YouVersion Logo
Search Icon

1 KORINTH 1:18-25

1 KORINTH 1:18-25 MALCLBSI

ക്രിസ്തുവിന്റെ ക്രൂശുമരണത്തെക്കുറിച്ചുള്ള സന്ദേശം നശിച്ചുപോകുന്നവർക്ക് ഭോഷത്തമാകുന്നു; എന്നാൽ രക്ഷിക്കപ്പെടുന്നവരായ നമുക്ക് അതു ദൈവത്തിന്റെ ശക്തിയത്രേ. വേദഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു: ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കും; പണ്ഡിതന്മാരുടെ പാണ്ഡിത്യം ദുർബലമാക്കുകയും ചെയ്യും. അപ്പോൾ ജ്ഞാനി എവിടെ? പണ്ഡിതൻ എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ലൗകികജ്ഞാനം ഭോഷത്തമാണെന്നു ദൈവം വ്യക്തമാക്കിയിരിക്കുന്നു. തങ്ങളുടെ സ്വന്തം ജ്ഞാനം മുഖേന മനുഷ്യർക്കു ദൈവത്തെ അറിയുവാൻ സാധ്യമല്ല. ദൈവമാണ് തന്റെ ജ്ഞാനത്താൽ മനുഷ്യന് അത് അസാധ്യമാക്കിത്തീർത്തത്. മറിച്ച്, ഭോഷത്തമെന്നു പറയപ്പെടുന്നതും ഞങ്ങൾ പ്രസംഗിക്കുന്നതുമായ സുവിശേഷംമുഖേന, വിശ്വസിക്കുന്നവരെ രക്ഷിക്കുവാൻ ദൈവത്തിനു തിരുമനസ്സായി. തെളിവിന് അടയാളങ്ങൾ വേണമെന്നു യെഹൂദന്മാർ ആവശ്യപ്പെടുന്നു. ഗ്രീക്കുകാർക്കു വേണ്ടത് ജ്ഞാനമാണ്. ഞങ്ങളാകട്ടെ, വിളംബരം ചെയ്യുന്നത് ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെയാകുന്നു; അത് യെഹൂദന്മാർക്ക് ഇടർച്ചയും വിജാതീയർക്കു ഭോഷത്തവുമത്രേ; എന്നാൽ യെഹൂദന്മാർക്കാകട്ടെ, വിജാതീയർക്കാകട്ടെ, ദൈവം വിളിച്ച ഏവർക്കും ഈ സുവിശേഷം, ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവുമാകുന്ന ക്രിസ്തു ആകുന്നു. ദൈവത്തിന്റെ ഭോഷത്തം എന്നു നമുക്കു തോന്നുന്നത് മനുഷ്യരുടെ ജ്ഞാനത്തെക്കാൾ മികച്ചതും, ദൈവത്തിന്റെ ദൗർബല്യം എന്നു തോന്നുന്നത് മനുഷ്യരുടെ ശക്തിയെക്കാൾ ബലമേറിയതുമാണ്.