JOHANA 9

9
അന്ധനു കാഴ്ച നല്‌കുന്നു
1യേശു കടന്നുപോകുമ്പോൾ ജന്മനാ അന്ധനായ ഒരു മനുഷ്യനെ കണ്ടു. ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: 2“ഗുരോ, ആരു പാപം ചെയ്തിട്ടാണ് ഈ മനുഷ്യൻ അന്ധനായി ജനിച്ചത്, ഇയാളോ, ഇയാളുടെ മാതാപിതാക്കളോ?”
3യേശു പറഞ്ഞു: “ഈ മനുഷ്യനോ ഇയാളുടെ മാതാപിതാക്കളോ പാപം ചെയ്തതുകൊണ്ടല്ല ഇയാൾ അന്ധനായി ജനിച്ചത്; പിന്നെയോ, ദൈവത്തിന്റെ പ്രവൃത്തികൾ ഇയാളിൽ പ്രത്യക്ഷമാകേണ്ടതിനാണ്. 4പകലുള്ളിടത്തോളം എന്നെ അയച്ചവന്റെ പ്രവൃത്തികൾ നാം ചെയ്യേണ്ടതാകുന്നു. ആർക്കും പ്രവർത്തിക്കുവാൻ കഴിയാത്ത രാത്രി വരുന്നു. 5ഞാൻ ലോകത്തിലായിരിക്കുമ്പോൾ ലോകത്തിന്റെ പ്രകാശമാകുന്നു.”
6ഇങ്ങനെ പറഞ്ഞശേഷം അവിടുന്നു നിലത്തു തുപ്പി തുപ്പൽകൊണ്ടു ചേറുണ്ടാക്കി ആ മനുഷ്യന്റെ കണ്ണിന്മേൽ പൂശിയശേഷം, 7“നീ ശീലോഹാം കുളത്തിൽ ചെന്നു കഴുകുക” എന്നു പറഞ്ഞു. ‘ശീലോഹാം’ എന്ന വാക്കിന് ‘അയയ്‍ക്കപ്പെട്ടവൻ’ എന്നാണർഥം. അങ്ങനെ അവൻ പോയി കഴുകി കാഴ്ചപ്രാപിച്ചു തിരിച്ചുവന്നു.
8അയാളുടെ അയൽക്കാരും മുമ്പു ഭിക്ഷ യാചിക്കുന്നവനായി അയാളെ കണ്ടവരും, “ഇവനല്ലേ അവിടെയിരുന്നു ഭിക്ഷ യാചിച്ചിരുന്നത്?” എന്നു ചോദിച്ചു.
9“ഇവൻതന്നേ” എന്നു ചിലർ പറഞ്ഞു. “അല്ല, ഇവൻ അവനെപ്പോലെയിരിക്കുന്നു എന്നേയുള്ളൂ” എന്നു മറ്റു ചിലരും പറഞ്ഞു. അപ്പോൾ ആ മനുഷ്യൻ, “അതു ഞാൻ തന്നെ” എന്നു പറഞ്ഞു.
10“എങ്ങനെയാണു നിനക്കു കാഴ്ച ലഭിച്ചത്?” എന്ന് അവർ ചോദിച്ചു.
11അയാൾ പറഞ്ഞു: “യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി; ശീലോഹാം കുളത്തിൽ പോയി കഴുകുക എന്നു പറഞ്ഞു. ഞാൻ പോയി കഴുകി; കാഴ്ച പ്രാപിക്കുകയും ചെയ്തു.”
12“അയാൾ എവിടെ?” എന്ന് അവർ ചോദിച്ചു. “എനിക്കറിഞ്ഞുകൂടാ” എന്ന് അയാൾ മറുപടി നല്‌കി.
കാഴ്ച ലഭിച്ചവൻ പരീശന്മാരുടെ മുമ്പിൽ
13അന്ധനായിരുന്ന ആ മനുഷ്യനെ അവർ പരീശന്മാരുടെ അടുത്ത് കൂട്ടിക്കൊണ്ടുപോയി. 14യേശു ചേറുണ്ടാക്കി അയാൾക്കു കാഴ്ച നല്‌കിയത് ഒരു ശബത്തു ദിവസമായിരുന്നു. 15പരീശന്മാരും ആ മനുഷ്യനോടു ചോദിച്ചു; “എങ്ങനെയാണ് നിനക്കു കാഴ്ച കിട്ടിയത്?” “അദ്ദേഹം എന്റെ കണ്ണിൽ ചേറു പൂശി; ഞാൻ അതു കഴുകിക്കളഞ്ഞു; എനിക്കിപ്പോൾ കാഴ്ചയുണ്ട്” എന്ന് അയാൾ പറഞ്ഞു.
16അപ്പോൾ പരീശന്മാരിൽ ചിലർ, “ആ മനുഷ്യൻ ദൈവത്തിൽ നിന്നുള്ളവനല്ല, അയാൾ ശബത്ത് ആചരിക്കുന്നില്ലല്ലോ” എന്നു പറഞ്ഞു.
എന്നാൽ മറ്റു ചിലർ “പാപിയായ ഒരു മനുഷ്യന് ഇങ്ങനെയുള്ള അടയാളപ്രവൃത്തികൾ ചെയ്യുവാൻ എങ്ങനെ കഴിയും?” എന്നു ചോദിച്ചു. ഇങ്ങനെ അവരുടെ ഇടയിൽത്തന്നെ ഭിന്നാഭിപ്രായമുണ്ടായി.
17കാഴ്ച ലഭിച്ച ആ മനുഷ്യനോട് പരീശന്മാർ വീണ്ടും ചോദിച്ചു: “അയാളെക്കുറിച്ച് നീ എന്തു പറയുന്നു? അയാൾ നിനക്കു കാഴ്ച നല്‌കിയല്ലോ.”
18“അദ്ദേഹം ഒരു പ്രവാചകനാണ്” എന്ന് അയാൾ പറഞ്ഞു. അയാൾ അന്ധനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും മാതാപിതാക്കളിൽനിന്ന് അറിയുന്നതുവരെ യെഹൂദപ്രമുഖന്മാർ വിശ്വസിച്ചില്ല. 19അവർ ചോദിച്ചു: “പിറവിയിലേ അന്ധനായിരുന്നു എന്നു നിങ്ങൾ പറയുന്ന മകൻ ഇവൻ തന്നെയാണോ? എങ്കിൽ ഇപ്പോൾ അവനു കാഴ്ച ലഭിച്ചതെങ്ങനെ?”
20മാതാപിതാക്കൾ അതിനു മറുപടിയായി “ഇവൻ ഞങ്ങളുടെ മകനാണെന്നും പിറവിയിലേ ഇവൻ അന്ധനായിരുന്നുവെന്നും ഞങ്ങൾക്കറിയാം. 21എന്നാൽ ഇവന് ഇപ്പോൾ എങ്ങനെ കാഴ്ചയുണ്ടായെന്നോ, ആരാണ് ഇവനു കാഴ്ച നല്‌കിയതെന്നോ ഞങ്ങൾക്ക് അറിഞ്ഞുകൂടാ. അവനോടുതന്നെ ചോദിക്കുക; അവനു പ്രായമുണ്ടല്ലോ; അവൻതന്നെ പറയട്ടെ” എന്നു പറഞ്ഞു. 22യെഹൂദന്മാരെ ഭയന്നാണ് അവർ ഇങ്ങനെ പറഞ്ഞത്. എന്തെന്നാൽ യേശുവിനെ ആരെങ്കിലും ക്രിസ്തുവായി അംഗീകരിച്ചാൽ സുനഗോഗിൽനിന്ന് അയാളെ ബഹിഷ്കരിക്കണമെന്ന് യെഹൂദപ്രമുഖന്മാർ നേരത്തേ തീരുമാനിച്ചിരുന്നു. 23അതുകൊണ്ടാണ് “അവനു പ്രായമുണ്ടല്ലോ; അവനോടു തന്നെ ചോദിക്കുക” എന്ന് അവർ പറഞ്ഞത്.
24അന്ധനായിരുന്ന ആ മനുഷ്യനെ വീണ്ടും അവർ വിളിച്ചു: “ദൈവത്തെ പ്രകീർത്തിക്കുക. ആ മനുഷ്യൻ പാപിയാണെന്നു ഞങ്ങൾക്കറിയാം” എന്നു പറഞ്ഞു.
25“അദ്ദേഹം പാപിയാണോ അല്ലയോ എന്ന് എനിക്കറിഞ്ഞുകൂടാ; എന്നാൽ ഒരു കാര്യം എനിക്കറിയാം. മുമ്പു ഞാൻ അന്ധനായിരുന്നു; ഇപ്പോൾ എനിക്കു കാഴ്ചയുണ്ട്” എന്ന് അയാൾ ഉത്തരം പറഞ്ഞു.
26അവർ അവനോടു പിന്നെയും ചോദിച്ചു: “ആ മനുഷ്യൻ നിനക്ക് എന്തുചെയ്തു? അയാൾ നിനക്കു കാഴ്ച നല്‌കിയത് എങ്ങനെയാണ്?”
27അയാൾ പറഞ്ഞു: “അതു ഞാൻ നേരത്തെ പറഞ്ഞു കഴിഞ്ഞല്ലോ; നിങ്ങൾ ശ്രദ്ധിച്ചില്ല; വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നതെന്ത്? നിങ്ങൾക്കും അദ്ദേഹത്തിന്റെ ശിഷ്യന്മാർ ആകണമെന്നുണ്ടോ?”
28അവർ അയാളെ ശകാരിച്ചുകൊണ്ട്: “നീ അവന്റെ ശിഷ്യനാണ്; ഞങ്ങൾ മോശയുടെ ശിഷ്യന്മാരാകുന്നു. 29ദൈവം മോശയോടു സംസാരിച്ചിട്ടുണ്ടെന്നു ഞങ്ങൾക്കറിയാം; എന്നാൽ ഇയാൾ എവിടെനിന്നു വന്നു എന്നു ഞങ്ങൾക്കറിഞ്ഞുകൂടാ” എന്നു പറഞ്ഞു.
30ഉടനെ അയാൾ പറഞ്ഞു: “ഇത് ആശ്ചര്യകരം തന്നെ! അദ്ദേഹം എന്റെ കണ്ണു തുറന്നുതന്നു. എന്നിട്ടും അദ്ദേഹം എവിടെനിന്നു വരുന്നു എന്നു നിങ്ങൾക്കറിഞ്ഞുകൂടെന്നോ! 31പാപികളുടെ പ്രാർഥന ദൈവം കേൾക്കുകയില്ലെന്നും അവിടുത്തെ ആരാധിക്കുകയും അവിടുത്തെ ഇഷ്ടം നിറവേറ്റുകയും ചെയ്യുന്നവരുടെ പ്രാർഥന ശ്രദ്ധിക്കുമെന്നും നമുക്കറിയാം. 32ജന്മനാ കാഴ്ച ഇല്ലാത്ത ഒരുവന് ആരെങ്കിലും കാഴ്ച നല്‌കിയതായി ലോകം ഉണ്ടായതിനുശേഷം ഇന്നുവരെ കേട്ടിട്ടില്ലല്ലോ. 33ഇദ്ദേഹം ദൈവത്തിൽനിന്നുള്ളവനല്ലെങ്കിൽ ഇങ്ങനെയൊന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല.”
34“പാപത്തിൽത്തന്നെ ജനിച്ചു വളർന്ന നീയാണോ ഞങ്ങളെ പഠിപ്പിക്കുവാൻ വരുന്നത്?” എന്നു പറഞ്ഞുകൊണ്ട് അവർ അയാളെ ബഹിഷ്കരിച്ചു.
ആത്മീയമായ അന്ധത
35യെഹൂദന്മാർ ആ മനുഷ്യനെ പുറന്തള്ളി എന്നു യേശു കേട്ടു. യേശു അയാളെ കണ്ടുപിടിച്ച് “നീ #9:35 ചില കൈയെഴുത്തു പ്രതികളിൽ ‘ദൈവപുത്രനിൽ’ എന്നാണ്.മനുഷ്യപുത്രനിൽ വിശ്വസിക്കുന്നുവോ?” എന്നു ചോദിച്ചു.
36“പ്രഭോ, ഞാൻ വിശ്വസിക്കേണ്ടതിന് അവിടുന്ന് ആരാണ് എന്നു പറഞ്ഞാലും” എന്ന് അയാൾ അപേക്ഷിച്ചു.
37യേശു അയാളോട് “നീ അദ്ദേഹത്തെ കണ്ടുകഴിഞ്ഞു; നിന്നോടു സംസാരിക്കുന്ന ആൾ തന്നെ” എന്ന് ഉത്തരമരുളി.
38അപ്പോൾ അയാൾ, “കർത്താവേ, ഞാൻ വിശ്വസിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് അവിടുത്തെ നമസ്കരിച്ചു.
39യേശു അരുൾചെയ്തു: “ന്യായവിധിക്കായി ഞാൻ ലോകത്തിൽ വന്നിരിക്കുന്നു; കാഴ്ചയില്ലാത്തവർക്കു കാഴ്ചയുണ്ടാകുവാനും കാഴ്ചയുള്ളവർക്കു കാഴ്ചയില്ലാതാകുവാനും തന്നെ.”
40ഇതുകേട്ട് അടുത്തുനിന്ന ചില പരീശന്മാർ ചോദിച്ചു: ‘’ഞങ്ങളും അന്ധന്മാരാണോ?”
41യേശു ഉത്തരമരുളി: “നിങ്ങൾ അന്ധന്മാരായിരുന്നെങ്കിൽ നിങ്ങൾക്കു കുറ്റമില്ലായിരുന്നെനേ. കാഴ്ചയുണ്ടെന്നു നിങ്ങൾ പറയുന്നതിനാൽ നിങ്ങളുടെ പാപം നിലനില്‌ക്കുന്നു.”

المحددات الحالية:

JOHANA 9: malclBSI

تمييز النص

شارك

نسخ

None

هل تريد حفظ أبرز أعمالك على جميع أجهزتك؟ قم بالتسجيل أو تسجيل الدخول