1 TIMOTHEA 2
2
സഭയുടെ ആരാധ
1എല്ലാവർക്കുംവേണ്ടി ദൈവത്തോട് അപേക്ഷിക്കുകയും പ്രാർഥിക്കുകയും മധ്യസ്ഥത വഹിക്കുകയും കൃതജ്ഞത അർപ്പിക്കുകയും ചെയ്യണമെന്നാണ് എനിക്ക് ആദ്യമായി ഉദ്ബോധിപ്പിക്കുവാനുള്ളത്. 2എല്ലാവിധത്തിലും നാം ശാന്തവും സമാധാനപൂർണവും ഭക്തിനിരതവും മാന്യവുമായ ജീവിതം നയിക്കുവാൻ ഇടയാകുന്നതിന് രാജാക്കന്മാർക്കും ഉന്നതസ്ഥാനീയർക്കുംവേണ്ടി പ്രാർഥിക്കുക. 3നമ്മുടെ രക്ഷകനായ ദൈവത്തിന്റെ ദൃഷ്‍ടിയിൽ ഇത് ഉത്തമവും സ്വീകാര്യവും ആകുന്നു. 4എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു. 5എന്തെന്നാൽ ഒരു ദൈവമേ ഉള്ളൂ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനായിരിക്കുന്നവനും ഒരുവൻ മാത്രം; മനുഷ്യനായ ക്രിസ്തുയേശു തന്നെ. 6അവിടുന്ന് എല്ലാവർക്കുംവേണ്ടി മോചനദ്രവ്യമായി തന്നെത്തന്നെ സമർപ്പിച്ചു. എല്ലാവരും രക്ഷിക്കപ്പെടണമെന്നതാണ് ദൈവേഷ്ടം എന്ന് അതു തെളിയിക്കുന്നു. 7അതുകൊണ്ടാണ്, വിശ്വാസത്തിന്റെയും സത്യത്തിന്റെയും സന്ദേശം വിജാതീയരെ അറിയിക്കുന്നതിന്, പ്രസംഗകനും അപ്പോസ്തോലനും ഉപദേഷ്ടാവുമായി എന്നെ അയച്ചിരിക്കുന്നത്. ഞാൻ പറയുന്നതു സത്യമാണ്, വ്യാജമല്ല.
8കോപവും വാഗ്വാദവും കൂടാതെ എല്ലായിടത്തും പുരുഷന്മാർ തങ്ങളുടെ നിർമ്മലകരങ്ങൾ ഉയർത്തി പ്രാർഥിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. 9അതുപോലെതന്നെ ശാലീനവും മാന്യവുമായ വസ്ത്രധാരണംകൊണ്ട് സ്‍ത്രീകൾ തങ്ങളെ അലങ്കരിക്കണം. പിന്നിയ മുടി, പൊന്ന്, മുത്ത്, വിലയേറിയ വസ്ത്രം ഇവകൊണ്ടല്ല. 10ദൈവഭക്തിയുള്ള സ്‍ത്രീകൾക്കു യോജിച്ചവിധം സൽപ്രവൃത്തികൾ കൊണ്ടുതന്നെ അവർ അണിഞ്ഞൊരുങ്ങട്ടെ. 11സ്‍ത്രീകൾ വിനയപൂർവം ശാന്തമായിരുന്നു പഠിക്കണം. 12ഉപദേശിക്കുവാനോ, പുരുഷന്റെമേൽ അധികാരം നടത്തുവാനോ അവരെ ഞാൻ അനുവദിക്കുന്നില്ല. 13അവർ ശാന്തരായിരിക്കണം. എന്തെന്നാൽ ആദ്യം ആദാം സൃഷ്‍ടിക്കപ്പെട്ടു, പിന്നീട് ഹവ്വായും. 14ആദാം അല്ല വഞ്ചിക്കപ്പെട്ടത്, സ്‍ത്രീ വഞ്ചിക്കപ്പെടുകയും നിയമം ലംഘിക്കുകയും ചെയ്തു. 15എന്നാൽ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധിയിലും അടക്കമൊതുക്കത്തിലും ജീവിക്കുന്നപക്ഷം മാതൃത്വത്തിലൂടെ അവൾ സംരക്ഷിക്കപ്പെടും.
Currently Selected:
1 TIMOTHEA 2: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.