YouVersion Logo
Search Icon

1 SAMUELA 4

4
ഉടമ്പടിപ്പെട്ടകം പിടിച്ചെടുക്കുന്നു
1ശമൂവേലിന്റെ വചനം ഇസ്രായേൽജനം മുഴുവൻ ആദരിച്ചു. ആ കാലത്ത് ഫെലിസ്ത്യർ, ഇസ്രായേല്യർക്കെതിരെ യുദ്ധത്തിനു പുറപ്പെട്ടു. ഇസ്രായേല്യർ അവരെ നേരിടാൻ ഏബെൻ-ഏസെരിലും, ഫെലിസ്ത്യർ അഫേക്കിലും പാളയമടിച്ചു. 2ഫെലിസ്ത്യർ ഇസ്രായേല്യർക്കെതിരെ അണിനിരന്നു; യുദ്ധത്തിൽ ഇസ്രായേല്യർ ഫെലിസ്ത്യരോടു പരാജയപ്പെട്ടു. പടക്കളത്തിൽ വച്ചുതന്നെ നാലായിരത്തോളം പേരെ ഫെലിസ്ത്യർ സംഹരിച്ചു. 3ശേഷിച്ചവർ പാളയത്തിൽ തിരിച്ചുവന്നപ്പോൾ ഇസ്രായേലിലെ നേതാക്കന്മാർ പറഞ്ഞു: “ഇന്നു സർവേശ്വരൻ നമ്മെ ഫെലിസ്ത്യരുടെ മുമ്പിൽ പരാജയപ്പെടുത്തിയതെന്ത്? ശീലോവിൽനിന്ന് അവിടുത്തെ ഉടമ്പടിപ്പെട്ടകം നമുക്കു കൊണ്ടുവരാം. അങ്ങനെ അവിടുന്നു നമ്മുടെ മധ്യേ വന്നു ശത്രുക്കളിൽനിന്നു നമ്മെ രക്ഷിക്കും.” 4അതുകൊണ്ട് അവർ ശീലോവിലേക്ക് ആളയച്ചു; കെരൂബുകളുടെ മധ്യേ സിംഹാസനാരൂഢനായിരിക്കുന്ന സർവശക്തനായ സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം അവിടെ കൊണ്ടുവന്നു; 5പെട്ടകത്തോടൊപ്പം ഏലിയുടെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ഉണ്ടായിരുന്നു. 6സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം പാളയത്തിൽ എത്തിയപ്പോൾ ഇസ്രായേൽജനം ആർത്തുവിളിച്ചു. അതു ഭൂമിയിലെങ്ങും പ്രതിധ്വനിച്ചു. അവരുടെ ആർപ്പുവിളി ഫെലിസ്ത്യർ കേട്ടു; എബ്രായപാളയത്തിലെ ആർപ്പുവിളിയുടെ കാരണം അവർ അന്വേഷിച്ചു. സർവേശ്വരന്റെ പെട്ടകം പാളയത്തിലെത്തിയെന്നറിഞ്ഞപ്പോൾ അവർ ഭയപ്പെട്ടു. 7അവർ പറഞ്ഞു: “അവരുടെ ദൈവം പാളയത്തിലെത്തിയിരിക്കുന്നു. നമുക്കു ഹാ കഷ്ടം! ഇതുപോലൊന്ന് ഇതിനു മുമ്പെങ്ങും സംഭവിച്ചിട്ടില്ല.” 8“നമുക്കു നാശം! അവരുടെ ദേവന്മാരുടെ ശക്തിയിൽനിന്ന് ആർ നമ്മെ രക്ഷിക്കും? മരുഭൂമിയിൽവച്ച് എല്ലാവിധ ബാധകളാലും ഈജിപ്തുകാരെ തകർത്ത ദേവന്മാരാണവർ. 9അതുകൊണ്ട് ഫെലിസ്ത്യരേ, നിങ്ങൾ ധീരരായിരിക്കുവിൻ; പൗരുഷം കാട്ടുവിൻ; അല്ലെങ്കിൽ എബ്രായർ നമുക്ക് അടിമകളായിരുന്നതുപോലെ നാം അവർക്ക് അടിമകളാകേണ്ടിവരും; അതുകൊണ്ട് പൗരുഷത്തോടെ പൊരുതുവിൻ.” 10അങ്ങനെ ഫെലിസ്ത്യർ യുദ്ധം ചെയ്തു. ഇസ്രായേല്യർ പരാജയപ്പെട്ട് തങ്ങളുടെ കൂടാരങ്ങളിലേക്കു പലായനം ചെയ്തു. അന്ന് ഒരു വലിയ സംഹാരം നടന്നു; മുപ്പതിനായിരം ഇസ്രായേല്യപടയാളികൾ കൊല്ലപ്പെട്ടു. 11ദൈവത്തിന്റെ പെട്ടകം ഫെലിസ്ത്യർ പിടിച്ചെടുത്തു; ഏലിയുടെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു. 12ബെന്യാമീൻഗോത്രക്കാരനായ ഒരാൾ അന്നുതന്നെ യുദ്ധരംഗത്തുനിന്നു വസ്ത്രം പിച്ചിച്ചീന്തിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ട് ശീലോവിൽ പാഞ്ഞെത്തി. 13അയാൾ അവിടെ എത്തുമ്പോൾ ഏലി സർവേശ്വരന്റെ പെട്ടകത്തെച്ചൊല്ലി ആകുലചിത്തനായി വഴിയിലേക്കു നോക്കി ഇരിക്കുകയായിരുന്നു. അയാൾ പട്ടണത്തിൽ എത്തി വാർത്ത അറിയിച്ചപ്പോൾ പട്ടണവാസികൾ മുറവിളി കൂട്ടി. 14ഏലി അതു ശ്രദ്ധിച്ചു; എന്തിനാണ് ഈ മുറവിളി എന്ന് അന്വേഷിച്ചു. വിവരം അറിയിക്കാൻ ദൂതൻ ഏലിയുടെ അടുക്കൽ ഓടി എത്തി, അദ്ദേഹത്തോടു സംസാരിച്ചു. 15ഏലിക്ക് അപ്പോൾ തൊണ്ണൂറ്റെട്ടു വയസ്സായിരുന്നു. കാണാൻ കഴിയാത്തവിധം കണ്ണിന്റെ കാഴ്ച ക്ഷയിച്ചിരുന്നു; 16“ഞാൻ ഇന്നു യുദ്ധരംഗത്തുനിന്ന് ഓടി രക്ഷപെട്ട് ഇവിടെ എത്തിയതാണ്” എന്നു ദൂതൻ പറഞ്ഞു. “മകനേ, എന്തു സംഭവിച്ചു” എന്ന് ഏലി ചോദിച്ചു. 17അയാൾ പറഞ്ഞു: “ഇസ്രായേൽ ഫെലിസ്ത്യരോടു തോറ്റു; ജനത്തിൽ ഒരു വലിയ ഭാഗം കൊല്ലപ്പെട്ടു; അവിടുത്തെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും വധിക്കപ്പെട്ടു; ദൈവത്തിന്റെ പെട്ടകം അവർ പിടിച്ചെടുത്തു.” 18ദൈവത്തിന്റെ പെട്ടകം എന്നു കേട്ട മാത്രയിൽ പടിവാതില്‌ക്കലെ ഇരിപ്പിടത്തിൽനിന്ന് ഏലി പിറകോട്ടു മറിഞ്ഞു വീണു കഴുത്തൊടിഞ്ഞു മരിച്ചു. അയാൾ വൃദ്ധനും സ്ഥൂലഗാത്രനും ആയിരുന്നു. ഏലി നാല്പതു വർഷം ഇസ്രായേലിൽ ന്യായപാലനം ചെയ്തിരുന്നു.
ഫീനെഹാസിന്റെ ഭാര്യയുടെ മരണം
19ഏലിയുടെ മകൻ ഫീനെഹാസിന്റെ ഭാര്യക്ക് പ്രസവസമയം അടുത്തിരുന്നു. ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടു എന്നും തന്റെ ഭർത്താവും ഭർത്തൃപിതാവും മരിച്ചു എന്നും കേട്ടപ്പോൾ അവൾക്കു പ്രസവവേദന ഉണ്ടായി; അവൾ ഉടൻതന്നെ പ്രസവിച്ചു. 20ആസന്നമരണയായ അവളോട് അടുത്തു നിന്ന സ്‍ത്രീകൾ പറഞ്ഞു: “ഭയപ്പെടേണ്ടാ; നീയൊരു ആൺകുട്ടിയെ പ്രസവിച്ചിരിക്കുന്നു.” എന്നാൽ അവൾ മറുപടി പറഞ്ഞില്ല; അവരെ ശ്രദ്ധിച്ചതുമില്ല. 21ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടതും ഭർത്താവും ഭർത്തൃപിതാവും മരണമടഞ്ഞതും കേട്ടപ്പോൾ ഇസ്രായേലിൽനിന്നു മഹത്ത്വം വിട്ടുപോയി എന്നു പറഞ്ഞ് അവൾ തന്റെ കുഞ്ഞിന് “ഈഖാബോദ്” എന്നു പേരിട്ടു. 22അവൾ പറഞ്ഞു: “ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടതുകൊണ്ട് മഹത്ത്വം ഇസ്രായേലിൽനിന്ന് വിട്ടുപോയിരിക്കുന്നു.”

Currently Selected:

1 SAMUELA 4: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for 1 SAMUELA 4