1 KORINTH 11:17-34
1 KORINTH 11:17-34 MALCLBSI
ഇനിയും പറയുവാൻ പോകുന്ന കാര്യങ്ങളിൽ ഞാൻ നിങ്ങളെ പ്രശംസിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ നിങ്ങൾ ആരാധനയ്‍ക്കായി ഒന്നിച്ചുകൂടുന്നതുമൂലം ഗുണത്തിനു പകരം ദോഷമാണ് ഉണ്ടാകുന്നത്. ഒന്നാമത്, നിങ്ങൾ സഭ കൂടുമ്പോൾ നിങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടാകുന്നതായി ഞാൻ കേൾക്കുന്നു. അതു കുറെയൊക്കെ ശരിയാണെന്നു ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഇടയിൽ ഭിന്നതകൾ ഉണ്ടാകുകതന്നെ വേണം. നിങ്ങളിൽ വിശ്വസ്തർ ആരാണെന്ന് അതു തെളിയിക്കുമല്ലോ. നിങ്ങൾ സഭ കൂടുമ്പോൾ ഓരോ വ്യക്തിയും സ്വന്തം അത്താഴം കഴിക്കുവാൻ തിടുക്കം കൂട്ടുന്നു; ചിലർ വിശന്നു തളരുമ്പോൾ മറ്റു ചിലർ കുടിച്ചു മത്തരാകുന്നു. അങ്ങനെ നിങ്ങൾ കഴിക്കുന്നത് കർത്താവിന്റെ തിരുവത്താഴമല്ല. തിന്നുകയും കുടിക്കുകയും ചെയ്യുവാൻ നിങ്ങൾക്കു വീടുകളില്ലേ? ദൈവത്തിന്റെ സഭയെ നിന്ദിക്കുകയും പാവങ്ങളെ ലജ്ജിപ്പിച്ചു വിഷമിപ്പിക്കുകയും ചെയ്യണമെന്നുണ്ടോ? ഇതിനെക്കുറിച്ച് ഞാൻ എന്താണു പറയേണ്ടത്? ഞാൻ നിങ്ങളെ പ്രശംസിക്കണമെന്നോ? ഒരിക്കലും ഞാൻ അതു ചെയ്യുകയില്ല. ഞാൻ കർത്താവിൽനിന്നു പ്രാപിക്കുകയും നിങ്ങളെ ഏല്പിക്കുകയും ചെയ്തത് ഇതാണ്: കർത്താവായ യേശു, ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ, അപ്പം എടുത്ത് സ്തോത്രം ചെയ്തു മുറിച്ചു. അതിനുശേഷം ഇങ്ങനെ അരുൾചെയ്തു: “ഇത് നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരം ആകുന്നു; എന്റെ ഓർമയ്‍ക്കായി ഇതു ചെയ്യുക.” അങ്ങനെതന്നെ അത്താഴം കഴിഞ്ഞ് അവിടുന്നു പാനപാത്രവും എടുത്ത് “എന്റെ രക്തംകൊണ്ടു മുദ്രയിടപ്പെട്ട ദൈവത്തിന്റെ പുതിയ ഉടമ്പടിയാണ് ഈ പാനപാത്രം; ഇതു കുടിക്കുമ്പോഴൊക്കെ എന്റെ ഓർമയ്‍ക്കായി ഇതു ചെയ്യുക” എന്നു പറഞ്ഞു. ഈ അപ്പം തിന്നുകയും, പാനപാത്രത്തിൽനിന്നു കുടിക്കുകയും ചെയ്യുമ്പോഴെല്ലാം, കർത്താവു വരുന്നതുവരെ അവിടുത്തെ മരണത്തെക്കുറിച്ചു നിങ്ങൾ പ്രസ്താവിക്കുന്നു. അതുകൊണ്ട്, അയോഗ്യമായ വിധത്തിൽ കർത്താവിന്റെ അപ്പം തിന്നുകയോ, ഈ പാനപാത്രത്തിൽനിന്നു കുടിക്കുകയോ ചെയ്യുന്ന ഏതൊരുവനും കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരനാണ്. ഓരോ വ്യക്തിയും ആദ്യം ആത്മപരിശോധന ചെയ്തശേഷം ഈ അപ്പം ഭക്ഷിക്കുകയും പാനപാത്രത്തിൽനിന്നു കുടിക്കുകയും ചെയ്യേണ്ടതാണ്. എന്തുകൊണ്ടെന്നാൽ കർത്താവിന്റെ തിരുശരീരത്തിന്റെ പൊരുൾ തിരിച്ചറിയാതെ ഈ അപ്പം ഭക്ഷിക്കുകയും പാനപാത്രത്തിൽനിന്നു കുടിക്കുകയും ചെയ്യുന്നവൻ, തന്റെ ശിക്ഷാവിധിയാണ് തിന്നുകയും കുടിക്കുകയും ചെയ്യുന്നത്. അതുകൊണ്ടാണ് നിങ്ങളിൽ പലരും ബലഹീനരും രോഗികളുമാകുകയും ചിലർ മരിക്കുകയും ചെയ്യുന്നത്. നാം നമ്മെത്തന്നെ വിധിച്ചിരുന്നെങ്കിൽ, നാം ദൈവത്തിന്റെ ന്യായവിധിക്കു വിധേയരാകുമായിരുന്നില്ല. ലോകത്തോടൊപ്പം നമുക്കു ശിക്ഷാവിധി ഉണ്ടാകാതിരിക്കേണ്ടതിന് കർത്താവ് നമ്മെ പരിശോധിച്ച് ശിക്ഷണത്തിനു വിധേയരാക്കുന്നു. അതുകൊണ്ട്, സഹോദരരേ, തിരുവത്താഴത്തിൽ പങ്കുകൊള്ളുവാൻ നിങ്ങൾ ഒരുമിച്ചുകൂടുമ്പോൾ മറ്റുള്ളവർക്കുവേണ്ടി കാത്തിരിക്കുക. ആർക്കെങ്കിലും വിശപ്പുണ്ടെങ്കിൽ വീട്ടിൽവച്ചു ഭക്ഷിച്ചുകൊള്ളട്ടെ. അല്ലെങ്കിൽ നിങ്ങൾ ഒരുമിച്ചുകൂടുന്നത് ന്യായവിധിക്കു കാരണമായിത്തീരും. ഇനിയുമുള്ള കാര്യങ്ങൾ ഞാൻ വരുമ്പോൾ ക്രമപ്പെടുത്താം.