Лого на YouVersion
Иконка за търсене

യോഹന്നാൻ 3

3
യേശു നിക്കോദേമൊസിനെ ഉപദേശിക്കുന്നു
1യെഹൂദരുടെ ഭരണസമിതിയിൽ നിക്കോദേമൊസ് എന്നു പേരുള്ള ഒരു പരീശൻ ഉണ്ടായിരുന്നു. 2അദ്ദേഹം രാത്രിയിൽ യേശുവിന്റെ അടുക്കൽവന്നു പറഞ്ഞു, “റബ്ബീ, അങ്ങു ദൈവത്തിന്റെ അടുക്കൽനിന്ന് വന്ന ഒരു ആചാര്യനാണ് എന്നു ഞങ്ങൾ മനസ്സിലാക്കുന്നു. ദൈവം കൂടെയില്ലെങ്കിൽ അങ്ങു ചെയ്യുന്ന ഈ ചിഹ്നങ്ങൾ ചെയ്യാൻ ആർക്കും സാധ്യമല്ല.”
3“ഞാൻ താങ്കളോട് സത്യം സത്യമായി പറയട്ടെ: വീണ്ടും ജനിച്ചില്ല#3:3 അഥവാ, ഉയരത്തിൽനിന്നു ജനിച്ചില്ല. വാ. 7 കാണുക. എങ്കിൽ ദൈവരാജ്യം കാണാൻ ആർക്കും കഴിയുകയില്ല” യേശു പ്രതിവചിച്ചു.
4“പ്രായമായശേഷം ഒരു മനുഷ്യൻ ജനിക്കുന്നത് എങ്ങനെ? രണ്ടാമതും മാതാവിന്റെ ഉദരത്തിൽ പ്രവേശിച്ചു ജനിക്കുക സാധ്യമല്ലല്ലോ!” നിക്കോദേമൊസ് ചോദിച്ചു.
5യേശു മറുപടി പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, വെള്ളത്തിൽനിന്നും ആത്മാവിൽനിന്നും ജനിച്ചില്ലെങ്കിൽ ദൈവരാജ്യത്തിൽ പ്രവേശിക്കാൻ ആർക്കും കഴിയുകയില്ല. 6ഭൗതികജനനം ശാരീരികമായി സംഭവിക്കുന്നു; ആത്മികജനനം ആത്മാവിലൂടെ സംഭവിക്കുന്നു. 7‘നിങ്ങൾ വീണ്ടും ജനിക്കണം,’ എന്നു ഞാൻ പറഞ്ഞതിൽ നീ ആശ്ചര്യപ്പെടേണ്ടതില്ല. 8കാറ്റ് ഇഷ്ടമുള്ളേടത്തേക്കു വീശുന്നു. അതിന്റെ ശബ്ദം കേൾക്കുന്നുണ്ടെങ്കിലും അത് എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ അറിയുന്നില്ല. ആത്മാവിൽനിന്നു ജനിച്ച ഏതൊരു വ്യക്തിയും അങ്ങനെതന്നെ.”
9“ഇത് എങ്ങനെ സാധ്യമാകും?” നിക്കോദേമൊസ് ചോദിച്ചു.
10അതിന് യേശു, “നീ ഇസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഈ കാര്യങ്ങൾ ഗ്രഹിക്കുന്നില്ലയോ? 11സത്യം സത്യമായി ഞാൻ താങ്കളോട് പറയട്ടെ: ഞങ്ങൾ അറിയുന്നതിനെപ്പറ്റി സംസാരിക്കുകയും, കണ്ടിരിക്കുന്നതിനെപ്പറ്റി സാക്ഷ്യം പറയുകയും ചെയ്യുന്നു, എന്നിട്ടും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ സ്വീകരിക്കുന്നില്ല. 12ലൗകികകാര്യങ്ങൾ ഞാൻ നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗീയകാര്യങ്ങൾ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും? 13സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന#3:13 ചി.കൈ.പ്ര. സ്വർഗത്തിലുള്ള മനുഷ്യപുത്രൻ ഒഴികെ മറ്റാരും സ്വർഗത്തിൽ കയറിപ്പോയിട്ടില്ല. 14മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടതാണ്;#3:14 സംഖ്യ. 21:9 15അവനിൽ വിശ്വസിക്കുന്ന ഏതു വ്യക്തിയും നിത്യജീവൻ പ്രാപിക്കേണ്ടതിനു വേണ്ടിയാണിത്” എന്നു പറഞ്ഞു.
16ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര#3:16 മൂ.ഭാ. നൽകുക ദൈവം ലോകത്തെ സ്നേഹിച്ചു. 17ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്. 18അവനിൽ വിശ്വസിക്കുന്ന ആർക്കും ശിക്ഷാവിധി ഇല്ല; എന്നാൽ വിശ്വസിക്കാത്തവർക്കോ, ദൈവത്തിന്റെ നിസ്തുലപുത്രന്റെ നാമത്തിൽ വിശ്വസിക്കാത്തതുകൊണ്ട്, ശിക്ഷാവിധി വന്നുകഴിഞ്ഞു. 19പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യരുടെ ദുഷ്ടതനിറഞ്ഞ പ്രവൃത്തി കാരണം അവർ പ്രകാശത്തിനു പകരം അന്ധകാരത്തെ സ്നേഹിച്ചു എന്നതാണ് ശിക്ഷാവിധിക്ക് അടിസ്ഥാനം. 20തിന്മചെയ്യുന്ന ഏതൊരാളും പ്രകാശത്തെ വെറുക്കുന്നു; തന്റെ പ്രവൃത്തികൾ പരസ്യമാകും എന്ന ഭയംനിമിത്തം പ്രകാശത്തിലേക്കു വരുന്നതുമില്ല. 21എന്നാൽ സത്യമനുസരിച്ചു ജീവിക്കുന്നവർ, തങ്ങളുടെ പ്രവൃത്തി ദൈവംമുഖേനയാണ് ചെയ്തതെന്നു വെളിപ്പെടാൻ പ്രകാശത്തിലേക്കു വരുന്നു.
യേശുവിനെപ്പറ്റി യോഹന്നാൻസ്നാപകന്റെ സാക്ഷ്യം
22പിന്നീട് യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്തെത്തി, അവരോടുകൂടെ അവിടെ താമസിച്ചു സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു. 23യോഹന്നാൻ ശലേമിനടുത്തുള്ള ഐനോനിലും സ്നാനം കഴിപ്പിച്ചുപോന്നു; കാരണം അവിടെ വെള്ളം ധാരാളമുണ്ടായിരുന്നു. ജനങ്ങൾ സ്നാനം സ്വീകരിക്കാൻ വന്നുകൊണ്ടിരുന്നു. 24യോഹന്നാൻ തടവിലാകുന്നതിനുമുമ്പാണ് ഇതു നടന്നത്. 25ആചാരപരമായ ശുദ്ധീകരണത്തെപ്പറ്റി യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർക്ക് ഒരു യെഹൂദനുമായി#3:25 ചി.കൈ.പ്ര. ചില യെഹൂദരുമായി തർക്കം ഉണ്ടായി. 26അവർ യോഹന്നാന്റെ അരികിൽ വന്ന് അദ്ദേഹത്തോട് “റബ്ബീ, യോർദാന്റെ അക്കരെ അങ്ങയോടുകൂടെ ഉണ്ടായിരുന്ന ആ മനുഷ്യൻ—അങ്ങു സാക്ഷ്യപ്പെടുത്തിയ ആൾ—സ്നാനം കഴിപ്പിച്ചുകൊണ്ടിരിക്കുന്നു: എല്ലാവരും അദ്ദേഹത്തിന്റെ അടുക്കലേക്കു പോകുന്നു.” എന്നു പറഞ്ഞു.
27അതിനു മറുപടിയായി യോഹന്നാൻ: “സ്വർഗത്തിൽനിന്ന് നൽകാതെ യാതൊന്നും മനുഷ്യനു സ്വീകരിക്കാൻ കഴിയുകയില്ല. 28‘ഞാൻ ക്രിസ്തു അല്ലെന്നും അദ്ദേഹത്തിനു മുൻഗാമിയായി അയയ്ക്കപ്പെട്ടവൻമാത്രമാണെന്നും,’ ഞാൻ പറഞ്ഞിട്ടുള്ളതിനു നിങ്ങൾ സാക്ഷികളാണല്ലോ. 29മണവാട്ടിയുള്ളവനാണ് മണവാളൻ. മണവാളന്റെ തോഴനോ, മണവാളന്റെ കൂടെ നിന്ന്, അവന്റെ സ്വരം കേട്ട് അത്യധികം ആഹ്ലാദിക്കുന്നു. ആ ആനന്ദമാണ് എനിക്കുള്ളത്; ഇപ്പോൾ അതു പൂർണമായിരിക്കുന്നു. 30അവിടത്തെ പ്രാമുഖ്യം വർധിച്ചുകൊണ്ടേയിരിക്കണം; എന്റെ പ്രാമുഖ്യമോ കുറഞ്ഞുകൊണ്ടിരിക്കണം.
31“ഉന്നതത്തിൽനിന്ന് വരുന്നവൻ എല്ലാവരിലും ഉന്നതനാകുന്നു; ഭൂമിയിൽനിന്നുള്ളവനോ ഭൗമികനാകുന്നു; അയാൾ ഭൗമികമായതു സംസാരിക്കുന്നു. സ്വർഗത്തിൽനിന്ന് വരുന്നവൻ എല്ലാവരിലും ഉന്നതനാകുന്നു. 32താൻ കണ്ടതും കേട്ടതുമായ കാര്യങ്ങൾക്ക് അയാൾ സാക്ഷ്യംവഹിക്കുന്നു. എന്നാൽ അയാളുടെ സാക്ഷ്യം ആരും സ്വീകരിക്കുന്നതുമില്ല. 33ആ സാക്ഷ്യം സ്വീകരിക്കുന്നവനോ ദൈവം സത്യവാൻ എന്നതു സ്ഥിരീകരിക്കുന്നു. 34കാരണം, ദൈവം അയച്ചിരിക്കുന്നവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവിടന്ന് ആത്മാവിനെ അളവില്ലാതെ നൽകുന്നല്ലോ. 35പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലതും അവന്റെ കൈയിൽ ഏൽപ്പിച്ചുമിരിക്കുന്നു. 36പുത്രനിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവനുണ്ട്; പുത്രനെ അനുസരിക്കാത്തവരോ ജീവനെ കാണുകയില്ലെന്നുമാത്രമല്ല; ദൈവക്രോധം അവരുടെമേൽ നിലനിൽക്കുകയും ചെയ്യുന്നു.”

Избрани в момента:

യോഹന്നാൻ 3: MCV

Маркирай стих

Споделяне

Копиране

None

Искате ли вашите акценти да бъдат запазени на всички ваши устройства? Регистрирайте се или влезте