്ണം അവരോടു സ്നേഹപൂർവം നിങ്ങൾ വർത്തിക്കണം.

Currently Selected:

2 KORINTH 8: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for 2 KORINTH 8