YouVersion Logo
Search Icon

1 SAMUELA 7

7
1കിര്യത്ത്-യെയാരീംനിവാസികൾ വന്നു പെട്ടകം എടുത്തു മലമുകളിൽ താമസിച്ചിരുന്ന അബീനാദാബിന്റെ ഭവനത്തിലേക്കു കൊണ്ടുപോയി. പെട്ടകം സൂക്ഷിക്കുന്നതിനു വേണ്ടി അബീനാദാബിന്റെ പുത്രനായ എലെയാസാറിനെ അവർ അഭിഷേകം ചെയ്തു.
ന്യായപാലകനായ ശമൂവേൽ
2സർവേശ്വരന്റെ പെട്ടകം വളരെക്കാലം, ഏകദേശം ഇരുപതു വർഷം, കിര്യത്ത്-യെയാരീമിൽ ആയിരുന്നു. ഇക്കാലമത്രയും ഇസ്രായേൽജനം സർവേശ്വരനെ വിളിച്ചു വിലപിച്ചുകൊണ്ടിരുന്നു.
3ശമൂവേൽ ഇസ്രായേൽജനത്തോടു പറഞ്ഞു: “നിങ്ങൾ പൂർണഹൃദയത്തോടെ സർവേശ്വരനിലേക്കു തിരിയുന്നു എങ്കിൽ അന്യദേവന്മാരെയും അസ്താരോത്ത്ദേവതകളെയും നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയണം; നിങ്ങളെ പൂർണമായി സർവേശ്വരനു സമർപ്പിച്ച് അവിടുത്തെ മാത്രം ആരാധിക്കുവിൻ; എന്നാൽ അവിടുന്നു നിങ്ങളെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിക്കും.” 4അങ്ങനെ ഇസ്രായേൽജനം ബാലിന്റെയും അസ്താരോത്തിന്റെയും വിഗ്രഹങ്ങൾ നീക്കി സർവേശ്വരനെ മാത്രം ആരാധിച്ചു. 5പിന്നീട് ശമൂവേൽ പറഞ്ഞു: “ഇസ്രായേൽജനമെല്ലാം മിസ്പായിൽ ഒന്നിച്ചുകൂടട്ടെ; ഞാൻ നിങ്ങൾക്കുവേണ്ടി സർവേശ്വരനോടു പ്രാർഥിക്കാം.”
6അവരെല്ലാം മിസ്പായിൽ ഒരുമിച്ചുകൂടി; അവർ വെള്ളം കോരി സർവേശ്വരന്റെ സന്നിധിയിൽ ഒഴിച്ചു; അന്ന് അവർ ഉപവസിച്ചു. “ഞങ്ങൾ സർവേശ്വരനോടു പാപം ചെയ്തു” എന്ന് ഏറ്റുപറഞ്ഞു. മിസ്പായിൽവച്ചു ശമൂവേൽ ഇസ്രായേൽജനത്തിനു ന്യായപാലനം നടത്തി. 7ഇസ്രായേൽജനം മിസ്പായിൽ ഒരുമിച്ചുകൂടിയ വിവരം കേട്ടു ഫെലിസ്ത്യപ്രഭുക്കന്മാർ അവരുടെ നേരെ പുറപ്പെട്ടു. ഇതറിഞ്ഞപ്പോൾ ഇസ്രായേൽജനം ഭയപ്പെട്ടു. 8ഫെലിസ്ത്യരിൽനിന്നു തങ്ങളെ രക്ഷിക്കുന്നതിനു ദൈവമായ സർവേശ്വരനോടു നിരന്തരം പ്രാർഥിക്കണമെന്ന് അവർ ശമൂവേലിനോട് അപേക്ഷിച്ചു. 9അപ്പോൾ ശമൂവേൽ മുലകുടിമാറാത്ത ഒരാട്ടിൻകുട്ടിയെ സമ്പൂർണ ഹോമയാഗമായി സർവേശ്വരന് അർപ്പിച്ചു; ശമൂവേൽ ഇസ്രായേലിനുവേണ്ടി അവിടുത്തോടു പ്രാർഥിച്ചു. അവിടുന്ന് അദ്ദേഹത്തിന്റെ പ്രാർഥനയ്‍ക്ക് ഉത്തരമരുളി. 10ശമൂവേൽ ഹോമയാഗമർപ്പിച്ചുകൊണ്ടിരുന്നപ്പോൾ ഇസ്രായേലിനെ ആക്രമിക്കാൻ ഫെലിസ്ത്യർ അടുത്തു. അപ്പോൾ സർവേശ്വരൻ ഒരു ഇടിനാദം മുഴക്കി ഫെലിസ്ത്യരെ സംഭ്രാന്തരാക്കി; അവർ ഓട്ടം തുടങ്ങി. 11ഇസ്രായേല്യർ മിസ്പായിൽനിന്നു പുറപ്പെട്ട് ബേത്ത്-കാർവരെ അവരെ പിന്തുടർന്നു സംഹരിച്ചു. 12പിന്നീട് ശമൂവേൽ ഒരു കല്ലെടുത്തു മിസ്പായ്‍ക്കും ശേനിനും മധ്യേ സ്ഥാപിച്ചു; സർവേശ്വരൻ ഇതുവരെ നമ്മെ സഹായിച്ചു. എന്നു പറഞ്ഞ് ആ സ്ഥലത്തിന് ഏബെൻ-ഏസെർ എന്നു പേരിട്ടു. 13അങ്ങനെ ഫെലിസ്ത്യർ കീഴടങ്ങി; പിന്നീട് ശമൂവേലിന്റെ ജീവിതകാലത്തൊരിക്കലും ഇസ്രായേലിനെ ആക്രമിക്കാൻ സർവേശ്വരൻ അവരെ അനുവദിച്ചില്ല. 14എക്രോനും ഗത്തിനും ഇടയ്‍ക്കു ഫെലിസ്ത്യർ കൈവശപ്പെടുത്തിയിരുന്ന പട്ടണങ്ങളെല്ലാം ഇസ്രായേൽ വീണ്ടെടുത്തു. അങ്ങനെ തങ്ങളുടെ സ്ഥലങ്ങളെല്ലാം ഇസ്രായേല്യർക്കു തിരിച്ചുകിട്ടി. ഇസ്രായേല്യരും അമോര്യരും തമ്മിൽ സമാധാനമായിരുന്നു. 15തന്റെ ജീവിതകാലം മുഴുവൻ ശമൂവേൽ ഇസ്രായേലിൽ ന്യായപാലനം ചെയ്തു. 16അദ്ദേഹം വർഷംതോറും ബേഥേൽ, ഗില്ഗാൽ, മിസ്പാ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് ഇസ്രായേലിനു ന്യായപാലനം നടത്തിപ്പോന്നു. 17പിന്നീടു തന്റെ ഭവനം സ്ഥിതിചെയ്തിരുന്ന രാമായിലേക്കു തിരിച്ചുപോയി; അവിടെയും ന്യായപാലനം നടത്തിവന്നു; രാമായിൽ അദ്ദേഹം സർവേശ്വരന് ഒരു യാഗപീഠം പണിയുകയും ചെയ്തു.

Currently Selected:

1 SAMUELA 7: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for 1 SAMUELA 7