JOHANA 6

6
അഞ്ചപ്പംകൊണ്ട് അയ്യായിരംപേരെ സംതൃപ്തരാക്കുന്നു
(മത്താ. 14:13-21; മർക്കോ. 6:30-44; ലൂക്കോ. 9:10-17)
1അനന്തരം യേശു ഗലീലത്തടാകത്തിന്റെ മറുകരയിലേക്കു പോയി. തിബെര്യാസ് തടാകം എന്നും അതിനു പേരുണ്ട്. 2രോഗികൾക്കു സൗഖ്യം നല്‌കിക്കൊണ്ട് യേശു ചെയ്ത അടയാളപ്രവൃത്തികൾ കണ്ട് ഒരു വലിയ ജനാവലി അവിടുത്തെ പിന്നാലെ അവിടെയെത്തി. 3യേശു ഒരു മലയിൽ കയറി ശിഷ്യന്മാരോടുകൂടി അവിടെയിരുന്നു. 4യെഹൂദന്മാരുടെ പെസഹാപെരുന്നാൾ സമീപിച്ചിരുന്നു. 5യേശു തല ഉയർത്തി നോക്കി. ഒരു വലിയ ജനസഞ്ചയം തന്റെ അടുക്കലേക്കു വരുന്നതു കണ്ടിട്ട് അവിടുന്നു ഫീലിപ്പോസിനോട് ചോദിച്ചു: “ഇവർക്കു ഭക്ഷിക്കുവാൻ നാം എവിടെനിന്നാണ് അപ്പം വാങ്ങുക?” 6ഫീലിപ്പോസിനെ പരീക്ഷിക്കുന്നതിനായിരുന്നു യേശു ഇപ്രകാരം ചോദിച്ചത്. താൻ എന്താണു ചെയ്യാൻ പോകുന്നതെന്ന് യേശുവിന് അറിയാമായിരുന്നു.
7“ഇരുനൂറു ദിനാറിന് അപ്പം വാങ്ങിയാൽപോലും ഇവരിൽ ഓരോരുത്തനും അല്പമെങ്കിലും കൊടുക്കുവാൻ മതിയാകുകയില്ല” എന്നു ഫീലിപ്പോസ് മറുപടി പറഞ്ഞു.
8ശിമോൻ പത്രോസിന്റെ സഹോദരനായ അന്ത്രയാസ് എന്ന ശിഷ്യൻ യേശുവിനോട്, 9“ഇവിടെ ഒരു ബാലനുണ്ട്; അവന്റെ കൈയിൽ അഞ്ചു ബാർലി അപ്പവും രണ്ടു മീനുമുണ്ട്; പക്ഷേ, ഇത്ര വളരെ ആളുകൾക്ക് അത് എന്താകാനാണ്?” എന്നു പറഞ്ഞു.
10യേശു ശിഷ്യന്മാരോട്, “ആളുകളെ എല്ലാം ഇരുത്തുക” എന്നാജ്ഞാപിച്ചു. ധാരാളം പുല്ലുള്ള സ്ഥലമായിരുന്നു അത്. പുരുഷന്മാർ ഏകദേശം അയ്യായിരം പേരുണ്ടായിരുന്നു. 11യേശു അപ്പമെടുത്തു സ്തോത്രം ചെയ്തശേഷം ഇരുന്നവർക്കു പങ്കിട്ടു കൊടുത്തു. 12അങ്ങനെതന്നെ മീനും വേണ്ടുവോളം വിളമ്പി. എല്ലാവരും ഭക്ഷിച്ചു തൃപ്തരായപ്പോൾ യേശു ശിഷ്യന്മാരോട്: “ശേഷിച്ച കഷണങ്ങൾ ഒന്നും നഷ്ടപ്പെടുത്താതെ ശേഖരിക്കുക” എന്നു പറഞ്ഞു. 13അങ്ങനെ അഞ്ചപ്പത്തിൽനിന്ന് അയ്യായിരം പേർ ഭക്ഷിച്ചശേഷം ബാക്കി വന്ന കഷണങ്ങൾ അവർ ശേഖരിച്ചു; അവ പന്ത്രണ്ടു കുട്ട നിറയെ ഉണ്ടായിരുന്നു.
14യേശു ചെയ്ത ഈ അദ്ഭുതപ്രവൃത്തി കണ്ട്: “തീർച്ചയായും ലോകത്തിലേക്കു വരുവാനിരിക്കുന്ന പ്രവാചകൻ ഇദ്ദേഹം തന്നെ” എന്ന് ആളുകൾ പറഞ്ഞു. 15അവർ വന്നു തന്നെ പിടിച്ചുകൊണ്ടുപോയി രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു മനസ്സിലാക്കി യേശു തനിച്ചു മലയിലേക്കു വീണ്ടും പിൻവാങ്ങി.
ജലപ്പരപ്പിൽ നടക്കുന്നു
(മത്താ. 14:22-33; മർക്കോ. 6:45-52)
16സന്ധ്യ ആയപ്പോൾ ശിഷ്യന്മാർ തടാകത്തിന്റെ തീരത്തെത്തി. 17അവർ ഒരു വഞ്ചിയിൽ കയറി മറുകരെയുള്ള കഫർന്നഹൂമിലേക്കു പോയി. രാത്രി ആയിട്ടും യേശു അവരുടെ അടുക്കൽ എത്തിയിരുന്നില്ല. 18ഉഗ്രമായ ഒരു കൊടുങ്കാറ്റടിച്ച് തടാകം ക്ഷോഭിച്ചിരുന്നു. 19അഞ്ചാറു കിലോമീറ്റർ ദൂരം തുഴഞ്ഞു കഴിഞ്ഞപ്പോൾ, യേശു ജലപ്പരപ്പിലൂടെ നടന്നു വഞ്ചിയെ സമീപിക്കുന്നതു കണ്ട് അവർ ഭയപരവശരായി. 20യേശു അവരോട് “ഭയപ്പെടേണ്ടാ, ഞാൻ തന്നെയാണ്” എന്നു പറഞ്ഞു. 21യേശുവിനെ വഞ്ചിയിൽ കയറ്റാൻ ശിഷ്യന്മാർ ആഗ്രഹിച്ചു; എന്നാൽ അപ്പോഴേക്ക് അവർക്ക് എത്തേണ്ട സ്ഥലത്തു വഞ്ചി എത്തിക്കഴിഞ്ഞു.
ജീവന്റെ അപ്പം
22ഒരു വഞ്ചി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ എന്നും ശിഷ്യന്മാരോടുകൂടി യേശു വഞ്ചിയിൽ കയറിയിരുന്നില്ല എന്നും ശിഷ്യന്മാർ തനിച്ചാണു പോയത് എന്നും പിറ്റേദിവസം മറുകരെയുണ്ടായിരുന്ന ജനങ്ങൾ മനസ്സിലാക്കി. 23കർത്താവു വാഴ്ത്തിക്കൊടുത്ത അപ്പം ജനങ്ങൾ ഭക്ഷിച്ച സ്ഥലത്തിനടുത്തേക്കു തിബെര്യാസ് പട്ടണത്തിൽനിന്നു വഞ്ചികളിൽ ആളുകൾ ചെന്നു. 24യേശുവോ, ശിഷ്യന്മാരോ, അവിടെയില്ലെന്നു മനസ്സിലാക്കിയപ്പോൾ ആ ജനം വഞ്ചികളിൽ കയറി യേശുവിനെ അന്വേഷിച്ചു കഫർന്നഹൂമിലെത്തി.
25തടാകത്തിന്റെ മറുകരയിൽവച്ച് യേശുവിനെ കണ്ടപ്പോൾ “ഗുരോ, അങ്ങ് എപ്പോഴാണ് ഇവിടെ എത്തിയത്” എന്ന് അവർ ചോദിച്ചു.
26യേശു പറഞ്ഞു: “ഞാൻ കാണിച്ച അടയാളങ്ങൾ കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടുമാത്രമാണ് നിങ്ങൾ എന്നെ അന്വേഷിക്കുന്നത് എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. 27നശ്വരമായ ആഹാരത്തിനുവേണ്ടിയല്ല നിങ്ങൾ പ്രയത്നിക്കേണ്ടത്, പ്രത്യുത, അനശ്വരജീവനിലേക്കു നയിക്കുന്ന ആഹാരത്തിനുവേണ്ടിയത്രേ. അതു മനുഷ്യപുത്രൻ നിങ്ങൾക്കു നല്‌കും; എന്തുകൊണ്ടെന്നാൽ പിതാവായ ദൈവം തന്റെ അംഗീകാരമുദ്ര പുത്രനിൽ പതിച്ചിരിക്കുന്നു.”
28അപ്പോൾ അവർ ചോദിച്ചു: “ദൈവത്തിനു പ്രസാദമുള്ള കാര്യങ്ങൾ പ്രവർത്തിക്കുവാൻ ഞങ്ങൾ എന്തു ചെയ്യണം?”
29യേശു ഉത്തരമരുളി: “ദൈവം അയച്ചവനിൽ വിശ്വസിക്കുക; അതാണു ദൈവത്തിന് ഇഷ്ടമുള്ള പ്രവൃത്തി.”
30അപ്പോൾ അവർ ചോദിച്ചു: “ഞങ്ങൾ കണ്ട് അങ്ങയെ വിശ്വസിക്കേണ്ടതിന് എന്ത് അടയാളമാണ് അങ്ങു കാണിക്കുന്നത്? എന്താണ് അങ്ങു ചെയ്യുന്നത്? 31നമ്മുടെ പൂർവികന്മാർ മരുഭൂമിയിൽവച്ചു മന്നാ ഭക്ഷിച്ചു. അവർക്കു ഭക്ഷിക്കുവാൻ സ്വർഗത്തിൽനിന്നു മോശ അപ്പം നല്‌കി എന്നാണല്ലോ എഴുതിയിരിക്കുന്നത്.”
32യേശു പറഞ്ഞു: “ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: സ്വർഗത്തിൽനിന്നുള്ള അപ്പം മോശയല്ല നിങ്ങൾക്കു നല്‌കിയത്; സ്വർഗത്തിൽനിന്നുള്ള യഥാർഥ അപ്പം എന്റെ പിതാവാണു നിങ്ങൾക്കു നല്‌കുന്നത്. 33ദൈവത്തിന്റെ അപ്പമാകട്ടെ, സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നു ലോകത്തിനു ജീവൻ പ്രദാനം ചെയ്യുന്നവൻ തന്നെ.”
34അപ്പോൾ അവർ: “ഗുരോ, ഞങ്ങൾക്കു ആ അപ്പം എപ്പോഴും നല്‌കണമേ” എന്ന് അപേക്ഷിച്ചു.
35യേശു ഉത്തരമരുളി: “ഞാനാകുന്നു ജീവന്റെ അപ്പം; എന്റെ അടുക്കൽ വരുന്നവന് ഒരിക്കലും വിശക്കുകയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരുനാളും ദാഹിക്കുകയുമില്ല. 36എന്നാൽ നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ പറഞ്ഞിട്ടുണ്ടല്ലോ. 37പിതാവ് എനിക്ക് ആരെയെല്ലാം നല്‌കുന്നുവോ അവർ എല്ലാവരും എന്റെ അടുക്കൽ വരും. എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളയുകയില്ല. 38എന്തെന്നാൽ ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങി വന്നത് എന്റെ ഇഷ്ടം ചെയ്യുവാനല്ല, എന്നെ അയച്ച പിതാവിന്റെ ഇഷ്ടം ചെയ്യുവാനാണ്. 39എനിക്കു നല്‌കിയിരിക്കുന്നവരിൽ ഒരുവൻപോലും നഷ്ടപ്പെടാതെ എല്ലാവരെയും അന്ത്യദിനത്തിൽ ഉയിർപ്പിക്കണമെന്നാണ് എന്റെ പിതാവ് ഇച്ഛിക്കുന്നത്. 40പുത്രനെ കണ്ടു വിശ്വസിക്കുന്ന എല്ലാവർക്കും അനശ്വരജീവൻ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ അഭീഷ്ടം. അന്ത്യനാളിൽ ഞാൻ അവരെ ഉയിർപ്പിക്കും.”
41സ്വർഗത്തിൽനിന്നു വന്ന അപ്പമാണു താൻ എന്ന് യേശു പറഞ്ഞതിനാൽ അവിടുത്തെക്കുറിച്ചു യെഹൂദന്മാർ പിറുപിറുത്തു. 42അവർ ചോദിച്ചു: “യോസേഫിന്റെ പുത്രനായ യേശു അല്ലേ ഈ മനുഷ്യൻ? ഇയാളുടെ പിതാവിനെയും മാതാവിനെയും നമുക്ക് അറിഞ്ഞൂകൂടേ? പിന്നെ എങ്ങനെയാണ് ‘ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങി വന്നു’ എന്ന് ഇയാൾ പറയുന്നത്?”
43യേശു പ്രതിവചിച്ചു: “നിങ്ങൾ അന്യോന്യം പിറുപിറുക്കേണ്ടാ. 44എന്നെ അയച്ച പിതാവ് അടുപ്പിക്കാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ സാധ്യമല്ല. അവസാനനാളിൽ ഞാൻ അവനെ ഉയിർപ്പിക്കും. 45‘ദൈവം എല്ലാവരെയും പഠിപ്പിക്കും’ എന്നു പ്രവാചകന്മാർ എഴുതിയിരിക്കുന്നു. പിതാവു പറയുന്നതു കേൾക്കുകയും പഠിക്കുകയും ചെയ്യുന്നവൻ എന്റെ അടുക്കൽ വരുന്നു. 46ദൈവത്തിൽനിന്നു വരുന്നവൻ മാത്രമേ പിതാവിനെ ദർശിച്ചിട്ടുള്ളൂ. 47മറ്റാരുംതന്നെ പിതാവിനെ കണ്ടിട്ടില്ല എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. വിശ്വസിക്കുന്നവന് അനശ്വരജീവനുണ്ട്. 48-49ഞാൻ ജീവന്റെ അപ്പമാകുന്നു. നിങ്ങളുടെ പൂർവപിതാക്കന്മാർ മരുഭൂമിയിൽവച്ച് മന്നാ ഭക്ഷിച്ചിട്ടും മരണമടഞ്ഞു. 50എന്നാൽ ഇവിടെയുള്ളത് സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്ന അപ്പമാകുന്നു. ഇതു ഭക്ഷിക്കുന്ന യാതൊരുവനും മരിക്കുകയില്ല. 51സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം ഞാനാകുന്നു. ഈ അപ്പം തിന്നുന്ന ഏതൊരുവനും എന്നേക്കും ജീവിക്കും. ഞാൻ കൊടുക്കുവാനിരിക്കുന്ന അപ്പം ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ കൊടുക്കുന്ന എന്റെ ശരീരമാകുന്നു.”
52എങ്ങനെയാണു തന്റെ ശരീരം നമുക്കു ഭക്ഷണമായിത്തരാൻ ഈ മനുഷ്യനു കഴിയുന്നത് എന്നു പറഞ്ഞുകൊണ്ട് യെഹൂദന്മാർ അന്യോന്യം തർക്കിച്ചു.
53അപ്പോൾ യേശു അവരോട് അരുൾചെയ്തു: “നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കാതെയും രക്തം പാനം ചെയ്യാതെയുമിരുന്നാൽ നിങ്ങളിൽ ജീവനുണ്ടായിരിക്കുകയില്ല എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു. 54എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് അനശ്വരജീവനുണ്ട്; അവസാനനാളിൽ ഞാൻ അവനെ ഉയിർപ്പിക്കും. 55എന്തെന്നാൽ എന്റെ ശരീരം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവുമാകുന്നു. 56എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു. 57ജീവിക്കുന്ന പിതാവത്രേ എന്നെ അയച്ചത്. പിതാവുമൂലം ഞാനും ജീവിക്കുന്നു. അതുപോലെ എന്നെ ഭക്ഷിക്കുന്നവൻ ഞാൻ മൂലം ജീവിക്കും. സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം ഇതാകുന്നു. 58നിങ്ങളുടെ പൂർവപിതാക്കൾ അപ്പം ഭക്ഷിച്ചെങ്കിലും മരിച്ചല്ലോ. അതുപോലെയല്ല ഈ അപ്പം. ഈ അപ്പം ഭക്ഷിക്കുന്ന ഏതൊരുവനും എന്നേക്കും ജീവിക്കും.’
59യേശു കഫർന്നഹൂമിലെ സുനഗോഗിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇവയെല്ലാം അരുൾചെയ്തത്.
അനശ്വരജീവന്റെ വചനം
60യേശുവിന്റെ ശിഷ്യന്മാരിൽ പലരും ഇതു കേട്ടിട്ട്: “ഈ പ്രബോധനം ദുർഗ്രഹമാണല്ലോ; ആർക്ക് ഇത് ഉൾക്കൊള്ളുവാൻ കഴിയും?” എന്നു പറഞ്ഞു.
61ഇതിനെച്ചൊല്ലി ശിഷ്യന്മാർ പിറുപിറുക്കുന്നതായി യേശു മനസ്സിലാക്കിക്കൊണ്ട് അവരോടു പറഞ്ഞു: “ഇതു നിങ്ങൾക്ക് ഇടർച്ചയുണ്ടാക്കുന്നുവോ? 62അങ്ങനെയെങ്കിൽ മനുഷ്യപുത്രൻ മുമ്പ് എവിടെയായിരുന്നുവോ അവിടേക്ക് ആരോഹണം ചെയ്യുന്നതു നിങ്ങൾ കണ്ടാലോ? ആത്മാവാകുന്നു ജീവൻ നല്‌കുന്നത്. 63ഭൗതികശരീരം നിഷ്പ്രയോജനം; ഞാൻ നിങ്ങളോടു പറഞ്ഞ വാക്കുകൾ ആത്മാവും ജീവനുമാകുന്നു. എങ്കിലും നിങ്ങളിൽ ചിലർ വിശ്വസിക്കുന്നില്ല.” 64വിശ്വസിക്കാത്തവർ ആരെല്ലാമെന്നും തന്നെ ഒറ്റിക്കൊടുക്കുന്നത് ആരെന്നും ആദിമുതല്‌ക്കേ യേശുവിന് അറിയാമായിരുന്നു. 65അവിടുന്ന് അവരോടു തുടർന്നു പ്രസ്താവിച്ചു: “ഇതുകൊണ്ടാണ് പിതാവിന്റെ വരം കൂടാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ സാധ്യമല്ലെന്നു ഞാൻ നിങ്ങളോടു പറഞ്ഞത്.”
66ഇതു കേട്ടിട്ട് യേശുവിന്റെ അനുയായികളിൽ പലരും അവിടുത്തെ വിട്ടു പിന്മാറിപ്പോയി. അവർ പിന്നീട് ഒരിക്കലും അവിടുത്തെ അനുഗമിച്ചില്ല. 67അതുകൊണ്ട് യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരോടു ചോദിച്ചു: “നിങ്ങൾക്കും പോകണമോ?”
68അപ്പോൾ ശിമോൻപത്രോസ് ചോദിച്ചു: “ഗുരോ, ഞങ്ങൾ ആരുടെ അടുക്കലേക്കാണു പോകുക? അനശ്വരജീവൻ നല്‌കുന്ന വചനങ്ങൾ അങ്ങയിൽനിന്നാണല്ലോ വരുന്നത്. 69അങ്ങ് ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു.”
70അപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ പന്ത്രണ്ടു പേരെയല്ലേ ഞാൻ തിരഞ്ഞെടുത്തത്? എങ്കിലും നിങ്ങളിലൊരുവൻ പിശാചാണ്!” 71ശിമോൻ ഈസ്കര്യോത്തിന്റെ പുത്രനായ യൂദാസിനെക്കുറിച്ചാണ് യേശു ഇതു പറഞ്ഞത്. പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ അയാളാണ് യേശുവിനെ ഒറ്റിക്കൊടുക്കുവാനിരുന്നത്.

المحددات الحالية:

JOHANA 6: malclBSI

تمييز النص

شارك

نسخ

None

هل تريد حفظ أبرز أعمالك على جميع أجهزتك؟ قم بالتسجيل أو تسجيل الدخول