YouVersion Logo
Search Icon

1 KORINTH 1

1
അഭിവാദനം
1ദൈവഹിതപ്രകാരം ക്രിസ്തുയേശുവിന്റെ അപ്പോസ്തോലനായി വിളിക്കപ്പെട്ട പൗലൊസും സോസ്തെനേസ് എന്ന സഹോദരനും ചേർന്ന്, 2ക്രിസ്തുയേശുവിനോടുള്ള ഐക്യത്തിൽ ദൈവത്തിന്റെ സ്വന്തമായ വിശുദ്ധജനമെന്നു വിളിക്കപ്പെടുന്ന കൊരിന്തിലെ ദൈവസഭയ്‍ക്കും, നമ്മുടെയും അവരുടെയും കർത്താവായ യേശുക്രിസ്തുവിനെ ആരാധിക്കുന്നവരായി ലോകത്തിലെങ്ങുമുള്ള എല്ലാവർക്കും എഴുതുന്നത്:
3നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
ക്രിസ്തുവിലുള്ള ആശീർവാദം
4ക്രിസ്തുയേശു മുഖേന നിങ്ങൾക്ക് നല്‌കിയിരിക്കുന്ന ദൈവകൃപ നിമിത്തം നിങ്ങൾക്കുവേണ്ടി എന്റെ ദൈവത്തെ എപ്പോഴും ഞാൻ സ്തുതിക്കുന്നു. 5ക്രിസ്തുവിനോടുള്ള ഐക്യത്തിൽ എല്ലാവിധ ഭാഷണങ്ങളും അറിവുകളുമുൾപ്പെടെയുള്ള സകല കാര്യങ്ങളിലും നിങ്ങൾ സമ്പന്നരായിത്തീർന്നിരിക്കുന്നു. 6ക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യം നിങ്ങളിൽ ദൃഢമായി വേരൂന്നിയിട്ടുണ്ട്. 7അങ്ങനെ നമ്മുടെ കർത്താവായ യേശുക്രിസ്തു പ്രത്യക്ഷപ്പെടുന്നതിനുവേണ്ടി കാത്തിരിക്കുന്ന നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും ലഭിച്ചിട്ടുണ്ടല്ലോ. 8നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദിവസത്തിൽ നിങ്ങൾ കുറ്റമറ്റവരായിരിക്കുന്നതിന് അന്ത്യംവരെ അവിടുന്ന് നിങ്ങളെ ഉറപ്പിച്ചു നിർത്തുകയും ചെയ്യും. 9അവിടുത്തെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനോടുള്ള കൂട്ടായ്മയ്‍ക്കായി നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ തന്നെ.
സഭയിലെ ഭിന്നതകൾ
10എന്റെ സഹോദരരേ, നിങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടാകാതെ, നിങ്ങൾ ഏകമനസ്സും ഏകലക്ഷ്യവും ഉള്ളവരായിരിക്കേണ്ടതിന് നിങ്ങൾക്ക് പൂർണമായ ഐക്യം ഉണ്ടായിരിക്കണമെന്ന് കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാവരോടും ഞാൻ അപേക്ഷിക്കുന്നു. 11നിങ്ങളുടെ ഇടയിൽ ഭിന്നതകൾ ഉള്ളതായി ക്ലോവയുടെ ആളുകൾ വ്യക്തമായി എന്നോടു പറഞ്ഞു. 12ഞാൻ പൗലൊസിന്റെ അനുയായി എന്ന് ഒരാൾ; അപ്പൊല്ലോസിന്റെ അനുയായി എന്ന് മറ്റൊരാൾ; പത്രോസിന്റെ അനുയായി എന്നു വേറൊരാൾ; ഇവരെ ആരെയുമല്ല, ക്രിസ്തുവിനെയാണ് ഞാൻ അനുഗമിക്കുന്നത് എന്ന് ഇനിയുമൊരാൾ! ഇങ്ങനെ പലരും പലവിധത്തിൽ പറയുന്നുണ്ടത്രേ. 13ക്രിസ്തു പല കൂട്ടമായി #1:13 ചില കൈയെഴുത്തുപ്രതികളിൽ ‘ക്രിസ്തു പല കൂട്ടമായി വിഭജിക്കപ്പെടാവുന്നതല്ല’ എന്നാണ്.വിഭജിക്കപ്പെട്ടിരിക്കുന്നു എന്നോ? നിങ്ങൾക്കുവേണ്ടി ക്രൂശിക്കപ്പെട്ടത് പൗലൊസാണോ? പൗലൊസിന്റെ നാമത്തിലാണോ നിങ്ങൾ സ്നാപനം ചെയ്യപ്പെട്ടത്?
14ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളിൽ ആരെയും ഞാൻ സ്നാപനം ചെയ്തിട്ടില്ല. അതിനിടയാക്കിയ ദൈവത്തെ ഞാൻ സ്തുതിക്കുന്നു. 15അതുകൊണ്ട്, എന്റെ നാമത്തിൽ നിങ്ങളെ ഞാൻ സ്നാപനം ചെയ്തു എന്നു പറയുവാൻ ആർക്കും സാധ്യമല്ലല്ലോ. 16അതേ, സ്തേഫാനോസിനെയും അയാളുടെ കുടുംബത്തെയും ഞാൻ സ്നാപനം ചെയ്തു. വേറെ ആരെയും സ്നാപനം ചെയ്തതായി ഞാൻ ഓർക്കുന്നില്ല. 17ക്രിസ്തു എന്നെ അയച്ചത് സ്നാപനം ചെയ്യുവാനല്ല, പ്രത്യുത, സുവിശേഷം അറിയിക്കുന്നതിനാകുന്നു. ക്രിസ്തുവിന്റെ ക്രൂശുമരണത്തിന്റെ മാഹാത്മ്യത്തിനു കുറവു വരാതിരിക്കുവാൻ, പാണ്ഡിത്യത്തിന്റെ ഭാഷ ഉപയോഗിക്കാതെയാണു ഞാൻ അറിയിക്കുന്നത്.
ക്രിസ്തു ദൈവത്തിന്റെ ശക്തിയും ജ്ഞാനവും
18ക്രിസ്തുവിന്റെ ക്രൂശുമരണത്തെക്കുറിച്ചുള്ള സന്ദേശം നശിച്ചുപോകുന്നവർക്ക് ഭോഷത്തമാകുന്നു; എന്നാൽ രക്ഷിക്കപ്പെടുന്നവരായ നമുക്ക് അതു ദൈവത്തിന്റെ ശക്തിയത്രേ. 19വേദഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു:
ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കും;
പണ്ഡിതന്മാരുടെ പാണ്ഡിത്യം
ദുർബലമാക്കുകയും ചെയ്യും.
20അപ്പോൾ ജ്ഞാനി എവിടെ? പണ്ഡിതൻ എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ലൗകികജ്ഞാനം ഭോഷത്തമാണെന്നു ദൈവം വ്യക്തമാക്കിയിരിക്കുന്നു.
21തങ്ങളുടെ സ്വന്തം ജ്ഞാനം മുഖേന മനുഷ്യർക്കു ദൈവത്തെ അറിയുവാൻ സാധ്യമല്ല. ദൈവമാണ് തന്റെ ജ്ഞാനത്താൽ മനുഷ്യന് അത് അസാധ്യമാക്കിത്തീർത്തത്. മറിച്ച്, ഭോഷത്തമെന്നു പറയപ്പെടുന്നതും ഞങ്ങൾ പ്രസംഗിക്കുന്നതുമായ സുവിശേഷംമുഖേന, വിശ്വസിക്കുന്നവരെ രക്ഷിക്കുവാൻ ദൈവത്തിനു തിരുമനസ്സായി. 22തെളിവിന് അടയാളങ്ങൾ വേണമെന്നു യെഹൂദന്മാർ ആവശ്യപ്പെടുന്നു. ഗ്രീക്കുകാർക്കു വേണ്ടത് ജ്ഞാനമാണ്. 23ഞങ്ങളാകട്ടെ, വിളംബരം ചെയ്യുന്നത് ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെയാകുന്നു; അത് യെഹൂദന്മാർക്ക് ഇടർച്ചയും വിജാതീയർക്കു ഭോഷത്തവുമത്രേ; 24എന്നാൽ യെഹൂദന്മാർക്കാകട്ടെ, വിജാതീയർക്കാകട്ടെ, ദൈവം വിളിച്ച ഏവർക്കും ഈ സുവിശേഷം, ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവുമാകുന്ന ക്രിസ്തു ആകുന്നു. 25ദൈവത്തിന്റെ ഭോഷത്തം എന്നു നമുക്കു തോന്നുന്നത് മനുഷ്യരുടെ ജ്ഞാനത്തെക്കാൾ മികച്ചതും, ദൈവത്തിന്റെ ദൗർബല്യം എന്നു തോന്നുന്നത് മനുഷ്യരുടെ ശക്തിയെക്കാൾ ബലമേറിയതുമാണ്.
26എന്റെ സഹോദരരേ, നിങ്ങളെ ദൈവം വിളിക്കുന്നതിനു മുമ്പ് നിങ്ങൾ എങ്ങനെയുള്ളവരായിരുന്നു എന്ന് ഓർത്തുനോക്കൂ. മാനുഷികമായി നോക്കിയാൻ നിങ്ങളുടെ ഇടയിൽ ജ്ഞാനികളോ, ശക്തന്മാരോ, കൂലീനന്മാരോ അധികമില്ലായിരുന്നു. 27ജ്ഞാനികളെ ലജ്ജിപ്പിക്കുവാൻ, ഭോഷത്തമെന്നു ലോകം കരുതുന്നത് ദൈവം തിരഞ്ഞെടുത്തു. ശക്തന്മാരെ ലജ്ജിപ്പിക്കുവാൻ അശക്തമെന്നു ലോകം കരുതുന്നതാണു ദൈവം തിരഞ്ഞെടുത്തത്; 28നിസ്സാരമെന്നും, നികൃഷ്ടമെന്നും, ഏതുമില്ലാത്തതെന്നും ലോകം പരിഗണിക്കുന്നവയെ ദൈവം തിരഞ്ഞെടുത്തു. ലോകം സുപ്രധാനമെന്നു കരുതുന്നവയെ തകർക്കുന്നതിനുവേണ്ടിയാണ് അപ്രകാരം ചെയ്തത്. 29അതുകൊണ്ട് ദൈവമുമ്പാകെ ആർക്കുംതന്നെ അഹങ്കരിക്കുവാനാവില്ല. 30എന്നാൽ ദൈവം നിങ്ങളെ ക്രിസ്തുയേശുവിനോടുള്ള ഐക്യതയിലേക്കു കൊണ്ടുവന്നിരിക്കുന്നു. ക്രിസ്തു നമുക്കുവേണ്ടി ദൈവത്തിൽനിന്നുള്ള ജ്ഞാനമായിത്തീരുകയും ചെയ്തിരിക്കുന്നു. ക്രിസ്തുമൂലം നാം ദൈവമുമ്പാകെ നിഷ്കളങ്കരും ദൈവത്തിന്റെ വിശുദ്ധജനവും ആയിത്തീരും. അവിടുന്നു നമ്മെ സ്വതന്ത്രരാക്കുകയും ചെയ്യുന്നു. 31അതുകൊണ്ട്, വേദഗ്രന്ഥത്തിൽ പറയുന്നതുപോലെ ‘അഭിമാനിക്കണമെന്നുള്ളവൻ കർത്താവു ചെയ്തിരിക്കുന്നതിൽ അഭിമാനം കൊള്ളട്ടെ.’

Currently Selected:

1 KORINTH 1: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in