JOHANA 8

8
വ്യഭിചാരക്കുറ്റം ചുമത്തപ്പെട്ട സ്‍ത്രീ
1 # 8:1-11 ചില കൈയെഴുത്തു പ്രതികളിൽ ഈ ഭാഗം കാണുന്നില്ല. ചിലതിൽ യോഹ. 21:24 നു ശേഷവും മറ്റു ചിലതിൽ ലൂക്കോ. 21:38 നു ശേഷവും ഒന്നിൽ യോഹ. 7:36 നു ശേഷവും അതു ചേർത്തിരിക്കുന്നു. യേശു ഒലിവുമലയിലേക്കു പോയി. 2അടുത്ത ദിവസം രാവിലെ അവിടുന്നു വീണ്ടും ദേവാലയത്തിലെത്തി. ജനമെല്ലാം അവിടുത്തെ അടുക്കൽ വന്നുകൂടി. യേശു അവിടെയിരുന്ന് അവരെ പഠിപ്പിച്ചുതുടങ്ങി. 3വ്യഭിചാരക്കുറ്റത്തിൽ പിടിക്കപ്പെട്ട ഒരു സ്‍ത്രീയെ മതപണ്ഡിതന്മാരും പരീശന്മാരുംകൂടി കൊണ്ടുവന്ന് അവരുടെ മധ്യത്തിൽ നിറുത്തി. 4അവർ യേശുവിനോടു പറഞ്ഞു: “ഗുരോ, വ്യഭിചാരകർമത്തിൽ ഏർപ്പെട്ടിരിക്കെത്തന്നെ പിടിക്കപ്പെട്ടവളാണ് ഈ സ്‍ത്രീ. 5ഇങ്ങനെയുള്ളവരെ കല്ലെറിഞ്ഞു കൊല്ലണമെന്നാണ് മോശയുടെ നിയമസംഹിത അനുശാസിച്ചിട്ടുള്ളത്. 6അങ്ങ് എന്തു പറയുന്നു?” യേശുവിന്റെ പേരിൽ കുറ്റം ആരോപിക്കുന്നതിനുവേണ്ടി അവിടുത്തെ പരീക്ഷിക്കുന്നതിനാണ് അവർ ഇങ്ങനെ ചോദിച്ചത്. യേശുവാകട്ടെ, കുനിഞ്ഞ് വിരൽകൊണ്ട് നിലത്ത് എഴുതിക്കൊണ്ടിരുന്നു.
7എന്നാൽ അവർ ഈ ചോദ്യം ആവർത്തിച്ചതുകൊണ്ട് യേശു നിവർന്ന് “നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ” എന്ന് അവരോടു പറഞ്ഞു. 8പിന്നെയും യേശു കുനിഞ്ഞ് വിരൽകൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. 9ഇതു കേട്ടപ്പോൾ പ്രായം കൂടിയവർ തുടങ്ങി ഓരോരുത്തരായി എല്ലാവരും സ്ഥലം വിട്ടു. ഒടുവിൽ ആ സ്‍ത്രീയും യേശുവും മാത്രം ശേഷിച്ചു. 10യേശു നിവർന്ന് അവളോട് “അവരെല്ലാവരും എവിടെ? നീ കുറ്റവാളിയാണെന്ന് ആരും വിധിച്ചില്ലേ?” എന്നു ചോദിച്ചു.
11“ഇല്ല പ്രഭോ” എന്ന് അവൾ മറുപടി പറഞ്ഞു.
അപ്പോൾ യേശു, “ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‍ക്കൊള്ളുക; ഇനിമേൽ പാപം ചെയ്യരുത്” എന്ന് അരുൾചെയ്തു.
ലോകത്തിന്റെ വെളിച്ചം
12യേശു വീണ്ടും പരീശന്മാരോടു പറഞ്ഞു: “ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശം ഉണ്ടായിരിക്കും.”
13പരീശന്മാർ പറഞ്ഞു: “താങ്കൾ താങ്കളെക്കുറിച്ചുതന്നെ സാക്ഷ്യം വഹിക്കുന്നു; ആ സാക്ഷ്യത്തിനു വിലയില്ല.”
14യേശു പ്രതിവചിച്ചു: “ഞാൻ എന്നെക്കുറിച്ചു തന്നെ സാക്ഷ്യം പറഞ്ഞാലും എന്റെ സാക്ഷ്യം സത്യമാകുന്നു. ഞാൻ എവിടെ നിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും എനിക്കറിയാം. എന്നാൽ ഞാൻ എവിടെനിന്നു വന്നു എന്നോ, എവിടേക്കു പോകുന്നു എന്നോ നിങ്ങൾക്ക് അറിഞ്ഞുകൂടാ. 15മനുഷ്യന്റെ തോത് ഉപയോഗിച്ചാണ് നിങ്ങളുടെ വിധി. 16ഞാൻ ആരെയും വിധിക്കുന്നില്ല. ഞാൻ വിധിച്ചാൽതന്നെയും എന്റെ വിധി സത്യമായിരിക്കും. എന്തുകൊണ്ടെന്നാൽ ഞാൻ ഏകനായിട്ടല്ല വിധിക്കുന്നത്; പിന്നെയോ, ഞാനും എന്നെ അയച്ച പിതാവും ചേർന്നാണ്. 17രണ്ട് ആളുകളുടെ സാക്ഷ്യം ഒരുപോലെ വന്നാൽ അതു സത്യമാണെന്നു നിങ്ങളുടെ ധർമശാസ്ത്രത്തിൽ എഴുതിയിട്ടുണ്ടല്ലോ. 18ഞാൻ തന്നെ എന്നെക്കുറിച്ചു സാക്ഷ്യം വഹിക്കുന്നു; എന്നെ അയച്ച പിതാവും എന്നെപ്പറ്റി സാക്ഷ്യം വഹിക്കുന്നു.”
19അപ്പോൾ അവർ ചോദിച്ചു: “എവിടെയാണു താങ്കളുടെ പിതാവ്?”
യേശു മറുപടി പറഞ്ഞു: “നിങ്ങൾക്ക് എന്നെയോ എന്റെ പിതാവിനെയോ അറിഞ്ഞുകൂടാ; എന്നെ നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.”
20ദേവാലയത്തിൽ ശ്രീഭണ്ഡാരത്തിനടുത്തുവച്ച് ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് യേശു ഇപ്രകാരം പറഞ്ഞത്. എന്നാൽ അവിടുത്തെ സമയം അപ്പോഴും ആഗതമായിരുന്നില്ല. അതിനാൽ ആരും അവിടുത്തെ പിടികൂടിയുമില്ല.
ഞാൻ പോകുന്നു
21യേശു വീണ്ടും അവരോട് അരുൾചെയ്തു: “ഞാൻ പോകുന്നു; നിങ്ങൾ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കുകയും ചെയ്യും. ഞാൻ പോകുന്നിടത്തു വരുവാൻ നിങ്ങൾക്കു സാധ്യമല്ല.”
22യെഹൂദപ്രമുഖന്മാർ പറഞ്ഞു: “ഇയാൾ ആത്മഹത്യ ചെയ്യാൻ പോകുകയാണോ? ‘ഞാൻ പോകുന്നിടത്തു നിങ്ങൾക്കു വരുവാൻ സാധ്യമല്ല’ എന്ന് ഇയാൾ പറയുന്നല്ലോ.”
23യേശു അവരോട് അരുൾചെയ്തു: “നിങ്ങൾ മണ്ണിൽ നിന്നുള്ളവർ, ഞാൻ വിണ്ണിൽനിന്നുള്ളവനും; നിങ്ങൾ ഈ ലോകത്തിൽ നിന്നുള്ളവർ; ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല.”
24“നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കുമെന്നു ഞാൻ പറഞ്ഞുവല്ലോ. ഞാനാകുന്നവൻ ഞാൻതന്നെ എന്ന് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും.”
അപ്പോൾ അവർ ചോദിച്ചു: “താങ്കൾ ആരാണ്?”
25അതിന് യേശു, “ആദിമുതൽ ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ള ആൾതന്നെ” എന്നു പ്രതിവചിച്ചു. 26“നിങ്ങളെപ്പറ്റി എനിക്കു വളരെയധികം പറയുവാനും വിധിക്കുവാനുമുണ്ട്. എന്നാൽ എന്നെ അയച്ചവൻ സത്യസ്വരൂപനാകുന്നു. അവിടുത്തെ അടുക്കൽ നിന്നു കേട്ടതുമാത്രം ഞാൻ ലോകത്തോടു പ്രസ്താവിക്കുന്നു.”
27യേശു അവരോടു പറഞ്ഞത് പിതാവിനെക്കുറിച്ചാണെന്ന് അവർ മനസ്സിലാക്കിയില്ല. 28അതുകൊണ്ട് അവിടുന്നു വീണ്ടും പറഞ്ഞു: “മനുഷ്യപുത്രനെ നിങ്ങൾ ഉയർത്തുമ്പോൾ ഞാനാകുന്നവൻ ഞാൻ തന്നെ ആണെന്നു നിങ്ങൾക്കു മനസ്സിലാകും. ഞാൻ സ്വയമായി ഒന്നും ചെയ്യാതെ എന്റെ പിതാവു പ്രബോധിപ്പിക്കുന്നതു മാത്രം പ്രസ്താവിക്കുന്നു എന്നു നിങ്ങൾക്കു ബോധ്യമാകും. എന്നെ അയച്ചവൻ എന്നോടുകൂടിയുണ്ട്; 29അവിടുത്തേക്കു പ്രസാദകരമായത് ഞാൻ എപ്പോഴും ചെയ്യുന്നതിനാൽ അവിടുന്ന് എന്നെ ഏകനായി വിട്ടിട്ടില്ല.”
30ഇതു പറഞ്ഞപ്പോൾ അനേകം ആളുകൾ യേശുവിൽ വിശ്വസിച്ചു.
യഥാർഥ സ്വാതന്ത്ര്യം
31തന്നിൽ വിശ്വസിച്ച യെഹൂദന്മാരോട് യേശു പറഞ്ഞു: “എന്റെ വചനത്തിൽ നിങ്ങൾ നിലനില്‌ക്കുന്നെങ്കിൽ യഥാർഥത്തിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ തന്നെ. 32നിങ്ങൾ സത്യം അറിയുകയും ആ സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” 33അവർ ചോദിച്ചു: “ഞങ്ങൾ അബ്രഹാമിന്റെ സന്താനങ്ങളാണ്; ഞങ്ങൾ ഒരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല; പിന്നെ ഞങ്ങളെ സ്വതന്ത്രരാക്കും എന്നു താങ്കൾ പറയുന്നതിന്റെ അർഥം എന്താണ്?”
34അതിന് യേശു ഉത്തരമരുളി: “ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. പാപം ചെയ്യുന്ന ഏതൊരുവനും പാപത്തിന്റെ അടിമയാകുന്നു. 35അടിമ, വീട്ടിൽ സ്ഥിരമായി വസിക്കുന്നില്ല. എന്നാൽ പുത്രൻ എന്നും അവിടെ വസിക്കുന്നു. 36അതുകൊണ്ട് പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർഥത്തിൽ സ്വതന്ത്രരായിരിക്കും. 37നിങ്ങൾ അബ്രഹാമിന്റെ സന്താനങ്ങളാണെന്ന് എനിക്കറിയാം. എന്നിട്ടും നിങ്ങൾ എന്നെ കൊല്ലുവാൻ ആലോചിക്കുന്നു. എന്തുകൊണ്ടെന്നാൽ എന്റെ വചനം നിങ്ങൾ ഗ്രഹിക്കുന്നില്ല. 38എന്റെ പിതാവിൽ ദർശിച്ചിട്ടുള്ളത് ഞാൻ നിങ്ങളോടു സംസാരിക്കുന്നു. എന്നാൽ നിങ്ങളുടെ പിതാവിൽനിന്നു കേട്ടിട്ടുള്ളത് നിങ്ങൾ ചെയ്യുന്നു.”
39അവർ യേശുവിനോടു പറഞ്ഞു: “അബ്രഹാമാണു ഞങ്ങളുടെ പിതാവ്.”
യേശു പറഞ്ഞു: “നിങ്ങൾ അബ്രഹാമിന്റെ #8:39 ചില കൈയെഴുത്തു പ്രതികളിൽ ‘നിങ്ങൾ അബ്രഹാമിന്റെ മക്കളാണെങ്കിൽ നിങ്ങൾ അബ്രഹാമിന്റെ പ്രവൃത്തികൾ ചെയ്യുക’ എന്നാണ്.മക്കളായിരുന്നെങ്കിൽ അബ്രഹാമിന്റെ പ്രവൃത്തികൾ നിങ്ങൾ ചെയ്യുമായിരുന്നു. 40എന്നാൽ ദൈവത്തിൽനിന്നു കേട്ട സത്യം നിങ്ങളെ അറിയിക്കുക മാത്രം ചെയ്ത എന്നെ നിങ്ങൾ കൊല്ലുവാൻ ഭാവിക്കുന്നു. അബ്രഹാം അങ്ങനെയൊന്നും ചെയ്തില്ലല്ലോ. 41നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളത്രേ നിങ്ങൾ ചെയ്യുന്നത്.”
“ഞങ്ങൾ ജാരസന്തതികളല്ല; ഞങ്ങൾക്ക് ഒരു പിതാവേയുള്ളൂ; ദൈവം മാത്രം” എന്ന് അതിന് അവർ മറുപടി പറഞ്ഞു.
42യേശു അവരോടു പറഞ്ഞു: “ദൈവം യഥാർഥത്തിൽ നിങ്ങളുടെ പിതാവായിരുന്നെങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു. എന്തെന്നാൽ ഞാൻ ദൈവത്തിൽനിന്നു വന്നിരിക്കുന്നു. ഞാൻ സ്വമേധയാ വന്നതല്ല, എന്നെ ദൈവം അയച്ചതാണ്. 43ഞാൻ പറയുന്നത് നിങ്ങൾ മനസ്സിലാക്കാത്തത് എന്തുകൊണ്ട്? എന്റെ വചനം ഗ്രഹിക്കുവാൻ നിങ്ങൾക്കു കഴിയാത്തതുകൊണ്ടു തന്നെ. 44പിശാച് ആണ് നിങ്ങളുടെ പിതാവ്. നിങ്ങളുടെ പിതാവിന്റെ ദുർമോഹം നിറവേറ്റുവാൻ നിങ്ങൾ ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകി ആയിരുന്നു. അവൻ ഒരിക്കലും സത്യത്തിന്റെ പക്ഷത്തു നിന്നിട്ടില്ല. എന്തെന്നാൽ അവനിൽ സത്യമില്ല. അവൻ അസത്യം പറയുമ്പോൾ അവന്റെ സ്വഭാവമാണു പ്രകടമാകുന്നത്. അവൻ അസത്യവാദിയും അസത്യത്തിന്റെ പിതാവുമാകുന്നു. 45എന്നാൽ ഞാൻ സത്യം പറയുന്നതുകൊണ്ട് നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. 46ഞാൻ പാപിയാണെന്ന് എന്നെ ബോധ്യപ്പെടുത്തുവാൻ നിങ്ങളിൽ ആർക്കു കഴിയും? ഞാൻ പറയുന്നതു സത്യം ആണെങ്കിൽ നിങ്ങൾ എന്തുകൊണ്ട് എന്നെ വിശ്വസിക്കുന്നില്ല? 47ദൈവത്തിൽ നിന്നുള്ളവൻ ദൈവത്തിന്റെ വാക്കുകൾ ശ്രവിക്കുന്നു. നിങ്ങൾ ദൈവത്തിൽനിന്നുള്ളവരല്ലാത്തതുകൊണ്ടാണ് അവിടുത്തെ വചനങ്ങൾ ശ്രവിക്കാത്തത്.”
യേശുവും അബ്രഹാമും
48യെഹൂദന്മാർ ചോദിച്ചു: “താങ്കൾ ഒരു ശമര്യനാണെന്നും താങ്കളിൽ ഒരു ഭൂതമുണ്ടെന്നും ഞങ്ങൾ പറയുന്നത് ശരിയല്ലേ?”
49യേശു പറഞ്ഞു: “എന്നിൽ ഭൂതമില്ല. ഞാൻ എന്റെ പിതാവിനെ ബഹുമാനിക്കുന്നു; നിങ്ങളാകട്ടെ, എന്നെ അപമാനിക്കുന്നു. 50എന്നിരുന്നാലും ഞാൻ എന്റെ സ്വന്തം മഹത്ത്വം തേടുന്നില്ല. അത് എനിക്കുവേണ്ടി തേടുന്ന ഒരാളുണ്ട്; അവിടുന്നാണ് വിധികർത്താവ്. ഞാൻ ഉറപ്പിച്ചു പറയുന്നു: 51എന്റെ വാക്ക് അനുസരിക്കുന്നവൻ മരണം എന്തെന്ന് ഒരിക്കലും അറിയുകയില്ല.”
52യെഹൂദന്മാർ പറഞ്ഞു: “താങ്കളിൽ ഒരു ഭൂതമുണ്ടെന്ന് ഞങ്ങൾക്ക് ഇപ്പോൾ ബോധ്യമായി. അബ്രഹാം അന്തരിച്ചു; അതുപോലെ തന്നെ പ്രവാചകന്മാരും. എന്നിട്ടും താങ്കൾ പറയുന്നു ‘എന്റെ വാക്ക് അനുസരിക്കുന്നവർക്ക് ഒരിക്കലും മരണത്തിന്റെ അനുഭവം ഉണ്ടാകുകയില്ല’ എന്ന്. 53ഞങ്ങളുടെ പൂർവപിതാവായ അബ്രഹാം മരണമടഞ്ഞല്ലോ. അദ്ദേഹത്തെക്കാൾ വലിയവനാണോ താങ്കൾ? പ്രവാചകന്മാരും മരിച്ചു. താങ്കൾ ആരെന്നാണ് അവകാശപ്പെടുന്നത്?”
54യേശു ഉത്തരമരുളി: “ഞാൻ എന്നെത്തന്നെ പ്രകീർത്തിച്ചാൽ അതിന് ഒരു വിലയുമില്ല; നിങ്ങളുടെ ദൈവമെന്നു നിങ്ങൾ പറയുന്ന എന്റെ പിതാവാണ് എന്നെ പ്രകീർത്തിക്കുന്നത്. 55എന്നാൽ നിങ്ങൾ അവിടുത്തെ ഒരിക്കലും അറിഞ്ഞിട്ടില്ല: ഞാനാകട്ടെ അവിടുത്തെ അറിയുന്നു. ഞാൻ അവിടുത്തെ അറിയുന്നില്ലെന്നു പറഞ്ഞാൽ ഞാനും നിങ്ങളെപ്പോലെ കള്ളം പറയുന്നവനായിരിക്കും. ഞാൻ അവിടുത്തെ അറിയുകയും അവിടുത്തെ വചനം അനുസരിക്കുകയും ചെയ്യുന്നു. 56നിങ്ങളുടെ പിതാവായ അബ്രഹാം എന്റെ ആഗമനദിവസം കാണാം എന്ന പ്രത്യാശയിൽ ആഹ്ലാദിച്ചു. അദ്ദേഹം അതു കണ്ട് ആനന്ദിക്കുകയും ചെയ്തു.”
57അപ്പോൾ യെഹൂദന്മാർ ചോദിച്ചു: “താങ്കൾക്ക് അൻപതു വയസ്സുപോലും ആയിട്ടില്ല; എന്നിട്ടും #8:57 ചില കൈയെഴുത്തു പ്രതികളിൽ ‘അബ്രഹാം താങ്കളെ കണ്ടിട്ടുണ്ടെന്നോ?’ എന്നാണ്.അബ്രഹാമിനെ കണ്ടിട്ടുണ്ടെന്നോ?”
58യേശു പ്രതിവചിച്ചു: “ഞാൻ ഉറപ്പിച്ചു പറയുന്നു, അബ്രഹാമിനു മുമ്പുതന്നെ ഞാൻ ഉണ്ടായിരുന്നു.”
59ഇതു പറഞ്ഞപ്പോൾ യേശുവിനെ എറിയുന്നതിന് അവർ കല്ലെടുത്തു. എന്നാൽ യേശു അവരിൽ നിന്ന് ഒഴിഞ്ഞുമാറി ദേവാലയം വിട്ടുപോയി.

المحددات الحالية:

JOHANA 8: malclBSI

تمييز النص

شارك

نسخ

None

هل تريد حفظ أبرز أعمالك على جميع أجهزتك؟ قم بالتسجيل أو تسجيل الدخول