YouVersion Logo
Search Icon

1 KORINTH 11:1-16

1 KORINTH 11:1-16 MALCLBSI

ഞാൻ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ എന്നെ അനുകരിക്കുക. നിങ്ങൾ എപ്പോഴും എന്നെ ഓർക്കുകയും ഞാൻ ഏല്പിച്ച പാരമ്പര്യങ്ങൾ പുലർത്തുകയും ചെയ്യുന്നതുകൊണ്ട് നിങ്ങളെ പ്രശംസിക്കുന്നു. ഏതു പുരുഷന്റെയുംമേലുള്ള പരമാധികാരം ക്രിസ്തുവിനും, ഭാര്യയുടെമേലുള്ള അധികാരം ഭർത്താവിനും, ക്രിസ്തുവിന്റെമേലുള്ള അധികാരം ദൈവത്തിനുമാകുന്നു. ഇതു നിങ്ങൾ അറിയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ശിരസ്സു മൂടിക്കൊണ്ടു പ്രാർഥിക്കുകയോ, ദൈവത്തിന്റെ സന്ദേശം പ്രഖ്യാപനം ചെയ്യുകയോ ചെയ്യുന്ന പുരുഷൻ ക്രിസ്തുവിനെ അനാദരിക്കുകയാണു ചെയ്യുന്നത്. എന്നാൽ ശിരോവസ്ത്രം ധരിക്കാതെ പ്രാർഥിക്കുകയോ, ദൈവത്തിന്റെ സന്ദേശം പ്രഖ്യാപനം ചെയ്യുകയോ ചെയ്യുന്ന സ്‍ത്രീ തന്റെ ഭർത്താവിനെ അനാദരിക്കുന്നു. അവളുടെ ശിരസ്സ് മുണ്ഡനം ചെയ്യുന്നതിനു സമമാകുന്നു അത്. ശിരോവസ്ത്രം അണിയാത്ത സ്‍ത്രീ തന്റെ മുടി വെട്ടിക്കളയേണ്ടതാണ്. മുടി വെട്ടുന്നതോ ശിരസ്സു മുണ്ഡനം ചെയ്യുന്നതോ ലജ്ജാകരമാണെന്നു തോന്നുന്നെങ്കിൽ ശിരോവസ്ത്രം ധരിക്കണം. പുരുഷൻ ശിരസ്സു മൂടേണ്ട ആവശ്യമില്ല. എന്തുകൊണ്ടെന്നാൽ അവൻ ദൈവത്തിന്റെ പ്രതിബിംബവും ദൈവത്തിന്റെ തേജസ്സ് പ്രതിഫലിപ്പിക്കുന്നവനുമാകുന്നു. പുരുഷൻ സ്‍ത്രീയിൽനിന്നല്ല, പുരുഷനിൽനിന്നു സ്‍ത്രീ സൃഷ്‍ടിക്കപ്പെടുകയാണുണ്ടായത്. സ്‍ത്രീക്കുവേണ്ടി സൃഷ്‍ടിക്കപ്പെട്ടവനല്ല പുരുഷൻ. പിന്നെയോ സ്‍ത്രീ പുരുഷനുവേണ്ടി സൃഷ്‍ടിക്കപ്പെട്ടവളാണ്. ഒരു സ്‍ത്രീ തന്റെ ഭർത്താവിന്റെ അധികാരത്തിനു വിധേയയാണെന്നു സൂചിപ്പിക്കുന്ന ശിരോവസ്ത്രം മാലാഖമാരോടുള്ള ആദരത്തിന്റെ പേരിൽ ധരിക്കേണ്ടതാണ്. എന്നാൽ ക്രിസ്തീയജീവിതത്തിൽ സ്‍ത്രീക്കു പുരുഷനെ ആശ്രയിക്കാതെയോ പുരുഷനു സ്‍ത്രീയെ ആശ്രയിക്കാതെയോ കഴിയുവാൻ സാധ്യമല്ല. സ്‍ത്രീ പുരുഷനിൽനിന്നു സൃഷ്‍ടിക്കപ്പെട്ടതുപോലെ പുരുഷൻ സ്‍ത്രീയിൽനിന്നു ജനിക്കുന്നു; എല്ലാറ്റിന്റെയും കാരണഭൂതൻ ദൈവമത്രേ. ആരാധനാവേളയിൽ ശിരോവസ്ത്രരഹിതയായി ഒരു സ്‍ത്രീ പ്രാർഥിക്കുന്നത് യോഗ്യമാണോ എന്നു നിങ്ങൾതന്നെ വിധിച്ചുകൊള്ളുക. നീണ്ട മുടി പുരുഷന് അപമാനകരമാണെന്നും സ്‍ത്രീ മുടി നീട്ടിയാൽ അതു ശിരസ്സിനെ മൂടുന്നതുകൊണ്ട് അത് അവൾക്കു മാനമാകുന്നു എന്നും പ്രകൃതിതന്നെ പറയുന്നില്ലേ? ആർക്കെങ്കിലും ഇനി തർക്കമുണ്ടെങ്കിൽ, ഇതാണ് ഞങ്ങൾക്കും ദൈവസഭകൾക്കുമുള്ള ആചാരരീതി എന്നു മാത്രമേ എനിക്കു പറയാനുള്ളൂ.