የYouVersion አርማ
የፍለጋ አዶ

ഉല്പ. 32

32
യാക്കോബ് ഏശാവിനെ കാണാൻ ഒരുങ്ങുന്നു
1യാക്കോബ് തന്‍റെ വഴിക്കുപോയി; ദൈവത്തിന്‍റെ ദൂതന്മാർ അവന്‍റെ എതിരെ വന്നു. 2യാക്കോബ് അവരെ കണ്ടപ്പോൾ: “ഇതു ദൈവത്തിന്‍റെ സൈന്യം” എന്നു പറഞ്ഞു. ആ സ്ഥലത്തിനു അവൻ മഹനയീം എന്നു പേർ ഇട്ടു.
3അനന്തരം യാക്കോബ് ഏദോം നാടായ സേയീർദേശത്ത് തന്‍റെ സഹോദരനായ ഏശാവിന്‍റെ അടുക്കൽ തനിക്കുമുമ്പായി സന്ദേശവാഹകരെ അയച്ചു. 4അവരോടു കല്പിച്ചത് എന്തെന്നാൽ: “എന്‍റെ യജമാനനായ ഏശാവിനോട് ഇങ്ങനെ പറയുക: ‘നിന്‍റെ ദാസൻ യാക്കോബ് ഇപ്രകാരം പറയുന്നു: ഞാൻ ലാബാൻ്റെ അടുക്കൽ പരദേശിയായി പാർത്ത് ഇന്നുവരെ അവിടെ താമസിച്ചു. 5എനിക്ക് കാളയും കഴുതയും ആടും ദാസീദാസന്മാരും ഉണ്ട്; നിനക്കു എന്നോട് കൃപ തോന്നേണ്ടതിനാകുന്നു യജമാനനെ അറിയിക്കുവാൻ ഞാൻ ആളയക്കുന്നത്. 6ദൂതന്മാർ യാക്കോബിന്‍റെ അടുക്കൽ മടങ്ങിവന്നു: “ഞങ്ങൾ നിന്‍റെ സഹോദരനായ ഏശാവിന്‍റെ അടുക്കൽ പോയി വന്നു; അവൻ നാനൂറ് ആളുകളുമായി നിന്നെ എതിരേൽക്കുവാൻ വരുന്നു” എന്നു പറഞ്ഞു. 7അപ്പോൾ യാക്കോബ് ഏറ്റവും വ്യാകുലപ്പെട്ടു അസ്വസ്ഥനായി, തന്നോടുകൂടെ ഉണ്ടായിരുന്ന ജനത്തെയും ആടുകളെയും കന്നുകാലികളെയും ഒട്ടകങ്ങളെയും രണ്ടു കൂട്ടമായി വിഭാഗിച്ചു. 8“ഏശാവ് ഒരു കൂട്ടത്തിന്‍റെ നേരെ വന്ന് അതിനെ നശിപ്പിച്ചാൽ മറ്റെ കൂട്ടത്തിന് ഓടിപ്പോകാമല്ലോ” എന്നു പറഞ്ഞു.
9പിന്നെ യാക്കോബ് പ്രാർത്ഥിച്ചത്: “എന്‍റെ പിതാവായ അബ്രാഹാമിന്‍റെ ദൈവവും എന്‍റെ പിതാവായ യിസ്ഹാക്കിന്‍റെ ദൈവവുമായുള്ളോവേ, ‘നിന്‍റെ ദേശത്തേക്കും നിന്‍റെ കുടുംബക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോവുക; ഞാൻ നിനക്കു നന്മ ചെയ്യും’ എന്നു എന്നോട് അരുളിച്ചെയ്ത യഹോവേ, 10അടിയനോട് കാണിച്ചിരിക്കുന്ന സകലദയയ്ക്കും സകലവിശ്വസ്തതയ്ക്കും ഞാൻ ഒട്ടും യോഗ്യനല്ല; ഒരു വടിയോടുകൂടി മാത്രമല്ലോ ഞാൻ ഈ യോർദ്ദാൻ കടന്നത്; ഇപ്പോഴോ ഞാൻ രണ്ടു കൂട്ടമായി തീർന്നിരിക്കുന്നു. 11എന്‍റെ സഹോദരനായ ഏശാവിന്‍റെ കൈയിൽനിന്ന് എന്നെ രക്ഷിക്കേണമേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു; പക്ഷേ അവൻ വന്ന് എന്നെയും മക്കളോടുകൂടെ അമ്മമാരെയും നശിപ്പിക്കും എന്നു ഞാൻ ഭയപ്പെടുന്നു. 12അവിടുന്നോ: ‘ഞാൻ നിന്നോട് നന്മ ചെയ്യും; നിന്‍റെ സന്തതിയെ പെരുപ്പംകൊണ്ട് എണ്ണുവാൻ കഴിയാത്ത കടൽകരയിലെ മണൽപോലെ ആക്കും’ എന്നു അരുളിച്ചെയ്തുവല്ലോ.”
13അന്നു രാത്രി അവൻ അവിടെ പാർത്തു; തന്‍റെ കൈവശം ഉള്ളതിൽ തന്‍റെ സഹോദരനായ ഏശാവിനു സമ്മാനമായിട്ട് 14ഇരുനൂറ് പെൺകോലാടുകളെയും ഇരുപതു ആൺകോലാടുകളെയും ഇരുനൂറ് പെൺചെമ്മരിയാടുകളെയും ഇരുപതു ആൺചെമ്മരിയാടുകളെയും 15കറവയുള്ള മുപ്പതു ഒട്ടകങ്ങളെയും അവയുടെ കുട്ടികളെയും നാല്പതു പശുക്കളെയും പത്തു കാളകളെയും ഇരുപതു പെൺകഴുതകളെയും പത്തു കഴുതക്കുട്ടികളെയും വേർതിരിച്ചു. 16തന്‍റെ ദാസന്മാരുടെ കൈവശം ഓരോ കൂട്ടത്തെ പ്രത്യേകം പ്രത്യേകമായി ഏല്പിച്ചു, തന്‍റെ ദാസന്മാരോട്: “നിങ്ങൾ എനിക്ക് മുമ്പായി കടന്നുപോയി അതത് കൂട്ടത്തിനു മദ്ധ്യേ കുറച്ച് അകലം പാലിക്കുവിൻ” എന്നു പറഞ്ഞു.
17ഒന്നാമത് പോകുന്നവനോട് അവൻ: “എന്‍റെ സഹോദരനായ ഏശാവ് നിന്നെ കണ്ടു: ‘നീ ആരുടെ ആൾ? എവിടെ പോകുന്നു? നിന്‍റെ മുമ്പിൽ പോകുന്ന ഇവ ആരുടെ വക’ എന്നിങ്ങനെ നിന്നോട് ചോദിച്ചാൽ: 18‘നിന്‍റെ ദാസൻ യാക്കോബിന്‍റെ വക ആകുന്നു; ഇത് യജമാനനായ ഏശാവിന് അയച്ചിരിക്കുന്ന സമ്മാനം; അതാ, അവനും പിന്നാലെ വരുന്നു’ എന്നു നീ പറയേണം” എന്നു കല്പിച്ചു.
19രണ്ടാമത്തവനോടും മൂന്നാമത്തവനോടും കൂട്ടങ്ങളെ നടത്തിക്കൊണ്ടുപോകുന്ന എല്ലാവരോടും: “നിങ്ങൾ ഏശാവിനെ കാണുമ്പോൾ ഇപ്രകാരം അവനോട് പറയുവിൻ; 20‘അതാ, നിന്‍റെ ദാസൻ യാക്കോബ് പിന്നാലെ വരുന്നു’ എന്നും പറയുവിൻ” എന്നു അവൻ കല്പിച്ചു. “എനിക്ക് മുമ്പായിപോകുന്ന സമ്മാനംകൊണ്ട് അവനെ ശാന്തനാക്കിയിട്ടു പിന്നെ ഞാൻ അവന്‍റെ മുഖം കണ്ടുകൊള്ളാം; പക്ഷേ അവൻ എന്നെ സ്വീകരിച്ചേക്കും” എന്നു പറഞ്ഞു. 21അങ്ങനെ സമ്മാനം അവന്‍റെ മുമ്പിലായി പോയി; അവനോ അന്നു രാത്രി കൂട്ടത്തോടുകൂടെ പാർത്തു.
22ആ രാത്രിയിൽ അവൻ എഴുന്നേറ്റു, തന്‍റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരെയും കൂട്ടി യാബ്ബോക്ക്കടവു കടന്നു. 23അങ്ങനെ അവൻ അവരെ കൂട്ടി ആറ്റിനക്കരെ കടത്തി; തനിക്കുള്ള സർവ്വവും അക്കരെ കടത്തിയശേഷം യാക്കോബ് തനിയേ ശേഷിച്ചു; 24അപ്പോൾ ഒരു പുരുഷൻ പുലരുന്നതുവരെ അവനോട് ദ്വന്ദയുദ്ധം നടത്തി. 25അവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്‍റെ ഇടുപ്പുസന്ധിയിൽ തൊട്ടു; ആകയാൽ അവനോട് മല്ലുപിടിക്കുകയിൽ യാക്കോബിന്‍റെ ഇടുപ്പുസന്ധി ഉളുക്കിപ്പോയി. 26“എന്നെ വിടുക; നേരം പുലരുന്നുവല്ലോ” എന്നു ആ പുരുഷൻ പറഞ്ഞു.
അതിന്: “അങ്ങ് എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ അങ്ങയെ വിടുകയില്ല” എന്നു യാക്കോബ് പറഞ്ഞു. 27“നിന്‍റെ പേർ എന്ത്?” എന്നു അവൻ അവനോട് ചോദിച്ചു.
അതിന്: “യാക്കോബ്” എന്നു അവൻ പറഞ്ഞു.
28“നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്‍റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ#32:28 ദൈവത്തോട് മല്ല് പിടിച്ചവന്‍ എന്നു വിളിക്കപ്പെടും” എന്നു അവിടുന്ന് പറഞ്ഞു.
29യാക്കോബ് അവിടുത്തോട്: “അങ്ങേയുടെ പേർ എനിക്ക് പറഞ്ഞുതരേണം” എന്നു അപേക്ഷിച്ചു:
“നീ എന്‍റെ പേർ ചോദിക്കുന്നത് എന്ത്?” എന്നു അവൻ പറഞ്ഞു, അവിടെവച്ച് അവൻ യാക്കോബിനെ അനുഗ്രഹിച്ചു.
30“ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്ക് ജീവഹാനി വന്നില്ല” എന്നു യാക്കോബ് പറഞ്ഞ്, ആ സ്ഥലത്തിനു പെനീയേൽ എന്നു പേരിട്ടു. 31അവൻ പെനീയേൽ#32:31 ദൈവമുഖം കടന്നുപോകുമ്പോൾ സൂര്യൻ ഉദിച്ചു; എന്നാൽ ഇടുപ്പിൻ്റെ ഉളുക്കുനിമിത്തം അവൻ മുടന്തിനടന്നു. 32അവൻ യാക്കോബിന്‍റെ ഇടുപ്പുസന്ധിയിലെ ഞരമ്പിൽ തൊട്ടതുകൊണ്ടു യിസ്രായേൽ മക്കൾ ഇന്നുവരെയും ഇടുപ്പുസന്ധിയിലെ ഞരമ്പു തിന്നാറില്ല.

Currently Selected:

ഉല്പ. 32: IRVMAL

ማድመቅ

Share

Copy

None

ያደመቋቸው ምንባቦች በሁሉም መሣሪያዎችዎ ላይ እንዲቀመጡ ይፈልጋሉ? ይመዝገቡ ወይም ይግቡ