የYouVersion አርማ
የፍለጋ አዶ

ഉൽപ്പത്തി 22

22
അബ്രാഹാം പരീക്ഷിക്കപ്പെടുന്നു
1കുറെക്കാലം കഴിഞ്ഞു ദൈവം അബ്രാഹാമിനെ പരീക്ഷിച്ചു. അവിടന്ന് അദ്ദേഹത്തെ, “അബ്രാഹാമേ” എന്നു വിളിച്ചു.
“ഞാൻ ഇതാ” അദ്ദേഹം ഉത്തരം പറഞ്ഞു.
2അപ്പോൾ ദൈവം “നിന്റെ മകനെ, നീ സ്നേഹിക്കുന്ന, നിന്റെ ഏകപുത്രനായ യിസ്ഹാക്കിനെ കൂട്ടിക്കൊണ്ട് മോരിയാദേശത്തേക്കു പോകുക. അവിടെ ഞാൻ നിന്നോടു കൽപ്പിക്കുന്ന മലയിൽ അവനെ ഹോമയാഗമായി അർപ്പിക്കുക” എന്ന് അരുളിച്ചെയ്തു.
3അബ്രാഹാം പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് കഴുതയ്ക്കു കോപ്പിട്ടു. ദാസന്മാരിൽ രണ്ടുപേരെയും തന്റെ മകനായ യിസ്ഹാക്കിനെയുംകൂട്ടി ഹോമയാഗത്തിനുവേണ്ട വിറകും കീറിയെടുത്ത്, ദൈവം തന്നോടു നിർദേശിച്ച സ്ഥലത്തേക്കു യാത്രയായി. 4മൂന്നാംദിവസം അബ്രാഹാം തലയുയർത്തിനോക്കിയപ്പോൾ ആ സ്ഥലം ദൂരെയായി കണ്ടു. 5അദ്ദേഹം വേലക്കാരോട്: “ഞാനും ബാലനും ആ സ്ഥലത്തുചെന്ന് ആരാധന നടത്തി തിരിച്ചെത്തുന്നതുവരെ നിങ്ങൾ കഴുതയുമായി ഇവിടെ താമസിക്കുക” എന്നു പറഞ്ഞു.
6അബ്രാഹാം ഹോമയാഗത്തിനുള്ള വിറക് എടുത്ത് തന്റെ മകനായ യിസ്ഹാക്കിന്റെ ചുമലിൽവെച്ചു; താൻതന്നെ തീയും കത്തിയും എടുത്തു. ഇരുവരും ഒരുമിച്ചു നടന്നു. 7യിസ്ഹാക്ക് തന്റെ പിതാവായ അബ്രാഹാമിനെ “അപ്പാ” എന്നു വിളിച്ചു.
“എന്താകുന്നു, മകനേ,” അബ്രാഹാം ചോദിച്ചു.
“തീയും വിറകും ഉണ്ട്; എന്നാൽ ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടി എവിടെ?” യിസ്ഹാക്ക് ചോദിച്ചു.
8അതിന് അബ്രാഹാം: “ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടിയെ ദൈവംതന്നെ കരുതും, മകനേ” എന്ന് ഉത്തരം പറഞ്ഞു. ഇരുവരും ഒരുമിച്ചു മുന്നോട്ടുപോയി.
9ദൈവം നിർദേശിച്ച സ്ഥലത്തെത്തിയപ്പോൾ അബ്രാഹാം അവിടെ ഒരു യാഗപീഠം ഉണ്ടാക്കി; അതിന്മേൽ വിറകടുക്കി. തന്റെ മകനായ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ വിറകിനുമീതേ കിടത്തി. 10പിന്നെ അബ്രാഹാം കൈനീട്ടി തന്റെ മകനെ അറക്കാൻ കത്തിയെടുത്തു. 11എന്നാൽ യഹോവയുടെ ദൂതൻ ആകാശത്തുനിന്ന്, “അബ്രാഹാമേ, അബ്രാഹാമേ,” എന്നു വിളിച്ചു.
“ഞാൻ ഇതാ.” അദ്ദേഹം വിളികേട്ടു.
12ദൂതൻ അരുളിച്ചെയ്തു: “ബാലന്റെമേൽ കൈവെക്കരുത്. അവന് ഒരു ദോഷവും ചെയ്യരുത്. നിന്റെ മകനെ, നിനക്കുള്ള ഒരേയൊരു മകനെ എനിക്കു തരാൻ മടിക്കാതിരുന്നതുകൊണ്ടു, നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു.”
13അബ്രാഹാം തലയുയർത്തിനോക്കി; തന്റെ പിന്നിൽ#22:13 ചി.കൈ.പ്ര. പിന്നിൽ എന്ന വാക്കു കാണുന്നില്ല. കൊമ്പ് കുറ്റിക്കാട്ടിൽ ഉടക്കിക്കിടക്കുന്ന ഒരു ആട്ടുകൊറ്റനെ കണ്ടു. അബ്രാഹാം ചെന്ന് ആട്ടുകൊറ്റനെ എടുത്ത്, തന്റെ പുത്രനു പകരം ഹോമയാഗം അർപ്പിച്ചു. 14അബ്രാഹാം ആ സ്ഥലത്തിന് “യഹോവയിരേ” എന്നു പേരിട്ടു. ജനം “യഹോവയുടെ പർവതത്തിൽ അവിടന്ന് കരുതിക്കൊള്ളും” എന്നത് ഒരു പഴഞ്ചൊല്ലായി ഇന്നുവരെയും പറഞ്ഞുപോരുന്നു.
15യഹോവയുടെ ദൂതൻ ആകാശത്തുനിന്ന് അബ്രാഹാമിനെ രണ്ടാമതും വിളിച്ച്, ഇപ്രകാരം അരുളിച്ചെയ്തു: 16“നീ ഇക്കാര്യം ചെയ്യുകയും നിന്റെ പുത്രനെ, നിന്റെ ഒരേയൊരു പുത്രനെത്തന്നെ, തരാൻ മടിക്കാതിരിക്കുകയും ചെയ്തതുകൊണ്ട്, 17ഞാൻ നിശ്ചയമായും നിന്നെ അത്യന്തം അനുഗ്രഹിക്കും. നിന്റെ സന്തതിപരമ്പരകളെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അസംഖ്യമാക്കിത്തീർക്കും; നിന്റെ സന്തതി അവരുടെ ശത്രുക്കളുടെ നഗരങ്ങൾ കൈവശമാക്കും; 18നീ എന്നെ അനുസരിച്ചതുകൊണ്ട് നിന്റെ സന്തതിയിലൂടെ ഭൂമിയിലെ സകലരാഷ്ട്രങ്ങളും അനുഗ്രഹിക്കപ്പെടും#22:18 അഥവാ, സകലരാഷ്ട്രങ്ങളും നിന്റെ സന്തതിയുടെ നാമം ആശീർവദിക്കാനായി ഉപയോഗിക്കും. എന്നു ഞാൻ എന്നെക്കൊണ്ടുതന്നെ ശപഥം ചെയ്യുന്നെന്ന് യഹോവ അരുളിച്ചെയ്യുന്നു.”
19ഇതിനുശേഷം അബ്രാഹാം തന്റെ ദാസന്മാരുടെ അടുക്കൽ തിരിച്ചെത്തി; അവർ എല്ലാവരും ബേർ-ശേബയിലേക്കു മടങ്ങി. അബ്രാഹാം ബേർ-ശേബയിൽ താമസിച്ചു.
നാഹോരിന്റെ പുത്രന്മാർ
20“കുറച്ചുനാളുകൾക്കുശേഷം മിൽക്കാ, തന്റെ സഹോദരനായ നാഹോരിന്റെ ഭാര്യ മക്കളെ പ്രസവിച്ചിരിക്കുന്നു എന്നവിവരം അബ്രാഹാമിനു ലഭിച്ചു.
21അവർ: ആദ്യജാതനായ ഊസ്, അവന്റെ അനുജനായ ബൂസ്,
കെമൂവേൽ (അരാമിന്റെ പിതാവ്),
22കേശെദ്, ഹസോ, പിൽദാശ്, യിദലാഫ്, ബെഥൂവേൽ എന്നിവരാണ്.”
23ബെഥൂവേൽ റിബേക്കയുടെ പിതാവായിരുന്നു.
അബ്രാഹാമിന്റെ സഹോദരനായ നാഹോരിന് മിൽക്കാ ഈ എട്ടുപുത്രന്മാരെ പ്രസവിച്ചു.
24രെയൂമാ എന്നു പേരുള്ള അവന്റെ വെപ്പാട്ടിക്കും പുത്രന്മാർ ജനിച്ചു;
അവർ തേബഹ്, ഗഹാം, തഹശ്, മയഖാ എന്നിവരാണ്.

ማድመቅ

Share

Copy

None

ያደመቋቸው ምንባቦች በሁሉም መሣሪያዎችዎ ላይ እንዲቀመጡ ይፈልጋሉ? ይመዝገቡ ወይም ይግቡ