1 KORINTH 6
6
സഹവിശ്വാസികൾക്കെതിരെയുള്ള വ്യവഹാരങ്ങൾ
1നിങ്ങളിൽ ആർക്കെങ്കിലും മറ്റൊരു ക്രൈസ്തവ സഹോദരനുമായി തർക്കമുണ്ടായാൽ വിശ്വാസികളുടെ അടുക്കൽ പോയി നിങ്ങളുടെ പ്രശ്നത്തിനു പരിഹാരമുണ്ടാക്കാതെ വിജാതീയരായ ന്യായാധിപന്മാരുടെ അടുക്കൽ പോകുവാൻ തുനിയുന്നുവോ? 2ദൈവത്തിന്റെ ജനം ലോകത്തെ വിധിക്കുമെന്നു നിങ്ങൾക്കറിഞ്ഞുകൂടേ? ലോകത്തെ വിധിക്കേണ്ടവരാണ് നിങ്ങളെങ്കിൽ, നിസ്സാരകാര്യങ്ങൾക്കു പരിഹാരമുണ്ടാക്കുവാൻ നിങ്ങൾക്കു കഴിവില്ലെന്നോ? 3നാം മാലാഖമാരെ വിധിക്കുമെന്നു നിങ്ങൾക്ക് അറിഞ്ഞുകൂടേ? അങ്ങനെയെങ്കിൽ ഐഹിക ജീവിതത്തിലെ കാര്യങ്ങൾ വിധിക്കുന്നത് എത്ര എളുപ്പം! 4ഐഹിക കാര്യങ്ങളെ സംബന്ധിച്ചു വിധി പറയേണ്ടിവരുമ്പോൾ, സഭയിൽ സ്ഥാനമില്ലാത്തവരെ നിങ്ങൾ അതിനുവേണ്ടി സമീപിക്കുന്നുവോ? നിങ്ങൾക്കു ലജ്ജയില്ലേ? 5ക്രൈസ്തവ സഹോദരന്മാർ തമ്മിലുള്ള തർക്കം പറഞ്ഞു തീർക്കുവാൻ കഴിവുള്ള ഒരൊറ്റ വിവേകശാലിപോലും നിങ്ങളുടെ ഇടയിൽ ഇല്ലെന്നു വരുമോ? 6ക്രൈസ്തവ സഹോദരന്മാർ തമ്മിൽ വ്യവഹാരങ്ങൾ ഉണ്ടാകുന്നു. അവ തീർക്കുവാൻ അവിശ്വാസികളുടെ അടുക്കൽ പോകുകയും ചെയ്യുന്നു.
7നിങ്ങൾ തമ്മിൽ വ്യവഹാരങ്ങൾ ഉണ്ടാകുന്നതുതന്നെ, നിങ്ങൾ പരാജയപ്പെട്ടു തറപറ്റിയിരിക്കുന്നു എന്നു തെളിയിക്കുന്നു. അന്യായം സഹിക്കുകയും, ചൂഷണത്തിനു വിധേയരാകുകയും ചെയ്യുന്നതല്ലേ അതിനെക്കാൾ നല്ലത്? 8അതിനുപകരം, നിങ്ങൾ അന്യായം പ്രവർത്തിക്കുന്നു; അതും സ്വന്തം സഹോദരന്മാർക്കെതിരെ. 9അന്യായം പ്രവർത്തിക്കുന്നവർ ദൈവത്തിന്റെ രാജ്യം അവകാശമാക്കുകയില്ലെന്നു നിങ്ങൾക്കു നന്നായി അറിയാമല്ലോ. നിങ്ങൾ വഞ്ചിതരാകരുത്; ദുർവൃത്തർ, വിഗ്രഹാരാധകർ, വ്യഭിചാരികൾ, 10സ്വയംഭോഗികൾ, മോഷ്ടാക്കൾ, അത്യാഗ്രഹികൾ, മദ്യപന്മാർ, പരദൂഷകർ, കവർച്ചക്കാർ- ഇങ്ങനെയുള്ളവരാരും ദൈവരാജ്യത്തിന് അവകാശികൾ ആകുകയില്ല. 11നിങ്ങളിൽ ചിലർ ഇങ്ങനെയുള്ളവരായിരുന്നു. എങ്കിലും നിങ്ങൾ പാപത്തിൽനിന്നു ശുദ്ധീകരണം പ്രാപിച്ചിരിക്കുന്നു; നിങ്ങൾ ദൈവത്തിനു സമർപ്പിക്കപ്പെട്ടിരിക്കുന്നു; കർത്താവായ യേശുക്രിസ്തുവിനാലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും ദൈവത്തിന്റെ മുമ്പിൽ നിങ്ങൾ കുറ്റമറ്റവരായി അംഗീകരിക്കപ്പെട്ടുമിരിക്കുന്നു.
ശരീരം പരിശുദ്ധാത്മാവിന്റെ മന്ദിരം
12“എല്ലാം എനിക്ക് നിയമാനുസൃതമാണ്; എന്നാൽ എല്ലാം പ്രയോജനകരമല്ല. എല്ലാം എനിക്കു നിയമാനുസൃതമാണ്; എന്നാൽ ഞാൻ ഒന്നിന്റെയും അടിമയാകുകയില്ല.” 13“ആഹാരം ആമാശയത്തിനും, ആമാശയം ആഹാരത്തിനും വേണ്ടിയുള്ളതാണ്” എന്നു മറ്റു ചിലർ പറഞ്ഞേക്കാം. എന്നാൽ ദൈവം ഇവ രണ്ടും നശിപ്പിക്കും. ശരീരം ലൈംഗികമായ ദുർവൃത്തിക്കുവേണ്ടിയുള്ളതല്ല, പിന്നെയോ കർത്താവിനെ സേവിക്കുന്നതിനുവേണ്ടിയുള്ളതാണ്. കർത്താവ് ശരീരത്തിനു വേണ്ടതെല്ലാം നല്‌കുന്നു. 14കർത്താവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചു. തന്റെ ശക്തിയാൽ അവിടുന്നു നമ്മെയും ഉയിർപ്പിക്കും.
15നിങ്ങളുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അവയവങ്ങളാണെന്നു നിങ്ങൾക്ക് അറിഞ്ഞുകൂടേ? ക്രിസ്തുവിന്റെ ശരീരത്തിലെ അവയവമെടുത്ത് വേശ്യയുടെ അവയവമാക്കാമോ? ഒരിക്കലും പാടില്ല. 16വേശ്യയുമായി വേഴ്ചയിലേർപ്പെടുന്ന ഒരുവൻ അവളോടു പറ്റിച്ചേർന്ന് ഒരു മെയ്യായിത്തീരുന്നു എന്നുള്ളത് നിങ്ങൾക്ക് അറിഞ്ഞുകൂടെയോ? ‘അവർ ഒരു ദേഹമായിത്തീരും’ എന്നു വേദഗ്രന്ഥത്തിൽ പറയുന്നുണ്ട്. 17എന്നാൽ കർത്താവിനോട് പറ്റിച്ചേരുന്നവൻ ആത്മീയമായി അവിടുത്തോട് ഏകീഭവിക്കുന്നു.
18ദുർവൃത്തിയിൽ നിന്ന് ഓടിയകലുക; മനുഷ്യൻ ചെയ്യുന്ന മറ്റൊരു പാപവും അവന്റെ ശരീരത്തെ ബാധിക്കുന്നില്ല; എന്നാൽ ലൈംഗിക ദുർവൃത്തിയിലേർപ്പെടുന്നവൻ സ്വന്തം ശരീരത്തിനു വിരോധമായി പാപം ചെയ്യുന്നു. 19ദൈവത്തിന്റെ ദാനമായ പരിശുദ്ധാത്മാവ് നിങ്ങളിൽ വസിക്കുന്നതുകൊണ്ട് നിങ്ങളുടെ ശരീരം പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു എന്നു നിങ്ങൾക്ക് അറിഞ്ഞുകൂടേ? നിങ്ങൾ നിങ്ങൾക്കുള്ളവരല്ല, ദൈവത്തിനുള്ളവരാണ്. 20ദൈവം നിങ്ങളെ വിലയ്‍ക്കു വാങ്ങിയിരിക്കുന്നു. അതുകൊണ്ട് ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി നിങ്ങളുടെ ശരീരത്തെ ഉപയോഗിക്കുക.
Currently Selected:
1 KORINTH 6: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.