YouVersion Logo
Search Icon

1 KORINTH 11

11
1ഞാൻ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ എന്നെ അനുകരിക്കുക.
സ്‍ത്രീകൾ തല മൂടുന്നതിനെക്കുറിച്ച്
2നിങ്ങൾ എപ്പോഴും എന്നെ ഓർക്കുകയും ഞാൻ ഏല്പിച്ച പാരമ്പര്യങ്ങൾ പുലർത്തുകയും ചെയ്യുന്നതുകൊണ്ട് നിങ്ങളെ പ്രശംസിക്കുന്നു. 3ഏതു പുരുഷന്റെയുംമേലുള്ള പരമാധികാരം ക്രിസ്തുവിനും, ഭാര്യയുടെമേലുള്ള അധികാരം ഭർത്താവിനും, ക്രിസ്തുവിന്റെമേലുള്ള അധികാരം ദൈവത്തിനുമാകുന്നു. ഇതു നിങ്ങൾ അറിയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. 4ശിരസ്സു മൂടിക്കൊണ്ടു പ്രാർഥിക്കുകയോ, ദൈവത്തിന്റെ സന്ദേശം പ്രഖ്യാപനം ചെയ്യുകയോ ചെയ്യുന്ന പുരുഷൻ ക്രിസ്തുവിനെ അനാദരിക്കുകയാണു ചെയ്യുന്നത്. 5എന്നാൽ ശിരോവസ്ത്രം ധരിക്കാതെ പ്രാർഥിക്കുകയോ, ദൈവത്തിന്റെ സന്ദേശം പ്രഖ്യാപനം ചെയ്യുകയോ ചെയ്യുന്ന സ്‍ത്രീ തന്റെ ഭർത്താവിനെ അനാദരിക്കുന്നു. അവളുടെ ശിരസ്സ് മുണ്ഡനം ചെയ്യുന്നതിനു സമമാകുന്നു അത്. 6ശിരോവസ്ത്രം അണിയാത്ത സ്‍ത്രീ തന്റെ മുടി വെട്ടിക്കളയേണ്ടതാണ്. മുടി വെട്ടുന്നതോ ശിരസ്സു മുണ്ഡനം ചെയ്യുന്നതോ ലജ്ജാകരമാണെന്നു തോന്നുന്നെങ്കിൽ ശിരോവസ്ത്രം ധരിക്കണം. 7പുരുഷൻ ശിരസ്സു മൂടേണ്ട ആവശ്യമില്ല. എന്തുകൊണ്ടെന്നാൽ അവൻ ദൈവത്തിന്റെ പ്രതിബിംബവും ദൈവത്തിന്റെ തേജസ്സ് പ്രതിഫലിപ്പിക്കുന്നവനുമാകുന്നു. 8പുരുഷൻ സ്‍ത്രീയിൽനിന്നല്ല, പുരുഷനിൽനിന്നു സ്‍ത്രീ സൃഷ്‍ടിക്കപ്പെടുകയാണുണ്ടായത്. 9സ്‍ത്രീക്കുവേണ്ടി സൃഷ്‍ടിക്കപ്പെട്ടവനല്ല പുരുഷൻ. പിന്നെയോ സ്‍ത്രീ പുരുഷനുവേണ്ടി സൃഷ്‍ടിക്കപ്പെട്ടവളാണ്. 10ഒരു സ്‍ത്രീ തന്റെ ഭർത്താവിന്റെ അധികാരത്തിനു വിധേയയാണെന്നു സൂചിപ്പിക്കുന്ന ശിരോവസ്ത്രം മാലാഖമാരോടുള്ള ആദരത്തിന്റെ പേരിൽ ധരിക്കേണ്ടതാണ്. 11എന്നാൽ ക്രിസ്തീയജീവിതത്തിൽ സ്‍ത്രീക്കു പുരുഷനെ ആശ്രയിക്കാതെയോ പുരുഷനു സ്‍ത്രീയെ ആശ്രയിക്കാതെയോ കഴിയുവാൻ സാധ്യമല്ല. 12സ്‍ത്രീ പുരുഷനിൽനിന്നു സൃഷ്‍ടിക്കപ്പെട്ടതുപോലെ പുരുഷൻ സ്‍ത്രീയിൽനിന്നു ജനിക്കുന്നു; എല്ലാറ്റിന്റെയും കാരണഭൂതൻ ദൈവമത്രേ.
13ആരാധനാവേളയിൽ ശിരോവസ്ത്രരഹിതയായി ഒരു സ്‍ത്രീ പ്രാർഥിക്കുന്നത് യോഗ്യമാണോ എന്നു നിങ്ങൾതന്നെ വിധിച്ചുകൊള്ളുക. 14-15നീണ്ട മുടി പുരുഷന് അപമാനകരമാണെന്നും സ്‍ത്രീ മുടി നീട്ടിയാൽ അതു ശിരസ്സിനെ മൂടുന്നതുകൊണ്ട് അത് അവൾക്കു മാനമാകുന്നു എന്നും പ്രകൃതിതന്നെ പറയുന്നില്ലേ? 16ആർക്കെങ്കിലും ഇനി തർക്കമുണ്ടെങ്കിൽ, ഇതാണ് ഞങ്ങൾക്കും ദൈവസഭകൾക്കുമുള്ള ആചാരരീതി എന്നു മാത്രമേ എനിക്കു പറയാനുള്ളൂ.
തിരുവത്താഴം
(മത്താ. 26:26-29; മർക്കോ. 14:22-25; ലൂക്കോ. 22:14-20)
17ഇനിയും പറയുവാൻ പോകുന്ന കാര്യങ്ങളിൽ ഞാൻ നിങ്ങളെ പ്രശംസിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ നിങ്ങൾ ആരാധനയ്‍ക്കായി ഒന്നിച്ചുകൂടുന്നതുമൂലം ഗുണത്തിനു പകരം ദോഷമാണ് ഉണ്ടാകുന്നത്. 18ഒന്നാമത്, നിങ്ങൾ സഭ കൂടുമ്പോൾ നിങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടാകുന്നതായി ഞാൻ കേൾക്കുന്നു. അതു കുറെയൊക്കെ ശരിയാണെന്നു ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു. 19നിങ്ങളുടെ ഇടയിൽ ഭിന്നതകൾ ഉണ്ടാകുകതന്നെ വേണം. നിങ്ങളിൽ വിശ്വസ്തർ ആരാണെന്ന് അതു തെളിയിക്കുമല്ലോ. 20-21നിങ്ങൾ സഭ കൂടുമ്പോൾ ഓരോ വ്യക്തിയും സ്വന്തം അത്താഴം കഴിക്കുവാൻ തിടുക്കം കൂട്ടുന്നു; ചിലർ വിശന്നു തളരുമ്പോൾ മറ്റു ചിലർ കുടിച്ചു മത്തരാകുന്നു. അങ്ങനെ നിങ്ങൾ കഴിക്കുന്നത് കർത്താവിന്റെ തിരുവത്താഴമല്ല. 22തിന്നുകയും കുടിക്കുകയും ചെയ്യുവാൻ നിങ്ങൾക്കു വീടുകളില്ലേ? ദൈവത്തിന്റെ സഭയെ നിന്ദിക്കുകയും പാവങ്ങളെ ലജ്ജിപ്പിച്ചു വിഷമിപ്പിക്കുകയും ചെയ്യണമെന്നുണ്ടോ? ഇതിനെക്കുറിച്ച് ഞാൻ എന്താണു പറയേണ്ടത്? ഞാൻ നിങ്ങളെ പ്രശംസിക്കണമെന്നോ? ഒരിക്കലും ഞാൻ അതു ചെയ്യുകയില്ല.
23ഞാൻ കർത്താവിൽനിന്നു പ്രാപിക്കുകയും നിങ്ങളെ ഏല്പിക്കുകയും ചെയ്തത് ഇതാണ്: കർത്താവായ യേശു, ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ, 24അപ്പം എടുത്ത് സ്തോത്രം ചെയ്തു മുറിച്ചു. അതിനുശേഷം ഇങ്ങനെ അരുൾചെയ്തു: “ഇത് നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരം ആകുന്നു; എന്റെ ഓർമയ്‍ക്കായി ഇതു ചെയ്യുക.” 25അങ്ങനെതന്നെ അത്താഴം കഴിഞ്ഞ് അവിടുന്നു പാനപാത്രവും എടുത്ത് “എന്റെ രക്തംകൊണ്ടു മുദ്രയിടപ്പെട്ട ദൈവത്തിന്റെ പുതിയ ഉടമ്പടിയാണ് ഈ പാനപാത്രം; ഇതു കുടിക്കുമ്പോഴൊക്കെ എന്റെ ഓർമയ്‍ക്കായി ഇതു ചെയ്യുക” എന്നു പറഞ്ഞു.
26ഈ അപ്പം തിന്നുകയും, പാനപാത്രത്തിൽനിന്നു കുടിക്കുകയും ചെയ്യുമ്പോഴെല്ലാം, കർത്താവു വരുന്നതുവരെ അവിടുത്തെ മരണത്തെക്കുറിച്ചു നിങ്ങൾ പ്രസ്താവിക്കുന്നു.
27അതുകൊണ്ട്, അയോഗ്യമായ വിധത്തിൽ കർത്താവിന്റെ അപ്പം തിന്നുകയോ, ഈ പാനപാത്രത്തിൽനിന്നു കുടിക്കുകയോ ചെയ്യുന്ന ഏതൊരുവനും കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരനാണ്. 28ഓരോ വ്യക്തിയും ആദ്യം ആത്മപരിശോധന ചെയ്തശേഷം ഈ അപ്പം ഭക്ഷിക്കുകയും പാനപാത്രത്തിൽനിന്നു കുടിക്കുകയും ചെയ്യേണ്ടതാണ്. 29എന്തുകൊണ്ടെന്നാൽ കർത്താവിന്റെ തിരുശരീരത്തിന്റെ പൊരുൾ തിരിച്ചറിയാതെ ഈ അപ്പം ഭക്ഷിക്കുകയും പാനപാത്രത്തിൽനിന്നു കുടിക്കുകയും ചെയ്യുന്നവൻ, തന്റെ ശിക്ഷാവിധിയാണ് തിന്നുകയും കുടിക്കുകയും ചെയ്യുന്നത്. 30അതുകൊണ്ടാണ് നിങ്ങളിൽ പലരും ബലഹീനരും രോഗികളുമാകുകയും ചിലർ മരിക്കുകയും ചെയ്യുന്നത്. 31നാം നമ്മെത്തന്നെ വിധിച്ചിരുന്നെങ്കിൽ, നാം ദൈവത്തിന്റെ ന്യായവിധിക്കു വിധേയരാകുമായിരുന്നില്ല. 32ലോകത്തോടൊപ്പം നമുക്കു ശിക്ഷാവിധി ഉണ്ടാകാതിരിക്കേണ്ടതിന് കർത്താവ് നമ്മെ പരിശോധിച്ച് ശിക്ഷണത്തിനു വിധേയരാക്കുന്നു.
33അതുകൊണ്ട്, സഹോദരരേ, തിരുവത്താഴത്തിൽ പങ്കുകൊള്ളുവാൻ നിങ്ങൾ ഒരുമിച്ചുകൂടുമ്പോൾ മറ്റുള്ളവർക്കുവേണ്ടി കാത്തിരിക്കുക. 34ആർക്കെങ്കിലും വിശപ്പുണ്ടെങ്കിൽ വീട്ടിൽവച്ചു ഭക്ഷിച്ചുകൊള്ളട്ടെ. അല്ലെങ്കിൽ നിങ്ങൾ ഒരുമിച്ചുകൂടുന്നത് ന്യായവിധിക്കു കാരണമായിത്തീരും. ഇനിയുമുള്ള കാര്യങ്ങൾ ഞാൻ വരുമ്പോൾ ക്രമപ്പെടുത്താം.

Currently Selected:

1 KORINTH 11: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy