1 KORINTH 6:1-6
1 KORINTH 6:1-6 MALCLBSI
നിങ്ങളിൽ ആർക്കെങ്കിലും മറ്റൊരു ക്രൈസ്തവ സഹോദരനുമായി തർക്കമുണ്ടായാൽ വിശ്വാസികളുടെ അടുക്കൽ പോയി നിങ്ങളുടെ പ്രശ്നത്തിനു പരിഹാരമുണ്ടാക്കാതെ വിജാതീയരായ ന്യായാധിപന്മാരുടെ അടുക്കൽ പോകുവാൻ തുനിയുന്നുവോ? ദൈവത്തിന്റെ ജനം ലോകത്തെ വിധിക്കുമെന്നു നിങ്ങൾക്കറിഞ്ഞുകൂടേ? ലോകത്തെ വിധിക്കേണ്ടവരാണ് നിങ്ങളെങ്കിൽ, നിസ്സാരകാര്യങ്ങൾക്കു പരിഹാരമുണ്ടാക്കുവാൻ നിങ്ങൾക്കു കഴിവില്ലെന്നോ? നാം മാലാഖമാരെ വിധിക്കുമെന്നു നിങ്ങൾക്ക് അറിഞ്ഞുകൂടേ? അങ്ങനെയെങ്കിൽ ഐഹിക ജീവിതത്തിലെ കാര്യങ്ങൾ വിധിക്കുന്നത് എത്ര എളുപ്പം! ഐഹിക കാര്യങ്ങളെ സംബന്ധിച്ചു വിധി പറയേണ്ടിവരുമ്പോൾ, സഭയിൽ സ്ഥാനമില്ലാത്തവരെ നിങ്ങൾ അതിനുവേണ്ടി സമീപിക്കുന്നുവോ? നിങ്ങൾക്കു ലജ്ജയില്ലേ? ക്രൈസ്തവ സഹോദരന്മാർ തമ്മിലുള്ള തർക്കം പറഞ്ഞു തീർക്കുവാൻ കഴിവുള്ള ഒരൊറ്റ വിവേകശാലിപോലും നിങ്ങളുടെ ഇടയിൽ ഇല്ലെന്നു വരുമോ? ക്രൈസ്തവ സഹോദരന്മാർ തമ്മിൽ വ്യവഹാരങ്ങൾ ഉണ്ടാകുന്നു. അവ തീർക്കുവാൻ അവിശ്വാസികളുടെ അടുക്കൽ പോകുകയും ചെയ്യുന്നു.