የYouVersion አርማ
የፍለጋ አዶ

ഉൽപ്പത്തി 26

26
യിസ്ഹാക്കും അബീമെലെക്കും
1അബ്രാഹാമിന്റെ കാലത്തുണ്ടായ ക്ഷാമത്തിനുപുറമേ, ദേശത്തു പിന്നെയും ക്ഷാമം ഉണ്ടായി. യിസ്ഹാക്ക് ഗെരാരിൽ ഫെലിസ്ത്യരുടെ രാജാവായ അബീമെലെക്കിന്റെ അടുക്കൽ ചെന്നു. 2യഹോവ യിസ്ഹാക്കിനു പ്രത്യക്ഷനായി അദ്ദേഹത്തോട് “നീ ഈജിപ്റ്റിലേക്ക് പോകരുത്; ഞാൻ നിന്നോടു പാർക്കാൻ പറയുന്ന ദേശത്തുതന്നെ പാർക്കുക. 3കുറെ കാലത്തേക്ക് ഈ ദേശത്തുതന്നെ ഒരു പ്രവാസിയെപ്പോലെ താമസിക്കുക; ഞാൻ നിന്നോടുകൂടെയിരിക്കുകയും നിന്നെ അനുഗ്രഹിക്കുകയും ചെയ്യും. ഈ ദേശങ്ങളെല്ലാം ഞാൻ നിനക്കും നിന്റെ പിൻഗാമികൾക്കും തരും; അങ്ങനെ, നിന്റെ പിതാവായ അബ്രാഹാമിനോടു ചെയ്ത ശപഥം ഞാൻ ഉറപ്പാക്കും. 4-5അബ്രാഹാം എന്നെ അനുസരിക്കുകയും എന്റെ കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും പാലിക്കുകയും ചെയ്തതുകൊണ്ട്, ഞാൻ നിന്റെ സന്തതിപരമ്പരയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അസംഖ്യമായി വർധിപ്പിച്ച് ഈ ദേശങ്ങളെല്ലാം അവർക്കു കൊടുക്കും; നിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകലജനതകളും അനുഗ്രഹിക്കപ്പെടും” എന്ന് അരുളിച്ചെയ്തു. 6അതുകൊണ്ട് യിസ്ഹാക്ക് ഗെരാരിൽ താമസിച്ചു.
7ആ സ്ഥലത്തെ ആളുകൾ അദ്ദേഹത്തോട് തന്റെ ഭാര്യയെക്കുറിച്ചു ചോദിച്ചപ്പോൾ “അവൾ എന്റെ സഹോദരിയാകുന്നു” എന്ന് അദ്ദേഹം പറഞ്ഞു. “അവൾ എന്റെ ഭാര്യയാകുന്നു” എന്നു പറയാൻ അദ്ദേഹത്തിനു ഭയമായിരുന്നു. “റിബേക്ക സുന്ദരിയായതുകൊണ്ട് അവൾക്കുവേണ്ടി ഈ സ്ഥലത്തുള്ള പുരുഷന്മാർ എന്നെ കൊന്നുകളയും” എന്ന് അദ്ദേഹം ചിന്തിച്ചു.
8യിസ്ഹാക്ക് അവിടെ താമസം തുടങ്ങിയിട്ട് ഏറെക്കാലം ആയിരുന്നു. ഒരിക്കൽ ഫെലിസ്ത്യരാജാവായ അബീമെലെക്ക് ഒരു ജനാലയിലൂടെ താഴേക്കു നോക്കിയപ്പോൾ യിസ്ഹാക്ക് തന്റെ ഭാര്യയായ റിബേക്കയെ ലാളിക്കുന്നതു കണ്ടു. 9അബീമെലെക്ക് യിസ്ഹാക്കിനെ ആളയച്ചുവരുത്തി, അദ്ദേഹത്തോട്, “അവൾ വാസ്തവത്തിൽ നിന്റെ ഭാര്യതന്നെ! ‘അവൾ എന്റെ സഹോദരി’ എന്നു നീ പറഞ്ഞതെന്തിന്?” എന്നു ചോദിച്ചു.
അതിനു യിസ്ഹാക്ക്, “അവൾനിമിത്തം എനിക്കു ജീവഹാനി നേരിട്ടേക്കുമെന്നു ഞാൻ ഭയപ്പെട്ടതുകൊണ്ടാണ്” എന്ന് ഉത്തരം പറഞ്ഞു.
10അപ്പോൾ അബീമെലെക്ക്, “നീ ഞങ്ങളോട് ഈ ചെയ്തതെന്ത്? ജനങ്ങളിൽ ആരെങ്കിലും നിന്റെ ഭാര്യയോടൊപ്പം കിടക്കപങ്കിട്ടിരുന്നെങ്കിൽ, നീ ഞങ്ങളുടെ തലയിൽ അപരാധം വരുത്തിവെക്കുമായിരുന്നു” എന്നു പറഞ്ഞു.
11പിന്നെ അബീമെലെക്ക്, “ഈ മനുഷ്യനെയോ ഇദ്ദേഹത്തിന്റെ ഭാര്യയെയോ തൊടുന്നവന് മരണശിക്ഷ ലഭിക്കും” എന്ന് സകലജനത്തോടും കൽപ്പിച്ചു.
12യിസ്ഹാക്ക് ആ ദേശത്ത് കൃഷിയിറക്കി; യഹോവ അദ്ദേഹത്തെ അനുഗ്രഹിച്ചതുകൊണ്ട് ആ വർഷം നൂറുമടങ്ങ് വിളവുണ്ടായി. 13അദ്ദേഹം ധനികനായിത്തീർന്നു; മഹാധനവാനായിത്തീരത്തക്കവണ്ണം അദ്ദേഹത്തിന്റെ സമ്പത്തു വർധിച്ചുകൊണ്ടേയിരുന്നു. 14അദ്ദേഹത്തിന് ധാരാളം ആട്ടിൻപറ്റങ്ങളും കന്നുകാലികളും ദാസീദാസന്മാരും ഉണ്ടായിരുന്നു. അതുകൊണ്ട് ഫെലിസ്ത്യർക്ക് അദ്ദേഹത്തോട് അസൂയതോന്നി. 15അതുകൊണ്ട്, അദ്ദേഹത്തിന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു പിതാവിന്റെ ദാസന്മാർ കുഴിച്ചിരുന്ന കിണറുകളെല്ലാം ഫെലിസ്ത്യർ മണ്ണിട്ടു നികത്തിക്കളഞ്ഞു.
16പിന്നെ അബീമെലെക്ക് യിസ്ഹാക്കിനോട്, “ഞങ്ങളെ വിട്ടുപോകുക, നിങ്ങൾ ഞങ്ങളെക്കാൾ പ്രബലരായിരിക്കുന്നു” എന്നു പറഞ്ഞു.
17അങ്ങനെ യിസ്ഹാക്ക് അവിടം വിട്ടുപോയി ഗെരാർ താഴ്വരയിൽ താമസം ഉറപ്പിച്ചു. 18അദ്ദേഹത്തിന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു കുഴിപ്പിച്ചിരുന്നതും അബ്രാഹാമിന്റെ മരണശേഷം ഫെലിസ്ത്യർ മൂടിക്കളഞ്ഞതുമായ കിണറുകൾ യിസ്ഹാക്ക് വീണ്ടും കുഴിപ്പിച്ച്, അവയ്ക്ക് തന്റെ പിതാവ് ഇട്ടിരുന്ന അതേ പേരുകൾതന്നെ വീണ്ടും നൽകി.
19യിസ്ഹാക്കിന്റെ ദാസന്മാരും ഈ താഴ്വരയിൽ ശുദ്ധജലമുള്ള ഒരു കിണർ കുഴിച്ചു. 20എന്നാൽ, ഗെരാരിലെ കന്നുകാലികളുടെ ഇടയന്മാർ യിസ്ഹാക്കിന്റെ കന്നുകാലികളുടെ ഇടയന്മാരോട് “ഈ വെള്ളം ഞങ്ങൾക്കുള്ളതാണ്” എന്നു പറഞ്ഞ് വഴക്കിട്ടു. അവർ തന്നോടു ശണ്ഠകൂടിയതുകൊണ്ട് യിസ്ഹാക്ക് ആ കിണറിന് ഏശെക്ക്#26:20 കലഹം എന്നർഥം. എന്നു പേരിട്ടു. 21പിന്നെ അവർ മറ്റൊരു കിണർ കുഴിച്ചു; എന്നാൽ അതിനെ സംബന്ധിച്ചും അവർ വഴക്കുണ്ടാക്കി; അതുകൊണ്ട് അദ്ദേഹം അതിനു സിത്നാ#26:21 എതിർപ്പ് എന്നർഥം. എന്നു പേരിട്ടു. 22അദ്ദേഹം അവിടെനിന്നും നീങ്ങി മറ്റൊരു കിണർ കുഴിപ്പിച്ചു; അതിന്റെപേരിൽ ആരും ശണ്ഠയുണ്ടാക്കിയില്ല. “യഹോവ ഇപ്പോൾ നമുക്ക് ആവശ്യമുള്ള സ്ഥലം തന്നിരിക്കുന്നു, നമ്മൾ ദേശത്ത് അഭിവൃദ്ധിപ്പെടും” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ആ കിണറിന് രെഹോബോത്ത്#26:22 അറ അഥവാ, സ്ഥലം എന്നർഥം. എന്നു പേരിട്ടു.
23അവിടെനിന്നും അദ്ദേഹം ബേർ-ശേബയിലേക്കു പോയി. 24അന്നുരാത്രി യഹോവ അദ്ദേഹത്തിനു പ്രത്യക്ഷനായി ഇങ്ങനെ അരുളിച്ചെയ്തു: “ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവമാകുന്നു. ഭയപ്പെടരുത്, ഞാൻ നിന്നോടുകൂടെയുണ്ട്. എന്റെ ദാസനായ അബ്രാഹാംനിമിത്തം ഞാൻ നിന്നെ അനുഗ്രഹിക്കുകയും നിന്റെ പിൻഗാമികളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യും.”
25യിസ്ഹാക്ക് അവിടെ ഒരു യാഗപീഠം പണിത് യഹോവയെ ആരാധിച്ചു.#26:25 മൂ.ഭാ. പണിത് യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു. അവിടെ അദ്ദേഹം തന്റെ കൂടാരം ഉറപ്പിക്കുകയും ദാസന്മാർ ഒരു കിണർ കുഴിക്കുകയും ചെയ്തു.
26ഇതേസമയം അബീമെലെക്ക് തന്റെ ഉപദേഷ്ടാവായ അഹൂസ്സത്തിനെയും സൈന്യാധിപനായ ഫിക്കോലിനെയും കൂട്ടിക്കൊണ്ട് ഗെരാരിൽനിന്ന് യിസ്ഹാക്കിന്റെ അടുത്തെത്തി. 27യിസ്ഹാക്ക് അവരോട്, “നിങ്ങൾ എന്തിനാണ് എന്റെ അടുക്കൽ എത്തിയത്? എന്നോടുള്ള പകനിമിത്തം നിങ്ങൾ എന്നെ ദൂരേക്ക് അയച്ചതല്ലയോ?” എന്നു ചോദിച്ചു.
28അതിന് അവർ ഉത്തരം പറഞ്ഞത്: “യഹോവ നിന്നോടുകൂടെയുണ്ട് എന്നു ഞങ്ങൾ സ്പഷ്ടമായി കണ്ടിരിക്കുന്നു. അതുകൊണ്ടു ഞങ്ങളും നീയുംതമ്മിൽ ‘ശപഥംചെയ്ത് ഒരു സമാധാനയുടമ്പടി ഉറപ്പിക്കേണ്ടതാണ്’ എന്നു ഞങ്ങൾ പറഞ്ഞു. 29ഞങ്ങൾ നിനക്ക് ഒരു ദോഷവും ചെയ്തിട്ടില്ല; നിന്നോട് എപ്പോഴും നന്നായി വർത്തിക്കുകയും സമാധാനത്തോടെ നിന്നെ യാത്രയാക്കുകയും ചെയ്തു. അതുപോലെ നീ ഞങ്ങൾക്കും ദോഷമൊന്നും ചെയ്യുകയില്ലെന്ന് നമുക്കുതമ്മിൽ ഒരു ഉടമ്പടി ചെയ്യാം. നീയോ, ഇപ്പോൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടുമിരിക്കുന്നു.”
30യിസ്ഹാക്ക് അവർക്കുവേണ്ടി ഒരു വിരുന്നൊരുക്കി; അവർ ഭക്ഷിച്ചു, പാനംചെയ്തു. 31പിറ്റേന്ന് അതിരാവിലെ അവർ പരസ്പരം ശപഥംചെയ്തു. പിന്നെ യിസ്ഹാക്ക് അവരെ യാത്രയാക്കി. അവർ സമാധാനത്തോടെ അദ്ദേഹത്തെ വിട്ടുപോയി.
32അന്ന്, യിസ്ഹാക്കിന്റെ ദാസന്മാർ വന്ന് “ഞങ്ങൾ വെള്ളം കണ്ടെത്തിയിരിക്കുന്നു” എന്ന് തങ്ങൾ കുഴിച്ചുകൊണ്ടിരുന്ന കിണറിനെക്കുറിച്ച് അദ്ദേഹത്തോടു പറഞ്ഞു. 33അദ്ദേഹം അതിനു ശിബാ#26:33 ശപഥത്തിന്റെ കിണർ എന്നർഥം. എന്നു പേരിട്ടു; അതുകൊണ്ട് ഈ ദിവസംവരെയും ആ പട്ടണത്തിന്റെ പേര് ബേർ-ശേബാ എന്നാകുന്നു.
യാക്കോബ് ഏശാവിന്റെ അനുഗ്രഹം അപഹരിക്കുന്നു
34ഏശാവിനു നാൽപ്പതു വയസ്സായപ്പോൾ ഹിത്യനായ ബേരിയുടെ മകൾ യെഹൂദീത്തിനെയും ഹിത്യനായ ഏലോമിന്റെ മകൾ ബാസമത്തിനെയും വിവാഹംചെയ്തു. 35അവർ യിസ്ഹാക്കിന്റെയും റിബേക്കയുടെയും ജീവിതം ദുരിതപൂർണമാക്കിത്തീർത്തു.

ማድመቅ

Share

Copy

None

ያደመቋቸው ምንባቦች በሁሉም መሣሪያዎችዎ ላይ እንዲቀመጡ ይፈልጋሉ? ይመዝገቡ ወይም ይግቡ