ഉല്പ. 17
17
പരിച്ഛേദനം
1അബ്രാമിനു തൊണ്ണൂറ്റൊന്‍പത് വയസ്സായപ്പോൾ യഹോവ അബ്രാമിനു പ്രത്യക്ഷനായി അവനോട്: “ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ എന്‍റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്കുക. 2എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്‍റെ ഉടമ്പടി ഉണ്ടാക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും” എന്നു അരുളിച്ചെയ്തു.
3അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോട് അരുളിച്ചെയ്തതെന്തെന്നാൽ: 4“നോക്കൂ, എനിക്ക് നിന്നോട് ഉടമ്പടിയുണ്ട്; നീ അനേകം ജനതകൾക്ക് പിതാവാകും. 5ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടത്; ഞാൻ നിന്നെ അനേകം ജനതകൾക്ക് പിതാവാക്കിയിരിക്കയാൽ നിന്‍റെ പേർ അബ്രാഹാം എന്നായിരിക്കേണം. 6ഞാൻ നിന്നെ അധികമധികമായി വർദ്ധിപ്പിച്ചു, അനേക ജനതകളാക്കും; നിന്നിൽനിന്ന് രാജാക്കന്മാരും ജനിക്കും. 7ഞാൻ നിനക്കും നിന്‍റെ ശേഷം നിന്‍റെ സന്തതിക്കും ദൈവം ആയിരിക്കേണ്ടതിന് ഞാൻ എനിക്കും നിനക്കും നിന്‍റെ ശേഷം തലമുറതലമുറയായി നിന്‍റെ സന്തതിക്കും മദ്ധ്യേ എന്‍റെ ഉടമ്പടിയെ നിത്യ ഉടമ്പടിയായി സ്ഥാപിക്കും. 8ഞാൻ നിനക്കും നിന്‍റെ ശേഷം നിന്‍റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻദേശം ഒക്കെയും ശാശ്വതാവകാശമായി തരും; ഞാൻ അവർക്ക് ദൈവമായുമിരിക്കും.”
9ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തത്: “നീയും നിന്‍റെ ശേഷം തലമുറതലമുറയായി നിന്‍റെ സന്തതിയും എന്‍റെ ഉടമ്പടി പ്രമാണിക്കേണം. 10എനിക്കും നിങ്ങൾക്കും നിന്‍റെ ശേഷം നിന്‍റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്‍റെ ഉടമ്പടി ഇതാകുന്നു: നിങ്ങളുടെ ഇടയിലുള്ള ആൺകുഞ്ഞുങ്ങളൊക്കെയും പരിച്ഛേദന ഏല്ക്കേണം. 11നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അത് എനിക്കും നിങ്ങൾക്കും ഇടയിലുള്ള ഉടമ്പടിയുടെ അടയാളം ആകും. 12തലമുറതലമുറയായി നിങ്ങളുടെ ആൺകുഞ്ഞുങ്ങളെല്ലാം എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദന ഏല്ക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്‍റെ സന്തതിയല്ലാത്തവനായി അന്യനോട് വിലയ്ക്കു വാങ്ങിയവനായാലും അങ്ങനെ ചെയ്യേണം. 13നിന്‍റെ വീട്ടിൽ ജനിച്ച ദാസനും നീ വിലകൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേ മതിയാവൂ; എന്‍റെ ഉടമ്പടി നിങ്ങളുടെ ദേഹത്തിൽ ഒരു നിത്യഉടമ്പടിയായിരിക്കേണം. 14അഗ്രചർമ്മിയായ പുരുഷന്‍ പരിച്ഛേദന ഏല്ക്കാതിരുന്നാൽ ജനത്തിൽനിന്ന് ആ വ്യക്തിയെ ഛേദിച്ചുകളയേണം; അവൻ എന്‍റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു.”
15ദൈവം പിന്നെയും അബ്രാഹാമിനോട്: “നിന്‍റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടത്; അവളുടെ പേരു സാറാ എന്നായിരിക്കേണം. 16ഞാൻ അവളെ അനുഗ്രഹിച്ച് അവളിൽനിന്നു നിനക്കു ഒരു മകനെ തരും; ഞാൻ അവളെ അനുഗ്രഹിക്കയും അവൾ ജനതകൾക്ക് മാതാവായി തീരുകയും ജനതകളുടെ രാജാക്കന്മാർ അവളിൽ നിന്ന് ജനിക്കുകയും ചെയ്യും” എന്നു അരുളിച്ചെയ്തു.
17അപ്പോൾ അബ്രാഹാം കമിഴ്ന്നുവീണു ചിരിച്ചു: “നൂറു വയസ്സുള്ളവന് മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്നു തന്‍റെ ഹൃദയത്തിൽ പറഞ്ഞു. 18“യിശ്മായേൽ അങ്ങേയുടെ മുമ്പാകെ ജീവിച്ചിരുന്നാൽ മതി” എന്നു അബ്രാഹാം ദൈവത്തോട് പറഞ്ഞു.
19അതിന് ദൈവം അരുളിച്ചെയ്തത്: “അല്ല, നിന്‍റെ ഭാര്യയായ സാറാ തന്നെ നിനക്കൊരു മകനെ പ്രസവിക്കും; നീ അവനു യിസ്ഹാക്ക് എന്നു പേരിടേണം; ഞാൻ അവനോടും അവന്‍റെ ശേഷം അവന്‍റെ സന്തതിയോടും എന്‍റെ ഉടമ്പടിയെ ഒരു നിത്യഉടമ്പടിയായി സ്ഥാപിക്കും 20യിശ്മായേലിനെ കുറിച്ചും ഞാൻ നിന്‍റെ അപേക്ഷ കേട്ടിരിക്കുന്നു; ഇതാ, ഞാൻ അവനെ അനുഗ്രഹിച്ച് അത്യന്തം സന്താനപുഷ്ടിയുള്ളവനാക്കി വർദ്ധിപ്പിക്കും. അവൻ പന്ത്രണ്ട് പ്രഭുക്കന്മാരെ ജനിപ്പിക്കും; ഞാൻ അവനെ വലിയ ഒരു ജനതയാക്കും. 21എന്നാൽ, എന്‍റെ നിയമം ഞാൻ സ്ഥാപിക്കുന്നതോ, അടുത്ത വർഷം ഈ നിശ്ചിത സമയത്ത് സാറാ നിനക്കു പ്രസവിക്കുവാനുള്ള യിസ്ഹാക്കിനോട് ആകുന്നു.” 22ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്തു തീർന്നശേഷം അവനെ വിട്ട് കയറിപ്പോയി.
23അനന്തരം അബ്രാഹാം തന്‍റെ മകനായ യിശ്മായേലിനെയും തന്‍റെ വീട്ടിൽ ജനിച്ച സകലദാസന്മാരെയും താൻ വിലയ്ക്കു വാങ്ങിയവരെ ഒക്കെയും അബ്രാഹാമിന്‍റെ വീട്ടിലുള്ള സകലപുരുഷന്മാരെയും കൂട്ടി ദൈവം തന്നോട് കല്പിച്ചതുപോലെ അവരുടെ അഗ്രചർമ്മത്തെ അന്നുതന്നെ പരിച്ഛേദന ചെയ്തു. 24അബ്രാഹാം പരിച്ഛേദനയേറ്റപ്പോൾ അവനു തൊണ്ണൂറ്റൊമ്പത് വയസ്സായിരുന്നു. 25അവന്‍റെ മകനായ യിശ്മായേൽ പരിച്ഛേദനയേറ്റപ്പോൾ അവനു പതിമൂന്നു വയസ്സായിരുന്നു. 26അബ്രാഹാമും അവന്‍റെ മകനായ യിശ്മായേലും ഒരേ ദിവസത്തിൽ പരിച്ഛേദന ഏറ്റു. 27അബ്രാഹാമിന്‍റെ വീട്ടിലെ എല്ലാ ദാസന്മാരും, ആ വീട്ടിൽ ജനിച്ചവരും, അന്യരിൽനിന്ന് വിലയ്ക്കു വാങ്ങിയവരും അവനോടുകൂടെ പരിച്ഛേദന ഏറ്റു.
المحددات الحالية:
ഉല്പ. 17: IRVMAL
تمييز النص
شارك
نسخ
هل تريد حفظ أبرز أعمالك على جميع أجهزتك؟ قم بالتسجيل أو تسجيل الدخول
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.