YouVersion Logo
Search Icon

2 KORINTH 5

5
1ഞങ്ങൾ വസിക്കുന്ന കൂടാരമാകുന്ന ഈ ഭൗമികശരീരം പൊളിഞ്ഞുപോകുമ്പോൾ, ഞങ്ങൾക്കു വസിക്കുന്നതിന് സ്വർഗത്തിൽ ഒരു ഭവനം ദൈവം നല്‌കും. മനുഷ്യകരങ്ങളല്ല, ദൈവംതന്നെ നിർമിച്ച ആ വാസസ്ഥലം അനശ്വരമാകുന്നു. 2ഇപ്പോഴത്തെ ഈ ശരീരത്തിൽ ഞങ്ങൾ ഞരങ്ങിക്കൊണ്ടിരിക്കുന്നു; സ്വർഗീയമായ പാർപ്പിടം ധരിക്കുവാൻ ഞങ്ങൾ അഭിവാഞ്ഛിക്കുന്നു. 3അതു ധരിക്കുമ്പോൾ ഞങ്ങൾ ശരീരം ഇല്ലാത്തവരായിരിക്കുകയില്ല. 4ഭൗമികമായ ഈ കൂടാരത്തിൽ വസിക്കുമ്പോൾ ഞങ്ങൾ ഭാരപ്പെട്ടു ഞരങ്ങുന്നു; ഈ ശരീരം ഇല്ലാതിരിക്കുവാനല്ല, ഇതിനുമീതെ സ്വർഗീയമായത് ധരിക്കുവാനത്രേ ഞങ്ങൾ ആഗ്രഹിക്കുന്നത്; അങ്ങനെ ഈ മർത്യശരീരം ജീവനുള്ള ശരീരമായി രൂപാന്തരപ്പെടും. 5ഈ പരിവർത്തനത്തിനു ഞങ്ങളെ സജ്ജരാക്കുന്നതു ദൈവമാകുന്നു. നമുക്കുവേണ്ടി അവിടുന്നു സംഭരിച്ചുവച്ചിട്ടുള്ള എല്ലാറ്റിന്റെയും ഉറപ്പിനായി തന്റെ ആത്മാവിനെ അവിടുന്നു ഞങ്ങൾക്കു നല്‌കുകയും ചെയ്തു.
6അതുകൊണ്ട് ഞങ്ങൾക്ക് എപ്പോഴും ധൈര്യമുണ്ട്. ഞങ്ങൾ ഈ ശരീരത്തിൽ വസിക്കുമ്പോൾ കർത്താവിൽനിന്നു വിദൂരസ്ഥരാണെന്നു ഞങ്ങൾ അറിയുന്നു. 7ബാഹ്യദൃഷ്‍ടികൊണ്ടുള്ള കാഴ്ചയാലല്ല, വിശ്വാസത്താലത്രേ ഞങ്ങൾ ജീവിക്കുന്നത്. 8ഈ ശരീരം വിട്ട് കർത്താവിനോടുകൂടി വസിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതുകൊണ്ട് ഞങ്ങൾക്കു തികഞ്ഞ ധൈര്യമുണ്ട്. 9എല്ലാറ്റിലുമുപരി ഞങ്ങൾ ഇവിടെയോ, അവിടെയോ എവിടെയായിരുന്നാലും കർത്താവിന് ഹിതകരമായി ജീവിക്കുവാൻ അഭിവാഞ്ഛിക്കുന്നു. 10നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനുമുമ്പിൽ നില്‌ക്കേണ്ടിവരും. ഓരോരുത്തനും ശരീരത്തിലിരിക്കുമ്പോൾ ചെയ്തത് നന്മയായാലും തിന്മയായാലും അതിന് അവനവൻ അർഹിക്കുന്ന പ്രതിഫലം ലഭിക്കും.
ക്രിസ്തു മുഖേന ദൈവത്തോടുള്ള അനുരഞ്ജനം
11കർത്താവിനോടുള്ള ഭയഭക്തി എന്തെന്നു ഞങ്ങൾക്ക് അറിയാം. അതുകൊണ്ടു ഞങ്ങൾ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു. ദൈവം ഞങ്ങളെ പൂർണമായി അറിയുന്നു. അതുപോലെതന്നെ നിങ്ങളുടെ മനസ്സാക്ഷിക്കും അത് അറിയാമെന്നു ഞാൻ കരുതുന്നു. 12ഞങ്ങൾ വീണ്ടും നിങ്ങളുടെ മുമ്പിൽ ഞങ്ങളെത്തന്നെ ശ്ലാഘിക്കുവാൻ ശ്രമിക്കുകയല്ല; പ്രത്യുത നിങ്ങൾക്കു ഞങ്ങളെക്കുറിച്ച് അഭിമാനം കൊള്ളുന്നതിനു മതിയായ കാരണമുണ്ടാകുവാൻ വേണ്ടിയാണു ശ്രമിക്കുന്നത്. തന്മൂലം യഥാർഥസ്വഭാവം നോക്കാതെ മുഖം നോക്കി പ്രശംസിക്കുന്നവർക്കു മറുപടി പറയുവാൻ നിങ്ങൾ പ്രാപ്തരാകും. 13ഞങ്ങൾ സുബോധമില്ലാത്തവരാണോ? എങ്കിൽ അതു ദൈവത്തിനുവേണ്ടിയാകുന്നു; ഞങ്ങൾ സുബോധമുള്ളവരാണെങ്കിൽ അതു നിങ്ങൾക്കുവേണ്ടിയത്രേ. 14ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ ഭരിക്കുന്നു; എല്ലാവർക്കുംവേണ്ടിയാണ് ഒരാൾ മരിച്ചത് എന്നും അതുകൊണ്ട് എല്ലാവരും അവിടുത്തെ മരണത്തിൽ പങ്കാളികളാകുന്നു എന്നും ഞങ്ങൾക്കു ബോധ്യമായിരിക്കുന്നു. 15അവിടുന്ന് എല്ലാവർക്കുംവേണ്ടി മരിച്ചു. അതുകൊണ്ട് ഇനി ജീവിക്കുന്നവർ തങ്ങൾക്കുവേണ്ടിയല്ല, തങ്ങൾക്കുവേണ്ടി മരിച്ച് ഉയിർത്തെഴുന്നേറ്റ കർത്താവിനുവേണ്ടിയാണു ജീവിക്കേണ്ടത്.
16അതിനാൽ ഞങ്ങൾ ഇനി മാനുഷികമായ കാഴ്ചപ്പാടിൽ ആരെയും വിധിക്കുന്നില്ല. മാനുഷികമായ കാഴ്ചപ്പാട് അനുസരിച്ച് ഞങ്ങൾ ഒരിക്കൽ ക്രിസ്തുവിനെ മനസ്സിലാക്കിയിരുന്നു. 17എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ഒരുവൻ ക്രിസ്തുവിനോട് ഏകീഭവിച്ചാൽ അവൻ പുതിയ സൃഷ്‍ടിയാകുന്നു; പഴയത് പോകുകയും പുതിയതു വരികയും ചെയ്തിരിക്കുന്നു. 18ശത്രുക്കളായിരുന്ന നമ്മെ ക്രിസ്തുവിൽക്കൂടി തന്റെ മിത്രങ്ങളായി രൂപാന്തരപ്പെടുത്തുകയും ആ രഞ്ജിപ്പിക്കലിന്റെ ശുശ്രൂഷ നമുക്കു നല്‌കുകയും ചെയ്ത ദൈവമാണ് ഇവയെല്ലാം ചെയ്യുന്നത്. 19ദൈവം ക്രിസ്തുവിലായിരുന്നു. അവിടുന്നു ക്രിസ്തുവിലൂടെ മനുഷ്യരാശിയെ ആകമാനം, അവരുടെ പാപങ്ങൾ കണക്കിലെടുക്കാതെ, തന്നോട് അനുരഞ്ജിപ്പിച്ചു. ഇതാണ് ഞങ്ങളെ ഏല്പിച്ചിരിക്കുന്ന സന്ദേശം.
20അതുകൊണ്ട് ക്രിസ്തുവിന്റെ സ്ഥാനപതികളായ ഞങ്ങളിൽകൂടി ദൈവം നിങ്ങളോട് അഭ്യർഥിക്കുന്നു. ദൈവത്തോടു നിങ്ങൾ രമ്യപ്പെടുക എന്നു ക്രിസ്തുവിനുവേണ്ടി ഞങ്ങൾ അപേക്ഷിക്കുന്നു. 21പാപരഹിതനായ ക്രിസ്തുവിനെ ദൈവം നമുക്കുവേണ്ടി പാപമാക്കിത്തീർത്തു. ക്രിസ്തുവിനോടുള്ള നമ്മുടെ സംയോജനത്താൽ ദൈവത്തിന്റെ നീതീകരണപ്രവൃത്തിക്കു നമ്മെ വിധേയരാക്കുവാനാണ് അപ്രകാരം ചെയ്തത്.

Currently Selected:

2 KORINTH 5: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in