YouVersion Logo
Search Icon

2 CHRONICLE 13

13
അബീയായും യെരോബെയാമും
(1 രാജാ. 15:1-8)
1യെരോബെയാംരാജാവിന്റെ വാഴ്ചയുടെ പതിനെട്ടാം വർഷം അബീയാ യെഹൂദ്യയിൽ ഭരണമാരംഭിച്ചു. 2അദ്ദേഹം യെരൂശലേമിൽ മൂന്നു വർഷം ഭരിച്ചു. ഗിബെയായിലെ ഊരീയേലിന്റെ പുത്രി മീഖായാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്.
അബീയായും യെരോബെയാമും തമ്മിൽ യുദ്ധമുണ്ടായി. 3വീരപരാക്രമികളായ നാലുലക്ഷം ഭടന്മാർ അടങ്ങുന്ന സൈന്യവുമായി അബീയാ യുദ്ധത്തിനു പുറപ്പെട്ടു. അവർക്കെതിരെ എട്ടു ലക്ഷം യുദ്ധവീരന്മാരെ യെരോബെയാം അണിനിരത്തി. 4എഫ്രയീം മലമ്പ്രദേശത്തുള്ള സെമരായീം മലമുകളിൽനിന്നുകൊണ്ട് അബീയാ വിളിച്ചുപറഞ്ഞു: “യെരോബെയാമും സകല ഇസ്രായേൽജനവും കേൾക്കുക; 5ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അലംഘനീയമായ ഉടമ്പടിയിലൂടെ ഇസ്രായേലിലെ രാജത്വം ദാവീദിനും അദ്ദേഹത്തിന്റെ സന്തതികൾക്കും എന്നേക്കുമായി നല്‌കിയിരിക്കുന്നു എന്നു നിങ്ങൾക്കറിഞ്ഞുകൂടേ?” 6എന്നാൽ ദാവീദിന്റെ പുത്രനായ ശലോമോന്റെ ദാസനും നെബാത്തിന്റെ പുത്രനുമായ യെരോബെയാം തന്റെ യജമാനനെതിരെ മത്സരിച്ചു. 7നിസ്സാരന്മാരും അധമന്മാരുമായ ചിലർ അവന്റെ കൂടെ ചേർന്നു. അവർ രെഹബെയാമിനെതിരെ ശക്തി സംഭരിച്ചു. ശലോമോന്റെ പുത്രനായ രെഹബെയാം പക്വത പ്രാപിക്കാത്ത യുവാവായിരുന്നതുകൊണ്ട് അവരെ ചെറുത്തു നില്‌ക്കാൻ അയാൾക്കു കഴിഞ്ഞില്ല. 8ഇപ്പോൾ നിങ്ങൾക്കു സംഖ്യാബലം ഉണ്ട്. യെരോബെയാം നിർമ്മിച്ചുതന്ന പൊൻകാളക്കുട്ടികൾ ദൈവങ്ങളായും ഉണ്ട്. അതിനാൽ ദാവീദിന്റെ സന്തതികൾക്ക് നല്‌കിയിരിക്കുന്ന രാജത്വത്തോട് എതിർത്തു നില്‌ക്കാമെന്നു നിങ്ങൾ വിചാരിക്കുന്നുവോ? 9സർവേശ്വരന്റെ പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാരെയും ലേവ്യരെയും പുറന്തള്ളിയ ശേഷം മറ്റു ജനതകളെപ്പോലെ സ്വന്തം പുരോഹിതന്മാരെ നിങ്ങൾ നിയമിച്ചില്ലേ? സ്വയം പ്രതിഷ്ഠിക്കാൻ ഒരു കാളക്കുട്ടിയെയോ ഏഴു മുട്ടാടുകളെയോ കൊണ്ടുവരുന്ന ഏതൊരുവനും ദൈവങ്ങളല്ലാത്തവയ്‍ക്ക് പുരോഹിതനായിത്തീരുന്നു. 10എന്നാൽ സർവേശ്വരൻ തന്നെയാണ് ഞങ്ങളുടെ ദൈവം; ഞങ്ങൾ അവിടുത്തെ ഉപേക്ഷിച്ചിട്ടില്ല. അവിടുത്തെ ശുശ്രൂഷ ചെയ്യുന്നതിന് അഹരോന്റെ പുത്രന്മാർ പുരോഹിതന്മാരായി ഞങ്ങൾക്കുണ്ട്; അവരെ സഹായിക്കാൻ ലേവ്യരുമുണ്ട്. 11അവർ എന്നും രാവിലെയും വൈകുന്നേരവും ഹോമയാഗങ്ങളും പരിമളധൂപവും അർപ്പിക്കുന്നു; ആചാരപരമായി ശുദ്ധിയുള്ള മേശയിൽ കാഴ്ചയപ്പം വയ്‍ക്കുന്നു. എല്ലാ ദിവസവും വൈകുന്നേരം സ്വർണവിളക്കുതണ്ടും വിളക്കുകളും വൃത്തിയാക്കി ദീപങ്ങൾ തെളിക്കുന്നു. ഇങ്ങനെ ഞങ്ങൾ ഞങ്ങളുടെ ദൈവമായ സർവേശ്വരന്റെ കല്പനകൾ പാലിക്കുന്നു. എന്നാൽ നിങ്ങളാകട്ടെ അവിടുത്തെ ഉപേക്ഷിച്ചിരിക്കുന്നു. 12ദൈവം തന്നെയാണു ഞങ്ങളുടെ നായകൻ; അവിടുത്തെ പുരോഹിതന്മാർ നിങ്ങൾക്കെതിരെ യുദ്ധകാഹളം മുഴക്കാൻ കാഹളങ്ങളുമായി ഞങ്ങളുടെ കൂടെയുണ്ട്. ഇസ്രായേല്യരേ, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരനോടു നിങ്ങൾ യുദ്ധം ചെയ്യരുത്; നിങ്ങൾ വിജയിക്കുകയില്ല.” 13എന്നാൽ അവരെ പുറകിൽനിന്ന് ആക്രമിക്കാൻ യെരോബെയാം പതിയിരുപ്പുകാരെ അയച്ചു; അങ്ങനെ അവർ മുമ്പിലും പതിയിരുപ്പുകാർ പിമ്പിലുമായി യെഹൂദ്യയെ വളഞ്ഞു. 14യെഹൂദ്യർ തിരിഞ്ഞു നോക്കിയപ്പോൾ മുമ്പിലും പിമ്പിലും പട; അവർ സർവേശ്വരനോടു നിലവിളിച്ചു; പുരോഹിതന്മാർ കാഹളം ഊതി. 15യെഹൂദാസൈന്യം ആർത്തുവിളിച്ചു. അപ്പോൾ യെരോബെയാമിനെയും കൂടെയുള്ള ഇസ്രായേൽസൈന്യത്തെയും അബീയായുടെയും യെഹൂദ്യരുടെയും മുമ്പിൽ ദൈവം പരാജയപ്പെടുത്തി. 16ഇസ്രായേല്യർ യെഹൂദ്യരുടെ മുമ്പിൽനിന്നു തോറ്റോടി; ദൈവം അവരെ യെഹൂദ്യരുടെ കൈകളിൽ ഏല്പിച്ചു. 17അബീയായും കൂടെയുള്ളവരും അവരുടെമേൽ ഒരു മഹാസംഹാരം നടത്തി. ഇസ്രായേലിലെ അഞ്ചുലക്ഷം വീരയോദ്ധാക്കൾ സംഹരിക്കപ്പെട്ടു. ഇസ്രായേൽ കീഴടങ്ങുകയും ചെയ്തു. 18യെഹൂദ്യരാകട്ടെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരനിൽ ആശ്രയിച്ചതുകൊണ്ട് വിജയം കൈവരിച്ചു. 19അബീയാ യെരോബെയാമിനെ പിന്തുടർന്നു. ബേഥേൽ, യെശാൻ, എഫ്രോൻ എന്നീ പട്ടണങ്ങളും അവയോടു ചേർന്ന ഗ്രാമങ്ങളും പിടിച്ചെടുത്തു. 20അബീയായുടെ കാലത്തു യെരോബെയാമിനു തന്റെ ശക്തി വീണ്ടെടുക്കാൻ കഴിഞ്ഞില്ല. സർവേശ്വരൻ അയാളെ ശിക്ഷിച്ചു. അയാൾ കൊല്ലപ്പെട്ടു. 21എന്നാൽ അബീയാ ശക്തിപ്രാപിച്ചു; അയാൾക്കു പതിന്നാലു ഭാര്യമാരും ഇരുപത്തിരണ്ടു പുത്രന്മാരും പതിനാറു പുത്രിമാരുമുണ്ടായിരുന്നു. 22അബീയായുടെ മറ്റു പ്രവർത്തനങ്ങളും ജീവിതരീതിയും വാക്കുകളുമെല്ലാം ഇദ്ദോപ്രവാചകന്റെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Currently Selected:

2 CHRONICLE 13: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in