YouVersion Logo
Search Icon

1 LALTE 15

15
അബീയാം
(2 ദിന. 13:1—14:1)
1നെബാത്തിന്റെ പുത്രനായ യെരോബെയാംരാജാവിന്റെ വാഴ്ചയുടെ പതിനെട്ടാം വർഷം അബീയാം യെഹൂദ്യയിൽ ഭരണമാരംഭിച്ചു. 2അദ്ദേഹം മൂന്നു വർഷം യെരൂശലേമിൽ വാണു. അബ്ശാലോമിന്റെ പുത്രി മയഖാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്; 3അയാളും പിതാവിന്റെ പാപവഴികളിൽ നടന്നു. സർവേശ്വരന്റെ സന്നിധിയിൽ വിശ്വസ്തനായി ജീവിച്ച പൂർവപിതാവായ ദാവീദിനെപ്പോലെ ആയിരുന്നില്ല അയാൾ. 4എങ്കിലും ദാവീദിനെ ഓർത്തു ദൈവമായ സർവേശ്വരൻ അബീയാമിന് കിരീടാവകാശിയായി ഒരു പുത്രനെ നല്‌കി. അങ്ങനെ യെരൂശലേമിനെ സുരക്ഷിതമാക്കി. 5ദാവീദ് ഹിത്യനായ ഊരീയായുടെ കാര്യമൊഴിച്ചു മറ്റു സകലത്തിലും സർവേശ്വരനു ഹിതകരമായി പ്രവർത്തിച്ചതുകൊണ്ടാണ് അവിടുന്ന് അങ്ങനെ ചെയ്തത്. 6അബീയാമിന്റെ ഭരണകാലം മുഴുവൻ അയാളും യെരോബെയാമും തമ്മിൽ യുദ്ധം നടന്നു. 7അബീയാമിന്റെ മറ്റെല്ലാ പ്രവൃത്തികളും യെഹൂദാരാജാക്കന്മാരുടെ ദിനവൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. 8അബീയാം മരിച്ചു. പിതാക്കന്മാരുടെ കൂടെ ദാവീദിന്റെ നഗരത്തിൽ സംസ്കരിക്കപ്പെട്ടു; അബീയാമിന്റെ പുത്രൻ ആസാ പകരം രാജാവായി.
ആസാ
(2 ദിന. 15:16—16:6)
9ഇസ്രായേൽരാജാവായ യെരോബെയാമിന്റെ വാഴ്ചയുടെ ഇരുപതാം വർഷം ആസാ യെഹൂദ്യയിൽ രാജാവായി. 10അദ്ദേഹം നാല്പത്തൊന്നു വർഷം യെരൂശലേമിൽ ഭരിച്ചു. അബ്ശാലോമിന്റെ പുത്രി മയഖാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്. 11തന്റെ പൂർവപിതാവായ ദാവീദിനെപ്പോലെ ആസാ സർവേശ്വരന് പ്രസാദകരമായി ജീവിച്ചു. 12ദേവപ്രീതിക്കുവേണ്ടിയുള്ള പുരുഷവേശ്യാ സമ്പ്രദായം അവസാനിപ്പിച്ചു; തന്റെ പിതാക്കന്മാർ നിർമ്മിച്ചിരുന്ന സകല വിഗ്രഹങ്ങളും ദേശത്തുനിന്നു നീക്കിക്കളഞ്ഞു. 13തന്റെ മാതാവായ മയഖാ അശേരാദേവിയുടെ മ്ലേച്ഛവിഗ്രഹം നിർമ്മിച്ചതിനാൽ അദ്ദേഹം അമ്മറാണി പദത്തിൽനിന്ന് അവരെ നീക്കുകയും വിഗ്രഹം തകർത്തു കിദ്രോൻതോട്ടിനരികെ വച്ചു ദഹിപ്പിക്കുകയും ചെയ്തു. 14എന്നാൽ പൂജാഗിരികൾ അദ്ദേഹം നശിപ്പിച്ചില്ല; എങ്കിലും ജീവിതകാലം മുഴുവൻ അദ്ദേഹം സർവേശ്വരനോടു വിശ്വസ്തത പുലർത്തി. 15താനും തന്റെ പിതാവും ദൈവത്തിനു പ്രതിഷ്ഠിച്ചിരുന്ന സ്വർണവും വെള്ളിയും പാത്രങ്ങളും ആസാ സർവേശ്വരന്റെ ആലയത്തിൽ കൊണ്ടുവന്നു.
16ആസായും ഇസ്രായേൽരാജാവായ ബയെശയും തമ്മിൽ നിരന്തരം യുദ്ധം ചെയ്തുവന്നു; 17ബയെശ യെഹൂദായെ ആക്രമിച്ചു; ആസായും യെഹൂദ്യക്കു പുറത്തുള്ളവരും തമ്മിൽ ബന്ധപ്പെടാതിരിക്കുന്നതിനുവേണ്ടി ബയെശ രാമാപട്ടണം കോട്ട കെട്ടി ഉറപ്പിച്ചു. 18യെരൂശലേംദേവാലയത്തിലെയും കൊട്ടാരത്തിലെയും ഭണ്ഡാരങ്ങളിൽ ശേഷിച്ചിരുന്ന സ്വർണവും വെള്ളിയും ആസാ എടുത്തു ദമാസ്കസിൽ പാർത്തിരുന്ന ഹെസിയോന്റെ പൗത്രനും തബ്രിമ്മോന്റെ പുത്രനുമായ സിറിയൻ രാജാവ് ബെൻ-ഹദദിനു കൊടുത്തയച്ചിട്ടു പറഞ്ഞു: 19“നമ്മുടെ പിതാക്കന്മാർ ചെയ്തിരുന്നതുപോലെ നമുക്കും സഖ്യം ചെയ്യാം; അങ്ങേക്കു സമ്മാനമായി വെള്ളിയും പൊന്നും ഞാൻ കൊടുത്തയയ്‍ക്കുന്നു. ഇസ്രായേൽരാജാവായ ബയെശ എന്റെ രാജ്യത്തുനിന്നു പിന്മാറുന്നതിനുവേണ്ടി അയാളുമായുള്ള സഖ്യം വിഛേദിച്ചാലും.”
20ബെൻ-ഹദദ് യെഹൂദാരാജാവായ ആസായുടെ അപേക്ഷ കേട്ടു; തന്റെ സൈന്യാധിപന്മാരെ ഇസ്രായേലിനെതിരായി അയയ്‍ക്കുകയും ചെയ്തു. അവർ ഇയ്യോൻ, ദാൻ, ആബേൽ-ബേത്ത്-മയഖ, ഗലീലാതടാകത്തിനു ചുറ്റുമുള്ള പ്രദേശങ്ങളും, നഫ്താലിദേശവും പിടിച്ചടക്കി. 21ബയെശ ഈ വിവരം കേട്ടപ്പോൾ രാമാ പട്ടണത്തിന്റെ പണി നിർത്തിവച്ച് തിർസ്സയിൽത്തന്നെ പാർത്തു. 22യെഹൂദാനിവാസികൾ ഒന്നൊഴിയാതെ ഒരുമിച്ചു കൂടുന്നതിന് ആസാ രാജാവ് ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി; അവർ ചെന്നു രാമാ പട്ടണം കോട്ട കെട്ടി ഉറപ്പിക്കാൻ ബയെശ സംഭരിച്ചിരുന്ന കല്ലും മരവും എടുത്തുകൊണ്ടുവന്നു. അവകൊണ്ട് ബെന്യാമീനിലെ ഗേബയും മിസ്പായും പണിതു.
23ആസായുടെ മറ്റു പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ സകല ശൂരപ്രവൃത്തികളും പട്ടണങ്ങൾ കോട്ട കെട്ടി ഉറപ്പിച്ചതുമെല്ലാം യെഹൂദാരാജാക്കന്മാരുടെ ദിനവൃത്താന്തഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ; വാർധക്യകാലത്ത് ആസായുടെ കാലുകൾക്കു രോഗം ബാധിച്ചു. 24ആസാരാജാവു മരിച്ചു; പിതാവായ ദാവീദിന്റെ നഗരത്തിൽ അടക്കപ്പെട്ടു; പിന്നീട് അദ്ദേഹത്തിന്റെ മകൻ യെഹോശാഫാത്ത് ഭരണമേറ്റു.
ഇസ്രായേൽരാജാക്കന്മാർ: നാദാബ്
25യെഹൂദാരാജാവായ ആസായുടെ രണ്ടാം ഭരണവർഷത്തിൽ യെരോബെയാമിന്റെ പുത്രനായ നാദാബ് ഇസ്രായേലിൽ രാജാവായി; അയാൾ രണ്ടു വർഷം രാജ്യം ഭരിച്ചു. 26തന്റെ പിതാവിനെപ്പോലെ അയാൾ പാപമാർഗത്തിൽ ചരിച്ച് ഇസ്രായേൽജനത്തെക്കൊണ്ടു പാപം ചെയ്യിച്ചു.
27ഇസ്സാഖാർഗോത്രത്തിലെ അഹീയായുടെ പുത്രനായ ബയെശ നാദാബിനെതിരായി ഗൂഢാലോചന നടത്തി; നാദാബും ഇസ്രായേൽസൈന്യവും ഫെലിസ്ത്യനഗരമായ ഗിബ്ബെഥോൻ ആക്രമിച്ച തക്കം നോക്കി ബയെശ നാദാബിനെ വധിച്ചു; 28അങ്ങനെ ആസായുടെ മൂന്നാം ഭരണവർഷത്തിൽ ബയെശ നാദാബിനെ കൊന്ന് പകരം രാജാവായി. 29അയാൾ രാജാവായ ഉടനെ യെരോബെയാമിന്റെ കുടുംബാംഗങ്ങളെയെല്ലാം സംഹരിച്ചു. സർവേശ്വരൻ ശീലോന്യനായ തന്റെ ദാസൻ അഹീയാപ്രവാചകനിലൂടെ അരുളിച്ചെയ്തതുപോലെ യെരോബെയാമിന്റെ വംശപരമ്പരയിൽപ്പെട്ട ആരും ശേഷിച്ചില്ല. 30യെരോബെയാം ചെയ്തതും ഇസ്രായേലിനെക്കൊണ്ട് അയാൾ ചെയ്യിച്ചതുമായ പാപങ്ങൾ സർവേശ്വരനെ പ്രകോപിപ്പിച്ചതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്.
31നാദാബിന്റെ മറ്റു സകല പ്രവർത്തനങ്ങളും ഇസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 32ആസായും ഇസ്രായേൽരാജാവായ ബയെശയും തമ്മിൽ നിരന്തരം യുദ്ധം നടന്നു.
ബയെശ
33യെഹൂദാരാജാവായ ആസായുടെ മൂന്നാം ഭരണവർഷം അഹീയായുടെ പുത്രൻ ബയെശ ഇസ്രായേലിന്റെ രാജാവായി; അയാൾ ഇരുപത്തിനാലു വർഷം തിർസ്സായിൽ വാണു; 34അയാളും സർവേശ്വരനു ഹിതകരമല്ലാത്ത രീതിയിൽ ജീവിച്ചു. യെരോബെയാമിന്റെ മാർഗങ്ങളിലും അയാൾ ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിലും ബയെശ വ്യാപരിച്ചു.

Currently Selected:

1 LALTE 15: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in