1 LALTE 14
14
യൊരോബെയാമിന്റെ പുത്രന്റെ മരണം
1യെരോബെയാമിന്റെ പുത്രൻ അബീയാ രോഗബാധിതനായി; 2അദ്ദേഹം ഭാര്യയെ വിളിച്ചുപറഞ്ഞു: “നീ എന്റെ ഭാര്യയാണെന്നു മനസ്സിലാകാത്തവിധം വേഷം മാറി ശീലോവിലേക്കു പോകുക; ഞാൻ ഈ ജനത്തിന്റെ രാജാവാകും എന്നു പറഞ്ഞ അഹീയാപ്രവാചകൻ അവിടെയാണു പാർക്കുന്നത്. 3പത്ത് അപ്പവും കുറെ അടയും ഒരു ഭരണി തേനുമായി നീ അദ്ദേഹത്തിന്റെ അടുക്കൽ ചെല്ലണം. മകന് എന്തു സംഭവിക്കും എന്ന് അദ്ദേഹം നിന്നോടു പറയും.” 4അങ്ങനെ രാജ്ഞി ശീലോവിൽ അഹീയായുടെ ഭവനത്തിലെത്തി. വാർധക്യം നിമിത്തം അദ്ദേഹത്തിന്റെ കാഴ്ച മങ്ങിയിരുന്നു.
5രോഗിയായ പുത്രനെക്കുറിച്ചുള്ള വിവരം ചോദിക്കാൻ യെരോബെയാമിന്റെ ഭാര്യ വരുമെന്നും അവളോട് എന്താണ് പറയേണ്ടതെന്നും സർവേശ്വരൻ അഹീയായെ അറിയിച്ചിരുന്നു. വേഷം മാറിയാണ് അവൾ അവിടെ ചെന്നത്. 6അവൾ വാതിൽ കടക്കുമ്പോൾതന്നെ അവളുടെ കാലൊച്ച കേട്ട അഹീയാ പറഞ്ഞു: “യെരോബെയാമിന്റെ പത്നീ, അകത്തു വരിക; മറ്റൊരാളെന്നു നീ എന്തിനു നടിക്കുന്നു? ദുസ്സഹമായ വാർത്ത നിന്നെ അറിയിക്കാൻ ഞാൻ നിയുക്തനായിരിക്കുന്നു. 7നീ പോയി യെരോബെയാമിനോട് പറയുക: ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു; ജനത്തിന്റെ ഇടയിൽനിന്നു ഞാൻ നിന്നെ ഇസ്രായേലിന്റെ ഭരണാധികാരിയായി ഉയർത്തി. 8രാജ്യം ദാവീദിന്റെ ഗൃഹത്തിൽനിന്നു കീറിയെടുത്തു നിനക്കു തന്നു; എങ്കിലും എന്റെ ദാസനായ ദാവീദിനെപ്പോലെ നീ എന്നോടു വിശ്വസ്തനായിരുന്നില്ല. ദാവീദാകട്ടെ എന്നോടു പൂർണവിശ്വസ്തത പാലിച്ചിരുന്നു; എന്റെ കല്പനകളെല്ലാം അനുസരിച്ചിരുന്നു; എന്റെ ഹിതമനുസരിച്ചു മാത്രമാണ് അവൻ പ്രവർത്തിച്ചിരുന്നത്. 9എന്നാൽ നിന്റെ മുൻഗാമികളെക്കാൾ അധികം തിന്മകൾ നീ ചെയ്തു. നീ അന്യദേവന്മാരുടെ വാർപ്പുവിഗ്രഹങ്ങളെ ആരാധിച്ചു; എന്നെ പുറന്തള്ളി എന്നെ പ്രകോപിപ്പിച്ചു. 10അതുകൊണ്ട് യെരോബെയാമിന്റെ കുടുംബത്തെ ഞാൻ നശിപ്പിക്കും; യെരോബെയാമിനു അടിമകളിൽനിന്നും സ്വതന്ത്രരിൽനിന്നും ജനിച്ച എല്ലാ പുരുഷസന്തതികളെയും ഞാൻ ഇസ്രായേലിൽനിന്നു ഛേദിച്ചുകളയും. നിന്റെ കുടുംബത്തിലുള്ളവരെയെല്ലാം ഉണക്കച്ചാണകം കത്തിച്ചുകളയുംപോലെ ഞാൻ നശിപ്പിക്കും. 11നിന്റെ കുടുംബാംഗങ്ങളിൽ ആരെങ്കിലും പട്ടണത്തിൽവച്ചു മരിച്ചാൽ നായ്ക്കൾ ആ ജഡം ഭക്ഷിക്കും; വെളിമ്പ്രദേശത്തുവച്ചു മരിച്ചാൽ പക്ഷികൾ തിന്നും. സർവേശ്വരനാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്.”
12അഹീയാ യെരോബെയാമിന്റെ ഭാര്യയോടു തുടർന്നു പറഞ്ഞു: “വീട്ടിലേക്കു മടങ്ങിപ്പോകുക; നീ പട്ടണത്തിൽ കാലു കുത്തുമ്പോൾ കുട്ടി മരിക്കും; 13ഇസ്രായേൽജനമെല്ലാം അവനെക്കുറിച്ചു വിലപിക്കും. അവർ അവനെ സംസ്കരിക്കും; യെരോബെയാമിന്റെ കുടുംബാംഗങ്ങളിൽ അവൻ മാത്രമേ കല്ലറയിൽ സംസ്കരിക്കപ്പെടുകയുള്ളൂ. കാരണം അവനിൽ മാത്രമേ സർവേശ്വരൻ അല്പമെങ്കിലും നന്മ കണ്ടിട്ടുള്ളൂ; 14അവിടുന്ന് ഇസ്രായേലിൽ മറ്റൊരു രാജാവിനെ നിയമിക്കാൻ പോകുകയാണ്; അവൻ യെരോബെയാമിന്റെ കുടുംബത്തെ നശിപ്പിച്ചുകളയും; 15ഇസ്രായേൽ അശേരാ പ്രതിഷ്ഠകളെ നിർമ്മിച്ചു സർവേശ്വരനെ കോപിപ്പിച്ചതുകൊണ്ടു ‘വെള്ളത്തിൽ ഞാങ്ങണ’ എന്നപോലെ അവിടുന്ന് അവരെ ഉലയ്ക്കും; അവിടുന്ന് അവരുടെ പിതാക്കന്മാർക്കു നല്കിയ ഈ നല്ല ദേശത്തുനിന്ന് അവരെ ഛേദിച്ച് യൂഫ്രട്ടീസ്നദിയുടെ മറുകരയിലേക്കു ചിതറിച്ചുകളയും. 16സ്വയം പാപം ചെയ്യുകയും ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കുകയും ചെയ്ത യെരോബെയാം നിമിത്തം സർവേശ്വരൻ ഇസ്രായേലിനെ ഉപേക്ഷിച്ചുകളയും. 17യെരോബെയാമിന്റെ ഭാര്യ തിർസ്സയിൽ മടങ്ങിവന്നു; അവൾ കൊട്ടാരവാതില്ക്കൽ എത്തിയപ്പോൾ കുട്ടി മരിച്ചു; 18തന്റെ ദാസനായ അഹീയാപ്രവാചകനിലൂടെ സർവേശ്വരൻ അരുളിച്ചെയ്തതുപോലെ ഇസ്രായേൽജനം അവനെ സംസ്കരിക്കുകയും അവനെക്കുറിച്ചു വിലപിക്കുകയും ചെയ്തു.
യെരോബെയാമിന്റെ മരണം
19യെരോബെയാമിന്റെ ഭരണവും യുദ്ധങ്ങളും, മറ്റു പ്രവൃത്തികളും സംബന്ധിച്ച വിവരങ്ങൾ ഇസ്രായേൽരാജാക്കന്മാരുടെ ദിനവൃത്താന്തത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 20യെരോബെയാം ഇരുപത്തിരണ്ടു വർഷം രാജ്യം ഭരിച്ചു; പിന്നീട് അദ്ദേഹം മരിച്ച് പിതാക്കന്മാരോടു ചേർന്നു. തുടർന്ന് അദ്ദേഹത്തിന്റെ പുത്രൻ നാദാബ് രാജാവായി.
യെഹൂദാരാജാക്കന്മാർ: രെഹബെയാം
(2 ദിന. 11:5—12:15)
21ശലോമോന്റെ പുത്രനായ രെഹബെയാം നാല്പത്തിയൊന്നാമത്തെ വയസ്സിൽ യെഹൂദ്യയിലെ രാജാവായി. സകല ഇസ്രായേൽഗോത്രങ്ങളിൽനിന്നും തന്നെ ആരാധിക്കാനായി സർവേശ്വരൻ തിരഞ്ഞെടുത്ത യെരൂശലേമിൽ പാർത്തുകൊണ്ടു പതിനേഴു വർഷം ഭരിച്ചു. നയമാ എന്ന അമ്മോന്യസ്ത്രീ ആയിരുന്നു രെഹബെയാമിന്റെ മാതാവ്. 22യെഹൂദ്യയിലെ ജനം സർവേശ്വരനെതിരായി പാപം ചെയ്തു; തങ്ങളുടെ പാപപ്രവൃത്തികൾ മൂലം തങ്ങളുടെ പിതാക്കന്മാരിലും കൂടുതലായി അവിടുത്തെ അവർ പ്രകോപിപ്പിച്ചു. 23അവർ പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും ഉണ്ടാക്കി; കുന്നുകളുടെ മുകളിലും പച്ചമരങ്ങളുടെ ചുവട്ടിലും അശേരാപ്രതിഷ്ഠകൾ സ്ഥാപിച്ചു. 24ഇവയെക്കാൾ നിന്ദ്യമായി ദേവപ്രീതിക്കുവേണ്ടിയുള്ള പുരുഷവേശ്യാ സമ്പ്രദായവും അവിടെ നിലവിലിരുന്നു. ഇസ്രായേൽജനം ഈ നാട്ടിൽ പ്രവേശിച്ചപ്പോൾ സർവേശ്വരൻ ഇവിടെനിന്നു നീക്കിക്കളഞ്ഞ ജനതകൾ ആചരിച്ചിരുന്ന സകല മ്ലേച്ഛതകളും യെഹൂദ്യയിലെ ജനം ചെയ്തു.
25രെഹബെയാമിന്റെ വാഴ്ചയുടെ അഞ്ചാം വർഷം ഈജിപ്തിലെ രാജാവായ ശീശക് യെരൂശലേമിനെ ആക്രമിച്ചു. 26ശലോമോൻ നിർമ്മിച്ച സ്വർണപ്പരിചകൾ ഉൾപ്പെടെ ദേവാലയത്തിലെയും കൊട്ടാരത്തിലെയും വിലപിടിപ്പുള്ള സാധനങ്ങളെല്ലാം അയാൾ അപഹരിച്ചു. 27അവയ്ക്കു പകരം രെഹബെയാം ഓട്ടുപരിചകൾ നിർമ്മിച്ചു. കൊട്ടാരസംരക്ഷണത്തിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥന്മാരെ ഏല്പിച്ചു. 28രാജാവ് ദേവാലയത്തിൽ പോകുമ്പോഴെല്ലാം അകമ്പടിക്കാർ അവ ധരിക്കും; പിന്നീട് അവ കാവൽപ്പുരയിൽ സൂക്ഷിക്കും. 29രെഹബെയാമിന്റെ മറ്റു വിവരങ്ങളും പ്രവൃത്തികളും യെഹൂദാരാജാക്കന്മാരുടെ ദിനവൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. 30രെഹബെയാമും യെരോബെയാമും തുടരെ യുദ്ധം ചെയ്തുകൊണ്ടിരുന്നു. 31രെഹബെയാം മരിച്ചു; തന്റെ പിതാക്കന്മാരുടെകൂടെ ദാവീദിന്റെ നഗരത്തിൽ സംസ്കരിക്കപ്പെട്ടു. അമ്മോന്യയായ നയമാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്. രെഹബെയാമിന്റെ മരണശേഷം പുത്രൻ അബീയാം രാജ്യഭാരമേറ്റു.
Currently Selected:
1 LALTE 14: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.