YouVersion Logo
Search Icon

2 KORINTH 4

4
മൺപാത്രങ്ങളിലെ നിധി
1ദൈവം തന്റെ കരുണയാൽ ഈ ദൗത്യം ഞങ്ങളെ ഏല്പിച്ചിരിക്കുന്നു. അതിൽ ഞങ്ങൾ ഭഗ്നാശരാകുന്നില്ല. 2രഹസ്യവും ലജ്ജാകരവുമായ എല്ലാ പ്രവൃത്തികളും ഞങ്ങൾ ഉപേക്ഷിച്ചു; ഞങ്ങൾ വഞ്ചിക്കുകയോ ദൈവവചനത്തിൽ മായം ചേർക്കുകയോ ചെയ്യുന്നില്ല. സത്യത്തിന്റെ പൂർണവെളിച്ചത്തിൽ ദൈവസമക്ഷം ഞങ്ങൾ ജീവിക്കുകയും എല്ലാവരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു. 3ഞങ്ങൾ പ്രസംഗിക്കുന്ന സുവിശേഷം മറഞ്ഞിരിക്കുന്നെങ്കിൽ, അത് രക്ഷയുടെ അനുഭവത്തിലേക്കു വരാതെ നശിച്ചുകൊണ്ടിരിക്കുന്നവർക്കു മാത്രമാണ്. 4ദൈവത്തിന്റെ സാക്ഷാൽ പ്രതിരൂപമായ ക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷത്തിൽനിന്നു പുറപ്പെടുന്ന പ്രകാശം കാണാതിരിക്കത്തക്കവിധം അവിശ്വാസികളുടെ മനസ്സ് ഈ ലോകത്തിന്റെ ദൈവം അന്ധകാരമാക്കിയിരിക്കുന്നു. ഞങ്ങളെത്തന്നെയല്ല ഞങ്ങൾ പ്രസംഗിക്കുന്നത്; 5യേശുക്രിസ്തുവിനെ കർത്താവായും യേശുവിനെ പ്രതി ഞങ്ങളെ നിങ്ങളുടെ ദാസന്മാരായും വിളംബരം ചെയ്യുന്നു. 6‘അന്ധകാരത്തിൽനിന്നു പ്രകാശം ഉദിക്കും’ എന്ന് അരുൾചെയ്ത ദൈവം തന്നെയാണ്, ക്രിസ്തുവിന്റെ മുഖത്തു ശോഭിക്കുന്ന ദൈവതേജസ്സിന്റെ പരിജ്ഞാനം നമുക്കു നല്‌കുന്നതിന് അവിടുത്തെ വെളിച്ചം നമ്മുടെ ഹൃദയത്തിൽ പ്രകാശിപ്പിച്ചത്.
7എന്നിരുന്നാലും പരമാധികാരം ഞങ്ങൾക്കുള്ളതല്ല ദൈവത്തിനുള്ളതാണ് എന്നു വെളിപ്പെടുത്തുമാറ് ആധ്യാത്മികമായ ഈ നിധി കൈവശമുള്ള ഞങ്ങൾ കേവലം മൺപാത്രംപോലെയാകുന്നു. 8എല്ലാവിധത്തിലുമുള്ള ഉപദ്രവങ്ങൾ ഞങ്ങൾക്കുണ്ടാകുന്നുണ്ട്. എങ്കിലും വഴിമുട്ടിപ്പോകുന്നില്ല; ആശങ്കയുണ്ടാകുന്നെങ്കിലും ഒരിക്കലും ഭഗ്നാശരാകുന്നില്ല; 9ധാരാളം ശത്രുക്കളുണ്ടെങ്കിലും ഒരിക്കലും മിത്രങ്ങളാൽ പരിത്യക്തരാകുന്നില്ല. വല്ലാതെ പീഡിപ്പിക്കപ്പെട്ടുവെങ്കിലും ഉന്മൂലനം ചെയ്യപ്പെടുന്നില്ല. 10ഞങ്ങൾ മർത്യശരീരത്തിൽ യേശുവിന്റെ മരണം സദാ വഹിക്കുന്നു. അവിടുത്തെ ജീവനും ഞങ്ങളുടെ ശരീരത്തിൽ പ്രകാശിക്കണമല്ലോ. 11ഞങ്ങളുടെ മർത്യശരീരത്തിൽ യേശുവിന്റെ ജീവൻ പ്രത്യക്ഷമാകേണ്ടതിന് അവിടുത്തെപ്രതി എപ്പോഴും മരണകരമായ വിപത്തിൽ ഞങ്ങൾ ആയുഷ്കാലം മുഴുവൻ കഴിയുന്നു. 12ഞങ്ങളിൽ മരണവും നിങ്ങളിൽ ജീവനും പ്രവർത്തിക്കുന്നു എന്നത്രേ ഇതിന്റെ സാരം.
13‘ഞാൻ വിശ്വസിച്ചതുകൊണ്ടു സംസാരിച്ചു’ എന്നു വേദഗ്രന്ഥത്തിൽ പറയുന്നു. ഞങ്ങളും വിശ്വസിക്കുന്നതുകൊണ്ട് അതേ വിശ്വാസത്തിന്റെ ആത്മാവിൽ സംസാരിക്കുന്നു. 14കർത്താവായ യേശുവിനെ ഉയിർപ്പിച്ച ദൈവം, യേശുവിനോടുകൂടി ഞങ്ങളെയും ഉയിർപ്പിക്കുമെന്നും, നിങ്ങളോടൊപ്പം അവിടുത്തെ സന്നിധിയിൽ കൊണ്ടുവരുമെന്നും ഞങ്ങൾ അറിയുന്നു. ഇവയെല്ലാം നിങ്ങൾക്കുവേണ്ടിയാണു സംഭവിക്കുന്നത്. 15ദൈവകൃപ കൂടുതൽ കൂടുതൽ ആളുകൾക്കു ലഭിക്കുന്നതനുസരിച്ച് ദൈവത്തിന്റെ മഹത്ത്വം കൂടുതൽ പ്രകാശിതമാകുംവിധം അവർ സ്തോത്രം അർപ്പിക്കേണ്ടതാണല്ലോ.
വിശ്വാസത്താലുള്ള ജീവിതം
16ഇക്കാരണത്താൽ ഞങ്ങൾ ഒരിക്കലും അധൈര്യപ്പെടുന്നില്ല. ഞങ്ങളുടെ ബാഹ്യമനുഷ്യൻ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ആന്തരികമനുഷ്യൻ അനുദിനം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. 17അതുകൊണ്ട് ഞങ്ങൾ സഹിക്കുന്ന ലഘുവും താത്ക്കാലികവുമായ ക്ലേശം, അതിബൃഹത്തും അനശ്വരവുമായ മഹത്ത്വത്തിനുവേണ്ടി ഞങ്ങളെ സജ്ജരാക്കുന്നു. ക്ഷണനേരത്തേക്കുള്ള ഇപ്പോഴത്തെ ക്ലേശങ്ങൾ നിസ്സാരമാണ്. 18ഞങ്ങൾ ദൃശ്യമായ കാര്യങ്ങളിലല്ല, അദൃശ്യമായ കാര്യങ്ങളിലാണു ശ്രദ്ധ ഊന്നുന്നത്. കാണുന്നത് താത്ക്കാലികം; കാണാത്തതോ ശാശ്വതം.

Currently Selected:

2 KORINTH 4: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in